ഉപ്പയുടെ വാക്കുകള്‍ വിജയമന്ത്രമാക്കി, മലബാര്‍ ബിരിയാണിയുടെ രുചി പത്മനാഭന്റെ മണ്ണില്‍ എത്തിച്ച സംരംഭകന്‍
കാലങ്ങള്‍ക്ക് ശേഷം ചങ്ങാതിമാര്‍ എല്ലാവരുംകൂടി പത്മനാഭന്റെ മണ്ണില്‍ ഒരു കല്യാണവിരുന്നിന്റെ സല്‍ക്കാരത്തിന് ഒത്തുകൂടി. പാട്ടും മേളവും പരദൂഷണവും ഒക്കെ കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ വിളികൊണ്ട് എല്ലാവരുടെയും കണ്ണുകള്‍ തീന്‍മേശയിലേക്ക് നീണ്ടു. നല്ല ചൂടുള്ള ബിരിയാണി പാത്രത്തിലേക്ക് പകര്‍ന്നപ്പോള്‍ വയറ്റില്‍ നിന്നുള്ള വിശപ്പിന്റെ വിളിയുടെ ശബ്ദം കൂടിയതും വായില്‍ വെള്ളം നിറഞ്ഞതും ഒന്നിച്ചായിരുന്നു. അച്ചാറും സാലഡും കൂട്ടി അവനെ ഒരു പിടി പിടിച്ചപ്പോള്‍ വായില്‍ അറിയാതെ വന്നു, ആഹാ അന്തസ്സ് !
കഴുകിയ കയ്യില്‍ നിന്ന് ബിരിയാണി മണം വിട്ടു പോകും മുന്‍പേ സ്‌നേഹം ചേര്‍ത്ത് രുചി വിളമ്പിയ സുല്‍ത്താനെ തേടി ഊട്ടുപുരയിലേക്കോടി. കണ്ടു. അതാ അവിടെ നില്‍ക്കുന്നു മലബാര്‍ രുചി ഇങ്ങ് തിരുവനന്തപുരത്തെ തീന്‍മേശയില്‍ എത്തിച്ച വട്ടിയൂര്‍കാവുകാരന്‍ നാസര്‍.
ഇരുപത്തിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ കാറ്ററിങ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത് നാസറിന്റെ പിതാവായിരുന്നു. പാചകക്കാരനായിരുന്ന പിതാവ് ആരംഭിച്ച എം എ കാറ്ററിംഗ് എന്ന സംരംഭം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്റെ പാത പിന്തുടര്‍ന്നെത്തിയ നാസര്‍ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ എംഎ കാറ്ററിംഗ് മലബാര്‍ കാറ്ററിങ് ആയി.
മലബാര്‍ രുചിയും മലപ്പുറം ബിരിയാണി കൂട്ടും അതിന്റെ ഗുണമേന്മയില്‍ യാതൊരു കുറവുമില്ലാതെ തന്റെ നാട്ടിലും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് നാസര്‍ എന്ന സംരംഭകനെ മലബാര്‍ കാറ്ററിങ്ങിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. 35 പേരില്‍ അധികം തൊഴിലാളികള്‍ ഉണ്ടെങ്കിലും ഏതു തിരക്കിലും ബിരിയാണി സെറ്റ് ചെയ്യുന്ന സമയമാകുമ്പോള്‍ നാസര്‍ അവിടെയുണ്ടാകും.
ചെറുപ്പം മുതല്‍ പിതാവിന്റെ തൊഴില്‍ കണ്ടും സഹായിച്ചും ശീലിച്ചിരുന്നതിനാല്‍ നാസറിന് നന്നേ ചെറുപ്പത്തില്‍ തന്നെ ഭക്ഷണത്തോടും പാചകത്തോടും ഒരു പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നല്കുന്ന ആഹാരത്തിന് യാതൊരു കുറവും വരുത്താന്‍ ഈ സംരംഭകന്‍ തയ്യാറല്ല.
കേരളത്തിനകത്ത് ഉടനീളം വര്‍ക്കുകള്‍ ഏറ്റെടുക്കുന്ന നാസര്‍ അഞ്ച് ബിരിയാണി ആയാലും അയ്യായിരം ബിരിയാണി ആയാലും നല്‍കാന്‍ തയ്യാറാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ആ സര്‍വീസ് തന്നെയാണ് ഇന്നും അദ്ദേഹത്തെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നത്.
”നമ്മുടെ ലാഭമല്ല, നമ്മെ വര്‍ക്ക് ഏല്‍പ്പിക്കുന്നവരുടെ സന്തോഷവും ആഹാരം കഴിക്കുന്നവരുടെ തൃപ്തിയുമാണ് ഒരു പാചകക്കാരന്റെ ഏറ്റവും വലിയ നേട്ടം. അതുകൊണ്ട് നല്‍കുന്ന ആഹാരത്തില്‍ മായവും എസ്സന്‍സും ഒരിക്കലും ചേര്‍ക്കരുത്. പറഞ്ഞ വാക്ക് അത് വിലയുടെ കാര്യത്തില്‍ ആയാലും നാളെ മാറ്റി പറയുകയും ചെയ്യരുത്” എന്ന ഉപ്പാന്റെ വാക്കുകളാണ് നാസറിന്റെ കാതില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നത്. ആ വാക്കുകള്‍ ഇദ്ദേഹത്തിന് മുന്നോട്ടുള്ള യാത്രയില്‍ എന്നും വിജയങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്
കൂടുതല്‍ വിവരങ്ങള്‍ക്ക്;
നാസര്‍, മലബാര്‍ കാറ്ററിങ്
+919846895898