സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്ന തൂവല്‍ സ്പര്‍ശം
”ഒരു ജോലി എളുപ്പമാണോ, അതോ പ്രയാസമാണോ എന്ന് അറിയാനുള്ള എളുപ്പവഴി ആ ജോലി ചെയ്തു നോക്കുക എന്നതാണ്”, ഇതാണ് തിരുവനന്തപുരത്തുകാരി ജിജി ജി നായര്‍ക്ക് ഓരോ സ്ത്രീകളോടും പറയാനുള്ളത്. വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരാളെയും പോലെ ജോലി എന്നത് ജിജിയുടെയും സ്വപ്നം തന്നെയായിരുന്നു. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഒരു തൊഴില്‍ കരസ്ഥമാക്കിയപ്പോഴും സ്വന്തം പാഷന് എന്ന സ്വപ്നം ജിജിയുടെ ഉറക്കം കെടുത്തിയിരുന്നു. അവിടെ നിന്നാണ് നൈഷിക ബോട്ടിക് ആരംഭിക്കുന്നത്.
ഓരോ വ്യക്തിയിലും ഓരോ കഴിവുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ജിജി. അതുകൊണ്ട് തന്നെ തന്നിലെ കഴിവുകളെ തളച്ചിടാന്‍ ഈ യുവ സംരംഭക തയ്യാറായിരുന്നില്ല. നൈഷിക ബോട്ടിക് എന്ന സ്ഥാപനത്തിന് പുറമേ ഷീ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് ബൈ ജിജി എന്ന ഫേസ്ബുക്ക് പേജിലൂടെ ക്രാഫ്റ്റ് വര്‍ക്കുകളും അതോടൊപ്പം തന്നെ എഴുത്ത് എന്ന തന്നിലെ കഴിവിനെയും വളര്‍ത്താന്‍ ജിജി അനുദിനം ശ്രമിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നൈഷിക ബോട്ടിക് സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഓണ്‍ലൈനായി കോവിഡ് കാലത്ത് ആരംഭിച്ച ക്രാഫ്റ്റിന്റെ ക്ലാസ് ഇപ്പോഴും സജീവമാണ്. മാത്രവുമല്ല ബോട്ടിക്കിന്റെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ വ്യാപിപ്പിക്കാന്‍ ജിജിയ്ക്ക് സാധിച്ചിട്ടുണ്ട്.
കഠിനപ്രയത്നത്തിലൂടെ താന്‍ നേടിയെടുത്ത വിജയം തനിക്ക് വളരെയധികം അഭിമാനം നല്‍കുന്നതാണെന്ന് ഈ സംരംഭക പറയുന്നു. ഒന്നില്‍ തന്നെ നില്‍ക്കാതെ മറ്റൊന്നുകൂടി മുറുകെ പിടിക്കണം എന്ന ചിന്തയുടെ പുറത്താണ് ഷി ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് ബൈ ജിജി എന്ന പേജിന്റെ തുടക്കം. ക്ലേ വര്‍ക്ക്, ഡ്രീം ക്യാച്ചര്‍ വര്‍ക്കുകള്‍ എന്നിവയാണ് ക്രാഫ്റ്റുമായി ബന്ധപ്പെട്ട് ചെയ്യുന്നതെങ്കിലും അവയില്‍ തന്നെ ഡ്രീം ക്യാച്ചര്‍ വര്‍ക്കാണ് ജിജിയുടെ മാസ്റ്റര്‍ പീസ് ആയി ആളുകള്‍ ഏറ്റെടുത്തത്.
സാധാരണ നമ്മള് കാണുന്ന ഡ്രീം ക്യാച്ചറില്‍ നിന്ന് വ്യത്യസ്തമാണ് ഈ കലാകാരിയുടെ സൃഷ്ടി. ആവശ്യക്കാരന് അവരുടെ ചിത്രം വച്ചുള്ള ഡ്രീം ക്യാച്ചറുകളും ഡ്രീം ക്യാച്ചര്‍ മോഡലിലുള്ള മാല, ചെയിന്‍, വള, മോതിരം, കമ്മല്‍ തുടങ്ങിയവയും ജിജിയുടെ സൃഷ്ടിയില്‍ വിപണിയില്‍ എത്തുന്നു.
ക്രാഫ്റ്റ് വര്‍ക്ക് ആരംഭിച്ച സമയത്ത് തിരുവനന്തപുരത്ത് തമ്പുരാട്ടിക്ക് ഡ്രീം ക്യാച്ചര്‍ സമ്മാനിച്ചത് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് ജിജി പറയുന്നു. ഒരു തുടക്കക്കാരി എന്ന നിലയില്‍ തനിക്ക് കിട്ടിയ പ്രചോദനങ്ങളില്‍ അത് മുന്‍പന്തിയില്‍ തന്നെയായിരുന്നു. മാത്രവുമല്ല ജയസൂര്യയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിന് ആറോളം ഡ്രീം ക്യാച്ചറുകള്‍ നല്കാന് കഴിഞ്ഞതും തനിക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ജിജി പറയുന്നു.
മറ്റുള്ളവര്‍ക്കും തൊഴില്‍ എന്ന സ്വപ്നം സാധ്യമാക്കുവാന്‍ ശ്രമിക്കുന്ന ഈ സംരംഭക പണമില്ലാതെ ക്രാഫ്റ്റ് വര്‍ക്ക് പഠിക്കാന്‍ മടിച്ചു നില്‍ക്കുന്നവരെ തന്റെ സംരംഭത്തിലേക്ക് ക്ഷണിക്കുകയാണ്. യാതൊരു പണവും വാങ്ങാതെ അവര്‍ക്ക് ക്രാഫ്റ്റ് വര്‍ക്കുകള്‍ പഠിപ്പിച്ച് നല്കാന് ജിജി തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ക്രാഫ്റ്റ് വര്‍ക്കുകള്‍ പഠിക്കുന്നതിനും ജിജിയെ ബന്ധപ്പെടാം.
ജിജി ജി നായര്‍: +91 79071 46001