ബിസിനസ് സര്‍ഗാത്മകമായ ഒരു പ്രവൃത്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കലയും സാഹിത്യവും ശാസ്ത്രവും പോലെ തികച്ചും സൃഷ്ടിപരമായ ഒന്നായി ആധുനിക ബിസിനസ് രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരന്തരം പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ട് പ്രവചനാതീതമായ പുതിയ തീരങ്ങളിലേക്ക് അത് യാത്ര ചെയ്യുകയാണ്. ബിസിനസിലെ നൂതനങ്ങളായ പല പരീക്ഷണങ്ങളും വ്യവസ്ഥാപിതമായ സങ്കല്പങ്ങളെ പൊളിച്ചെഴുതി. മതിലുകളില്ലാത്ത, അതിര്‍വരമ്പുകളില്ലാത്ത ആകാശമായി ബിസിനസ് മാറ്റപ്പെടുകയാണ്.
സര്‍ഗാത്മകതക്ക് ബിസിനസില്‍ എന്ത് സ്ഥാനം? സ്വാഭാവികമായി ഉയര്‍ന്നു വരാവുന്ന സംശയം. സര്‍ഗാത്മകതയില്ലാതെ മാറ്റങ്ങള്‍ സംഭവ്യമാണോ? അല്ല എന്ന് തന്നെ ഉത്തരം. ചിന്തകള്‍ ആശയങ്ങളായി രൂപപ്പെടുകയും ആശയങ്ങള്‍ യാഥാര്‍ത്ഥ്യങ്ങങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടതുമാണ് ഇന്നുവരെ ചരിത്രത്തിലുണ്ടായ മാറ്റങ്ങളെല്ലാം. മാറ്റങ്ങളുടെ തിരക്കഥകള്‍ രൂപം കൊള്ളുന്നത് മനുഷ്യന്റെ തലച്ചോറില്‍ നിന്ന് തന്നെയാണ്. മനുഷ്യന്റെ സര്‍ഗാത്മകത എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുവോ അവിടം നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.
ആധുനിക ബിസിനസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സാങ്കേതികതയിലുണ്ടായ അത്ഭുതകരമായ, സര്‍ഗാത്മകമായ മാറ്റങ്ങളാണ്. സാങ്കേതികതയുടെ സൃഷ്ടിപരമായ കടന്നുകയറ്റം ബിസിനസിന്റെ എല്ലാ മേഖലകളിലും സംഭവിച്ചു. അതിശീഘ്രം പായുന്ന ഒരശ്വത്തെപ്പോലെ നമ്മുടെ ജീവിതത്തിന്റൈ സമസ്തമേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് സാങ്കേതികത വിപ്ലവകരമായ ഒരു മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇന്ന് സാങ്കേതികത ബിസിനസിന്റെ നട്ടെല്ലായി മാറി. സാങ്കേതികതയെ ആശ്രയിക്കാതെ ബിസിനസിന് നിലനില്പ്പില്ല എന്നത് നിഷേധിക്കാനാവാത്ത സത്യം.
പുരോഗമനകരങ്ങളായ ആശയങ്ങളില്ലാതെ, അവയെ ആശ്രയിക്കാതെ ബിസിനസുകള്‍ക്ക് നിലനില്പ്പില്ല എന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഊബര്‍, ലോകം മുഴുവന്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സേവനം ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഓയോ, ലോകം മുഴുവന്‍ ഹോട്ടല്‍ മുറികള്‍ വാടകയ്ക്ക് നല്കുന്നു. ഇവരൊന്നും ലോകം മുഴുവന്‍ കാറുകളോ റൂമുകളോ സ്വന്തമാക്കിയിട്ടല്ല ബിസിനസ് ചെയ്യുന്നത്. ഒരു ഉത്പന്നം പോലും വാങ്ങാതെ സ്റ്റോക്ക് ചെയ്യാതെ ഓണ്‍ലൈന്‍ റീറ്റെയില്‍ പോര്‍ട്ടലുകള്‍ ലോകം മുഴുവന്‍ ഉത്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കുന്നു. നാം ഇതുവരെ കാണാത്ത, അനുഭവിക്കാത്ത പുതിയൊരു ബിസിനസ് ലോകം നമുക്ക് മുന്നില്‍ പ്രത്യക്ഷമാവുകയാണ്.
മനുഷ്യമനസ്സില്‍ വിരിഞ്ഞ സൃഷ്ടിപരമായ ചിന്തകള്‍ തന്നെയാണ് ഇത്തരം ബിസിനസുകള്‍ക്കു വഴിയൊരുക്കിയത്. ഒരു കവിതയോ കഥയോ പിറക്കുന്നതുപോലെ നവീനമായ ഒരു ആശയം ഉടലെടുക്കുകയാണ്. അതിനെ പ്രായോഗികതയിലേക്ക് രൂപഭേദം വരുത്തുന്നതോടെ ഇന്നലെ വരെ അസാധ്യം എന്ന് കരുതിയിരുന്ന പല പ്രവര്‍ത്തികളും സംഭവിക്കപ്പെടുകയാണ്. നവീനതയും ബിസിനസും പരസ്പരപൂരകങ്ങളാകുന്നത് ഇവിടെയാണ്. ഇനിയുള്ള ബിസിനസിന്റെ ഭാവി നവീനതയില്‍ ഊന്നിയുള്ളതാണ്.
ആപ്പിളോ, ഫേസ്ബുക്കോ പോലുള്ള ഒരു ബിസിനസ് ഭാരതത്തില്‍ നിന്നും ഉദയം കൊള്ളാത്തതെന്താണ്? വിവരസാങ്കേതികവിദ്യയില്‍ നാം മുന്നോട്ട് കുതിക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ അത് ഉപയോഗപ്പെടുത്തിയുള്ള ബിസിനസുകളില്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തി കാണിക്കാവുന്ന ഒന്നും നമുക്കില്ലാതെ പോകുന്നത് എന്ത് കൊണ്ടാണ്? സര്‍ഗാത്മകതയുടെ അഭാവം നമുക്കുള്ളതുകൊണ്ടാണോ? അതോ അതിനെ യഥാപൂര്‍വം ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയാത്തത് കൊണ്ടാണോ?
ഭാരതീയരെ എന്നും കാല്ച്ചുവട്ടില്‍ സൂക്ഷിക്കുവാന്‍ ബ്രിട്ടീഷ് കൊളോണിയലിസം സൃഷ്ടിച്ച ചില തന്ത്രങ്ങള്‍ ഇന്നും നാം പിന്തുടരുന്നു. പഠിക്കുകയും, പരീക്ഷകള്‍ എഴുതുകയും, നല്ലൊരു ജോലി സമ്പാദിക്കുകയും ചെയ്യുക എന്ന ലളിതമായ ആഗ്രഹങ്ങളില്‍ നിന്നും ഒരു ഭാരതീയന്‍ ഇന്നും മോചിതനായിട്ടില്ല. കേരളം തന്നെ നല്ലൊരു ഉദാഹരണമാണ്. വിദ്യാസമ്പന്നരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗങ്ങള്‍ക്ക് പിന്നാലെയാണ്. യാതൊരു റിസ്‌ക്കും ഇല്ലാതെ ജീവിതം നയിക്കുക എന്ന മാനസിക അവസ്ഥയിലേക്ക് നാം മാറിക്കഴിഞ്ഞു. ഇവിടെ എവിടെയാണ് സര്‍ഗാത്മകതയ്ക്ക് സ്ഥാനം.
സര്‍ഗാത്മകതയുടെ അഭാവം ബിസിനസിന്റെ വളര്‍ച്ചയെ തടയുന്നു. മുരടിപ്പിന് കാരണമാകുന്നു. പുതിയ മേഖലകളെ കണ്ടെത്തുന്നതില്‍ നാം മടി കാണിക്കുന്നു. പുതിയ ധാരാളം സ്റ്റാര്‍ട്ട് അപ്പുകള്‍ ഉയര്‍ന്നുവരുന്നു എന്ന് നാം അഭിമാനം കൊള്ളുന്നുവെങ്കിലും ഇതില്‍ എത്രയെണ്ണം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു, അതില്‍ നിന്നും എന്ത് ഫലം നല്കുന്നു എന്നതൊന്നും യാഥാര്‍ത്ഥ്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു വിശകലനത്തിന് വിധേയമാകുന്നില്ല. ബിസിനസ് വികാരപരമായ ഒരു തീരുമാനമല്ല എന്നത് സ്റ്റാര്‍ട്ട് അപ്പുകള്‍ ഓര്‍മിക്കേണ്ടതാണ്.
ബ്രാന്‍ഡിങ്ങിലൂടെയും മാര്‍ക്കറ്റിങ്ങിലൂടെയും മേല്‌ക്കൈ നേടാം എന്ന വിശ്വാസം താത്കാലികമാണ്. ഉത്പന്നത്തിന്റെയും സേവനത്തിന്റെയും മേന്മയും നവീനതയുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കാലത്തിനനുസരിച്ച് പുതുമകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാത്തവയെ ഉപഭോക്താക്കള്‍ നിരാകരിക്കും. നവീനതയുമായി രംഗപ്രവേശം ചെയ്യുന്നവയെ അവര്‍ സ്വീകരിക്കും. നിരന്തരം പരീക്ഷണങ്ങള്‍ നടത്തുകയും മാറ്റങ്ങളുമായി വിപണിയെ സമീപിക്കുകയും ചെയ്യുക എന്നത് ദൈനംദിനപ്രവര്‍ത്തിയായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. ഗവേഷണങ്ങളില്‍ ശ്രദ്ധയില്ലാത്ത, നവീന ആശയങ്ങള്‍ രൂപീകരിക്കാത്ത ബിസിനസ് പ്രസ്ഥാനങ്ങള്‍ക്ക് ഭാവിയില്ല. ഒന്നും ഒരുപോലെ എന്നും നിലനില്ക്കുന്നില്ല.
പഠനവും ജോലിയും എന്ന ലക്ഷ്യങ്ങളില്‍ മാത്രം ഉറച്ചുനില്ക്കാതെ പുതിയ ആശയങ്ങള്‍ക്കായി ചിന്തിക്കുകയും അത് സംരംഭങ്ങളാക്കി മാറ്റുകയും ചെയ്യാന്‍ യുവതലമുറ അവരുടെ സര്‍ഗശേഷി വിനിയോഗിക്കേണ്ടതുണ്ട്. ബിസിനസ് എന്ന കരിയറിന്റെ ശക്തി അവര്‍ തിരിച്ചറിയേണ്ടതുണ്ട്. അതിര്‍ത്തികളില്ലാതെ ലോകം മുഴുവന്‍ തുറന്ന് കിടക്കുന്ന വിപണി ആരേയും കൈനീട്ടി സ്വീകരിക്കും. വിശാലമായ ആ ലോകത്തേക്ക് ചുവടുവെക്കുവാന്‍ അസാമാന്യമായ മനക്കരുത്ത് നമുക്കാവശ്യമാണ്. പുതുയുവതലമുറയുടെ ഊര്‍ജം ബിസിനസിനായി വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് ലോകോത്തര ബിസിനസ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉയരുന്നില്ല എന്നതിന് പ്രധാന കാരണം.
നമ്മുടെ ചിന്താസരണിയില്‍ നാം കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സുരക്ഷിതമായ ഇടങ്ങള്‍ കണ്ടെത്തുവാന്‍ മനസ്സ് എപ്പോഴും നമ്മെ പ്രേരിപ്പിക്കും. മനസ്സിന് താല്പര്യം സുഗമമായ, മുള്ളുകളില്ലാത്ത, ഒട്ടുമേ ആശങ്കപ്പെടേണ്ടതില്ലാത്ത, പരിചിതമായ വഴികളാണ്. ആരും സഞ്ചരിക്കാത്ത വഴികള്‍ അത് ഭയപ്പെടുന്നു. അതിനെക്കുറിച്ചുള്ള ചിന്ത പോലും അത് ഇഷ്ടപ്പെടുന്നില്ല. ഈ ഭയം നമ്മെ സുരക്ഷിതങ്ങളായ വഴികളിലൂടെ മാത്രം നടക്കുവാന്‍ പ്രേരിപ്പിക്കുന്നു.
ഈ ഭയത്തെ നാം കീഴ്‌പ്പെടുത്തണം. പുതിയ മേഖലകള്‍ കണ്ടെത്താന്‍ നമ്മുടെ സര്‍ഗശേഷി നാം വിനിയോഗിക്കണം. പുതിയ ഉത്പന്നങ്ങള്‍ക്കായും സേവനങ്ങള്‍ക്കായും ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ നാം തയ്യാറാവണം. നവീനതയെ ജീവിതത്തിന്റെ ഭാഗമാക്കുകയും ഇപ്പോള്‍ നിലനില്ക്കുന്ന ബിസിനസുകള്‍ക്ക് പുതിയൊരു മുഖം നല്കുകകയും ചെയ്യുവാന്‍ നാം ശ്രമിക്കണം. മികച്ച മനുഷ്യവിഭവശേഷി ലഭ്യമായ ഒരു രാജ്യമാണ് ഇന്ത്യ. അതിനെ വേണ്ടവിധം ഉപയോഗിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതിലും ഗവേഷണങ്ങള്‍ ആവശ്യമാണ്.
ഇന്ത്യയുടെ വിദ്യാഭ്യാസം മാറുന്ന ലോകത്തിനനുസരിച്ച് ചിട്ടപ്പെടുത്തേണ്ടതുണ്ട്. യുവമനസ്സുകളെ ചിന്തിക്കുവാന്‍ നാം പഠിപ്പിക്കണം. നവആശയങ്ങള്‍ മുളക്കുവാനും അവ പരീക്ഷിക്കുവാനുമുള്ള അവസരങ്ങള്‍ നാം സൃഷ്ടിക്കണം. ചിറക് വിരിച്ച് പറക്കുവാന്‍ അവരെ പ്രാപ്തരാക്കുന്നവിധം സാമൂഹ്യസംവിധാനങ്ങളെ നാം ചിട്ടപ്പെടുത്തേണ്ടതുണ്ട്. ചിന്തിക്കുന്ന യുവതലമുറയാണ് നാടിന്റെ ശക്തി.
ചെറുപ്പക്കാരെ, നിങ്ങള്‍ ധൈര്യമായി ബിസിനസിലേക്ക് കടന്നുവരൂ. യൗവ്വനത്തിന്റെ ബുദ്ധിയും ശക്തിയും ഊര്‍ജവും ബിസിനസില്‍ നിക്ഷേപിക്കൂ. സാങ്കേതികതയുടെ അനന്തസാധ്യതകള്‍ വിനിയോഗിക്കൂ. പുതിയ ആശയങ്ങള്‍ പിറക്കട്ടെ. ലോകത്തിന്റെ മുന്‍നിരയില്‍ ഭാരതത്തെ എത്തിക്കാന്‍ ചിന്തിക്കുന്ന യുവതലമുറക്ക് സാധിക്കും. അതിനായി സുഖത്തിന്റെ ആലസ്യത്തില്‍ നിന്ന് നാം പുറത്ത് വരേണ്ടതുണ്ട്. ആരും അധികം നടക്കാത്ത പാതകള്‍ തിരഞ്ഞെടുക്കൂ… അത് നമ്മെ എത്തിക്കും, ആരും എത്താത്ത ഉയരങ്ങളിലേക്ക്…!
- സുധീര്‍ ബാബു
(മാനേജിംഗ് ഡയറക്ടര്‍), ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം. - Ph: 9895144120
e-mail: sudheerbabu@devalorconsultants.com
website: www.sudheerbabu.in