EntreprenuershipSuccess Story

ഡീപ്‌ടെക്കും മലബാര്‍ കോ-ഓപ് ടെക്കും തമ്മില്‍

ഡിബിന്‍ റോസ് ജേക്കബ്‌

2022ല്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ സഹകരണ മേഖലയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് മലബാര്‍ കോ-ഓപ് ടെക്ക്. പ്രാദേശിക സര്‍വകലാശാലകളില്‍ അവസരങ്ങള്‍ തിരയുക, സംസ്ഥാനത്തെ ഗവേഷക പ്രതിഭകളെ കണ്ടെത്തുക, സകകാലിക സാങ്കേതിക ലോകത്തിനും ഭാവി തലമുറയ്ക്കും പ്രയോജനം ചെയ്യുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുക, അവ വിപണനം ചെയ്യുക, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായവാണിജ്യ സഹകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍. സ്വദേശത്തിന്റെ മസ്തിഷ്‌കം വിദഗ്ധമായി ഉപയോഗിച്ച് വിദേശവുമായി നടത്തുന്ന സാങ്കേതിക വിനിമയത്തിന് മലബാര്‍ കോ-ഓപ് ടെക്ക് മുന്‍ഗണന നല്‍കുന്നു.

അത്യാധുനികവും സങ്കീര്‍ണവുമായ ടെക്‌നോളജി ഉപയോഗിക്കുന്ന മേഖലയാണ് ഡീപ്‌ടെക്ക്. അതിന്റെ സ്വാധീനത്തിന് ആഴവും പരപ്പുമുണ്ട്. മലബാര്‍ കോ-ഓപ് ടെക്കിന്റെ പ്രവര്‍ത്തന മേഖല അതാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്ന ക്ലീന്‍ എനര്‍ജി ഉറവിടങ്ങളുടെ നിര്‍മാണവും പരമ്പരാഗത മേഖലകളായ കൃഷി, മത്സ്യബന്ധനം എന്നിവയുടെ ആധുനികവത്ക്കരണവും ആരോഗ്യ പരിപാലനത്തിലെ ആധുനിക മുന്നേറ്റങ്ങളും വഴി ജനങ്ങളുടെ സൗഖ്യവും സമൃദ്ധിയും സമൂഹത്തിന്റെ പുരോഗതിയും ഉറപ്പ് വരുത്താനാകും. മലബാര്‍ കോ-ഓപ് ടെക്കിന് വിവിധ ഉത്പന്നങ്ങളും സേവനങ്ങളുണ്ട്.

ഉത്പന്നങ്ങള്‍: നാളെയുടെ വിദ്യകള്‍

കോഴിക്കോട് സര്‍വകലാശാലയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഉത്പന്നങ്ങളുടെ പ്രോട്ടോടൈപ്പ് തയ്യാറാകുന്നു. ആ ഉദ്യമം പിന്നീട് നിര്‍മാണത്തിലേക്ക് നീങ്ങും. രസതന്ത്ര വിഭാഗത്തിലെ ഗവേഷകര്‍ വികസിപ്പിക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ വലിയ സാധ്യതകളുള്ള ഒരു ആശയമാണ്. ഉയര്‍ന്ന പവറും കാര്യക്ഷമതയും കപ്പാസിറ്റന്‍സുമുള്ള ഒരു ഊര്‍ജ ശേഖരണ സംവിധാനമാണ് സൂപ്പര്‍ കപ്പാസിറ്റര്‍.

ലോകരാജ്യങ്ങള്‍ ഏറെ താല്‍പര്യത്തോടെ ഗവേഷണം നടത്തുന്ന ഈ മേഖലയില്‍ എഷ്യന്‍ രാജ്യങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. നിലവിലുള്ള ടെക്‌നോളജിയുടെ ചില കുറവുകള്‍ പരിഹരിച്ച് ചെലവ് കുറച്ച് ഉദ്പാദനം നടത്താവുന്ന ഉത്പന്നമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ തയ്യാറാക്കുന്നത്. ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി/ക്ലീന്‍ എനര്‍ജി സോഴ്‌സാണ് സൂപ്പര്‍ കപ്പാസിറ്റര്‍. ബാറ്ററിയുടെ ഒപ്പമോ, ബാറ്ററിക്കു പകരമായോ ഉപയോഗിക്കാം. ഇലക്ട്രിക്ക് വാഹനങ്ങള്‍, ഉപഗ്രഹങ്ങള്‍, പ്രതിരോധസുരക്ഷാ ആയുധങ്ങള്‍, പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഡിവൈസ് എന്നിവയില്‍ ഇത് ഉപയോഗിക്കാം.

ലോകം ഇലക്ട്രിക്കായി മാറുന്ന ഈ കാലഘട്ടത്തില്‍ ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഫോസില്‍ ഫ്യുവലിന്റെ ഉപയോഗം നിര്‍ത്തലാക്കാനുള്ള ലക്ഷ്യവുമായാണ് ലോകരാജ്യങ്ങള്‍ മുന്നോട്ടു പോകുന്നത്. സൂപ്പര്‍ കപ്പാസിറ്റര്‍ ഭാവിയിലെ ഊര്‍ജ ഉപയോഗത്തില്‍ വലിയ പങ്ക് വഹിക്കും.

യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനുമുണ്ട് ഒരു ലോകോത്തര ഉത്പന്നം നിര്‍മിക്കാനുള്ള ആശയം – കോംപാക്ട് ന്യൂട്രോണ്‍ ജനറേറ്റര്‍ (BNCT – Boron Neutron Capture Therapy). നിയന്ത്രിതമായ ന്യുക്ലിയര്‍ ഫിഷനിലൂടെയും ഐസോടോപ്പ് ഉത്പാദനത്തിലൂടെയും സാധ്യമാകുന്ന അര്‍ബുദ ചികിത്സ… പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ടെക്‌നോളജിയുടെ ചില പ്രശ്‌നങ്ങള്‍ നമ്മുടെ ഗവേഷകര്‍ പരിഹരിക്കുമ്പോള്‍ ചികിത്സാചെലവും പാര്‍ശ്വഫലങ്ങളും കുറയ്ക്കാനാകും.
എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന ഈ ഉപകരണം ആശുപത്രികളില്‍ സ്ഥാപിക്കാന്‍ താരതമ്യേന ചെലവ് കുറവാണ്. പരിചയസമ്പത്തും യുവത്വവും സമം ചേര്‍ന്ന ഗവേഷക സംഘമാണ് ഇതിനു പിന്നിലെ ചാലകശക്തി. അവര്‍ വഴി മാറി നടക്കുന്നവരാണ്. നമ്മുടെ നാട്ടില്‍ സമര്‍ത്ഥരായ ഗവേഷകര്‍ക്ക് കുറവില്ല, അവര്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കിയാല്‍ മതി.

സേവനങ്ങള്‍: വിദേശ നിക്ഷേപവും സഹകരണവും

മലബാര്‍ കോ-ഓപ് ടെക്ക് വിദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നു. വിപ്ലവകരമായ സാങ്കേതിക വിദ്യകളുടെ കാലമാണ് ഇത്. പ്രകൃതി സൗഹൃദ കെട്ടിട നിര്‍മാണം, കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം, വൈദ്യുത വാഹനങ്ങള്‍, ശുദ്ധവും ഹരിതവുമായ ഊര്‍ജോത്പാദനം, ആണവോര്‍ജത്തിന്റെ അപാര സാധ്യതകള്‍, നിര്‍മിത ബുദ്ധി, ഡേറ്റ, മെഷീന്‍ ലേണിംഗ് എന്നിവ അക്കൂട്ടത്തില്‍പെടുത്താം. വിദേശ നിക്ഷേപം കേരളത്തില്‍ ഉന്നത നിലവാരമുള്ള, ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ക്ക് വഴി തുറക്കും. ഇന്ത്യയിലെ വിപണിക്ക് അപാര സാധ്യതയുമുണ്ട്.

വളരുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോഴും ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള സംരംഭകര്‍ക്കും ഭാവനാശാലികള്‍ക്കും ഇത് വലിയൊരു അവസരമാണ്. ക്ലീന്‍ടെക്ക്, അഗ്‌ടെക്ക്, ഫിഷറീസ് ടെക്ക്, റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് വെഹിക്കിള്‍ എന്നീ മേഖലയിലെ വിദേശ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിപണനം നടത്താനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മലബാര്‍ കോ-ഓപ് ടെക്ക് ലക്ഷ്യമിടുന്നു.

ക്ലീന്‍ടെക്ക് വായുമലിനീകരണവും ശബ്ദ മലിനീകരണവും വ്യവസായിക മലിനീകരണവും കുറയ്ക്കും. വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ്, ശുദ്ധജല സംസ്‌കരണം, മാലിന്യ നിര്‍മാര്‍ജനം എന്നിവയ്ക്കും അനുയോജ്യം. ക്ലീന്‍ടെക്ക് നമ്മുടെ നഗരങ്ങളുടെ മുഖച്ഛായ മാറ്റും. മറ്റെന്തെല്ലാം സൗകര്യമുണ്ടായാലും ഗാര്‍ബേജ് ക്ലിയറിംഗും സ്യൂവേജ് സിസ്റ്റവും വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റും ഇല്ലാതെ ഒരു നഗരവും ആധുനികമല്ല.

കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപഗ്രഹങ്ങള്‍, ഡ്രോണ്‍, മൊബൈല്‍ ഡിവൈസ്, സോഫ്റ്റ്‌വെയര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി അഥവാ അഗ്‌ടെക്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കാര്‍ഷിക മേഖല വലിയ മാറ്റങ്ങള്‍ക്കു വിധേയമാണ്. വിശാലമായ കൃഷിയിടങ്ങള്‍ സ്വന്തമായ ഇന്ത്യയ്ക്ക് ആധുനിക കാര്‍ഷിക സാങ്കേതികതയിലൂടെ വന്‍ നേട്ടങ്ങള്‍ കൊയ്യാം.

ബ്രസീല്‍, ചൈന, അമേരിക്ക എന്നീ വലിയ രാജ്യങ്ങളുമായി കൃഷിയില്‍ കിടപിടിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്; പക്ഷേ മോഡേണ്‍ ടെക്‌നോളജി ഇല്ലാതെ അത് സാധ്യമല്ല. മികച്ച പ്ലാനിംഗിലൂടെയും മാനേജ്‌മെന്റിലൂടെയും കാര്‍ഷിക സമൃദ്ധി സാധ്യമാണ്. വെള്ളത്തിന്റേയും, വളത്തിന്റേയും കീടനാശിനിയുടേയും നിയന്ത്രിത ഉപയോഗം ചിലവ് കുറയ്ക്കും. കൃഷിയിടങ്ങളില്‍ നിന്നും രാസവസ്തുക്കള്‍ ശുദ്ധജല പാതകളില്‍ കടക്കുന്നത് തടയാനാനുമാകും. ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെയുള്ള സംവേദനം, തത്സമയ കാലാവസ്ഥാ വിവരങ്ങള്‍, എഐ അസിസ്റ്റന്‍സ് എന്നിവയും സാധ്യമാകും.

പരിഷ്‌കരണം വേണ്ട മറ്റൊരു മേഖലയാണ് മത്സ്യബന്ധനം. ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച ബോട്ടുകളും സെന്‍സറുകളും ആശയ വിനിമയ ശൃംഖലകളും മീന്‍പിടുത്തം കൂടുതല്‍ കാര്യക്ഷമമാക്കും. അക്കൗസ്റ്റിക്‌സ്, ഡ്രോണ്‍, സാറ്റലൈറ്റ് എന്നിവ ഈ മേഖലയിലെ മുന്നേറ്റങ്ങളില്‍ ചിലത് മാത്രം. കൃത്യമായ വിവരങ്ങളും കാര്യക്ഷമമായ സംവിധാനങ്ങളും വഴി അമിതമായ മത്സ്യബന്ധനം ഒഴിവാക്കി സമുദ്രങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനാകും. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ധിച്ച് അവരില്‍ സമൃദ്ധിയുണ്ടാകും.

റിന്യൂവബിള്‍ എനര്‍ജി രംഗത്തും ഇന്ത്യന്‍ വിപണിയില്‍ വലിയ സാധ്യത തുറന്ന കാലമാണിത് (സോളാര്‍, വിന്‍ഡ്, ടൈഡല്‍, ജിയോതെര്‍മല്‍). രാജ്യത്തിന്റെ നയങ്ങള്‍ അവയുടെ പ്രചാരത്തിന് മുന്‍ഗണന നല്‍കുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വലിയ നിക്ഷേപം നടത്താനാകും, വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കൂടുന്നു.

സ്വദേശത്ത് ഉദ്പാദകരുണ്ട്. തുറന്ന വിപണിയില്‍ തീര്‍ച്ചയായും വിദേശ നിക്ഷേപകര്‍ക്കും സാധ്യത. പ്രമുഖ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വ്യവസായ ശാലകള്‍ സ്ഥാപിക്കാം. ടെക്‌നോളജി ഇറക്കുമതി ചെയ്ത് പ്രാദേശിക അസംസ്‌കൃത വസ്തുക്കളും വിദഗ്ധ തൊഴില്‍ സമ്പത്തും ഉപയോഗിച്ച് ഇവിടെ ഉത്പന്നം നിര്‍മിക്കാം. ബാറ്ററി, സൂപ്പര്‍ കപ്പാസിറ്റര്‍, ഇ വി ചാര്‍ജിംഗ് സ്‌റ്റേഷന്‍ എന്നിവയും അനുബന്ധമായി വളരും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പ്രാദേശിക രംഗത്ത് പുരോഗതിയുണ്ടാകും, ലോകത്തെ പ്രമുഖ ഉത്്പാദന കേന്ദ്രമായി ഇന്ത്യ മാറും. ഈ മേഖലയില്‍ ചൈനയ്ക്ക് പകരമായി പല പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയെ കാണാന്‍ തുടങ്ങുന്നു.

വിദേശികളുടെ മാറുന്ന മനോഭാവം

അതിവേഗം മാറുന്ന രാജ്യമാണ് ഇന്ത്യ. 144 കോടി ജനങ്ങളുടെ വലിയ രാജ്യം, വളരുന്ന സമ്പദ്‌വ്യവസ്ഥ. വികസിത രാജ്യങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റ് പണം വാരാവുന്ന സ്വര്‍ണഖനി. വിദേശ ഇന്ത്യക്കാരില്‍ നിന്ന് ലഭ്യമായ വിവരമനുസരിച്ച് ഇന്ത്യയിലെ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ച അവിടുത്തെ വ്യാപാരവ്യവസായ മേഖലയില്‍ സജീവമാണ്. ബിസിനസ് കമ്യൂണിറ്റിയുടെ സംഗമത്തില്‍ കോണ്‍സുലേറ്റ് ജനറല്‍ നേരിട്ട് വന്ന് ഇന്ത്യയെ മാര്‍ക്കറ്റ് ചെയ്യും.

വിശദമായ പ്രസന്റേഷനില്‍ രാജ്യത്തെ പുതിയ അവസരങ്ങളെ കുറിച്ചും മാറുന്ന മനോഭാവത്തെ കുറിച്ചും സംസാരിക്കും. ദേശി സമൂഹത്തിലെ വ്യാപാര പ്രമുഖര്‍ മറ്റു രാജ്യക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയും, ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. വിവിധ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചൈനയുമായുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്ക് മുതലെടുക്കാം. സേവന മേഖലയില്‍ പതിറ്റാണ്ടുകളായി രാജ്യം നല്‍കുന്ന പിന്‍ബലം ഇനി ഉദ്പാദന മേഖലയിലും നല്‍കാനാകും.

എന്നാല്‍ ഒരു വിദേശ കമ്പനിക്ക് ഇന്ത്യയിലെ വിപണിയില്‍ നിലയുറപ്പിക്കുക എളുപ്പമല്ല. സാംസ്‌കാരിക വ്യതിയാനങ്ങള്‍ തടസ്സങ്ങളില്‍ ഒന്ന് മാത്രം. ഇന്ത്യ ഒരൊറ്റ മാര്‍ക്കറ്റ് അല്ല, പ്രാദേശിക സവിശേഷതകളുള്ള അനേകം വിപണികളുടെ സമന്വയമാണ്. ഈ കടമ്പകള്‍ പരിഹരിക്കാന്‍ കമ്പനികളെ സഹായിച്ച് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ മലബാര്‍ കോഓപ് ടെക്ക് ഉന്നമിടുന്നു.

മുന്നോട്ടുള്ള വഴി

സംരംഭകര്‍ക്ക് അവശ്യം വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ് മലബാര്‍ കോ-ഓപ് ടെക്കിന്റെ ധര്‍മം. മത്സരം കൂടിയ മാര്‍ക്കറ്റില്‍ പടവെട്ടി അവസരവും വരുമാനവും ലാഭവും കുറയ്ക്കാതെ, അധികമാരും പോകാത്തിടത്ത് പോയി അധികമാരും ചെയ്യാത്തത് ചെയ്ത് ഇതുവരെ കാണാത്ത ലോകങ്ങള്‍ നിര്‍മിക്കുക. പാത സുഗമമമല്ല, പക്ഷേ ഈ കടലില്‍ നീന്താന്‍ ആള് കുറവായിരിക്കും; എളുപ്പമുള്ളിടത്താണ് ജനം തടിച്ചുകൂടുക.

തിയറിയിലും പരീക്ഷണശാലയിലും മികച്ചു നില്‍ക്കുന്ന ഒരു ഉത്പന്നം വിപണിയില്‍ ഇറക്കാന്‍ ഒട്ടേറെ കടമ്പകള്‍ താണ്ടണം. യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആദ്യം വിഭാവനം ചെയ്തതിനേക്കാള്‍ മെച്ചമാകാം. പ്രതീക്ഷിക്കാത്ത തടസ്സങ്ങളും നിനച്ചിരിക്കാത്ത സഹായങ്ങളും നിറഞ്ഞ വഴി… സൃഷ്ടിയുടെ തീവ്രവേദന… ഏഴു തവണ വീണാല്‍ എട്ട് തവണ എഴുന്നേല്ക്കണം. സ്ഥിരത മോഹിക്കുന്നവര്‍ ഈ വഴിക്ക് ഇറങ്ങാതിരിക്കുക… അനിശ്ചിതത്വം നിറഞ്ഞ അനന്തമായ ദിനങ്ങള്‍ക്ക് ശേഷം നിരാശ ആഹ്ലാദത്തിനു വഴി മാറുന്ന നിമിഷം അതുല്യമാണ്.

സംരംഭകരുടെ ഏറ്റവും വലിയ പ്രതിഫലം അതുതന്നെ, പണം ഒരു ഉപോത്പന്നം മാത്രം. അത് തേടി ഈ വഴി ഇറങ്ങുന്നവര്‍ ആദ്യത്തെ കടമ്പയില്‍ വീഴും. പ്രശ്‌നങ്ങള്‍ പരിഹരിക്കുക; വലിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ അതിലൂടെ ഉണ്ടാകുന്ന ധനത്തിനും ആ വലിപ്പം കാണും. നല്ലൊരു ജോലി പൂര്‍ത്തിയാക്കി എന്ന തൃപ്തിയുമുണ്ടാകും. ട്രിപ്പിള്‍ ബോട്ടംലൈന്‍ ആകണം ലക്ഷ്യം – ലാഭം, മനുഷ്യരുടെ ക്ഷേമം, പ്രകൃതിസൗഹൃദം…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button