ചടുലമായ ചുവടുകളിലൂടെ മുന്നേറുന്ന ‘കലാമന്ദിര്‍’
39 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉറ്റവരോ ഉടയവരോ ആരാണെന്ന് അറിയാതെ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ ഒരു ബാല്യം. അവിടുത്തെ മതിലിനുള്ളില്‍ മാത്രം കണ്ടിരുന്ന ആകാശം… അതില്‍ മുഴുവന്‍ അവളുടെ സ്വപ്നങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ആ സ്വപ്നങ്ങള്‍ അവളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ ജീവനെക്കാള്‍അവള്‍ സ്നേഹിച്ചിരുന്ന നൃത്തത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇല്ലായ്മയിലും വല്ലായ്മയിലും മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു.
പലരുടെയും നല്ല മനസ്സുകള്‍ കൊണ്ടും നൃത്തത്തെ ഇത്രമാത്രം സ്നേഹിച്ചത് കൊണ്ടും നൃത്ത കലയെ ഉപാസിക്കുവാനുള്ള ഭാഗ്യം അവള്‍ക്ക് ലഭിക്കുകയും അതില്‍ നല്ല രീതിയിലുള്ള പ്രാവീണ്യം ആര്‍ജിക്കാനും സാധിച്ചു. തന്റെ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ കലാമണ്ഡലത്തില്‍ പ്രവേശനം നേടി കൂടുതലായി നൃത്തം അഭ്യസിക്കാനും പ്രഗത്ഭരായ നിരവധി ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ നൃത്തത്തിന്റെ വിവിധ രൂപങ്ങള്‍ പഠിക്കാനും സാധിച്ചു. അതിലൂടെ നല്ലൊരു നര്‍ത്തകിയായി മാറാനും കഴിഞ്ഞു,അവിടുന്ന് ഇങ്ങോട്ട് അവള്‍ക്ക് ജീവനും ജീവിതവും നൃത്തം മാത്രമായിരുന്നു.
ഇന്ന്, ആ പെണ്‍കുട്ടി അറിയപ്പെടുന്ന ക്ലാസിക്കല്‍ ഡാന്‍സറായി, ആയിരക്കണക്കിന് ശിഷ്യകളുടെ പ്രിയ സിന്ധു ടീച്ചറായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തോളമായി തിരുവനന്തപുരം നഗരത്തില്‍ ഇത്രയും കുറഞ്ഞ ഫീസില്‍ ‘കലാമന്ദിര്‍’ എന്ന സ്ഥാപനം നടത്തുന്നു. ഒത്തിരി വെറുപ്പുകളും ബുദ്ധിമുട്ടുകളും നേരിട്ടുതന്നെയാണ് ഇങ്ങനെയൊരു സ്ഥാപനം അവര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.
ശാസ്തമംഗലത്ത് ചെറിയൊരു ഡാന്‍സ് സ്കൂളായി തുടങ്ങി, രണ്ട് – മൂന്ന് കുട്ടികള്‍ക്ക് നൃത്തം അഭ്യസിപ്പിച്ചു കൊണ്ടായിരുന്നു ആരംഭം. നൃത്തം അഭ്യസിപ്പിച്ചു കിട്ടുന്ന ഏക വരുമാനത്തില്‍ ജീവിതം തള്ളിനീക്കേണ്ടി വന്നപ്പോഴും കല ഒരിക്കലും ഒരു ബിസിനസ് ആയി കാണാന്അവര്ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ തുച്ഛമായ ഫീസ് ഈടാക്കിയാണ് നൃത്തം അഭ്യസിപ്പിച്ചിരുന്നത്.
വളരെ നിര്ധരരായകുട്ടികളില് നിന്നും ഒരു രൂപ പോലും ഫീസ് വാങ്ങിക്കാതെയും അവരെ പഠിപ്പിക്കുമ്പോള്‍ സിന്ധുവിന്റെ മനസ്സില്‍ ഒരു ഉറച്ച തീരുമാനം ഉണ്ടായിരുന്നു. സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ആരും ഇഷ്ടപ്പെട്ട കല പഠിക്കാതെ പോകരുത്. അതുപോലെ അരങ്ങേറ്റ സമയങ്ങളില്‍ രക്ഷിതാക്കളുടെ നടുവൊടിക്കുന്ന ഭീമമായ സാമ്പത്തിക അവസ്ഥ ഉണ്ടാക്കാതെ കുറഞ്ഞ ചിലവില്‍ കുട്ടികളെ അരങ്ങേറ്റം ചെയ്യിക്കണം. ഇത് അവര്‍ അന്നും ഇന്നും സ്വീകരിച്ചിട്ടുള്ള ഉറച്ച തീരുമാനമാണ്.
അതിനെല്ലാം പുറമേ, കുട്ടികളുടെ കുറവുകള്‍ മനസ്സിലാക്കി ഓരോ കുട്ടിയേയും പ്രത്യേകമായി ശ്രദ്ധിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. കോവിഡ് സമയത്ത് പോലും കുട്ടികളില്‍ നൃ0ത്തത്തോടുള്ള താല്പര്യം കുറയാതിരിക്കാന്‍ വിവിധതരം ഡാന്‍സ് ചലഞ്ചുകള്‍ നല്കി അവരെ സജീവമായി നിര്‍ത്താന്‍ കഴിഞ്ഞു. ഒരു നൃത്ത സ്ഥാപനം എന്നതിലുപരി ഒരു വീടിന്റെ അന്തരീക്ഷം സൂക്ഷിക്കാന്‍ സിന്ധു എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
സ്കൂള്‍ കോളേജ് യുവജനോത്സവ വേദികളില്‍ അവരുടെ നിരവധി ശിഷ്യകള്‍ പല വര്‍ഷങ്ങളിലായി ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും എവിടെ വേണമെങ്കിലും നൃത്തം അഭ്യസിക്കാം. പക്ഷേ നൃത്തം അഭ്യസിച്ചതു കൊണ്ട് മാത്രം കാര്യമില്ല. പഠിച്ച കുട്ടികള്‍ വേദികളില്‍ പെര്‍ഫോമന്‍സ് ചെയ്യുമ്പോഴാണ് കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സന്തോഷം കിട്ടുന്നത്. അത് നന്നായി അറിയാവുന്ന സിന്ധു ടീച്ചര്‍ മറ്റു ഡാന്‍സ് ടീച്ചേഴ്സില്‍ നിന്നും വ്യത്യസ്തമായി തന്നെ ടീച്ചറുടെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തില്‍ 11ഓളം സ്റ്റേജുകള്‍ കേരളത്തിനകത്തും പുറത്തും ഒരുക്കി കൊടുക്കുന്നു.
അതോടൊപ്പം തന്നെ യൂട്യൂബ് ചാനലിലേക്കും തദ്ദേശീയ ചാനലുകളിലേക്കും കുട്ടികളുടെ വീഡിയോ ഷൂട്ട് ചെയ്തു അപ്ലോഡ് ചെയ്യാറുണ്ട്. നിരവധി കലാപ്രതിഭകള്‍ക്കൊപ്പം സിനിമ സീരിയല്‍ താരങ്ങളെയും ടീച്ചര്‍ സൃഷ്ടിച്ചിട്ടുണ്ട്. ജീവിതം കൈവിട്ട്, അനാഥാലയത്തിന്റെ ഇരുട്ടില്‍ വീണുപോയ ഒരു പെണ്‍കുട്ടിയുടെ ഒറ്റയ്ക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് സിന്ധു കലാമന്ദിര്‍ എന്ന സിന്ധു ടീച്ചറിന്റെ കഥ.
ഡാന്‍സിന് ആവശ്യമായ ഡ്രസ്സുകളും ആഭരണങ്ങളും മേക്കപ്പുമെല്ലാം വളരെ കുറഞ്ഞ ചിലവില്‍ ടീച്ചര്‍ ചെയ്തുകൊടുക്കുന്നുണ്ട്. അതുപോലെതന്നെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം,ഫോക്ക് ഡാന്‍സ്, തിരുവാതിര കളി എന്നിവ അഭ്യസിപ്പിക്കുന്നു. ഓഫ്ലൈന് ക്ലാസുകള്‍ മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസ്സുകളും ലഭ്യമാണ്.
ഡാന്‍സ് പഠിക്കാന്‍ ആഗ്രഹമുള്ള ഏതു പ്രായക്കാര്‍ക്കും പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ടീച്ചര്‍. ഇപ്പോഴും ടീച്ചറുടെ വലിയ ആഗ്രഹം പണമില്ലാത്തതുകൊണ്ട് കലയെ സ്നേഹിക്കുന്ന ഒരാളും കല അഭ്യസിക്കാതെ പോകരുത് എന്ന് തന്നെയാണ്. അതിനുവേണ്ടി തന്നെയാണ് ടീച്ചറുടെ ജീവിതവും കലാമന്ദിര്‍ ഡാന്‍സ് ക്ലാസും നിലകൊള്ളുന്നതും.
സ്കൂളിന് നേരെ ഉയരുന്ന ഓരോ വെല്ലുവിളികളെയും അതിജീവിച്ചു കലാമന്ദിര്‍ ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ബ്രാഞ്ചിന് കൂടി തുടക്കം കുറിക്കാന്‍ കലാമന്ദിറിന് സാധിച്ചു. തുച്ഛമായ ഫീസില്‍ നല്ല രീതിയിലുള്ള പഠനം വാഗ്ദാനം ചെയ്യുന്നു എന്ന ഒരേ ഒരു കാര്യം കൊണ്ട് മാത്രമാണ് ഒരുപാട് ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിലുംഅടി പതറാതെ, കലാമന്ദിര്‍ ഡാന്‍സ് സ്കൂള്‍ തലസ്ഥാന നഗരിയില്‍ രണ്ടു ബ്രാഞ്ചുകളുമായി മുന്നോട്ടു പോകുന്നത്.
തിരുവനതപുരത്തെ പ്രമുഖ സ്കൂളായ സര്‍വോദയ സെന്‍ഡ്രല്‍ സ്കൂളിലെ ഡാന്‍സ് ടീച്ചറായും സിന്ധു ജോലി ചെയ്യുന്നു. കുട്ടികളോടും കലയോടുമുള്ള അര്‍പ്പണ ബോധവും സ്നേഹവും കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാന്‍ സിന്ധു ടീച്ചറിന് കഴിയുന്നത്.
അതോടൊപ്പം, സഹപ്രവര്‍ത്തകരുടെയും കുട്ടികളുടെ മാതാപിതാക്കളുടെയും പിന്തുണയാണ് തന്റെ വിജയയാത്രയുടെ ശക്തിയെന്ന് സിന്ധു പറയുന്നു. തനിക്ക് സ്വന്തമെന്ന് പറയാന്‍ ആകെ ഉണ്ടായിരുന്ന കെഎസ്ഇബി ഉേദ്യാഗസ്ഥനായിരുന്ന സഹോദരന് 2022ല്‍ മരണപ്പെട്ടതിന്റെ തളര്‍ച്ചയിലും ആത്മധൈര്യത്തിന്റെ പിന്‍ബലത്തില്‍, സിന്ധു മുന്നോട്ടു കുതിക്കുകയാണ്.
ഏത് കലയും പഠിക്കാന്‍ വേണ്ടത് നൂറു ശതമാനം ആത്മാര്‍ത്ഥതയാണ്. അങ്ങനെ ആത്മാര്‍ത്ഥതയുള്ള കുറച്ച് ആള്ക്കാര് കൂടെയുണ്ടെങ്കില്‍ ഏതൊരു കലയും അന്യം നിന്നു പോകാതെ, സംരക്ഷിച്ചു നിര്‍ത്താന്‍ സാധിക്കും എന്ന ശുഭപ്രതീക്ഷയിലാണ് സിന്ധു.