‘ഇതൊരു കളിയല്ല കലയാണ് ‘ ഫോട്ടോഗ്രാഫി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിസാം സുപ്പി
നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. ഒരു ചെടി ഒരിക്കലും കുറഞ്ഞ സമയം കൊണ്ട് വളര്‍ന്ന് വലിയ വൃക്ഷമായി മറ്റുള്ളവര്‍ക്ക് തണലേകാറില്ല. അതുപോലെതന്നെയാണ് മനുഷ്യനും. ജീവിതത്തില്‍ ഉണ്ടാകുന്ന പല സാഹചര്യങ്ങളെയും പൊരുതി തോല്‍പ്പിച്ചുകൊണ്ട് വേണം മുന്നേറാന്‍, മറ്റുള്ളവര്‍ക്ക് ഒരു തണലായി മാറാന്‍. ഒരുപക്ഷേ, എല്ലാവരും തനിക്കെതിരാണെങ്കില്‍ പോലും സ്വന്തം കരുത്തില്‍ വിശ്വസിച്ചാല്‍ അവന് വിജയത്തിലെത്താന്‍ സാധിച്ചേക്കാം.
അത്തരത്തില്‍ സ്വന്തം കരുത്തും മനോബലവും കൈമുതലാക്കി, ഫോട്ടോഗ്രാഫി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നിസാം സുപ്പി. പാലക്കാട് ജില്ലയിലെ അലനല്ലൂരാണ് നിസാമിന്റെ സ്വദേശം. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് ആര് മീഡിയ എന്ന കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് നിസാം ഇപ്പോള്‍. കമ്പനിക്ക് വേണ്ടിയും ഫ്രീലാന്‍സായും വര്‍ക്കുകള്‍ ഏറ്റെടുത്ത് തന്റെ ജീവിതത്തില്‍ മുന്നേറി, യുവത്വത്തിന് മാതൃകയാവുകയാണ് നിസാം.
കുട്ടിക്കാലം മുതല്‍ തന്നെ നിസാമിന് ഫോട്ടോഗ്രാഫിയോട് അതിയായ പാഷന് ഉണ്ടായിരുന്നു. ചിത്രങ്ങള്‍ പകര്‍ത്താനും പലതരം ക്യാമറകളെക്കുറിച്ച് പഠിക്കാനും ചെറുപ്പം മുതലേ ആഗ്രഹിച്ച നിസാം, വളര്‍ന്നു വന്നപ്പോള്‍ ആ മേഖലയില്‍ തന്നെ ശോഭിക്കുകയും ചെയ്തു. ക്യാമറയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് ഷാനവാസ് ചിന്നുവാണ്. ശേഷം സിനാന് ചാത്തോലിയുടെ ശിക്ഷണത്തില്‍ കൂടുതല്‍ പഠിച്ചു. പിന്നീട് അങ്ങോട്ട് ക്യാമറയുമായി തന്റെ തിരക്കിട്ട ജീവിതം തുടങ്ങുകയായിരുന്നു.
ആയിരത്തിലധികം ആല്‍ബം സോങുകളും പരസ്യ ചിത്രങ്ങളും തന്റെ ക്യാമറയിലൂടെ നിസാം ചിത്രീകരിച്ചു. റിലീസിങിന് ഒരുങ്ങുന്ന ഒരു സിനിമയും നിസാമിന്റെ ക്യാമറയിലൂടെ പിറവിയെടുത്തിട്ടുണ്ട്. ഈ മേഖലയില്‍ സജീവമായി നിലനില്‍ക്കെ തന്നെ ആങ്കറായും പ്രവര്‍ത്തിക്കുന്നു. ആങ്കറിങ് മേഖലയില്‍ നിസാമിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, പ്രോത്സാഹിപ്പിച്ചത് സല്മാന് യാസും സാനി യാസുമാണ്.
2013 ലാണ് നിസാം ഫോട്ടോഗ്രാഫി മേഖലയില്‍ ചുവടുറപ്പിക്കുന്നത്. പിന്നീട് കഠിന പ്രയത്നത്തിന്റെ ദിനങ്ങള്‍…. 2013 മുതല്‍ 2022യുള്ള വരെ നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍. ഫോട്ടോഗ്രാഫി മേഖല ആയതുകൊണ്ടു തന്നെ കുടുംബത്തിന്റെ പിന്തുണ വളരെ കുറവായിരുന്നു. തന്റെ കഴിവില്‍ ഉറച്ച വിശ്വസമുള്ളത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് നിസാം വളര്‍ന്നത്. ഉപ്പ, ഉമ്മ, അനിയത്തി, ഭാര്യ ഷംസീന എന്നിവരടങ്ങുന്നതാണ് നിസാമിന്റെ കുടുംബം.
ഫോട്ടോഗ്രാഫി എന്ന ഈ മേഖലയിലേക്ക് എത്തുന്നതിനു മുന്‍പ് മറ്റ് നിരവധി ജോലികള്‍ ചെയ്തിരുന്നു. എന്നാല്‍ അവയില്‍ ഒന്നും തന്നെ സംതൃപ്തനാവാന്‍ നിസാമിന് സാധിച്ചില്ല. ഏതൊരു വ്യക്തി ആയാലും താന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ എത്തിച്ചേരുമ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലും നേടിയെന്ന തോന്നല്‍ ഉണ്ടാവുക. ആ മേഖലയില്‍ എത്തുമ്പോള്‍ മാത്രമാണ് നമ്മുടെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കുക. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തന്നെ ഒരു ഭാഗ്യമുണ്ട്. നിരവധി ആളുകളെ കാണാനും പരിചയപ്പെടാനും സാധിക്കുന്നു. കൂടാതെ നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്യാം. ഇവയെല്ലാം ഓരോ വ്യക്തിക്കും നല്‍കുന്നത് ഒട്ടനവധി അനുഭവങ്ങളാണ്. അവയില്‍ ഒരുപക്ഷേ നല്ലതും ചീത്തയും ഉണ്ടായേക്കാം. അതെല്ലാം മനുഷ്യന്റെ വ്യക്തിത്വ വികസനത്തിന് കാരണമാകുന്നു എന്നതാണ് സത്യം.
നല്ല സുഹൃത്തുക്കള്‍, ഒരുപാട് നല്ല സാധ്യതകള്‍, സമൂഹത്തില്‍ തനിക്ക് ഇപ്പോഴുള്ള വില അവയെല്ലാം നേടിത്തന്നത് ഫോട്ടോഗ്രാഫി എന്ന തന്റെ മേഖലയാണെന്ന് നിസാം പറയുന്നു. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘കൂതറകൂട്ടം’ എന്ന ഗ്രൂപ്പില്‍ അംഗമാണ് നിസാം. ഈ ഗ്രൂപ്പില്‍ ധാരാളം സെലിബ്രിറ്റി മെമ്പേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം, ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തുന്നു. എസ്സാര്‍ സത്താര്‍, റഫീഖ് മരക്കാര്‍, സമദ് സുലൈമാന്‍ എന്നിവര്‍ ഈ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു. ഗ്രൂപ്പിലെ എല്ലാ വ്യക്തികളും നിസാമിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
തന്റെ ഒട്ടുമിക്ക വര്‍ക്കുകളിലും ഡയറക്ടറായി പ്രവര്‍ത്തിച്ച, അതിലുപരി ഉറ്റ ചങ്ങാതിയുമായ ഷഫീഖ് കാരാടിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വളര്‍ച്ചയിലേക്കു നയിച്ചുവെന്ന് നിസാം പറയുന്നു. തന്റെ കഴിവിനെ ആളുകള്‍ക്ക് മുന്നിലെത്തിക്കാന്‍ പ്രമോഷന് മീഡിയകള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ലെങ്കിലും പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും കണ്ട് നിരവധി ആളുകള്‍ നിസാമിനെ തേടി എത്താറുണ്ട്.
ഒരു വര്‍ക്ക് ഏറ്റെടുത്ത് അത് ഏറ്റവും മനോഹരമായ രീതിയില്‍, ഒരു കസ്റ്റമര്‍ ആവശ്യപ്പെടുന്നത് പോലെ പൂര്‍ത്തിയാക്കി നല്‍കുമ്പോഴാണ് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം സന്തോഷം ലഭിക്കുന്നത്. നിസാം ചെയ്തിട്ടുള്ള വെഡിങ് ഫോട്ടോഗ്രാഫികളും മറ്റ് സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളും മോഡല്‍ ഷൂട്ടുകളും ഫാഷന്‍ ഷൂട്ടുകളുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.
നിസാമിന്റെ കരിയര്‍ തുടങ്ങിയത് വെഡിങ് ഫോട്ടോഗ്രാഫിയിലാണെങ്കിലും പിന്നീട് ഇത് സെലിബ്രിറ്റി വെഡിങ് ഫോട്ടോഗ്രാഫിയിലേക്ക് മാറി. ഇപ്പോള്‍ ഏറ്റവും അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫാഷന്‍ ഷൂട്ടുകളിലും മോഡല്‍ ഷൂട്ടുകളിലുമാണ്.
ഫോട്ടോഗ്രാഫി മേഖലയിലേക്ക് വരുന്ന പുതുതലമുറയോട് നിസാമിന് ചിലത് പറയാനുണ്ട്;
”ഫോട്ടോഗ്രാഫി വെറുമൊരു കളിയായി കാണരുത്. ഇന്ന്, ഒരു ക്ലിക്കില്‍ ആര്‍ക്കുവേണമെങ്കിലും ആരുടെ വേണമെങ്കിലും ഫോട്ടോയെടുക്കാം. എന്നാല്‍ അങ്ങനെയല്ല. പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയിലേക്ക് വരുമ്പോള്‍ കുറെ പഠിക്കാനുണ്ട്. അവ പഠിക്കാതെ ഈ മേഖലയിലേക്ക് കയറുമ്പോള്‍ മറ്റ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സിന് ചില സമയങ്ങളില്‍ അവ ബുദ്ധിമുട്ടായി മാറാറുണ്ട്. ഫോട്ടോഗ്രാഫി നല്ലതുപോലെ പഠിക്കുകയും അതിനുശേഷം മാത്രം ഫോട്ടോഗ്രാഫിയിലേക്ക് കടന്നു വരിക”.