ഭാവിയെ നോക്കിക്കണ്ടത് ക്യാമറ കണ്ണിലൂടെ
മനസിന് ഇണങ്ങുന്ന ജോലി തിരഞ്ഞെടുത്ത് ആഗ്രഹത്തിനൊത്ത് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വലുതാണ് അല്ലേ? കൂടെ നില്ക്കുന്നവര് എന്തുപറയുന്നു എന്ന് ചിന്തിക്കാതെ സ്വപ്നത്തിന് പിന്നാലെ കുതിച്ച് അത് നേടിയെടുക്കുമ്പോഴാണ് ജീവിതം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്. അത്തരത്തില്‍ തങ്ങളുടെ പാഷനെ നെഞ്ചോട് ചേര്‍ത്ത് ലുമിന വെഡിങ് കമ്പനി എന്ന സ്ഥാപനം കെട്ടിപ്പടുത്ത യുവാക്കളാണ് അന്‍ഷാദ് ജലീല്‍ റാവുത്തറും വിഷ്ണു മോഹനും.
ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് അന്‍ഷാദും വിഷ്ണുവും. ഇരുവരുടെയും അഭിരുചികളും സമാനം. പഠനശേഷം സ്വന്തമായൊരു സംരംഭം ആരംഭിക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. അങ്ങനെയിരിക്കെ അന്‍ഷാദിന്റെ ബന്ധുവും വീഡിയോഗ്രാഫറുമായ നുജൂം അബാബ എന്ന വ്യക്തി തന്റെ കൂടെക്കൂടാന്‍ ഇരുവരെയും ക്ഷണിച്ചതോടെയാണ് ഇവരുടെ ജീവിതം മാറിത്തുടങ്ങിയത്.
ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയോട് താല്പര്യം ഉണ്ടായിരുന്നതുകൊണ്ടുതന്നെ അന്‍ഷാദിനും വിഷ്ണുവിനും മറിച്ചൊന്നും ചിന്തിക്കേണ്ടതായും വന്നില്ല. അങ്ങനെ ഫോട്ടോഗ്രഫിയുടെ ആദ്യ പാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കുകയും അതോടൊപ്പം അതുമായി ബന്ധപ്പെട്ട കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു. വീഡിയോ എഡിറ്റര്‍ മാത്രമായിരുന്ന അന്‍ഷാദിന് വീഡിയോഗ്രാഫറാകാനും ആല്‍ബം ഡിസൈനറായിരുന്ന വിഷ്ണുവിന് ഫോട്ടോഗ്രാഫറായി മാറാനും അധികം വൈകാതെ സാധിച്ചു.
അങ്ങനെയിരിക്കെ സ്വന്തമായൊരു ബിസിനസ് എന്തുകൊണ്ട് ആരംഭിച്ചുകൂടാ എന്ന് ഇരുവരും ചിന്തിക്കുകയും തങ്ങളുടെ 22-ാം വയസില്‍ സ്വപ്ന സംരംഭമായ ലുമിന വെഡിങ് കമ്പനിയ്ക്ക് കൊല്ലത്ത് തുടക്കം കുറിക്കുകയും ചെയ്തു. തുടക്കത്തില്‍ കുടുംബത്തില്‍ നിന്നും സ്വാഭാവികമായ ചില എതിര്‍പ്പുകള്‍ വന്നെങ്കിലും ഇരുവരുടെയും ലക്ഷ്യബോധത്തിന് മുന്നില്‍ അവര്‍ അവസാനം കീഴടങ്ങുകയായിരുന്നു.
ആഘോഷമേതായാലും പൂര്‍ണ ഉത്തരവാദിത്വത്തോടെ അത് ഏറ്റെടുത്ത്, വളരെ കൃത്യനിഷ്ഠയോടെ പൂര്‍ത്തിയാക്കുന്നു. ഇതിന് പുറമെ മോഡലിങ് ഫോട്ടോഗ്രഫിയിലും തങ്ങളുടെ മികവ് ഇവര്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥാപനം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഇരുവരും ഈ മേഖലയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തു എന്നത് പറയാതെ വയ്യ.
കൊല്ലത്താണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെങ്കിലും ഇന്ത്യയിലെവിടെയും ലുമിനയുടെ സേവനം ലഭ്യമാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കൊല്ലത്തിന് പുറമെ തിരുവനന്തപുരത്തും എറണാകുളത്തും അധികം വൈകാതെതന്നെ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും.
ഇന്ത്യയില്‍ മാത്രമല്ല, ദുബായ് അല്‍ നഹ്ദയിലും ലുമിന വെഡിങ് കമ്പനിയുടെ ബ്രാഞ്ച് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. യു.എ.ഇയില്‍ തങ്ങളുടെ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ അന്‍ഷാദും വിഷ്ണുവും. ഒരു സ്ഥാപനം എന്നതിലപ്പുറം തങ്ങളുടെ കമ്പനിയെ ഒരു ബ്രാന്റ് എന്ന നിലയിലേക്ക് വളര്‍ത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍.
സ്വന്തമായി ഒരു സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ അതിന് മുമ്പ് ബന്ധപ്പെട്ട മേഖലയില്‍ അറിവും പ്രവൃത്തി പരിചയവും നേടിയശേഷം ബിസിനസിലേക്ക് ഇറങ്ങിയാല്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുമെന്ന നിര്‍ദേശമാണ് അന്‍ഷാദും വിഷ്ണുവും സമൂഹത്തിന് നല്‍കുന്നത്.
ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായെങ്കിലും തങ്ങളുടെ പാഷനെ മുറുകെപ്പിടിച്ച് ലക്ഷ്യം നേടിയെടുത്ത ഈ യുവാക്കള്‍ പുതുതലമുറക്ക് എന്നും പ്രചോദനം തന്നെയാണ്.