വരകളിലൂടെ മാസ്മരികത സൃഷ്ടിക്കുന്ന നാട്ടിന്പുറത്തുകാരി
നിറങ്ങളിലൂടെ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുവാനും നമ്മെ അതിന്റെ മാസ്മരികതയില്‍ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാനും കഴിവുള്ള മാന്ത്രികതയാണ് ചിത്രകല. ഇത്തരത്തില്‍ നിറങ്ങളിലൂടെ സ്വന്തം ജീവിതം സ്വയം മാറ്റിവരച്ച പ്രതിഭാശാലിയായ ഒരു കലാകാരിയാണ് ഗീതു സുരേഷ്.
സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ തന്നിലേക്ക് തന്നെ ഒതുങ്ങി നിന്ന് തന്റെ ചിത്രകലാ സിദ്ധി മറ്റുള്ളവരെ അറിയിക്കാതെ കലയെ ഉള്ളില്‍ മാത്രം ഒളിപ്പിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു ഗീതു. ചിത്രകലയുടെ സാധ്യതകളെ കുറിച്ച് അറിവില്ലാത്തതുകൊണ്ടും വീട്ടിലെ സാഹചര്യങ്ങള്‍ മോശമായത് കൊണ്ടും തുടര്‍ന്ന് പഠിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ ഗീതു പിന്നീട് പെന്‍സില്‍ എടുത്തിട്ടേയില്ല. നിറങ്ങളുടെ ലോകത്തുനിന്നും നുറുങ്ങുന്ന വേദനയോടെ ഗീതു മനസില്ലാ മനസോടെ പടിയിറങ്ങാന്‍ തീരുമാനിച്ചു.
ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ ഒരു ആയുര്‍വേദ കടയില്‍ ജോലിക്ക് നിന്ന സമയത്താണ് പത്തൊന്‍പത്കാരിയായ ഗീതു വിവാഹിതയാവുകയും സുരേഷ് ഗീതുവിന്റെ ജീവിതത്തിലേക്ക് എത്തുന്നതും. തുടര്‍ന്നങ്ങോട്ട് ഗീതുവിന്റെ എല്ലാ പ്രതിസന്ധികളിലും ഉയര്‍ച്ചകളിലും സുരേഷ് കൂടെത്തന്നെ ഉണ്ടായിരുന്നു.
കല്യാണത്തിന് ശേഷം പുതിയ ഒരു തൊഴില്‍ അറിഞ്ഞിരിക്കാനായി ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ഗീതു ലാബ് ടെക്നീഷ്യന് കോഴ്സിനു ചേര്‍ന്നു. പ്രഗ്നന്‍സി കാരണവും ‘വര’ അല്ലാതെ മറ്റൊന്നിലും താന്‍ പൂര്‍ണയല്ല എന്ന തിരിച്ചറിവ് കാരണവും ആ ജോലിയിലും ഉറച്ചുനില്ക്കാന് ഗീതുവിന്റെ മനസ് അനുവദിച്ചില്ല. പഠന കാലത്ത് അധ്യാപികയുടെ നിര്‍ബന്ധ പ്രകാരം ഹാന്‍ഡ് സ്റ്റിച്ചിങ്ങില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുള്ള ഗീതു തന്റെ ഉള്ളിലെ കലയെ തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. അതിനും കൂട്ടായി സുരേഷ് കൂടെത്തന്നെയുണ്ടായിരുന്നു .
അങ്ങനെ ഗീതു ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ തീരുമാനിച്ചു. കായംകുളം IFDയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമയെടുത്തു. ആ സമയത്താണ് മ്യൂറല്‍ ഡ്രസ്സ് ഡിസൈനിംഗിന്റെ ഭാഗമായുള്ള മ്യൂറല്‍ പൈയ്ന്റിങ് ക്ലാസില്‍ പങ്കെടുക്കാന്‍ ഗീതുവിന് അവസരം ലഭിച്ചത്. പതിയെ പതിയെ, പ്രതികൂല സാഹചര്യങ്ങളാല്‍ ഉപേക്ഷിച്ച പെന്‍സിലും നിറക്കൂട്ടുകളും ഗീതു പൊടിതട്ടിയെടുത്തു.
റിയലിസ്റ്റിക് ചിത്രകലയോട് കൂടുതല്‍ താല്പര്യമുണ്ടായിരുന്ന ആ കലാകാരി ഗുരുവായൂരമ്പലത്തില്‍ വച്ച് നടന്ന തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണില്‍ അഞ്ചടി വലിപ്പമുള്ള കൃഷ്ണനെ വരച്ച് അവിടെ സമര്‍പ്പിച്ചു. അത് സ്വന്തം ജീവിതത്തിലെ അനുഗ്രഹീതമായ ഒരു വഴിത്തിരിവായാണ് ഗീതു കാണുന്നത്. കാരണം അവിടുന്ന് അങ്ങോട്ട് ചിത്രകലയില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നു അവര്‍.
ഗീതുസ് വേള്‍ഡ് എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാനായി 32 മണിക്കൂര്‍ കൊണ്ട് ഒരു വലിയ ആനയെ വരച്ച് പൂര്‍ത്തിയാക്കിയ ഗീതു കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അയച്ച് കൊടുക്കുകയും റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.
പിന്നീട് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗാന്ധിപദം എന്ന ക്യാമ്പില്‍ ഗാന്ധിജിയുടെ ജീവചരിത്രത്തിനെ ആസ്പദമാക്കി 200 മീറ്റര്‍ ക്യാന്‍വാസില്‍ 100 പേര് ചേര്‍ന്ന് തയ്യാറാക്കിയതില്‍ പങ്കാളിയായി വേള്‍ഡ് റെക്കോര്‍ഡും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡും ഗീതുവിന്റെ വിജയ കിരീടത്തിലെ പൊന്‍തൂവലുകളായി.
ആ സമയത്ത് ഈ കലാകാരിയുടെ കഴിവിനെ അംഗീകരിച്ച്, അന്താരാഷ്ട്ര തലത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കു നല്കുന്ന ഓണററി ഡോക്ടറേറ്റിന് അര്‍ഹത ലഭിച്ചിരുന്നു. എന്നാല്‍, യാത്രാച്ചെലവിനും മറ്റുമായി ആവശ്യമായ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അന്നത് സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല.
ചിത്രകല പഠിക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടി G S സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന സ്ഥാപനം തുടങ്ങിയതും ഗീതുവിന്റെ ഒരു പുതിയ കാല്‍വയ്പായിരുന്നു. രാജ്യത്തിന് പുറത്തും ഗീതുവെന്ന നാട്ടിന്‍പുറംകാരിയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. 2022 ഡിസംബര്‍ 31 ന് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഗീതുവിന്റെ ഒരു ആര്‍ട്ട് വര്‍ക്ക് പിറ്റേ ദിവസം തന്നെ ഫ്ളോറിഡയില്‍ നിന്നുള്ള ഒരാള്‍ വാങ്ങുകയും ചെയ്തു.
ഈ ചെറുപ്രായത്തിനുള്ളില്‍ തന്നെ കുടുംബത്തിന്റെ പിന്തുണയോടെ ഗീതു സുരേഷ് ചെറുതും വലുതുമായ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന കതിരൂര്‍ ഗ്രാമത്തില്‍ നടന്ന എക്സിബിഷനില്‍ ലഭിച്ച അവസരവും തന്റെ വലിയ നേട്ടമായിത്തന്നെയാണ് ഗീതു കാണുന്നത്. വരകളിലൂടെ മാസ്മരികത സൃഷ്ടിക്കുന്ന ഗീതു ഗിന്നസ് റെക്കോര്‍ഡ് എന്ന തന്റെ അടുത്ത സ്വപ്നം നേടാനുള്ള തയ്യാറെടുപ്പിലാണ്.