വ്യക്തിത്വത്തെ വെല്ലുവിളിച്ചവര്‍ക്ക് വിജയത്തിന്റെ മധുരം പകര്‍ന്ന് ടോണി
‘സമൂഹത്തിന് മുന്നില്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയ കാലം.. തന്റെ രൂപത്തെക്കാള്‍ തന്നിലെ സ്വത്വത്തെ അറിഞ്ഞുതുടങ്ങിയ കാലം.. അന്നുമുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ചമയക്കൂട്ടുകളോടുള്ള പ്രണയം കൂടിക്കൊണ്ടിരുന്നു…’ അങ്ങനെ തന്റെ മനസ് ആഗ്രഹിച്ചിടത്ത്, തന്റെ പാഷന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ് ടോണി മൈക്കിള്‍ എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്.
മൈക്കിളിന്റെയും എല്‍സിയുടെയും മകനായ ടോണിയുടെ ചെറുപ്പകാലവും വിദ്യാഭ്യാസവുമെല്ലാം കൊച്ചിയിലായിരുന്നു. ബാല്യം മുതല്‍ മേക്കപ്പിനോട് ഉണ്ടായിരുന്ന കമ്പവും താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളും തന്റെ സ്വത്വത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ തിരിച്ചറിവ് നല്‍കുകയായിരുന്നു ടോണിക്ക്. താനൊരു ‘ഗേ’ ആണെന്ന് തുറന്നുപറയാന്‍ യാതൊരു മടിയുമില്ല ഇദ്ദേഹത്തിന്.
ബാല്യം മുതല്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണനകള്‍ മാത്രം നേരിട്ടതോടെ ജീവിതത്തില്‍ വിജയിക്കണമെന്ന വാശിയായിരുന്നു. ചെറുപ്പകാലം മുതല്‍ തനിക്ക് താല്പര്യമുണ്ടായിരുന്ന മേക്കപ്പ് ഫീല്‍ഡില്‍ ചുവടുറപ്പിക്കാന്‍ ടോണി ആഗ്രഹിച്ചെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ജോലി ചെയ്യേണ്ടതായും വന്നു.
തന്റെ പാഷനെ ഒഴിവാക്കാന്‍ താത്പര്യമില്ലായിരുന്ന ടോണിയുടെ മനസു നിറയെ അപ്പോഴും മേക്കപ്പ് മാത്രമായിരുന്നു. അങ്ങനെ ബാംഗ്ലൂരില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ആരുമറിയാതെ തന്റെ ആഗ്രഹത്തിന് പിന്നാലെ കുതിച്ച ഇദ്ദേഹം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അവിനാഷ് ഛേട്ടിയയില്‍ നിന്നും മേക്കപ്പിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുകയും തന്റെ മനസിനിണങ്ങിയ കരിയര്‍ തിരഞ്ഞെടുക്കുകയും ചെയ്തു.
പിന്നീട് കുടുംബത്തിന്റെ പിന്തുണകൂടി ലഭിച്ചതോടെ തന്റെ സ്വത്വത്തില്‍ പൂര്‍ണമായും വേരുറപ്പിക്കുകയായിരുന്നു. ഒരുകാലത്ത് തന്നെ പരിഹസിച്ച അതേ സമൂഹത്തിന് മുന്നില്‍ ഇന്ന് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ കൊച്ചിക്കാരന്‍.
വെറുമൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഈ മേഖലയില്‍ തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയാണ് ടോണി തന്റെ ഓരോവര്‍ക്കും പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെയാണ് വെഡിങ് ലുക്ക് മാത്രം ചെയ്തിരുന്ന ഇദ്ദേഹം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്ക് അതിവേഗം ഉയര്‍ന്നതും. ഇതിനിടയില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്തി ജനശ്രദ്ധ നേടിയ ടോണി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി നല്ലൊരു മോഡല്‍ എന്ന പേര് കൂടി സ്വന്തമാക്കുകയാണ്.
തന്റെ പാഷനെ മറ്റെന്തിനേക്കാള്‍ സ്‌നേഹിക്കുന്ന ഇദ്ദേഹം വ്യക്തിത്വത്തിനപ്പുറം കഴിവാണ് മനുഷ്യന്റെ അളവുകോലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നത് സ്ത്രീയ്‌ക്കോ, പുരുഷനോ അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കോ മാത്രം അവകാശപ്പെട്ട മേഖലയല്ലെന്നും താന്‍ ഉള്‍പ്പെടുന്ന എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയ്ക്കും സമൂഹത്തില്‍ ജീവിക്കാനും സ്വപ്‌നങ്ങള്‍ കാണാനും മറ്റെല്ലാവരെയും പോലെ അവകാശമുണ്ടെന്നും തന്റെ പ്രൊഫഷനിലൂടെ തെളിയിച്ചിരിക്കുകയാണ് ടോണി.