വീഴ്ചയില്‍ തളരാതെ പൊരുതി നേടിയ വിജയം
”ജീവിതം പലപ്പോഴും അങ്ങനെയാണ്, നമ്മള് ആഗ്രഹിക്കുന്നതുപോലെ ആകണമെന്നില്ല സംഭവിക്കുന്നത്. ചിലപ്പോള്‍ ആഗ്രഹിക്കുന്നതിന് അപ്പുറം ലഭിക്കും, ചിലപ്പോള്‍ ഉയര്‍ച്ചയില്‍ നിന്നും വലിയ ഗര്‍ത്തത്തിലേക്ക് നിലംപതിക്കുകയും ചെയ്യും”.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന വീഴ്ചകള്‍ നമ്മുടെ മനസിനെ വല്ലാതെ ആട്ടിയുലയ്ക്കും. ആ വീഴ്ച മറ്റൊരാള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെങ്കിലോ? അങ്ങനെ കൂടെ നിന്നവര്‍ കുതികാല് വെട്ടിയപ്പോള്‍ ആദ്യമൊന്ന് അടിപതറിയെങ്കിലും തന്റെ ഇച്ഛാശക്തിയാല്‍ ഒരു ഫിനിക്സ് പക്ഷിയെ പോലെ ചിറകടിച്ചുയര്‍ന്ന ഒരു വനിതയാണ് ദീപ ബാലകൃഷ്ണന്.
ദീപയുടെ ചെറുപ്പകാലത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു കുടുംബം. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ തുടര്‍ചികിത്സക്കായി ഓട്ടോ തൊഴിലാളിയായിരുന്ന അച്ഛന് ദീപയുടെ പഠനം പാതിവഴിയില്‍ നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലായിരുന്നു. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചിരുന്ന ദീപ പതിനാറാമത്തെ വയസില്‍ ട്യൂഷന് എടുക്കാന്‍ ആരംഭിക്കുകയും ആ തുകകൊണ്ട് ഉപരിപഠനം നടത്തുന്നതോടൊപ്പം കുടുംബത്തിന്റെ ബാധ്യതയും ഏറ്റെടുത്തു. അങ്ങനെ കുറഞ്ഞ കാലത്തിനുള്ളില്‍ മികച്ച അധ്യാപികയായി മാറാന്‍ ദീപയ്ക്ക് കഴിഞ്ഞു.
ചെറുപ്പം മുതല്‍ കുക്കിങ്ങിനോടുണ്ടായിരുന്ന താല്പര്യം വിവാഹശേഷം പൊടിതട്ടിയെടുക്കാന്‍ ദീപ തീരുമാനിച്ചു. കേക്ക് നിര്‍മാണത്തെക്കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചത്. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണകൂടി ലഭിച്ചതോടെ ദീപ മറ്റൊരു തലത്തിലേക്ക് വളരാന്‍ ആരംഭിക്കുകയായിരുന്നു. അങ്ങനെ നിരവധി കേക്ക് നിര്‍മാണ ക്ലാസുകളില്‍ പങ്കെടുക്കുകയും പുതിയ റെസിപ്പികള്‍ സ്വായക്തമാക്കുകയും ചെയ്തു.
ഒരു വിദ്യ അഭ്യസിക്കുക എന്നത് ദീപയ്ക്ക് ഹരമായിരുന്നു. അതിനാല്‍ വ്യത്യസ്തമാര്‍ന്ന റെസിപ്പികള്‍ പഠിക്കുന്നതിനായി ഒട്ടനവധി ക്ലാസുകള്‍ ദീപ അറ്റന്‍ഡ് ചെയ്തു. അങ്ങനെ ഒരു ‘പേസ്ട്രി ഷെഫ്’ ആയി ഈ ട്യൂഷന് ടീച്ചര്‍ അതിവേഗം വളര്‍ന്നു.
തന്നിലെ അധ്യാപികയെയും ഷെഫിനെയും ഒരേപോലെ തൃപ്തിപ്പെടുത്താനായിരുന്നു ദീപ ആഗ്രഹിച്ചത്. അതിനാല്‍ കേക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട ട്രെയിനിങ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും അധികം വൈകാതെ Deepa’s Home Made Food & Cakes എന്ന പേജിലൂടെ തന്റെ ലക്ഷ്യത്തില്‍ എത്തുകയും ചെയ്തു. ഒരു ബേക്കറി നടത്താന്‍ ആവശ്യമായ എല്ലാ റെസിപ്പികളും ദീപ തന്റെ ക്ലാസിലൂടെ പഠിപ്പിക്കുന്നുണ്ട്. തന്നെ സമീപിക്കുന്നവര്‍ക്ക് വെറുമൊരു ട്രെയ്നര്‍ എന്നതിനപ്പുറം ഒരു മെന്റര്‍ ആയിരുന്നു ഈ വനിത.
തന്നിലെ കഴിവ് മുഴുവനും നല്‍കിയാണ് ദീപ ഓരോരുത്തരെയും വാര്‍ത്തെടുത്തത്. വനിതകളുടെ ഉന്നമനം മാത്രം ലക്ഷ്യം വച്ചാണ് ദീപ ട്രെയ്നിംഗ് നല്കാന് ആരംഭിച്ചത്. സ്വന്തം കാലില്‍ നില്ക്കാന് അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു അതിന് പിന്നിലെ കാരണം. തന്റെ സ്റ്റുഡന്റ്സ് സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് ഈ മേഖലയില്‍ വിജയം കൊയ്യണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു ദീപയ്ക്ക്. ദീപയുടെ ട്രെയ്നിങില്‍ പഠിച്ചു, ഈ മേഖലയില്‍ ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് നിരവധിയാണ്.
ട്രെയിനിങ് നല്കാന് ആരംഭിച്ചതോടെ ദീപ സ്വന്തമായി കേക്ക് നിര്‍മിച്ച് വിതരണം ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തിയിരുന്നു. കാരണം ബേക്കിങുമായി ബന്ധപ്പെട്ട് ഒന്നുംതന്നെ മറച്ചുവയ്ക്കാതെ അത്രയും ആത്മാര്‍ത്ഥതയോടെയാണ് ഓരോ ക്ലാസും കൈകാര്യം ചെയ്തത്. കേക്ക് ഉണ്ടാക്കി ലഭിക്കുന്ന ലാഭത്തേക്കാള്‍ മറ്റൊരാള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതായിരുന്നു ദീപയ്ക്ക് വലുത്. അങ്ങനെ ഒരു വീട്ടമ്മയില്‍ നിന്നും ഹോം ബേക്കര്‍ ട്രെയ്നര്‍ ആയി മാറാന്‍ ഒരുപാട് കാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല ദീപയ്ക്ക്.
അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധിയില്‍ ക്ലാസുകളെല്ലാം ഓണ്‍ലൈനായി മാറിയതോടെ, ദീപയും അതിന് നിര്‍ബന്ധിതയാകുകയും ഓണ്‍ലൈന്‍ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. ഈ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിരവധി പരിമിതികള്‍ ഉണ്ടെങ്കിലും ദീപ അതിനെയെല്ലാം അതിവേഗം മറികടക്കുകയും ഫീല്‍ഡില്‍ തന്റേതായ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
എന്നാല്‍, ഒരാളുടെ വളര്‍ച്ച മറ്റൊരാളെ അലോസരപ്പെടുത്തും എന്നൊരു ചൊല്ല് ഉണ്ടല്ലോ.. അതുപോലെ, ദീപയുടെ ഓണ്‍ലൈന്‍ ക്ലാസ് അവസാനിപ്പിച്ച് ഈ മേഖലയില്‍ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം ശത്രുക്കള്‍ ഇറങ്ങിത്തിരിച്ചു. കേക്ക് നിര്‍മാണം പഠിക്കാന്‍ എന്ന വ്യാജേന എത്തി ക്ലാസുകള്‍ അലങ്കോലമാക്കാനാണ് അവര്‍ ആദ്യം ശ്രമിച്ചത്. പിന്നീട് ബാച്ചില്‍ ഉള്ളവര്‍ക്കിടയില്‍ ഗ്രൂപ്പിസം കൊണ്ടുവരികയും ദീപയിലെ ട്രെയ്നര്‍ പരാജയമാണെന്ന് മറ്റുള്ളവര്‍ക്കിടയില്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അപ്രതീക്ഷിതിമായ ഈ പ്രഹരം ആദ്യം തളര്‍ത്തിയെങ്കിലും ദീപയില്‍ നിന്നും വിദ്യ പഠിച്ചിറങ്ങിയവരുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ ശക്തമായി തിരിച്ചുവന്നു. എന്നാല്‍ അവിടംകൊണ്ട് കാര്യങ്ങള്‍ നിന്നില്ല, സൈബര്‍ അറ്റാക്ക് ആയിരുന്നു പിന്നീട് ദീപയ്ക്കെതിരെ നടത്തിയത്. ദീപ നല്ല രീതിയില്‍ ട്രെയിനിങ് നല്‍കുന്നില്ലെന്നും പണം മാത്രമാണ് ലക്ഷ്യമെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചു.
അത് ഏറെക്കുറെ മോശമായി ദീപയെ ബാധിക്കുകയും ചെയ്തു.
അതോടെ ചിറകറ്റ നിലയിലായ ദീപയ്ക്ക് മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമായി അവശേഷിച്ചു. ദീപ എന്ന വന്മരത്തെ ഈ മേഖലയില്‍ നിന്നും പിഴുതുമാറ്റുക എന്ന ലക്ഷ്യം മാത്രമായിരുന്നു തകര്‍ക്കാന്‍ എത്തിയവര്‍ക്ക് ഉണ്ടായിരുന്നത്. അതിനാല്‍ ആക്രമണം വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു.
കേക്ക് നിര്‍മാണം പഠിപ്പിക്കാം എന്ന വ്യാജേന പണം തട്ടിയെടുത്തു എന്ന നിലയില്‍ ദീപയ്ക്കെതിരെ പോലീസില്‍ അവര്‍ പരാതിയും നല്കി. അങ്ങനെ സത്യസന്ധതയായി മാത്രം ജീവിച്ച ഈ വനിതക്ക് ‘ഫ്രോഡ്’ എന്ന വിളി കൂടി കേള്‍ക്കേണ്ടിവന്നു. താന്‍ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത സാമ്രാജ്യം ചീട്ടുകൊട്ടാരം തകരുന്നതുപോലെ ഇല്ലാതാകുന്നത് നോക്കിനില്‍ക്കാനേ ദീപയ്ക്ക് കഴിഞ്ഞുള്ളൂ.
അതോടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ദീപയെ വരിഞ്ഞുമുറുക്കി. എങ്കിലും തോല്ക്കാന് മനസില്ലായിരുന്നു ദീപയ്ക്ക്. തനിക്ക് ധൈര്യം നല്കി കൂടെനിന്ന ഭര്‍ത്താവിന്റെയും മക്കളുടെയും സ്റ്റുഡന്റ്സിന്റെയും മുഖം മനസില്‍ തെളിഞ്ഞതോടെ കുതിച്ചുയരാന്തന്നെ ഈ വനിത തീരുമാനിച്ചു. അതിന്റെ ആദ്യപടി എന്ന നിലയില്‍ തന്റെ സത്യസന്ധത തെളിയിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദീപയ്ക്ക് താനൊരു ‘ഫ്രോഡ്’ അല്ലെന്ന് തെളിയിക്കാന്‍ വളരെ എളുപ്പത്തില്‍ സാധിച്ചു. അങ്ങനെ തന്റെ പേരില്‍ നല്കിയ പരാതി വ്യാജമാണെന്ന് സമൂഹത്തിനുമുന്നില്‍ ദീപ തെളിയിച്ചു.
അതോടെ ദീപ തനിക്ക് നഷ്ടപ്പെട്ട പേരും സ്ഥാനവും വീണ്ടെടുക്കാന്‍ ആരംഭിക്കുകയായിരുന്നു. അങ്ങനെ വീണ്ടും ക്ലാസുകള്‍ ആരംഭിച്ചു. ഇത്രയും പ്രഹരമേറ്റിട്ടും തിരിച്ചുവന്ന ദീപയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ശത്രുക്കള്‍ മുട്ടുമടക്കുകയായിരുന്നു. ഇതോടെ തന്നിലെ എഴുത്തുകാരിയെയും ദീപ പുറത്തെടുത്തു.
തന്നെ വീഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ അതേ സോഷ്യല്‍ മീഡിയയിലൂടെ തന്റെ കഥ തുറന്നെഴുതാന്‍ ആരംഭിച്ചു. അതോടെ ദീപയെന്ന വ്യക്തിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സമൂഹം മനസിലാക്കിത്തുടങ്ങി.
തന്റെ മനോബലം വര്‍ധിപ്പിക്കാനും തന്നിലെ എഴുത്തുകാരിയ്ക്ക് ജന്മം നല്‍കാനും കാരണക്കാരായ ഒരുകൂട്ടം ശത്രുക്കള്‍ക്ക് പരിഹാസരൂപേണ നന്ദി പറയുകയാണ് ഈ ധീര വനിത. സത്യസന്ധതയും ആത്മാര്‍ത്ഥയും കൈമുതലായുണ്ടെങ്കില് ഏതൊരു പ്രതിസന്ധി വന്നാലും, ആരൊക്കെ തളര്‍ത്തിയാലും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുവാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ദീപ ബാലകൃഷ്ണന്.