Success Story

വാട്ട്‌സണ്‍ എനര്‍ജി; പ്രതിസന്ധികളില്‍ നിന്ന് ഉദിച്ചുയര്‍ന്ന വിജയഗാഥ

യുകെയില്‍ നിന്ന് കേരളത്തിലേക്ക് വിമാനം കയറിയ ടെറന്‍സ് അലക്‌സിന് ആകെ കൈമുതലായുണ്ടായിരുന്നത് യുകെയില്‍ നിന്ന് സമ്പാദിച്ച തൊഴില്‍ പരിചയവും പിന്നെ സംരംഭകത്വത്തോടുള്ള അഭിനിവേശവുമായിരുന്നു. 2012-ല്‍ ജന്മനാടായ തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോള്‍ ഒരു സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന്‍ സംരംഭകത്വമായിരുന്നു സ്വപ്‌നം. മേഖലയില്‍ പരാജയപ്പെട്ട അനേകം സംരംഭങ്ങളുടെ ഉദാഹരണങ്ങള്‍ മുമ്പിലുണ്ടായിരുന്നു. പക്ഷേ അതിനെയെല്ലാം അവഗണിച്ച് ടെറന്‍സ് രൂപം നല്‍കിയ വാട്ട്‌സണ്‍ എനര്‍ജി ഇന്ന് 4,500 ഓളം സംതൃപ്തരായ ഉപഭോക്താക്കളെ അവകാശപ്പെടുന്ന കേരളത്തിലെ ഒന്നാംനിര സൗരോര്‍ജോല്‍പാദന സംരംഭമാണ്.

തിരിച്ചടികളില്‍ തുടക്കം
തിരുവനന്തപുരത്തെ പൊഴിയൂരാണ് ടെറന്‍സിന്റെ സ്വദേശം. ഡിഗ്രി പഠനത്തിനു ശേഷമാണ് എംബിഎ നേടുവാനായി യുകെയിലേക്ക് ചേക്കേറിയത്. ബിരുദം സമ്പാദിച്ചതിനു ശേഷം അഞ്ചുവര്‍ഷക്കാലത്തോളം അവിടെ ജോലി ചെയ്തു. യുകെയില്‍ നിന്ന് നേടിയെടുത്ത ബിസിനസ് പാടവവും സ്വരുക്കൂട്ടിയ മൂലധനവും കൊണ്ട് ജന്മനാട്ടില്‍ ഒരു സംരംഭം ആരംഭിക്കുവാനുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടിയത് ആ കാലത്താണ്. അങ്ങനെയാണ് കേരളത്തില്‍ 10 ജീവനക്കാരുമായി വാട്‌സണ്‍ എനര്‍ജിയ്ക്ക് ടെറന്‍സ് തുടക്കമിടുന്നത്.

ആദ്യകാലങ്ങളില്‍ സോളാര്‍ റൂഫ് ടോപ്പ് ഇന്‍സ്റ്റാളിങ്ങില്‍ മാത്രമായിരുന്നു സംരംഭം ശ്രദ്ധ ചെലുത്തിയിരുന്നത്. പക്ഷേ റിന്യൂവബില്‍ എനര്‍ജിയുടെ സാധ്യതകള്‍ കേരളത്തില്‍ അന്ന് കാര്യമായി പ്രചരിച്ചിട്ടില്ലാതിരുന്നതിനാല്‍ 11 മാസത്തോളം വര്‍ക്കുകളൊന്നും ലഭിച്ചില്ല. സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് കയ്യൊഴിയാന്‍ വീട്ടുകാരും ടെറന്‍സിനെ നിര്‍ബന്ധിച്ചു തുടങ്ങി.

ജീവനക്കാരും ഒറ്റക്കെട്ടായി വന്ന് കമ്പനി ഉപേക്ഷിക്കുവാന്‍ ടെറന്‍സിനോട് ആവശ്യപ്പെട്ടു. പക്ഷേ വര്‍ക്കുകള്‍ ഇല്ലാതിരുന്നിട്ടും ജീവനക്കാരുടെ ശമ്പളത്തിന് ടെറന്‍സ് മുടക്കം വരുത്തിയിരുന്നില്ല. ആ വര്‍ഷം അവസാനിച്ചപ്പോള്‍ 50 ലക്ഷം രൂപയായിരുന്നു നഷ്ടക്കണക്കായി കമ്പനിയുടെ അക്കൗണ്ട് ഷീറ്റില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. ഒരു വര്‍ഷത്തിനുശേഷമാണ് വാട്‌സണ്‍ എനര്‍ജിക്ക് ആദ്യത്തെ വര്‍ക്ക് ലഭിക്കുന്നത്, കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദാശ്രമത്തില്‍. ചെറിയ പ്രോജക്ടുകളിലൂടെ നഷ്ടത്തില്‍ നിന്ന് കരകയറിക്കൊണ്ടിരുന്ന ടെറന്‍സിനെ വീണ്ടും പ്രതിസന്ധിയിലാക്കി പെട്ടെന്നൊരു ദിവസം മുഴുവന്‍ ജീവനക്കാരും വാട്ട്‌സണില്‍നിന്ന് പടിയിറങ്ങി.

പ്രതീക്ഷയുടെ വെളിച്ചം
ഒരു ചെറുകിട സംരംഭം തകര്‍ന്നു തരിപ്പണമാകാന്‍ അതില്‍ കൂടുതല്‍ ഒന്നും വേണ്ട. പ്രതിസന്ധികള്‍ ഒന്നിന് പുറകെ ഒന്നായി വന്നപ്പോഴും നിര്‍ണായക ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടപ്പോഴും ടെറന്‍സ് അലക്‌സ് തളര്‍ന്നില്ല. വീണ്ടും ആരംഭിച്ചയിടത്തു നിന്നും ഈ യുവസംരംഭകന്‍ തന്റെ യാത്ര തുടങ്ങി. പക്ഷേ, ഇത്തവണ അനുഭവപരിചയം കൂടിയുണ്ടായിരുന്നു. പുതിയ ജീവനക്കാരെ ജോലിക്കെടുത്ത് കൃത്യമായ പ്ലാനിങ്ങിലൂടെ മുന്നോട്ടുപോയ വാട്‌സണ്‍ എനര്‍ജി തകര്‍ച്ചയുടെ അറ്റത്തുനിന്ന് വിജയത്തിലേക്ക് വളര്‍ന്നു.

കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലും വാട്ട്‌സണ്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരത്തില്‍ വിട്ടുവീഴ്ച വരുത്തിയിരുന്നില്ല. ഉപഭോക്താക്കളുടെ ഇടയില്‍ മതിപ്പുനില നിര്‍ത്തേണ്ടത് പുതുതായി രൂപം കൊണ്ട ഒരു സംരംഭത്തിന് അത്യന്താപേക്ഷിതമായിരുന്നു എന്നത് മാത്രമായിരുന്നില്ല കാരണം. ഗുണനിലവാരത്തില്‍ വീഴ്ച വരുത്തിയാല്‍ സര്‍വീസിങ്ങിന്റെ ചെലവ് കൂടി കമ്പനി താങ്ങേണ്ടി വരുമായിരുന്നു. തല്‍ക്കാല ലാഭത്തിനുവേണ്ടി അങ്ങനെ ചെയ്തിരുന്നെങ്കില്‍ എനര്‍ജി എന്ന കമ്പനി പോലും ഉണ്ടാകില്ലായിരുന്നുവെന്ന് ടെറന്‍സ് പറയുന്നു. തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ ഉന്നതങ്ങളിലേക്ക് കുതിക്കുമ്പോള്‍ സ്വീകരിച്ച തീരുമാനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് ടെറന്‍സിന് ബോധ്യമാകുന്നുണ്ട്.

നിലവില്‍ ഫെഡറല്‍ ബാങ്ക്, പിഎംഎസ് ഡെന്റല്‍ കോളേജ്, മറൈന്‍ എഞ്ചിനീയറിംഗ് കോളേജ്, ജൂബിലി ഹോസ്പിറ്റല്‍, ശിവഗിരി ഹോസ്പിറ്റല്‍, ഇന്ത്യന്‍ ഡയബെറ്റിക്ക് സെന്റര്‍, കേരള വാട്ടര്‍ അതോറിറ്റി, അനേര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം വാട്ട്‌സണ്‍ എനര്‍ജിയുടെ സേവനത്തിന്റെ ഗുണഭോക്താക്കളാണ്.

സോളാര്‍ റൂഫ് ടോപ്പിങ്ങിലൂടെ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇന്ന് ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍, സോളാര്‍ പവര്‍ കോള്‍ഡ് സ്റ്റോറേജ് സിസ്റ്റം, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം, ഗ്രീന്‍ ഹൈഡ്രജന്‍ പ്രൊഡക്ടുകള്‍ തുടങ്ങി വിപുലമായ ഉത്പന്ന/ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. റിന്യൂവബിള്‍ എനര്‍ജി വകുപ്പ്, കെഎസ്ഇബി, അനേര്‍ട്ട് എന്നീ സ്ഥാപനങ്ങളിലെല്ലാം നിലവില്‍ വാട്ട്‌സണ്‍ സോളാര്‍സ് എംപാനല്‍ഡ് ആണ്.

‘ത്രീ പി’ എന്ന വിജയമന്ത്രം
People, Planet, Profit- ജനങ്ങളുടെ സംതൃപ്തിയിലൂടെ ഭൂമിയുടെ സുരക്ഷ, ഭൂമിയുടെ സുരക്ഷയിലൂടെ സുസ്ഥിരമായ ലാഭം; ഈ ആശയത്തിലൂന്നിയാണ് ടെറന്‍സ് ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുന്നത്. പണമുണ്ടാക്കുവാന്‍ മാത്രമല്ല തന്റെ സംരംഭപ്രവര്‍ത്തനങ്ങള്‍ സമൂഹനന്മയ്ക്കും ഉതകണമെന്ന നിര്‍ബന്ധം ടെറന്‍സിന് ഉണ്ടായിരുന്നു. ഊര്‍ജത്തിന്റെ യൂണിറ്റായ വാട്ടിനോട് സൂര്യന്‍ എന്ന ‘സണ്‍’ ചേര്‍ത്ത് തന്റെ ബ്രാന്‍ഡ് നെയിം നിര്‍മിച്ചതിനു പിന്നില്‍ സൗരോര്‍ജം എന്ന ആശയത്തെ ലളിതവത്ക്കരിക്കാത്ത നാമധേയം തന്നെ തന്റെ കമ്പനിക്ക് വേണം എന്ന ടെറന്‍സിന്റെ നിര്‍ബന്ധമായിരുന്നു.
ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം, ഗ്രീന്‍ ഹൈഡ്രജന്‍ പ്രൊജക്ടുകള്‍ എന്നിവയില്‍ മുന്നേറണമെന്നതാണ് ഭാവി പദ്ധതി. റിന്യൂവബിള്‍ എനര്‍ജിയില്‍ നാളെയെ പടുത്തുയര്‍ത്താന്‍ സുസജ്ജമായ ഒരു ടീമിനെ സൃഷ്ടിക്കുക എന്നതു തന്നെയായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷനിലടക്കം പ്രായോഗിക പരിശീലനം നല്‍കുന്ന വാട്ട്‌സണ്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുവാന്‍ ടെറന്‍സിനെ പ്രേരിപ്പിച്ചത് ഈ കാരണമാണ്. ഇവിടെ നിന്നും സോളാര്‍ എനര്‍ജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവരെ ജീവനക്കാരായി തെരഞ്ഞെടുക്കുന്നു. ഇതിനുപുറമേ കൊല്ലത്തും വാട്ട്‌സണ്‍ എനര്‍ജിയുടെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലുടനീളം കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button