സംരംഭകരെ കുറിച്ച് എപ്പോഴും പറയാറുള്ളത് ഇവര്‍ വ്യത്യസ്ത സ്വഭാവക്കാരാണ് എന്നാണ്. സംരംഭകത്വം തീര്‍ച്ചയായും ഒരു ഉയര്‍ന്ന ചിന്താരീതിയും സ്വഭാവവിശേഷവും മനോഭാവവുമാണ്. എന്നാല്‍ ഈ സ്വഭാവങ്ങള്‍ എല്ലാവരിലുമുള്ളതുമാണ്. പലപ്പോഴും കോളേജുകളില്‍ പ്രത്യേകിച്ച് മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ് കോളേജുകളില്‍ സെമിനാറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ അവിടെയെത്തുന്ന വിജയികളായ സംരംഭകരോട് കുട്ടികള്‍ ആരാധനയോടെ കൂടി ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ് ‘നിങ്ങളെ ഒരു സംരംഭകന്‍ ആക്കി മാറ്റിയത് എന്ത് പ്രത്യേക സ്വഭാവമാണ്’ എന്ന്. എന്നാല്‍ അവര്‍ പറയുന്ന മറുപടി കുട്ടികള്‍ക്ക് അവിശ്വസനീയമാണ്. കാരണം, അവരാരും അങ്ങനെ ഒരു പ്രത്യേക സ്വഭാവത്തിന്റെ ഉടമകളല്ല എന്നതുതന്നെ.
ഉദാഹരണം പറഞ്ഞാല്‍ സംരംഭകര്‍ക്ക് പ്രധാനമായി വേണ്ട ഗുണങ്ങളായി പറയുന്നത് ആത്മവിശ്വാസം, റിസ്‌ക്ക് എടുക്കാനുള്ള കഴിവ്, ആശയവിനിമയ പാടവം, സ്വന്തമായി സ്വപ്‌നം ഉണ്ടാവുക, കൃത്യമായ ലക്ഷ്യം, ഊര്‍ജ്ജസ്വലത, നേതൃത്വപാടവം, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവ്, കഠിനാധ്വാനം എന്നിവയാണ്. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും മേല്‍ പരാമര്‍ശിച്ച ഗുണങ്ങളെല്ലാം എല്ലാവരിലുമുഉള്ളതാണ് എന്ന്.
ഇവിടെ ഒരു സംരംഭകനെ വേറിട്ടുനിര്‍ത്തുന്നത് പ്രത്യേകമായ ഗുണങ്ങള്‍ അല്ല; മറിച്ച് ഗുണങ്ങളിലെ പ്രത്യേകതകളാണ്. അതായത് ഓരോ ഗുണങ്ങളുടെയും അളവാണ് ഒരു സംരംഭകന് വേറിട്ടു നിര്‍ത്തുന്നത്. സംരംഭകരില്‍ മേല്‍പറഞ്ഞ ഗുണങ്ങളെല്ലാം രണ്ടുതരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന്, ഈ ഗുണങ്ങള്‍ എല്ലാം വളരെ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നു എന്നതാണ്. രണ്ടാമത്, ഈ ഗുണങ്ങള്‍ എല്ലാം തന്റെ ലക്ഷ്യവുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിക്കുന്നു എന്നതും.
ഉദാഹരണം ഇവര്‍ക്ക് റിസ്‌ക് എടുക്കാനുള്ള കഴിവ് വളരെ കൂടുതല്‍ ആയിരിക്കും. എന്നാല്‍ തന്റെ ബിസിനസ് മേഖലയില്‍ ആയിരിക്കും പ്രധാനമായി ഉപയോഗിക്കുന്നത്. അങ്ങനെ തന്റെ സാധാരണ കഴിവുകള്‍ അസാധാരണമാം വിധം ഉയര്‍ത്തുകയും തന്റെ ലക്ഷ്യവുമായി ബന്ധിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണു ഒരു സംരംഭകന്റെ സവിശേഷത. ഇവരുടെ ഓരോ ദിവസവും ഓരോ പ്രവര്‍ത്തിയും തന്റെ ജീവിത വിജയത്തിനും ബിസിനസ് വിജയത്തിനും വേണ്ടിയായിരിക്കും. ഇതിനെയാണ് ‘ഫോക്കസ്ഡ് ആക്ഷന്‍’ അല്ലെങ്കില്‍ ‘ചോയിസ് ഓഫ് ഡെസ്റ്റിനി’ എന്നൊക്കെ വിശേഷിപ്പിക്കുന്നത്.
സംരംഭകന്റെ ലക്ഷണങ്ങള്‍
1. അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള അപാരമായ കഴിവ്.
2. നിരന്തര പരിശ്രമം
3. വേറിട്ട ലക്ഷ്യങ്ങള്‍ ഉണ്ടാവുക
4. സാഹസികമായി കാര്യങ്ങള്‍ ചെയ്യുക
5. വെല്ലുവിളികളെ ധൈര്യത്തോടെ ഏറ്റെടുക്കുക
6. കഴിവുകള്‍ തിരിച്ചറിയുകയും വളര്‍ത്തുകയും ചെയ്യുന്നു
7. നേതൃത്വ ഗുണം
8. സ്വയം പ്രചോദിതനാവുക
9. ശുഭാപ്തി വിശ്വാസം
10. മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും ഉണ്ടാവുക
ഒരുപാട് മനുഷ്യര്‍ ആശയങ്ങളും സ്വപ്‌നങ്ങളുമായി പ്രാവര്‍ത്തികമാക്കാന്‍ നല്ല ദിവസവും നോക്കി നടക്കുന്നു. എന്നാല്‍ സംരംഭകര്‍ തന്റെ ആശയം ഇന്നു തന്നെ നടപ്പാക്കുന്നു. ഇതാണ് സംരംഭക സമൂഹത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
- അനൂപ് മാധവപ്പിള്ളില്‍