ഒരു സംരംഭം തുടങ്ങുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല; വ്യക്തമായ കാഴ്ചപ്പാടും ധാരണയും അതിന് ആവശ്യമാണ്. ഇവിടെ സ്വയം പരിശീലനത്തിലൂടെ താന്‍ പഠിച്ചെടുത്ത കഴിവുകളെ ഒരു വീട്ടു വ്യവസായത്തിലേയ്ക്ക് വളര്‍ത്തുകയാണ് മിനി ചാക്കോ. പേപ്പര്‍ സീഡ് പേനകളും കുടകളും വസ്ത്രങ്ങളില്‍ അഴക് നിറയ്ക്കുന്ന ഹാന്‍ഡ് എംബ്രോയ്ഡറി ഡിസൈനുകളുമാണ് മിനിയുടെ കൊച്ചു സംരംഭത്തെ സമ്പന്നമാക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷമായി, മിനിയുടെ എറണാകുളം കുറ്റിപ്പുഴ കുന്നുകരയിലെ വീട് അവരുടെ കലാഭിരുചിയുടെ പരീക്ഷണശാലയാണ്. സ്വയം സായത്തമാക്കിയ കഴിവുകളില്‍ നിന്നാണ് മിനി തന്റെ സംരംഭത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ് നടത്തിയത്.
പേപ്പര്‍ സീഡ് പേനകളുടെ നിര്‍മാണത്തില്‍ താല്പര്യം തോന്നിയ മിനി യുട്യൂബ് വിഡിയോകളില്‍ നിന്നുമാണ് അതിന്റെ നിര്‍മാണം പഠിച്ചത്. പിന്നീട് അതു തനിക്ക് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ പുനര്‍നിര്‍മിച്ചു. അതോടൊപ്പം പ്രകൃതിയ്ക്കു ദോഷം വരുത്താത്ത പേപ്പര്‍ പേനകളില്‍ വിത്തുകള്‍ ഒളിപ്പിച്ചും പേനകളില്‍ പരസ്യങ്ങളും ലോഗോകളും പ്രിന്റ് ചെയ്തു നല്‍കിയും തന്റെ ചെറിയ വലിയ സംരംഭത്തെ കാത്തുസൂക്ഷിക്കുകയാണ് മിനി.
പേപ്പര്‍ പേനകളുടെ നിര്‍മാണത്തിനാവശ്യമായ പേപ്പറുകള്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് എത്തുന്നത്. അതില്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള പച്ചക്കറി ഫലവൃക്ഷ വിത്തുകള്‍ കൃഷിഭവനില്‍ നിന്നും സ്വരൂപിക്കും. ഇതിനു പുറമേ ചെറിയ കുട്ടികളുടെ കുട മുതല്‍ കാലന് കുടകള്‍ വരെ ആവശ്യാനുസരണം മികച്ച ഗുണനിലവാരത്തോടെ, മിനി നിര്‍മിച്ചു നല്കുന്നു.
മിനിയുടെ വീട്ടിലെ സംരംഭത്തിന് കൂട്ടായി അച്ഛനും അമ്മയും കൂടെയുണ്ട്. ഈ വസ്തുക്കളുടെയെല്ലാം നിര്‍മാണ വേളയില്‍ മിനിയോടൊപ്പം തന്നെ കുടുംബവും കൂടെയുണ്ടാകും.
മിനി കോര്‍ത്തെടുക്കുന്ന ഹാന്‍ഡ് എംബ്രോയ്ഡറി ഡിസൈനുകളില്‍ തെളിയുന്നത് പ്രിയപ്പെട്ടവരുടെ രേഖാചിത്രങ്ങളാണ്. പലപ്പോഴും ഉറ്റവര്‍ക്കു നല്‍കാനുള്ള, നൂലിഴകളില്‍ തീര്‍ത്ത സമ്മാനങ്ങളാവും മിനിയുടെ വിരല്‍ തുമ്പില്‍ നിന്നും വിരിയുന്നതും. സമൂഹ മാധ്യമങ്ങളിലൂടെയും അടുത്ത സുഹൃത്തുക്കളിലൂടെയുമാണ് മിനിയുടെ സംരംഭത്തിന്റെ വളര്‍ച്ച.
കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിരവധി ആളുകള്‍ മിനിയെ തേടിയെത്തുന്നു. തനിക്ക് തൃപ്തികരമായ ഒരു ജോലിയില്‍ നിന്നും വരുമാനം നേടുക എന്നതായിരുന്നു മിനിയെ ഈ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ മുന്നോട്ടുള്ള വഴിയില്‍ ക്രാഫ്റ്റ് വര്‍ക്കുകളോടുള്ള ഇഷ്ടമാണ് പേപ്പര്‍ സീഡ് പേനകളുടെ നിര്‍മാണം, കുട നിര്‍മാണം എന്നിവയെല്ലാം ഇന്നും തുടരാന്‍ മിനിയെ പ്രേരിപ്പിക്കുന്നത്.
മിനിയുടെ സംരംഭത്തിന്റെ പേരു തന്നെ ‘പ്രത്യാശ’ എന്നാണ്. ഈ പേരിന് മിനിയുടെ ജീവിതവുമായി അടുത്ത ബന്ധവുമുണ്ട്. 2018ലെ പ്രളയത്തിനു ശേഷം എല്ലാം നഷ്ടമായ അവസ്ഥയില്‍ തിരിച്ചുവരവിന്റെ പാതയിലേയ്ക്ക് മിനിയെയും മിനിയുടെ സംരംഭത്തെയും കൈപിടിച്ചുയര്‍ത്തിയത് പ്രത്യാശ കുടുംബശ്രീ പദ്ധതിയായിരുന്നു. അതുകൊണ്ടു തന്നെ ഈ കുടുംബശ്രീ പദ്ധതിയുടെ പേര് തന്നെയാണ് മിനി തന്റെ കൊച്ചു വീട്ടുവ്യവസായത്തിന് തിരഞ്ഞെടുത്തിരിക്കുന്നതും.
കോവിഡ് കാലഘട്ടം എല്ലാ വ്യവസായ മേഖലയേയും പോലെ മിനിയെയും സാരമായി ബാധിച്ചിരുന്നു. ആ സമയം പേപ്പര്‍ സീഡ് പേനകള്‍ക്ക് വിപണിയില്‍ സാധ്യതയും കുറഞ്ഞിരുന്നു. കോവിഡിനു ശേഷം വീണ്ടും സ്കൂള്‍ കാലം തിരികെയെത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് മിനിയ്ക്ക്.
Mini pc
Puthussery house
Kuttipuzha
Kunnukara po
Pin 683578
Ph: 9747481129