EntreprenuershipSuccess Story

കേക്ക് നിര്‍മാണത്തിലെ റാണി… കസ്റ്റമേഴ്‌സിന്റെ മനസ് നിറയ്ക്കുന്ന മാജിക്കുമായി നിജു

‘കഴിക്കുന്നവരുടെ വയര്‍ നിറയ്ക്കാന്‍ മാത്രമല്ല, മനസുകൂടി നിറയ്ക്കാന്‍ കഴിവുള്ളതാകണം ഭക്ഷണം…!’ പ്രശസ്തമായ ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയിലെ തിലകന്റെ കഥാപാത്രം പറയുന്ന വാക്കുകളാണിത്. കേവലം ഒരു സിനിമ ഡയലോഗ് എന്നതിനപ്പുറം നിജു ഫയാസ് എന്ന ഹോംബേക്കറുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് നില്‍ക്കുന്ന വാചകങ്ങളാണിത്. താന്‍ നല്‍കുന്ന കേക്കുകള്‍ കഴിക്കുന്നവരുടെ മനസ് കൂടി നിറയ്ക്കുന്നതാകണമെന്ന് നിജൂന് നിര്‍ബന്ധമുണ്ട്.

കൊല്ലം സ്വദേശിയായ നിജു ഒരു ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനിച്ചതും വളര്‍ന്നതുമെല്ലാം. അതുകൊണ്ടുതന്നെ വളരെ ചെറുപ്പം മുതല്‍ നിജുവിന്റെ മനസില്‍ ബിസിനസ് കൂട് കൂട്ടിയിരുന്നു. അങ്ങനെ ഡിഗ്രിക്ക് ശേഷം എംബിഎ പൂര്‍ത്തിയാക്കിയ നിജു ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു വിവാഹം. വിവാഹശേഷം ഭര്‍ത്താവുമൊത്ത് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയിലെത്തിയ നിജു ഒരു വീട്ടമ്മയിലേയ്ക്ക് ഒതുങ്ങാന്‍ തുടങ്ങിയതോടെ, ഭര്‍ത്താവിന്റെ പിന്തുണയുടെ പിന്‍ബലത്തില്‍ ജോലിക്ക് ശ്രമിച്ചുതുടങ്ങി. അങ്ങനെ രണ്ട് സ്ഥാപനങ്ങളില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും ഉള്ളില്‍ ബിസിനസ് എന്ന ചിന്ത ഉള്ളതുകൊണ്ടുതന്നെ മറ്റൊരാളുടെ കീഴില്‍ ഒരുപാട് കാലം ജോലി ചെയ്യാന്‍ നിജുവിന് സാധിച്ചില്ല.

ജോലി രാജി വച്ചശേഷം വീണ്ടും വീട്ടമ്മയിലേയ്ക്ക് ഒതുങ്ങാന്‍ തുടങ്ങിയതോടെ അസ്വസ്ഥയായ നിജുവിനോട് ബസിനസ് ആരംഭിക്കുന്നതിനേക്കുറിച്ച് ഭര്‍ത്താവ് സംസാരിച്ചതോടെ ഒരു സംരംഭം ആരംഭിക്കാന്‍ തന്നെ നിജു തീരുമാനിച്ചു. പിന്നീട് എന്ത് ബിസിനസ് ചെയ്യുമെന്നതായി ചിന്ത. അങ്ങനെ ഇരുവരും ചേര്‍ന്ന് ഒരു ബൊട്ടിക് ആരംഭിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെയിരിക്കെ സ്വന്തം ആവശ്യങ്ങള്‍ക്കായി കേക്കുകള്‍ നിര്‍മിച്ചിരുന്ന നിജു താന്‍ ഉണ്ടാക്കിയ ഒരു കേക്കിന്റെ ഫോട്ടോ സ്റ്റാറ്റസായിട്ടു. എന്നാല്‍ യാദൃശ്ചികമായി കേക്ക് കണ്ട് ഇഷ്ടപ്പെട്ട ഒരു സുഹൃത്തില്‍ നിന്നും പിറ്റേന്ന് കേക്കിനായുള്ള ഓര്‍ഡര്‍ വന്നു. മറ്റാര്‍ക്കും കേക്കുണ്ടാക്കി നല്‍കിയിട്ടില്ലാത്ത നിജു ആദ്യമൊന്ന് പകച്ചെങ്കിലും ഭര്‍ത്താവിന്റെ പിന്തുണ കൂടി ലഭിച്ചതോടെ കേക്ക് ഉണ്ടാക്കാന്‍തന്നെ തീരുമാനിച്ചു.

അങ്ങനെ ആദ്യമായി നിര്‍മിച്ചു നല്‍കിയ ടെന്റര്‍ കോക്കനട്ട് കേക്കിന്റെ പെരുമയാല്‍ നിജു ഏറെ പ്രശംസിക്കപ്പെട്ടു. അധികംവൈകാതെ അതേ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരാള്‍ കേക്കിനായി നിജുവിനെ സമീപിച്ചു. ഇതോടെ ബൊട്ടിക് ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ച നിജുവിന്റെ മനസ് പൂര്‍ണമായും കേക്ക് നിര്‍മാണത്തിലേയ്ക്ക് തിരിയുകയായിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ ടു-ടയര്‍ കേക്ക് നിജു അന്ന് കസ്റ്റമറിന് നിര്‍മിച്ചുനല്‍കി. പിന്നീടങ്ങോട്ട് നിജുവിന്റെ കേക്കിന്റെ രുചി മനസിലാക്കിയെത്തിയവരായിരുന്നു നിജുവിന്റെ കസ്റ്റമേഴ്‌സ്.

ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നിക്കുന്ന ഒരു മാജിക്കാണ് നിജുവിന്റെ കേക്കെന്നാണ് കസ്റ്റമേഴ്‌സിനിടയിലെ സംസാരം. അത് നൂറ് ശതമാനം സത്യവുമാണ്. കാരണം, സ്വന്തമായി കണ്ടെത്തിയ കേക്കിന്റെ റെസിപ്പികളിലാണ് നിജു കേക്ക് നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ നിജുവിന്റെ കേക്കിന്റെ രുചി മറ്റെവിടെയും നമുക്ക് ലഭിക്കില്ല എന്നതാണ് വാസ്തവം.

ഇതിനിടയില്‍ നിരവധി കോമ്പറ്റീഷനുകളിലും ഈ സംരംഭക പങ്കെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ കേക്കിന്റെ ‘സ്പഞ്ച്’ രുചികരമായിരുന്നെങ്കിലും ഡിസൈനിങ്ങില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു നിജുവിന്. അന്ന് വലിയ നിരാശയിലാണ്ടുപോയ നിജു തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

അങ്ങനെ കഠിനമായ പരിശ്രമങ്ങള്‍ നടത്തിയ ശേഷം യുഎഇയിലെ ഏറ്റവും വലിയ ബേക്കിങ് കോമ്പറ്റീഷന് പങ്കെടുത്ത നിജു മൂന്നാം സ്ഥാനമായിരുന്നു അന്ന് കരസ്ഥമാക്കിയത്. ഇത് വലിയ പ്രചോദനമാണ് നിജു എന്ന ഹോംബേക്കര്‍ക്ക് നല്‍കിയത്. പിന്നീട് അനവധി കോമ്പറ്റീഷനുകളില്‍ പങ്കെടുത്ത നിജു ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിക്കൊണ്ടേയിരുന്നു. ഇതോടെ യുഎഇയില്‍ ബേക്കേഴ്‌സിനിടയില്‍ നിജു ഒരു താരമായി മാറുകയായിരുന്നു.

തുടക്കത്തില്‍ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം കേക്ക് നിര്‍മിച്ചുനല്‍കിയിരുന്ന നിജു പതിയെ വ്യാവസായിക അടിസ്ഥാനത്തില്‍ കേക്ക് നിര്‍മാണം ആരംഭിക്കുകയായിരുന്നു. ബിസിനസിലേയ്ക്കിറങ്ങി രണ്ടര വര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും യുഎഇയിലെ കേക്ക് നിര്‍മാണ മേഖലയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ ഈ സംരംഭകയ്ക്ക് അതിവേഗം സാധിച്ചു. പിന്നീട് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വരെ നിജുവിന് ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങി.   ഏത് കേക്ക് ഉണ്ടാക്കിയാലും അതില്‍ തന്റേതായ പ്രത്യേകത കൊണ്ടുവരാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട് നിജു. അതിനാല്‍ മറ്റ് ബേക്കേഴ്‌സില്‍ നിന്നും എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുണ്ട് നിജൂസ് കേക്ക്.

സ്വന്തമായ റെസിപ്പി ഉപയോഗിച്ചാണ് നിജു കേക്ക് നിര്‍മിക്കുന്നത്. ടെന്റര്‍ കോക്കനട്ട്, പിസ്താഷ്യു, ബ്ലൂബെറി വിത്ത് ചീസ് ക്രീം, ഫെററോ റോഷര്‍, കസ്റ്റാഡ് എന്നിങ്ങനെ നീളുകയാണ് കേക്കിന്റെ വെറൈറ്റികള്‍. ഇതിന് പുറമെ വെഡിങ് കേക്കുകളും പാര്‍ട്ടി ഓര്‍ഡറുകളും നിജു ചെയ്തുനല്‍കുന്നുണ്ട്. കേക്കിന് പുറമെ ബ്രൗണീസ്, കപ്പ് കേക്ക്, ഡോനട്ട്, പോപ്‌സിക്കിള്‍സ് തുടങ്ങിയവയും നിജു ഓര്‍ഡര്‍ അനുസരിച്ച് ചെയ്തു നല്‍കുന്നുണ്ട്. ബേക്കിങ് മാത്രമല്ല, കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം ഇവന്റ് ഡെക്കറേഷന്‍ യൂണിറ്റും ഭര്‍ത്താവിന്റെ പിന്തുണയോടെ നിജു നടത്തിവരുന്നുണ്ട്.

യുഎഇയില്‍ നിന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ നിന്നും നിജു ഓര്‍ഡറുകള്‍ സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ നിന്ന്. യുഎഇയിലുള്ള ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സര്‍പ്രൈസ് ആയോ അല്ലാതെയോ കേക്ക് എത്തിച്ചുകൊടുക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള മികച്ച ‘ഓപ്ഷന്‍’ തന്നെയായിരിക്കും നിജു. അതിനായി നിജുവിന് വാട്‌സ്ആപ്പില്‍ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പ്രത്യേക ദിവസങ്ങളില്‍ മധുരമുള്ള സമ്മാനം നല്‍കാന്‍ സാധിക്കും. കേക്കുകള്‍ മാത്രമല്ല, ഗിഫ്റ്റ് ഹാമ്പറുകളും നിജു ഇത്തരത്തില്‍ കേരളത്തില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിച്ച് യുഎഇയിലെ അവരുടെ പ്രീയപ്പെട്ടവര്‍ക്കായി എത്തിച്ചുനല്‍കാറുണ്ട്.

ബിസിനസിലേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ഒരു മാതൃക തന്നെയാണ് നിജു. കാരണം നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ നിഷ്പ്രയാസം തരണം ചെയ്താണ് നിജു തന്റെ സംരംഭം കെട്ടിപ്പടുത്തത്. അതുകൊണ്ടുതന്നെ ബിസിനസില്‍ വിജയിക്കാന്‍ ആത്മധൈര്യവും വിജയിക്കാന്‍ സാധിക്കുമെന്ന തോന്നലും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് ആദ്യം വേണ്ടത്, ബാക്കിയുള്ളതെല്ലാം അതിന്റെ ഭാഗമായി വന്നുചേരുമെന്നാണ് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരോട് നിജുവിന് പറയാനുള്ളത്.

ബിസിനസിനേക്കാള്‍ കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയ്ക്കാണ് നിജു പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ രുചിയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും നിജു തയ്യാറല്ല. ഇതുതന്നെയാണ് ഒരു ബേക്കര്‍ എന്ന നിലയില്‍ നിജുവിന്റെ വിജയവും.
ഹോംബേക്കര്‍ എന്നതിനപ്പുറം ബിസിനസ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നിജു യുഎഇയില്‍ ഒരു ബേക്കറി യൂണിറ്റ് ആരംഭിക്കണമെന്ന ആഗ്രഹവുമായാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

നിജുവിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് ഫയാസും മകളായ ഇസ മര്‍വയും എപ്പോഴും കൂടെത്തന്നെയുണ്ട്. അധികം വൈകാതെ മറ്റൊരു കുഞ്ഞിന്കൂടി ജന്മം നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് നിജു.
ഫോണ്‍: 00971568978952
വാട്‌സ്ആപ്പ്: 9656609069

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button