ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ‘വെരിക്കോസ്‌വെയിന്‍’. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അനേകം ആളുകള്‍ ഇതിന്റെ ദുരിതം അനുഭവിക്കുന്നു.
വെരിക്കോസ് വെയിന്‍ എന്നാല്‍ സിരാഗ്രന്ഥി എന്നാണ്. സിരകള്‍ക്കുണ്ടാകുന്ന വീക്കം എന്നാണ് അര്‍ത്ഥം. ത്വക്കിനു താഴെ നിറവ്യത്യാസത്തില്‍ ചെറിയ സിരകള്‍ക്കും പേശികളില്‍ പേശിയുടെ അകത്തായിട്ടും വലിയ സിരകള്‍ക്കുമാണ് ഇത് ഉണ്ടാകുന്നത്. ഇന്ന് സ്ത്രീകളില്‍ ഇത് അധികമായി കാണുന്നു.
നൂറ് രോഗികളെടുത്താല്‍ അതില്‍ അറുപത് ശതമാനത്തിലേറെയും സ്ത്രീകള്‍ എന്നാണ് കണക്ക്. ഗര്‍ഭിണികളിലും വെരിക്കോസ് വെയിന്‍ കണ്ടുവരുന്നു. ഗര്‍ഭപാത്രത്തിന്റെ വികാസം മൂലം വയറിനുള്ളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം അധികരിച്ച് രക്തചംക്രമണത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.
വെരിക്കോസ് ബാധിച്ച വ്യക്തിയുടെ രക്തക്കുഴലുകള്‍ക്ക് തിരിച്ചു രക്തം പ്രവഹിക്കാനുള്ള ശേഷി ഉണ്ടാകില്ല. രക്തക്കുഴലിലെ വാല്‍വുകള്‍ പല കാരണങ്ങളാല്‍ ദുര്‍ബലമാവുകയും രക്തം കെട്ടി നില്‍ക്കാന്‍ കാരണമാവുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് ഞരമ്പുകള്‍ വികസിക്കുകയും കെട്ടുപിണഞ്ഞതുപോലെ കാണപ്പെടുകയും ചെയ്യും. കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ കാലിന് നേരിയ വേദനയോ കഴപ്പോ തോന്നുന്നതാണ് ആദ്യ ലക്ഷണം. ആദ്യകാലങ്ങളില്‍ വൈകുന്നേരമോ രാത്രിയിലോ കഴപ്പ് അനുഭവപ്പെടും. കാലിന്റെ നിറവ്യത്യാസം വെരിക്കോസ് വെയിനിന്റെ ഒരു അടയാളമാണ്. രോഗം കൂടുമ്പോള്‍ വേദന അധികമായി അനുഭവപ്പെടാം. തുടര്‍ന്ന് വേദന തോന്നുന്ന ഭാഗങ്ങളില്‍ തടിപ്പ് അനുഭവപ്പെടാം. കാല്‍വണ്ണയുടെ ഭാഗങ്ങളില്‍ വേദന, നീര്, ചൊറിച്ചില്‍ തുടങ്ങിയവയും ഈ അവസ്ഥയില്‍ കാണപ്പെടുന്നു. രാത്രികാലങ്ങളില്‍ മസില്‍ ക്ലാംപ്‌സ് (ഉരുണ്ടുകയറ്റം) ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
വെരിക്കോസ് വെയിന്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ ക്രമേണ ദുഷിച്ച രക്തം കെട്ടിനില്‍ക്കാനിടയുണ്ട്. ഇങ്ങനെ ദുഷിച്ച രക്തം കെട്ടി നിന്നാല്‍ ആ ഭാഗങ്ങളില്‍ കറുപ്പു നിറത്തോടുകൂടിയ വീക്കമുണ്ടാവും. ഇങ്ങനെ ഉണ്ടാകുന്ന വീക്കം ഒരു നാള്‍ സിര പൊട്ടി രക്തം വരും, പൊട്ടിയഭാഗങ്ങള്‍ കാലം കഴിയുമ്പോള്‍ വൃണമായി രൂപപ്പെടും. ഈ അവസ്ഥ എത്തിയാല്‍ വൃണങ്ങള്‍ ഉണങ്ങാനുള്ള സാധ്യത വളരെയധികം കുറവാണ്.
താല്കാലിക ആശ്വാസമായി ബാന്‍ഡേജ് ഉപയോഗിക്കുകയോ ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാല്‍ ഉയര്‍ത്തിവക്കുന്നതോ നല്ലതാണ്. വെരിക്കോസ് വെയിനുള്ള രോഗികളില്‍ അമിതഭാരം ഉയര്‍ത്തുന്നതും ദീര്‍ഘനേരം നില്‍ക്കുന്നതും നന്നല്ല. രോഗം കൂടുന്നതിനുമുമ്പ് ചികിത്സ നേടിയാല്‍ ഇതിന്റെ വ്യാപനം തടയുവാന്‍ കഴിയും. വെരിക്കോസ് വെയിന്‍ ഉള്ള കാലില്‍ ആയുര്‍വേദ എണ്ണകള്‍ പുരട്ടി ചെറുചൂട് കൊടുക്കുന്നത് നല്ലതാണ്. വെരിക്കോസ് വെയിനുള്ള രോഗികള്‍ പൂര്‍ണ്ണമായും പുകവലി ഒഴിവാക്കണം. ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.
- ഡോ. അശ്വതി തങ്കച്ചി
എം.ഡി, സിദ്ധസേവാമൃതം
അമ്പലമുക്ക്, തിരുവനന്തപുരം
04712436064, 73568 78332