പ്രതിസന്ധികളിലും മുന്നോട്ട് ; ബ്രൈഡല്‍ – സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് പുത്തന്‍ പഠന സാധ്യതകള്‍ ഒരുക്കി റുഷിസ് ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് അക്കാദമി
പൊരുതാനുള്ള ശക്തിയുണ്ടെങ്കില്‍ വിജയിക്കാനുള്ള മാര്‍ഗവുമുണ്ട് എന്നാണ് പറയാറ്. അടഞ്ഞ വാതിലുകളിലേക്ക് നോക്കി കണ്ണീരൊഴുക്കുമ്പോള്‍ നഷ്ടമാകുന്നത് പുതിയ വഴികളും കാഴ്ചകളുമാണ്. ഏതൊരു പ്രതിസന്ധിയേയും നേരിടാനുള്ള ചങ്കുറപ്പാണ് ഒരു വ്യക്തിയെ സംബന്ധിച്ച് മുന്നേറാനുള്ള ആദ്യ വഴി. തന്റേതായ വഴി ഏതെന്ന് തിരിച്ചറിയുകയും അതിലൂടെ സഞ്ചരിച്ച് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്ത വ്യക്തിയാണ് റുഷിദ. പിന്തുണയ്ക്കാനോ, കൈ പിടിക്കാനോ ആരുമില്ലാഞ്ഞിട്ടു കൂടി, കഠിനാധ്വാനത്തിലൂടെ ഇന്ന് വിജയത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ് അവര്‍.
ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കേരളത്തിലുടനീളം നിരവധി ബ്രൈഡല്‍ മേക്കപ്പുകളും സെലിബ്രിറ്റി മേക്കപ്പുകളും റുഷിദ ചെയ്തിട്ടുണ്ട്. 400 ഓളം സെലിബ്രിറ്റികളെ റുഷിദ ഇതിനോടകം തന്നെ തന്റെ കരവിരുതിനാല്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. നിരവധി ബ്രൈഡല്‍ ഷോകള്‍, ഫാഷന്‍ ഷോകള്‍ എന്നിവയില്‍ ജഡ്ജായും നിറഞ്ഞുനില്ക്കുന്നു.
പാലക്കാട് കേന്ദ്രീകരിച്ചാണ് റുഷിദ തന്റെ ‘റുഷിസ് ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് അക്കാദമി’ എന്ന സ്ഥാപനം നടത്തി വരുന്നത്. 2007ല്‍ തുടക്കമിട്ട ഈ സ്ഥാപനത്തില്‍ നിന്നും കേരളത്തിലുടനീളമുള്ള 4000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ ബ്രൈഡല്‍ മേക്കപ്പ് പഠിച്ചിറങ്ങിയിട്ടുണ്ട്. അവരെല്ലാവരും ഇന്ന് സ്വന്തമായി ജീവിക്കാനുള്ള കരുത്ത് ആര്‍ജിച്ചു കഴിഞ്ഞു.
17 വര്‍ഷത്തോളമായി റുഷിദ ഈ മേഖലയില്‍ സജീവമാണ്. നിരവധി സ്ഥലങ്ങള്‍ സഞ്ചരിക്കാനും നിരവധി ആളുകളുമായി പരിചയപ്പെടാനും സാധിച്ചു. അങ്ങനെ, നിരവധി നല്ല സൗഹൃദങ്ങള്‍ ഉണ്ടായി. ഇതെല്ലാം തന്റെ കരിയറിലെ വലിയ നേട്ടങ്ങളായി റുഷിദ കണക്കാക്കുന്നു. തന്റെ ഉറച്ച തീരുമാനങ്ങളാണ് എന്നും മുന്നോട്ടു നയിച്ചിട്ടുള്ളതെന്ന് റുഷിദ പറയുന്നു. 15-ാം വയസ്സിലാണ് അവര്‍ വിവാഹിതയായത്. ഫരീദുല്‍ ഫര്‍സാന, ഫസനുല്‍ ഫാരിസ, റിയാമറിയം എന്നിവരാണ് റുഷിദയുടെ മക്കള്‍. 16-ാമത്തെ വയസ്സിലാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അതിനാല്‍ത്തന്നെ, കരിയറില്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ല.
പ്ലസ് ടു വരെ മാത്രമാണ് പഠിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഏതൊരു പ്രതിസന്ധിയെയും നേരിടാനുള്ള തന്റെ ചങ്കൂറ്റമാണ് ഇവിടെ വരെ തന്നെ എത്തിച്ചതെന്ന് റുഷിദ പറയുന്നു. ജയിക്കണം എന്ന വാശിയും എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ഒരു സ്ത്രീയാണെന്ന് പറഞ്ഞ് ഒരിക്കലും, എവിടെനിന്നും മാറി നില്‍ക്കാനും ഇതുവരെ താന്‍ ശ്രമിച്ചിട്ടില്ല. അത് തന്നെയാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് റുഷിദ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടിക്കാലം മുതല്‍ തന്നെ മേക്കപ്പിനോടും മെഹന്തിയോടും വളരെ ഇഷ്ടമുണ്ടായിരുന്നു. പതിനൊന്നാം വയസ്സില്‍, മെഹന്തി ഇട്ട് കൊടുക്കാന്‍ തുടങ്ങി. അങ്ങനെയാകാം ഒരുപക്ഷേ താനൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയതെന്നും റുഷിദ പറയുന്നു.
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിരവധി ബ്യൂട്ടീഷന് കോഴ്സുകള്‍ റുഷിദ പഠിച്ചിട്ടുണ്ട്. കൂടാതെ തന്റെ അഭിരുചിക്ക് അനുസരിച്ച് അവയെ പരിപോഷിപ്പിക്കാനും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും അവര്‍ക്ക് ഇന്ന് സാധിക്കുന്നു. സോഷ്യല്‍ മീഡിയയിലോ, മറ്റേതെങ്കിലും തരത്തിലോ, തന്റെ ‘റുഷിസ് ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് അക്കാദമി’യെ കുറിച്ച് റുഷിദ പരസ്യങ്ങള്‍ കൊടുക്കാറില്ല. എല്ലാവരും കണ്ടറിഞ്ഞും കേട്ടറിഞ്ഞും വരുന്നവരാണ്.
ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ നിരവധി പ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, പലയിടങ്ങളില്‍ നിന്നും നിരവധി മത്സരങ്ങള്‍ തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും, തന്റെ ഏറ്റവും വലിയ മോട്ടിവേറ്ററും ഇന്‍ഫ്ളുവന്‍സറും താന്‍ തന്നെയാണെന്നും റുഷിദ പറയുന്നു.
റുഷിദയുടെ മാത്രം പ്രത്യേകതയാണ്, സാധാരണക്കാരായ ആളുകളെ ഉപയോഗിച്ചാണ് അധികവും മോഡല്‍ ചെയ്യുന്നത്. പ്രൊഫഷണലായ മോഡലുകളെ വച്ച് ചെയ്യുമ്പോള്‍ അതില്‍ പുതുമയുള്ളതായി ഒന്നുമില്ല എന്നതാണ് റുഷിദയുടെ വാദം. തന്റെ കരവിരുതിനാല്‍ ഒരാളെ ഏറ്റവും മനോഹരിയാക്കി മാറ്റുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന സന്തോഷം അത് വേറെ തന്നെയാണ്.
ഭംഗിയെന്നത് ഒന്നിന്റെയും അളവുകോലായി കണക്കാക്കാന്‍ സാധിക്കില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അണിഞ്ഞൊരുങ്ങുമ്പോള്‍ അത് അതിന്റെ ഏറ്റവും മനോഹാരിതയില്‍ തന്നെ വേണം താനും. ആ മനോഹാരിത ഉണ്ടാക്കിയെടുക്കുക എന്നത് ഒരു വലിയ കഴിവാണ്. ആ കഴിവ് തന്നെയാണ് റുഷിദ എന്ന ബ്രൈഡല്‍ ആന്‍ഡ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വളര്‍ത്തി വലുതാക്കിയതും.
ഒരു സ്ത്രീ എന്ന നിലയ്ക്കും നിരവധി ആളുകളെ സ്വന്തമായി അധ്വാനിക്കാന്‍ പഠിപ്പിച്ച സംരംഭക എന്ന നിലയിലും റുഷിദക്ക് മറ്റുള്ളവരോട് പറയാനുള്ളത് ഇതാണ് : ”ഒരു സ്ത്രീ ശക്തയാവുക എന്നാല്‍ ‘ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റാ’കുക എന്നാണ്. ഒരു പരിതസ്ഥിതി വരുന്ന സമയത്ത് പണമില്ലാത്തവന് ആരും സഹായമുണ്ടാവില്ല എന്ന് തിരിച്ചറിയണം. ആരെയും ആശ്രയിക്കാതെ ജീവിക്കുക എന്നതാവണം ഒരു സ്ത്രീ നേടിയെടുക്കേണ്ട ആദ്യത്തെ അറിവ്. അത് പ്രാവര്‍ത്തികമാക്കിയെടുക്കുന്നതോടുകൂടി സ്ത്രീ സ്വതന്ത്ര്യയാകുന്നു.”