ആയുര്‍വേദ ബ്യൂട്ടി കോഴ്സിന് പുതിയ മുഖച്ഛായയുമായി Smera Education
“Your body is precious,
It is our vehicle for awakening,
Treat it with care” : Buddha
സ്ത്രീകള്‍ ജോലിക്ക് പോകണം, സമൂഹത്തില്‍ മാറ്റം വരണം എന്ന് പറയുമ്പോള്‍ പോലും ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് മാറ്റത്തിന് തുടക്കം കുറിക്കുക എന്ന്. തന്റെ ജീവിതത്തിലും കുടുംബത്തിലും അത്തരത്തില്‍ ഒരു ചോദ്യമുയര്‍ന്നപ്പോള്‍ അതിന് ഉത്തരമായി സ്വയം മുന്‍നിരയിലേക്ക് കടന്നു വന്നയാളാണ് ഡോക്ടര്‍ റിഷാന റിയാസ്.
പതിനഞ്ചാം വയസ്സിലാണ് ഡോക്ടര്‍ ആദ്യമായി ജീവിതത്തോടുള്ള പോരാട്ടം തുടങ്ങിയത്. കുടുംബത്തിലുള്ള പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചു പോയ പ്രായത്തില്‍ പഠിക്കാന്‍ വേണ്ടി മറ്റുള്ളവരോട് പോരാടിയാണ് റിഷാന ആയുര്‍വേദ കോളേജ് വരെ എത്തിയത്. തന്റെ പ്രൊഫഷന് മനസ്സിലാക്കി ആ വഴി നടക്കാന്‍ തീരുമാനിച്ചപ്പോഴും പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു.
താങ്ങായി നില്ക്കേണ്ടവര് തളര്‍ത്തിയപ്പോള്‍ റിഷാനയ്ക്ക് എന്നും കൂട്ടിനുണ്ടായിരുന്നത് ഭര്‍ത്താവിന്റെ ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ തന്നെയായിരുന്നു. സ്ത്രീകള്‍ പഠിച്ചത് കൊണ്ട് കാര്യമില്ലെന്നും ജോലിക്ക് പോയാല്‍ കുടുംബം നോക്കാന്‍ പറ്റില്ലെന്നുമുള്ള പൊതുധാരണയെ പൊളിച്ചെഴുതുകയായിരുന്നു റിഷാന തന്റെ ജീവിതത്തിലൂടെ.
സ്വന്തം ആത്മവിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിതത്തില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഈ സംരംഭകയ്ക്ക് ആയുര്‍വേദ ബ്യൂട്ടി കോഴ്സ് പഠിപ്പിക്കുന്ന ഒരു സ്ഥാപനം എന്ന ആശയം ഉള്ളില്‍ ഉടലെടുക്കുന്നത്, അതും തികച്ചും യാദൃശ്ചികമായി…!
Smera Education
സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ വീണുകിട്ടിയ ഒരാശയത്തെ സ്മെര എഡ്യൂക്കേഷനിലൂടെ പ്രാവര്‍ത്തികമാക്കുകയായിരുന്നു ഡോക്ടര്‍ റിഷാന ചെയ്തത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കോസ്മെറ്റോളജി ക്ലാസ് എന്ന നിലയില്‍ ഒരു വര്‍ക്ഷോപ്പാണ് ആദ്യം ആരംഭിച്ചത്.
പരിചയക്കാര് തന്നെയായിരുന്നു തുടക്കകാലത്ത് സ്മെരയിലേക്ക് കടന്നുവന്നത്. പഠിച്ചിറങ്ങിയവരുടെ എക്സ്പീരിയന്‍സ് പറഞ്ഞും കേട്ടും അറിഞ്ഞ് കൂടുതലാളുകള്‍ എത്താന്‍ തുടങ്ങിയതോടെ സ്മെരയും വളര്‍ന്നു.
പത്താം ബാച്ചിന്റെ ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പിടിമുറുക്കി. പിന്നെ ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലമായിരുന്നു. അങ്ങനെ ഒന്നര വര്‍ഷം കൊണ്ട് 2500 ഡോക്ടര്‍മാര്‍ ഓണ്‍ലൈനായി സ്മെരയില് നിന്ന് പഠിച്ചിറങ്ങി. കോവിഡിന് ശേഷം ഹെര്‍ബല്‍ കോസ്മെറ്റോളജി എന്ന നിലയില്‍ സ്വന്തമായി ഒരു ക്ലിനിക്ക് തന്നെ ആരംഭിക്കാന്‍ ഡോക്ടര്‍ റിഷാനയ്ക്ക് സാധിച്ചത് കഠിനപ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്.
ഇന്ന് തങ്ങളുടെ ബ്യൂട്ടി തെറാപ്പി കോഴ്സിലൂടെ നിരവധി ആളുകള്‍ക്ക് ജോലി ലഭിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ തന്നെയാണ് റിഷാന പറയുന്നത്. മൂന്ന് മക്കളുടെ അമ്മയായ തനിക്ക് ഇത്രയൊക്കെ പറ്റുമെങ്കില്‍, ഏതൊരു സാധാരണക്കാരിക്കും തന്റെ സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നാണ് റിഷാന പറയുന്നത്.