Success Story

നൃത്തച്ചമയങ്ങളിലെ ലാവണ്യത്തിലൂടെ നാട്യാഞ്ജലിയുടെ വിജയം

ഇന്ത്യന്‍ സംരംഭക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ രണ്ടാമതാണ് കേരളം. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ കേരളത്തില്‍ സംരംഭകത്വത്തിലേക്ക് വരുന്ന വനിതകളുടെ അളവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊരു വലിയ വിഭാഗവും ഒന്നോ രണ്ടോ മേഖലകളിലേക്ക് ഒതുങ്ങി പോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ കടുത്ത മത്സരവും കുറഞ്ഞ വിജയസാധ്യതയും നമ്മുടെ വനിതാ സംരംഭകര്‍ക്ക് നേരിടേണ്ടി വരുന്നു. സ്വന്തമായി ഒരു ആശയം കണ്ടെത്തുവാനും അതിനെ കഠിനാധ്വാനത്തിലൂടെ വികസിപ്പിക്കുവാനും ശ്രമിക്കുന്നവര്‍ക്ക് മാത്രമേ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുവാനും പിന്‍ഗാമികള്‍ക്ക് ഉദാഹരണമായി മാറുവാനും കഴിയൂ. അത്തരമൊരു ഉദാഹരണമാണ് പത്തനംതിട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാട്യാഞ്ജലി ഡാന്‍സ് കളക്ഷന്റെ ഉടമ ആല്‍ഫി നൗഷാദ്.

സ്‌കൂള്‍ കോളേജ് കലോത്സവങ്ങളും ക്ഷേത്രോത്സവ പരിപാടികളും മലയാളിയുടെ സംസ്‌കാരത്തിന്റെ ആണിക്കല്ലാണ്. ഈ പരിപാടികളിലെ സ്ത്രീ പ്രാതിനിധ്യവും വളരെ വലുതാണ്. യുവത്വത്തിന്റെ ആഘോഷമായി മാറുന്ന നൃത്ത പരിപാടികളെ എന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള ഒന്നായാണ് അതില്‍ പങ്കെടുക്കുന്ന എല്ലാവരും കരുതുന്നത്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഈ വസ്തുതകളില്‍ നിന്നുമാണ് ആല്‍ഫിയ്ക്ക് തന്റെ സംരംഭകത്വത്തിനുള്ള ആശയം ലഭിക്കുന്നത്.

കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഗ്രാമങ്ങളില്‍ പോലും അതിവിപുലമായ സാംസ്‌കാരിക പരിപാടികളാണ് ക്ലബ്ബുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേരില്‍ അരങ്ങേറുന്നത്. അതില്‍ പ്രധാനമാണ് നൃത്ത പരിപാടികള്‍. സ്‌കൂള്‍ കലോത്സവങ്ങള്‍, ഉത്സവ പരിപാടികള്‍, വാര്‍ഷികാഘോഷങ്ങള്‍, ഓണം, ക്രിസ്മസ്, ശ്രീകൃഷ്ണജയന്തി തുടങ്ങിയ എല്ലാ ആഘോഷങ്ങള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കുവാനും വേണ്ട വേഷവിധാനങ്ങളും ആഭരണങ്ങളും മറ്റു ചമയങ്ങളുല്ലാം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന സ്ഥാപനമാണ് ആല്‍ഫി നൗഷാദിന്റെ നാട്യാഞ്ജലി ഡാന്‍സ് കളക്ഷന്‍സ്.

എട്ടുവര്‍ഷത്തോളം അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്ന ആല്‍ഫി നൗഷാദ് പാഷനുവേണ്ടി ജോലി ഉപേക്ഷിച്ചാണ് സംരംഭകത്വത്തിലേക്ക് വരുന്നത്. ഏത് തരത്തിലുള്ള സ്‌റ്റേജ് പരിപാടികള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് നാട്യാഞ്ജലിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രൊഫഷണല്‍ ഡാന്‍സ് ട്രൂപ്പുകള്‍ മുതല്‍ കലോത്സവ മത്സരാര്‍ത്ഥികള്‍ വരെ നാട്യാഞ്ജലിയുടെ ഉപഭോക്താക്കളാണ്.

2016ല്‍ ഈ സ്ഥാപനം ആരംഭിക്കുമ്പോള്‍ ആല്‍ഫി തന്നെയായിരുന്നു സംരംഭകയും സ്ഥാപനത്തിലെ ഒരേയൊരു ജീവനക്കാരിയും. എന്നാല്‍ ഇന്ന് നാട്യാഞ്ജലിയ്ക്ക് മൂന്നോളം ബ്രാഞ്ചുകളുണ്ട്. എട്ടോളം ജീവനക്കാരും ഇന്ന് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. നാട്യാഞ്ജലിയില്‍ അലങ്കാര വസ്ത്രങ്ങളുടെയും ചമയങ്ങളുടെയും വില്‍പനയോടൊപ്പം വാടകയ്ക്ക് കൊടുക്കുന്നുമുണ്ട്. വാടകയ്ക്ക് നല്‍കുന്നതിലൂടെയാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നതെന്ന് ആല്‍ഫി പറയുന്നു. തെക്കന്‍ കേരളത്തിലെ നൃത്താലങ്കാര വിതരണത്തിലെ വലിയൊരു ശതമാനം സ്വന്തമാക്കുവാനും നാട്യാഞ്ജലിയ്ക്ക് കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

നാട്യാഞ്ജലിയുടെ ആദ്യഘട്ടം മുതല്‍ എല്ലാവിധ പിന്തുണയോടും കൂടെനിന്ന ഭര്‍ത്താവ് നൗഷാദിനോടും അദ്ദേഹത്തിന്റെയും തന്റെയും കുടുംബങ്ങളോടുമാണ് ആല്‍ഫിക്ക് സംരംഭത്തിന്റെ വിജയത്തില്‍ നന്ദി പറയാനുള്ളത്. അതോടൊപ്പം തനിക്കൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച നാട്യാഞ്ജലിയുടെ ജീവനക്കാരോടും ആല്‍ഫിയ്ക്ക് കടപ്പാടുണ്ട്. സംരംഭത്തിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന സ്‌കൂള്‍ അധ്യാപകരും നൃത്ത പരിശീലകരും അടങ്ങുന്ന ഉപഭോക്താക്കളുടെ കൂട്ടായ്മയാണ് നാട്യാഞ്ജലിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതെന്നും അല്‍ഫി പറയുന്നു.

പുറത്തുനിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന രീതിയാണ് നിലവില്‍ നാട്യാഞ്ജലി അവലംബിച്ചിരിക്കുന്നത്. എന്നാല്‍, വസ്ത്രങ്ങള്‍ നേരിട്ട് നിര്‍മിച്ച് വിതരണം ചെയ്തു തന്റേതായ ഒരു ബ്രാന്‍ഡ് പടുത്തുയര്‍ത്താനുള്ള പരിശ്രമത്തിലാണ് ആല്‍ഫി നൗഷാദ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button