EntreprenuershipSuccess Story

ശുചിത്വ കേരളത്തിനായി ഒരു ഒറ്റയാള്‍ പോരാളി

അഖില ബാലകൃഷ്ണന്‍

കേരളം എന്നും പച്ചപ്പിന്റെയും ഹരിതാഭയുടെയും നാടാണ്. എന്നാല്‍ ഇന്ന് നാം അതിഥികളെ സ്വീകരിക്കുന്നത് മാലിന്യക്കൂമ്പാരങ്ങള്‍ നിറഞ്ഞ പാതയോരങ്ങളിലൂടെയാണ്. പ്രബുദ്ധരായ മലയാളികള്‍ നാട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇനിയും മുന്നേറാനുണ്ട്.

വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളില്‍ മണ്ണിനും വായുവിനും കേടുപാടുകള്‍ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏറെയും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രത്തോളം ആഘാതമാണ് പ്രകൃതിക്ക് ഏല്‍പ്പിച്ചിക്കുന്നതെന്ന് നമുക്കറിയാം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി ‘കേരളത്തെ മാലിന്യ മുക്തമാക്കുക’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പാലക്കാട് അകത്തെത്തറ സ്വദേശി ദീപക് വര്‍മ. വളരെ ‘തലവേദന’ സൃഷ്ടിക്കുന്ന മാലിന്യ നിര്‍മാര്‍ജനം എന്ന പ്രവൃത്തി തന്റെ സേവന മനോഭാവം കൊണ്ടും പ്രയത്‌നം കൊണ്ടും നടപ്പിലാക്കി വിജയിച്ച വ്യക്തിയാണ് ഇദ്ദേഹം.

‘ക്ലീന്‍ ഇന്ത്യ’ എന്ന പേരില്‍ ഇദ്ദേഹം കേരളം മുഴുവന്‍ നടത്തിയ വിവിധ ക്യാമ്പയിനുകള്‍ വളരെ ശ്രദ്ധ നേടിയിരുന്നു. ഒരു വര്‍ഷം മുന്‍പ്, ‘മാലിന്യനിര്‍മാര്‍ജനം, ശുചിത്വ കേരളം’ എന്ന ആശയം വ്യത്യസ്ത രീതിയില്‍ ജനങ്ങളില്‍ എത്തിക്കണമെന്ന ലക്ഷ്യത്തോടെ പാലക്കാട് നിന്നും കൊച്ചി വരെ 98 കിലോമീറ്ററോളം ശരീരമാസകലം താന്‍ വഴിയില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചുറ്റി കാല്‍നടയായി അദ്ദേഹം യാത്ര ചെയ്തു. 26 മണിക്കൂറെടുത്തു പൂര്‍ത്തിയാക്കിയ ക്യാമ്പയിന്‍ കൊച്ചിയിലെ ‘താടിക്കാരുടെ കൂട്ടായ്മ’ ഉള്‍പ്പെടെ നിരവധി പേരാണ് ഏറ്റെടുത്തത്.

ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തന്റെ ആദ്യത്തെ 24 മണിക്കൂര്‍ ക്യാമ്പയിന്‍ ചെയ്യുന്നത് പാലക്കാട് നഗരത്തില്‍ 1800 മീറ്റര്‍ സഞ്ചരിച്ച്, 4000 കിലോഗ്രാം മാലിന്യം ശേഖരിച്ചുകൊണ്ടാണ്. ശേഷം പാലക്കാട് നഗരത്തില്‍ തന്നെ 2000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഇതില്‍ എടുത്തുപറയേണ്ട വസ്തുത, 24 മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തോളം ചോക്ലേറ്റ് കവറുകളാണ് വഴിയോരങ്ങളില്‍ നിന്ന് ശേഖരിച്ചത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ അദ്ദേഹം താന്‍ ഇത്തരത്തില്‍ ശേഖരിച്ച മാലിന്യം വേര്‍തിരിച്ച് ജനങ്ങളെ ബോധവാന്മാരാക്കി.

ദീപക് വര്‍മ തന്റെ മൂന്നാമത്തെ ക്യാമ്പയിന്‍ ശബരിമലയിലും പമ്പയിലുമാണ് നടപ്പിലാക്കിയത്. ഇത്തരത്തില്‍ തുടര്‍ന്നുവന്ന ക്യാമ്പയിന്‍ ഒരു വ്യത്യസ്തമായ രീതിയില്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക് ചുറ്റിയുള്ള കാല്‍നടയാത്ര നടത്തിയത്. കേവലം ഒരു ക്യാമ്പയിന്‍ കൊണ്ട് അവസാനിപ്പിക്കാത്ത ദീപക് വര്‍മയുടെ ഈ ഒറ്റയാള്‍ പോരാട്ടം ശുചിത്വ മിഷനുമായി ചേര്‍ന്ന് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

10 ദിവസം കൊണ്ട് 60 ടണ്‍ മാലിന്യങ്ങളാണ് ഒരു സംസ്‌കരണ ശാലയില്‍ നിന്ന് നിന്ന് നീക്കം ചെയ്തത്. ഉറവിട സംസ്‌കരണത്തെക്കാള്‍ മികച്ച മാര്‍ഗം വേറെയില്ല എന്ന് ദീപക് പറയുന്നു. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ കഴുകി വൃത്തിയാക്കി, പഞ്ചായത്തിലെ ഹരിതകര്‍മ സേനക്ക് കൈമാറുന്നതിലൂടെ ഒരു പരിധി വരെ ഉറവിട മാലിന്യ സംസ്‌കരണം പ്രാവര്‍ത്തികമാക്കാം.

അടുക്കള മാലിന്യങ്ങള്‍ വീട്ടില്‍ത്തന്നെ വളമാക്കി, അതുപയോഗിച്ച് പച്ചക്കറിക്കൃഷി നടത്തുന്ന മാതൃകാപരമായ പ്രവൃത്തിയ്ക്ക് കൊച്ചി കോര്‍പ്പറേഷനില്‍ തുടക്കം കുറിച്ചപ്പോള്‍, വന്‍മാധ്യമ ശ്രദ്ധയും ജനപങ്കാളിത്തവും നേടിയിരുന്നു. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാറിന്റെ വാര്‍ഡായ എളമക്കരയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഈ പ്രൊജക്ട് നടപ്പിലാക്കാനായി കൂടുതല്‍ പേര്‍ സന്നദ്ധരായി മുന്നോട്ടു വരുന്നത് ദീപക് വര്‍മയുടെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും വിശ്വാസ്യതയുടെ സാക്ഷ്യപത്രമാണ്.

വീടും പരിസരവും മാത്രമല്ല, നാടിന്റെയും ശുചിത്വം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മഹാമാരി കാലത്ത് ചെക്ക്‌പോസ്റ്റുകളില്‍ ഉപയോഗിച്ച് ഉപേക്ഷിച്ച ഗ്ലൗസും മാസ്‌കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശുചിത്വ കര്‍മസേനയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തും ദീപക് ശ്രദ്ധ നേടി. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള വിവിധ രീതികള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ദീപക് പങ്ക് വയ്ക്കുന്നുണ്ട്.

Zero Waste എന്ന ആശയവുമായി ജൈത്രയാത്ര തുടരുന്ന ഇക്കോബഗ് വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിസിനസ് പങ്കാളികളെ ക്ഷണിക്കുന്നു. മാലിന്യ നിര്‍മാര്‍ജനം എന്ന വിപ്ലവത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: 9633773880

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button