EntreprenuershipSuccess Story

പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി മാറ്റിയ സംരംഭകന്‍ 

പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കി മാറ്റിയ സംരംഭകനാണ് കന്യാകുമാരി സ്വദേശിയായ പ്രദീഷ് നായര്‍. ഇന്ന് വിജയിച്ച് നില്‍ക്കുന്ന Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് ഇദ്ദേഹം. പ്രദീഷ് നായര്‍ എങ്ങനെയാണ് ബിസിനസിലേക്ക് എത്തിയതെന്നും വിജയിച്ചതെന്നും നമുക്ക് കാണാം.
നിരവധി പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് Loopers Ventures Private Limited, Loopers Mini Nidhi Limited എന്നീ രണ്ട് സ്ഥാപനങ്ങള്‍ താങ്കള്‍ പടുത്തുയര്‍ത്തിയത്. എങ്ങനെയാണ് ബിസിനസ് എന്ന മേഖലയിലേക്ക് എത്തുന്നത്. വിജയത്തിലേക്ക് എത്താന്‍ എന്തൊക്കെ പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വന്നത്?
എല്ലാവരെയും പോലെതന്നെയായിരുന്നു എന്റെ സ്‌കൂള്‍ കാലഘട്ടവും. സ്‌കൂളിന് ശേഷം ഉന്നത വിദ്യാഭ്യാസമായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ കോളേജ് കാലഘട്ടത്തില്‍ പഠനത്തിന്റെ ഭാഗമായി ഞാന്‍ ഒരു സമ്മര്‍ പ്രൊജക്ട് ചെയ്തിരുന്നു. അതിന്റെ ഭാഗമായി കോളേജില്‍ മികച്ച ചില അവസരങ്ങള്‍ ലഭിക്കുകയും ഒരുപാട് ബിസിനസുകാരെ പരിചയപ്പെടാനും അവരുമായി ഇടപഴകാനും അവസരം ലഭിക്കുകയും ചെയ്തു. അതോടെയാണ് ബിസിനസ് എന്ന ചിന്ത എന്റെ മനസിലേക്ക് എത്തുന്നത്. അങ്ങനെ 21-ാമത്തെ വയസില്‍ എനിക്ക് തോന്നിയ ഒരു ധൈര്യമാണ് എന്നില്‍ ബിസിനസ് ചിന്ത വളര്‍ത്തിയെടുത്തത്.
ആ സമയത്ത് കോളേജില്‍ കുട്ടികള്‍ ക്യാമ്പസ് ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുമ്പോള്‍ എന്റെ ശ്രദ്ധ എന്റെ പ്രൊജക്ടുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ബിസിനസ് ലോകത്തിലായിരുന്നു. അങ്ങനെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ കുറച്ച് നടന്നപ്പോള്‍ അത് പ്രവര്‍ത്തികമാകില്ല എന്ന് സ്വയം മനസിലാക്കിയ സമയത്ത് ഒരു ജോലിക്ക് കയറുകയല്ലാതെ എന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. അങ്ങനെ ജോലി അന്വേഷിച്ച് ഞാന്‍ ബാംഗ്ലൂരിലേക്ക് പുറപ്പെടുകയും അധികം വൈകാതെ ജോലിക്ക് കയറുകയും ചെയ്തു.
അങ്ങനെയിരിക്കെ തിരുവന്തപുരത്തെ ഒരു അഡ്വര്‍ട്ടൈസിങ് ഏജന്‍സിയില്‍ നിന്ന് എനിക്ക് ജോലിയുടെ ഓഫര്‍ ലഭിക്കുകയും തിരുവനന്തപുരത്ത് ജോയിന്റ് ചെയ്യുകയും ചെയ്തു.
അധികം വൈകാതെ മറ്റൊരു ലീഡിങ് അഡ്വര്‍ട്ടൈസിങ് ഏജന്‍സിയില്‍ നിന്ന് ഓഫര്‍ ലഭിച്ചതിനാല്‍ അവിടേക്ക് മാറുകയായിരുന്നു. അതോടെയാണ് എന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ച് തുടങ്ങിയത്. അവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ച എന്റെ മനസിലേക്ക് പുതിയ ചിന്തകള്‍ കടന്നുവന്നതോടെ മനസ് വീണ്ടും ബിസിനസിലേക്ക് തിരിയാന്‍ തുടങ്ങി. അങ്ങനെ ജോലി രാജി വെച്ച് 2014-ല്‍ എന്റെ സ്വപ്‌ന സംരംഭമായ Loopers Ventures Private Limited എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു.
തോല്‍വിയില്‍ നിന്നും ബിസിനസിനെ പടുത്തുയര്‍ത്തിയാണ് വ്യക്തിയാണ് താങ്കള്‍. ഇന്ന് വിജയിച്ച് നില്‍ക്കുമ്പോള്‍ പരാജയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? 
എന്റെ ജീവിതത്തില്‍ പരാജയങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം പല പ്രാവശ്യം പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ഞാന്‍ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചേര്‍ന്നത്. പരാജയങ്ങള്‍ ഇല്ലാതെ ബിസിനസില്‍ വിജയം നേടുക എന്നത് അസാധ്യമാണ്. ബിസിനസില്‍ വിജയിച്ചുനില്‍ക്കുന്ന, ഞാന്‍ കണ്ടിട്ടുള്ള എല്ലാ സംരംഭകരും പരാജയത്തില്‍ നിന്നും ഉയര്‍ന്നു വന്നവരാണ്. കാരണം ഒരു സംരംഭം ആരംഭിക്കുമ്പോള്‍ നമുക്ക് മുന്നോട്ടുള്ള കാര്യങ്ങള്‍ പലതും അറിയാതെ പോകും. അപ്പോള്‍ കാലിടറിയേക്കാം. എന്നാല്‍ ഒരിക്കല്‍ തോറ്റിടത്ത് ആരും വീണ്ടും തോല്‍ക്കില്ല. പിന്നീട് മുന്നോട്ടുപോകുമ്പോള്‍ പുതിയ പ്രതിബന്ധങ്ങള്‍ ഉണ്ടാകുകയും നാം അതിനെ തരണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ മാത്രമേ ഉയര്‍ച്ച നേടിയെടുക്കാന്‍ സാധിക്കുകയുള്ളു.
മാത്രമല്ല, ബിസിനസ് ആരംഭിച്ചാല്‍ ‘പ്രോഫിറ്റ്’ മാത്രമേ ഉണ്ടാകുകയുള്ളു എന്ന് കരുതി ആരും ബിസിസനിലേക്ക് ഇറങ്ങരുത്. ഞാന്‍ എന്റെ ഇടര്‍ച്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് വളര്‍ന്നത്. പക്ഷേ ഒരിക്കല്‍ പോലും പിന്നോട്ട് പോകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. നമ്മുടെ സ്വപ്‌നങ്ങളെ നാം സീരിയസായി കാണുകയാണെങ്കില്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ വിജയിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതാണ് ഞാന്‍ ചെയ്തത്. ബിസിനസിനേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തായിരുന്നു ഞാന്‍ മുന്നോട്ടുപോയത്.
Loopers Ventures Private Limited എന്ന സ്ഥാപനത്തിനു പുറമെ, Loopers Mini Nidhi Limited ആരംഭിച്ചത് എപ്പോഴാണ് ? മറ്റൊരു സംരംഭം കൂടി ആരംഭിക്കാന്‍ പ്രചോദനമായത് എന്താണ്?
ആദ്യ സംരംഭമായ Loopers Ventures Private Limited ന്റെ മെച്ചപ്പെട്ട നടത്തിപ്പിനായി എനിക്ക് പണം ആവശ്യമായി വന്നതോടെ ഞാന്‍ ബിസിനസിനോടൊപ്പം മറ്റൊരു ജോലിക്ക് ശ്രമിച്ചുതുടങ്ങി. അങ്ങനെ ഒരു ബാങ്കില്‍ ജോലിക്ക് കയറിയ എനിക്ക് ഒരുപാട് കാര്യങ്ങള്‍ അവിടെനിന്നും പഠിക്കാന്‍ സാധിച്ചു. അതോടൊപ്പം ബാങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതും എന്നാല്‍ അവര്‍ ചെയ്യാന്‍ ശ്രമിക്കാത്തതുമായ പല കാര്യങ്ങളും മനസിലാക്കിയ ഞാന്‍ ആ പോരായ്മകളെ ഇല്ലാതാക്കി ഒരു സ്ഥാപനം എന്ന നിലയിലാണ് Loopers Mini Nidhi Limited ആരംഭിച്ചത്.
ബിസിനസില്‍ നിരവധി പരാജയങ്ങളും പ്രതിസന്ധികളും നേരിട്ട വ്യക്തിയാണല്ലോ താങ്കള്‍. അവയൊക്കെ എങ്ങനെയാണ് അതിജീവിച്ചത്?
എനിക്ക് സംഭവിച്ചത് പരാജയമാണെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. പകരം അവയെ തടസങ്ങള്‍ മാത്രമായാണ് ഞാന്‍ കണ്ടത്. അതുകൊണ്ടുതന്നെ ഞാന്‍ അവയെ തരണം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പരാജയപ്പെട്ടതായി ചിന്തിക്കുമ്പോള്‍ മാത്രമേ ഒരാള്‍ വിഷമിക്കേണ്ട ആവശ്യം വരികയുള്ളു. അതിനാല്‍ ഞാന്‍ അവയെ വിജയത്തിന്റെ മുന്നോടിയായി മാത്രം കാണാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ ഓരോ ഘട്ടത്തിലും ഞാന്‍ നേരിട്ട തടസങ്ങള്‍ എന്നെ ഒരുപാട് വളരാന്‍ സഹായിച്ചിട്ടുണ്ട്.
ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ ഒരുപാട് ‘മിസ്റ്റേക്കുകള്‍’ നമുക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്. പക്ഷേ ആ തെറ്റില്‍ നിന്ന് മാത്രമേ നമുക്ക് പാഠങ്ങള്‍ പഠിക്കാന്‍ സാധിക്കുകയുള്ളു. ബിസിനസുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. കാരണം അവയെല്ലാം എന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആയി മാത്രമാണ് ഞാന്‍ കണ്ടത്.
ബിസിനസിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വായനക്കാരോട് താങ്കളുടെ അനുഭവത്തില്‍ നിന്നും എന്താണ് പങ്കുവയ്ക്കാനുള്ളത്?
ബിസിനസ് എന്നത് ഒരു വളരെ റിസ്‌കിയായ ഒരു കാര്യമാണ്. എന്നാല്‍ നാം തീരുമാനിച്ച കാര്യം ചെയ്യാന്‍ സാധിക്കും എന്നൊരു കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ആ റിസ്‌ക് ഫാക്ടറിനെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.
ഇന്ന് വിജയിച്ചു നില്‍ക്കുന്ന എല്ലാ ബിസിനസുകാരും റിസ്‌ക് ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുള്ളവരാണ്. പിന്നോട്ട് പോവുകയാണെങ്കില്‍ നമുക്ക് ഒരിക്കലും വിജയിക്കാന്‍ സാധിക്കുകയില്ല.
ബിസിനസ് ആരംഭിക്കണമെന്ന് അതിയായ മോഹമുണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളില്‍ ‘കോംപ്രമൈസ്’ ചെയ്യേണ്ടതായി വന്നേക്കാം. ചിലപ്പോള്‍ വിലപ്പെട്ട സമയമാകാം, ഇല്ലെങ്കില്‍ പണമാകാം, മറ്റ് ചിലപ്പോള്‍ നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള നല്ല മുഹൂര്‍ത്തങ്ങളാകാം. എന്നാല്‍ അത്തരം ചില കാര്യങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ബിസിനസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളു.
വിജയിച്ച് നില്‍ക്കുന്ന സംരംഭകനെന്ന നിലയില്‍ കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
ഞാനൊരു വിജയിച്ച സംരംഭകനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാനിപ്പോള്‍ ഒരുപാട് വളര്‍ന്നിട്ടുണ്ട്. എനിക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. എന്റെ ലക്ഷ്യം ഇതുവരെ ഞാന്‍ നേടിയെടുത്തിട്ടില്ല. ഫീല്‍ഡില്‍ കോമ്പറ്റീഷന്‍ വര്‍ധിച്ച് വരുന്നതുകൊണ്ടുതന്നെ നാം എപ്പോഴും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. നമ്മള്‍ ഒരു സ്ഥലത്ത് തന്നെ ഇരുന്നാല്‍ ഒരിക്കലും ഉയര്‍ച്ചയുണ്ടാവില്ല. പകരം എപ്പോഴും മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കണം. ഇപ്പോള്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിനുതന്നെയാണ്.
നാടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാമോ? 
ഞാന്‍ ജനിച്ചത് കന്യാകുമാരി ജില്ലയിലാണ്. എന്നാല്‍ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം അബുദാബിയിലാണ്. അവധിക്ക് വരുമ്പോഴുള്ള ബന്ധം മാത്രമാണ് എനിക്ക് നാടുമായി ഉണ്ടായിരുന്നത്. പിന്നീട് ഹയര്‍ സ്റ്റഡീസിനായാണ് ഞാന്‍ നാട്ടിലെത്തുന്നത്. അന്ന് സ്ഥിരമായി ഇവിടെ നില്‍ക്കേണ്ടിവന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടതായിവന്നു. ആ അഡ്ജസ്റ്റ്‌മെന്റുകള്‍ എന്റെ ഉയര്‍ച്ചയില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
എന്റെ കുടുംബം എന്ന് പറയുന്നത് അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു. ഇപ്പോള്‍ ഭാര്യ നിഷയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകള്‍ ദിയയുമാണ് എന്റെ ലോകം. എല്ലാ ബിസിനസുകാരെയും പോലെ ഞാനും പറയട്ടെ എന്റെ ആദ്യ ഭാര്യ എന്നും ബിസിനസ് മാത്രമാണ്.
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button