ഇന്ത്യയുടെ ‘മിസൈല്‍ മനുഷ്യന്’ എന്നറിയപ്പെടുന്ന, ഏവരുടെയും പ്രിയങ്കരനായ നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകളാണിത്. വളരെ അര്‍ത്ഥദീപ്തവും പ്രചോദനകരവുമായ വാക്കുകള്‍… നമ്മുടെ ചിന്തകളും സ്വപ്നങ്ങളും എപ്പോഴും വലുതായിരിക്കണം. ഒരിക്കലും നമ്മള് ചെറിയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോകരുത്. ‘കുന്നോളം കൊതിച്ചാലേ എള്ളോളം കിട്ടുകയുള്ളൂ’ എന്നൊരു പഴമൊഴി തന്നെയുണ്ട് നമ്മുടെ നാട്ടില്‍. വെറുതേ കൊതിച്ചതുകൊണ്ട് മാത്രം കാര്യമില്ല; ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിശ്രമമില്ലാതെ പരിശ്രമിക്കുകയും വേണം.
നമ്മുടെ ലക്ഷ്യങ്ങള്‍ സഫലമാക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്… നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും നമ്മളെ സഹായിക്കേണ്ട ബാധ്യതയുമില്ല. നമ്മുടെ സ്വപ്നങ്ങളെ വിഡ്ഢിത്തരമെന്ന് പറഞ്ഞ് അവര്‍ പരിഹസിക്കുകയും ചെയ്തേക്കാം. നാളെ, നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി തീരുമ്പോള്‍ കയ്യടിച്ചു ആശംസകള്‍ നേരാന്‍ അവരുമുണ്ടാകും മുന്‍നിരയില്‍!
പ്രതിബന്ധങ്ങളെ ഭയക്കുന്നവനെ വിജയം ഒരിക്കലും പിന്തുടരാറില്ല. ഭാരതീയ യുവത്വത്തിന്റെ പ്രതീകമായ സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ, ”നിങ്ങള്‍ നായ്ക്കുട്ടികളുടെ കുര കേട്ട് ഭയക്കരുത്. നിങ്ങള്‍ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ജനിച്ചവരാണെന്ന ബോധം ഉണ്ടാകണം. ഭീരുത്വം അടിമത്തത്തിന്റെ ലക്ഷണമാണ്”.
ഭയത്തിന്റെ കൂട്ടിലടക്കപ്പെട്ട്, ലക്ഷ്യങ്ങള്‍ക്ക് ഒരിക്കലും വിലക്ക് ഏര്‍പ്പെടുത്തരുത്. നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസൃതമായി ലക്ഷ്യം രൂപപ്പെടുത്തൂ. ആ ലക്ഷ്യത്തിന്റെ പുര്‍ത്തീകരണത്തിനായി ശരീരവും മനസ്സും സമര്‍പ്പിക്കുക. ലക്ഷ്യത്തിലേക്കുള്ള വഴി പരവതാനി വിരിച്ചതാകില്ല, കല്ലും മുള്ളും നിറഞ്ഞ വെറും ഇടവഴിയാകാം. ആത്മധൈര്യത്തിന്റെ പാദരക്ഷയണിഞ്ഞ്, ഇടതും വലതും സസൂക്ഷ്മം വീക്ഷിച്ചു മുന്നേറൂ…!