ഓറഞ്ച് പൊടിയില്‍ നിന്ന് ആരംഭിച്ച ഹെര്‍ബല്‍ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ നിര്‍മാണം, വിപണി കീഴടക്കി ടിയാരാ നാച്ചുറല്‍സ്
ദിവസവും സമയവും എണ്ണി തിട്ടപ്പെടുത്തി, വീടിനെയും വീട്ടുകാരെയും കാണാന്‍ പ്രവാസികള്‍ നാട്ടില്‍ എത്തിയപ്പോഴാണ് കോവിഡ് അതിന്റെ സംഹാരഭാവം പുറത്തെടുത്ത് തകര്‍ത്താടിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം കരിനിഴല്‍ വീണ സമയമായിരുന്നു അതെങ്കിലും ചിലര്‍ക്കെങ്കിലും കൊറോണ ഒരു അനുഗ്രഹമായി തീര്‍ന്നിട്ടുമുണ്ട്. സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലേക്ക് പലരും കണ്ണുതുറന്നത് അപ്പോഴാണ്. ഒമാനില്‍ ഒപ്‌റ്റോ മെട്രിസ്റ്റ് ആയിരുന്ന ശ്രീലതയ്ക്ക് കോവിഡ് നല്‍കിയ സമ്മാനമാണ് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന കമ്പനിയായ ടിയാര നാച്ചുറല്‍സ്.
കൊറോണക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ വെറുതെ ഇരിക്കാതെ ‘ക്രിയേറ്റീവാ’യി വീട്ടില്‍ തന്നെ ഇരുന്ന് എന്ത് ചെയ്യാമെന്ന ചിന്തയുടെ ഫലമായി ഒരുപാട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ശ്രീലത അവസാനം ചെന്നെത്തിയത് സോപ്പ് നിര്‍മാണത്തിലേക്കാണ്. ഭാവിയിലേക്കുള്ള നല്ലൊരു വരുമാന മാര്‍ഗമായി സോപ്പ് നിര്‍മാണത്തെ കണ്ട ശ്രീലത വിപണിയില്‍ ലഭ്യമാകുന്ന സോപ്പുകളില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്തത തന്റെ ഉത്പന്നങ്ങളില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു. ആ ആഗ്രഹമാണ് രാസവസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള ഓര്‍ഗാനിക് ഉത്പന്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ സംരംഭകയ്ക്ക് പ്രചോദനമായത്.
മകള്‍ ചര്‍മ സംരക്ഷണത്തിനായി കരുതി വച്ചിരുന്ന ഓറഞ്ചിന്റെ തൊലി പൊടിച്ചത് ഉപയോഗിച്ചു നിര്‍മിച്ച സോപ്പാണ് ശ്രീലതയുടെ ആദ്യ ഉത്പന്നം. തുടക്കത്തില്‍ നിര്‍മിച്ച സോപ്പ്, ഫേഷ്യല്‍ ബാര്‍, ലിപ്പ് സ്‌ക്രബ്ബ്, ലിപ്പ് ബാം, അലോവേര ജെല്‍ എന്നിവ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് നല്‍കിയത്. അവര്‍ തന്റെ ഉത്പന്നങ്ങള്‍ക്ക് ‘പച്ചക്കൊടി’ കാട്ടിയതോടെ അതില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ട് ഈ സംരംഭക തന്റെ വഴി ഇതുതന്നെയെന്ന് ഉറപ്പിച്ചു.
2022 ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ടിയാര നാച്ചുറല്‍സ് ഓര്‍ഗാനിക് സോപ്പ്, ഫെയ്‌സ് ജെല്‍, ലിപ്പ് ബാം, ലിപ്പ് സ്‌ക്രബ്ബര്‍, ബോഡി സ്‌ക്രബ്ബര്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ പത്തിലധികം ഫ്‌ളേവര്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചു കഴിഞ്ഞു. ഒരിക്കല്‍ വാങ്ങിയവര്‍ തന്നെ വീണ്ടും തന്റെ ഉത്പന്നങ്ങളുടെ ആവശ്യക്കാരായി വരുന്നതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ബിസിനസിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി തന്റെ സംരംഭവുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് ശ്രീലത തീരുമാനിച്ചിരിക്കുന്നത്. അതിന് ഈ സംരംഭകയ്ക്ക് കുടുംബം നല്‍കുന്ന പിന്തുണ എടുത്തു പറയേണ്ട ഘടകം തന്നെയാണ്.
സ്ത്രീകള്‍ക്ക് എപ്പോഴും സാമ്പത്തികമായി ഒരു വിജയം ആവശ്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ശ്രീലത. ടിയാര നാച്ചുറല്‍സ് എന്ന സംരംഭം ആരംഭിക്കുവാനും ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്ന ഒരു ബ്രാന്‍ഡായി അതിനെ മാറ്റുവാനും തനിക്ക് സാധിച്ചത് ആ ചിന്ത ഉള്ളില്‍ ഉള്ളതുകൊണ്ടാണെന്ന് ഈ സംരംഭക പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://www.facebook.com/profile.php?id=100083579010118&mibextid=ZbWKwL