നീലപ്പൂക്കള്‍ നല്കിയ വിജയം
”ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ, നിന്നെയോര്‍മ്മവരും.”
പറമ്പിലും തൊടിയിലുമെല്ലാം നില്ക്കുന്ന കൗതുകമുള്ള ഒരു കാട്ടുചെടിയെ കുറിച്ച് കവി പാടിയതിങ്ങനെയാണ്. എന്നാല്‍ ആലുവ എടത്തല സ്വദേശി ദീപാ ബാലന്റെ സംരംഭത്തെ കുറിച്ചറിഞ്ഞാല്‍ കൗതുകം എന്നതിനപ്പുറം ശംഖുപുഷ്പത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാകും.
ദീപയുടെ ബ്ലൂ ഹെര്‍ബല്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നം ഉണങ്ങിയ ശംഖുപുഷ്പങ്ങളാണ്. ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ മേഖലയുടെ നട്ടെല്ലാണ് നമ്മള് ഭംഗി കൊണ്ട് മുറ്റത്തിന്റെ കോണില്‍ വളര്‍ത്തുന്ന ഈ പൂച്ചെടി. പ്രമേഹത്തിനും അമിതവണ്ണത്തിനും ഇതിനേക്കാള്‍ നല്ലൊരു മരുന്നില്ല. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഗിരികര്‍ണിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുഷ്പം കാഴ്ചശക്തിയ്ക്കും അത്യുത്തമമാണ്. ആമസോണിലും ഇന്ത്യമാര്ട്ടിലും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഹെര്‍ബല്‍ ഉത്പന്നങ്ങളില്‍ ഒന്നാണ് നമ്മുടെ നാട്ടില്‍ സ്വഭാവികമായി ഉണ്ടാകുന്ന ശംഖുപുഷ്പം.
ഉണങ്ങിയ ശംഖുപുഷ്പം കൊണ്ടുണ്ടാക്കുന്ന ഹെര്‍ബല്‍ ടീയ്ക്ക് വിദേശരാജ്യങ്ങളില്‍ വന്‍ ഡിമാന്റാണ്. കേരളത്തിലും ഇപ്പോള്‍ ഇതിനൊരു മികച്ച മാര്‍ക്കറ്റ് ഉണ്ടായി വരുന്നുണ്ട്. ഹെര്‍ബല്‍ ടീയ്ക്കു പുറമേ സോപ്പ്, ഫേസ്ക്രീം, ജാം, ജ്യൂസ് എന്നു തുടങ്ങി ഫുഡ് കളറിങ്ങില്‍ വരെ ശംഖുപുഷ്പം ഉപയോഗിക്കുന്നുണ്ട്. എങ്കിലും ശംഖുപുഷ്പം ഉപയോഗിച്ചുണ്ടാക്കുന്ന നീല നിറത്തിലുള്ള ഹെര്‍ബല്‍ ടീയ്ക്കു തന്നെയാണ് കൂടുതല്‍ പ്രചാരമുള്ളത്.
ശംഖുപുഷ്പം കൊണ്ടുണ്ടാക്കിയ ഹെര്‍ബല്‍ ടീ യാദൃശ്ചികമായാണ് ദീപ പരിചയപ്പെടുന്നത്. നിറത്തിനെക്കാള്‍ ആകര്‍ഷണീയമായ ആരോഗ്യഗുണങ്ങളെക്കുറിച്ചു കൂടിയറിഞ്ഞപ്പോള്‍ വീട്ടുപറമ്പില്‍ നില്ക്കുന്ന ഈ ചെടിയെ തന്നെ സംരംഭമാക്കി മാറ്റാമെന്ന് ദീപ തീരുമാനിച്ചു. കുറച്ചു നാളത്തെ റിസര്‍ച്ചിന് ശേഷം വീട്ടുപറമ്പില്‍ നിന്നും ശേഖരിച്ച വിത്തുകള്‍ കൊണ്ട് ആദ്യ ബാച്ച് തയാറാക്കുവാനും വിപണിയിലെത്തിക്കുവാനും ദീപയ്ക്ക് കഴിഞ്ഞു.
ഒരു യുഎസ് ബേസ്ഡ് മള്‍ട്ടി നാഷണല്‍ കമ്പനിക്കായി ‘വര്‍ക്ക് ഫ്രം ഹോം’ ചെയ്തുകൊണ്ടിരിക്കുന്ന ദീപ ഒരു രണ്ടാം വരുമാനം നേടുന്നതിനായി തുടങ്ങിയ സംരംഭത്തിന് കുറച്ചു നാളുകള്‍ കൊണ്ട് മികച്ച ഒരു ഉപഭോക്തൃവലയം ഉണ്ടാക്കിയെടുക്കുവാനും സാധിച്ചു. ഇപ്പോള്‍ സ്ഥിരമായ ഒരു വരുമാനം ഉണ്ടാക്കിയെടുക്കുവാന്‍ തന്റെ സംരംഭത്തിലൂടെ ദീപയ്ക്ക് കഴിയുന്നുണ്ട്.
ആരംഭദശയില്‍ നില്ക്കുന്ന ബ്ലൂ ഹെര്ബലിനെ അടുത്തഘട്ടത്തിലേക്ക് ആനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ദീപ ഇപ്പോള്‍. ഇപ്പോള്‍ നല്കുന്ന ഡ്രൈഡ് ഫഌവര്‍ രൂപത്തില്‍ നിന്നും പൗഡര്‍ രൂപത്തില്‍ ശംഖുപുഷ്പം വിപണിയില്‍ എത്തിക്കുകയാണ് ഇനി ദീപയുടെ ലക്ഷ്യം.