തോല്‍വിയില്‍ നിന്നും സംരംഭത്തെ പടുത്തുയര്‍ത്തിയ പ്രദീഷ് നായര്‍ എന്ന യുവ സംരംഭകന്റെ കഥ
"NEVER RUN AWAY FROM YOUR PROBLEMS BECAUSE SUCCESS IS ALWAYS DISGUISED IN CHALLENGES'' - RATAN TATA
‘നിങ്ങള്‍ തോറ്റ് കൊടുക്കുന്നില്ലെങ്കില്‍ ജയിക്കാന്‍ നിങ്ങള്‍ക്ക് ഒരു വലിയ അവസരമുണ്ട്. സ്വയം തോറ്റ് കൊടുക്കുന്നതാണ് ഏറ്റവും വലിയ പരാജയം’, ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ അലിബാബ ഡോട്ട് കോമിന് ജന്മം നല്കിയ മായുന് എന്ന ജാക്മയുടെ വാക്കുകളാണ് ഇത്. ഇത്തരത്തില്‍ തോല്‍വി സമ്മതിക്കാതെ തോറ്റ് പിന്മാറാന് ശ്രമിക്കാതെ, ആഗ്രഹിച്ച ജീവിത വിജയത്തിലേക്ക് നടന്നു കയറുന്ന ഒരു യുവാവ് നമ്മുടെ ഈ കേരളത്തിലുണ്ട്. തന്റെ സ്വപ്നങ്ങളെ ചേര്‍ത്ത് പിടിച്ച്, പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തെ മനോഹരമാക്കുകയാണ് പ്രദീഷ് നായര്‍ എന്ന ഈ യുവ സംരംഭകന്.
വളരെ ചെറുപ്പത്തില്‍ മനസ്സില്‍ കയറിക്കൂടിയ സംരംഭകന് എന്ന സ്വപ്നം പ്രദീഷിനെ സഞ്ചരിപ്പിച്ചത് വ്യത്യസ്തമായ വഴികളിലൂടെയാണ്. ആ വ്യത്യസ്തമായ വഴികളില്‍ നിന്നും അനുഭവത്തെ ഉള്‍ക്കരുത്താക്കി മാറ്റി ഇന്ന് രണ്ട് സംരംഭങ്ങള്‍ക്കാണ് ഈ യുവാവ് രൂപം നല്‍കിയിരിക്കുന്നത്. LOOPERS VENTURES PRIVATE LIMITED, LOOPERS MINI NIDHI LIMITED എന്നീ രണ്ട് സംരംഭങ്ങളും ഇന്ന് ഓരോ നിമിഷവും വിജയത്തിലേക്കുള്ള യാത്രയിലാണ്.
കൃത്യമായ ലക്ഷ്യവും ഒരിക്കലും തളര്‍ന്ന് പോകാത്ത മനസ്സുമുണ്ടെങ്കില്‍ ജീവിതത്തെ അത്ഭുതമാക്കി തീര്‍ക്കാന്‍ ഓരോ വ്യക്തിക്കും കഴിയും എന്നതിന്റെ ഉദാഹരണമാണ് പ്രദീഷ് എന്ന ഈ യുവാവ്. കന്യാകുമാരിയില്‍ ജനിച്ച പ്രദീഷ് തന്റെ ബാല്യവും കൗമാരവും സ്കൂള്‍ ജീവിതവുമെല്ലാം പൂര്‍ത്തിയാക്കിയത് അബുദാബിയില്‍ ആയിരുന്നു. അവിടത്തെ ചുറ്റുപ്പാടുകളും കാഴ്ചകളും പ്രദീഷിന്റെ മനസ്സില്‍ പാകിയത് വിശാലവും വ്യത്യസ്തവുമായ ആശയങ്ങളാണ്. സംരംഭ സ്വപ്നത്തോടൊപ്പം തന്നെ കലയോടുള്ള അഭിരുചിയും പ്രദീഷിന്റെ മനസ്സില്‍ ചെറുപ്പം മുതലേ ഉണ്ടായിരുന്നു. നല്ലൊരു ഫിലിം മേക്കര്‍ ആകണമെന്നും അതിനെ കുറിച്ച് പഠിക്കണം എന്നുമുള്ള ആഗ്രഹത്തിലാണ് പ്രദീഷ് വീണ്ടും തന്റെ ജന്മസ്ഥലത്തേക്ക് തിരികെ വരുന്നത്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരണം എന്ന പ്രദീഷിന്റെ ആഗ്രഹത്തെ മാതാപിതാക്കള്‍ ഒരിക്കലും പിന്തുണച്ചിരുന്നില്ല. അതിന് ഒരു രൂപ പോലും ചിലവാക്കില്ലെന്നും മറ്റെന്തെങ്കിലും പഠിക്കണം എന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ മനസ്സില്‍ ഓര്മ വച്ചകാലം മുതല്‍ സൂക്ഷിച്ച മറ്റൊരു സ്വപ്നത്തിന് തിരി കൊളുത്തുകയായിരുന്നു ഈ ചെറുപ്പക്കാരന്. തുടര്‍ന്ന് എംബിഎ പഠനത്തിന് തുടക്കം കുറിച്ചു. മനസ്സില്‍ സൂക്ഷിച്ചിരുന്ന സംരംഭകന് എന്ന സ്വപ്നത്തിന്റെ ആദ്യ പടിയായിരുന്നു അത്. പഠനം കഴിഞ്ഞ ഉടന്‍ തന്നെ ‘അഹല്യ ഐ ഹോസ്പിറ്റലി’ല്‍ മാര്‍ക്കറ്റിങ് പ്രോജക്ടിന്റെ ഭാഗമായി പ്രദീഷ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോഴും സ്വന്തമായി ഒരു സ്ഥാപനം എന്ന സ്വപ്നം ഈ യുവാവിന്റെ മനസ്സില്‍ നിരന്തരം ജ്വലിച്ചു കൊണ്ടേയിരുന്നു.
പ്രദീഷിന്റെ മനസ്സിലെ മുന്നേറാനുള്ള ആഗ്രഹവും ആത്മവിശ്വാസവും മനസ്സിലാക്കിയത് കൊണ്ടാകാം അഹല്യ ഹോസ്പിറ്റല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. രവി, പ്രദീഷിനെ ബന്ധപ്പെടുകയും പ്രദീഷിന്റെ സ്വപ്നത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. Under Water City എന്ന തന്റെ ആശയത്തെ കുറിച്ച് പ്രദീഷ് അദ്ദേഹവുമായി സംസാരിക്കുകയും ആ ആശയത്തില്‍ താല്പര്യവും വിശ്വാസവും തോന്നിയ ഡോ. രവി, EMKE ഗ്രൂപ്പിന്റെ ട്രെസ്റ്റി മെമ്പറായ ഡോക്ടര്‍ ഹംസയ്ക്ക് പ്രദീഷിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ പദ്ധതി കന്യാകുമാരിയില്‍ ആരംഭിക്കാം എന്ന് അവര്‍ തീരുമാനിച്ചു. അതിന് വേണ്ടിയുള്ള പരിശ്രമമായിരുന്നു പിന്നീട്. പ്രദീഷിന്റെ സ്വപ്നത്തിന് കരുത്ത് പകരാന്‍ അന്ന് സുഹൃത്തുക്കള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. അവര്‍ക്ക് ഈ യുവാവിനോട് ഉണ്ടായിരുന്നത് വലിയ വിശ്വാസമായിരുന്നു.
Under Water City എന്ന പദ്ധതിയുടെ ഭാഗമായി രാഷ്ട്രീയപരമായും മറ്റും ഒരുപാട് പ്രതിസന്ധികള്‍ പ്രദീഷ് എന്ന യുവാവിന് നേരിടേണ്ടി വന്നു. സൗദിയില്‍ നിന്നും ഈ പ്രോജക്ട് നടപ്പിലാക്കാന്‍ ഫണ്ട് ലഭിക്കുമെന്ന സാഹചര്യമുണ്ടായിട്ട് പോലും തന്റെ ആ സ്വപ്നത്തെ ആവിഷ്കരിക്കാന്‍ ഈ യുവാവിന് സാധിക്കാതെ പോയി. ഈയൊരു ആശയത്തെ നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ഒരുപാട് സാമ്പത്തിക നഷ്ടവും പ്രദീഷിന് നേരിടേണ്ടി വന്നു.
ഒരു മിഡില്‍ ക്ലാസ് ഫാമിലിയായ തന്റെ കുടുംബത്തില്‍ നിന്നും ആദ്യമായി ഒരു സംരംഭകന് ആകാനുള്ള ഒരു പിന്തുണയും പ്രദീഷിന് ലഭിച്ചിരുന്നില്ല. ഏതൊരു സാധാരണ മാതാപിതാക്കളെയും പോലെ മകന് ഒരു ജോലി എന്നത് തന്നെയായിരുന്നു ഈ യുവാവിന്റെയും മാതാപിതാക്കളുടെ സ്വപ്നം. അങ്ങനെയാണ് തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച ഒരു അഡ്വര്‍ടൈസ്മെന്റ് ഏജന്‍സിയില്‍ അഡ്വര്‍ടൈസ്മെന്റ് എക്സിക്യൂട്ടീവ് ആയി പ്രദീഷ് ജോലിക്ക് പ്രവേശിക്കുന്നത്.
ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരു ധാരണയും ഈ യുവാവിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഓരോ കാര്യങ്ങളും ഓരോ സാഹചര്യങ്ങളും പ്രദീഷിന് പുതിയ അനുഭവങ്ങളും കരുത്തും പകര്‍ന്ന് നല്കി കൊണ്ടേയിരുന്നു. റിപ്പോര്‍ട്ടിങ് മാനേജരുടെ ഒപ്പമായിരുന്നു പ്രദീഷ് അന്ന് ഏറെയും ജോലിയുടെ ആവശ്യമായി യാത്ര ചെയ്തിരുന്നത്. അങ്ങനെ പോകുമ്പോഴാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ STARK COMMUNICATIONS എന്ന സ്ഥാപനത്തില്‍ പ്രദീഷിന് ജോലി ലഭിക്കുന്നത്. അവിടെ നിന്നും ഓരോ മേഖലയെ കുറിച്ചും പ്രദീഷ് മനസിലാക്കി. കൂടുതല്‍ അനുഭവങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ പ്രദീഷ് ഉള്‍ക്കൊണ്ടു.
എത്ര മികച്ച ജോലിയായിരുന്നെങ്കിലും അതിലൊന്നും പ്രദീഷിന് സംതൃപ്തനാവാനെ കഴിഞ്ഞിരുന്നില്ല. തന്റെ മുന്നില്‍ വിശാലമായ അവസരങ്ങളുടെ ലോകമുണ്ടെന്നും തനിക്ക് മികച്ച സംരംഭകനായി മാറണം എന്ന സ്വപ്നവും ആ ചെറുപ്പക്കാരന്റെ മനസ്സില്‍ അപ്പോഴും വളര്‍ന്ന് കൊണ്ടേയിരുന്നു..
2014 ഡിസംബറിലാണ് തന്റെ ആദ്യ സംരംഭമായ LOOPERS VENTURES PRIVATE LIMITED എന്ന സംരംഭത്തിന് പ്രദീഷ് തുടക്കം കുറിക്കുന്നത്. RED LOOPS എന്ന ADVT. AGENCY, 2018ല്‍ ആരംഭിച്ച E -CREDITS എന്ന CREDIT CARD DUE MANAGEMENT SERVICES എന്ന സ്ഥാപനം, 2022 ല്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ ആരംഭിച്ച LIFE STYLE CAFE ആയ CAFE LOOP എന്നീ ബ്രാന്‍ഡ് സംരംഭങ്ങള്‍ LOOPERS VENTURES PRIVATE LIMITED എന്ന സംരംഭത്തിന്റെ കീഴില്‍ ഇന്ന് പ്രവര്ത്തിക്കുന്നുവയാണ്.
തന്റെ സംരംഭത്തിന്റെ തുടക്കസമയങ്ങളില്‍ തന്റെ ജോലിയെ നിലനിര്‍ത്തികൊണ്ടാണ് പ്രദീഷ് സംരംഭത്തെ മുന്നോട്ട് കൊണ്ട് പോയത്. ശാസ്തമംഗലത്തെ INDUSIND ബാങ്കില്‍ പ്രവര്‍ത്തിക്കുമ്പോഴും ഈ യുവാവ് ഒപ്പം തന്റെ സംരംഭത്തെയും നയിക്കുന്നുണ്ടായിരുന്നു. ആ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം തന്നെയായിരുന്നു തന്റെ സംരംഭത്തിന്റെ മൂലധനവും. അപ്പോഴെല്ലാം ഒട്ടനവധി പ്രതിസന്ധികള്‍ പ്രദീഷിന് നേരിടേണ്ടി വന്നിരുന്നു. സംരംഭം തുടങ്ങാന്‍ വലിയ മൂലധനം ആവശ്യമില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണം തന്നെയാണ് ഈ യുവാവ്.
എല്ലാത്തിനെയും അതിജീവിച്ചു കൊണ്ട് തന്റെ സംരംഭത്തെ ഇന്ന് പ്രദീഷ് ഏറെ മുന്നിലേക്ക് എത്തിച്ചു. 2018 ലാണ് തന്റെ ജോലിയില്‍ നിന്നും പ്രദീഷ് രാജി വയ്ക്കുന്നത്. പിന്നീട് തന്റെ ശ്രദ്ധ പൂര്‍ണമായും ബിസിനസിലേക്ക് നല്‍കുകയായിരുന്നു ഇദ്ദേഹം. തന്റെ സ്ഥാപനത്തിന്റെ ഓഫീസ് ടെക്നോപാര്‍ക്കിലേക്ക് പ്രദീഷ് മാറ്റുന്നത് ഈ സമയത്താണ്. അന്ന് പ്രദീഷിന് പൂര്‍ണമായും പിന്തുണ നല്‍കിയിരുന്നത് ഗോകുലം മെഡിക്കല്‍ കോളേജിന്റെ ചെയര്‍മാനായ ഡോ. മനോജ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഡോ. ഷീജ എന്നിവരാണ്. 2020 ഡിസംബറിലാണ് തന്റെ രണ്ടാമത്തെ സംരംഭമായ LOOPERS MINI NIDHI LIMITED (NBFC) എന്ന FINANCIAL INTERMEDIARY SERVICES സംരംഭത്തിന് ഈ ചെറുപ്പക്കാരന് തുടക്കം കുറിക്കുന്നത്. ഇന്ന് എഴുന്നൂറില്‍ അധികം കസ്റ്റമേഴ്സാണ് ഈ സ്ഥാപനത്തിന് ഉള്ളത്.
ആദ്യ സമയത്ത് സംശയത്തോടെ നോക്കിയിരുന്ന മാതാപിതാക്കളുടെ ഭാഗത്ത് നിന്നും വളരെ മികച്ച പിന്തുണ തന്നെയാണ് ഇപ്പോള്‍ പ്രദീഷിന് ലഭിക്കുന്നത്. ഭാര്യ നിഷയുടെ പിന്തുണയും വാക്കുകളും പലപ്പോഴും ഈ യുവാവിന്റെ മുന്നോട്ടുള്ള ഊര്‍ജത്തിന് കരുത്ത് പകരാറുണ്ട്. ദിയ എന്ന തന്റെ മകളുടെ ഓരോ പുഞ്ചിരിയും ഈ യുവാവിന് ജീവിത വിജയത്തിലേക്കുള്ള ആവേശമാണ്.
ഒരു സംരംഭം തുടങ്ങാനുള്ള ആവേശവും ആശയവും ആ സംരംഭത്തിന്റെ ഓരോ ഘട്ടങ്ങളിലും എപ്പോഴും ഉണ്ടാകണം എന്നതാണ് പ്രദീഷിന്റെ ജീവിത വിജയത്തിന്റെ ഒരു പാഠം. ഏറ്റവും മികച്ച ടീം ഓരോ സംരംഭങ്ങള്‍ക്കും ആവശ്യമാണെന്നും അതിലൂടെ മാത്രമേ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കു എന്നും ഈ യുവാവ് വിശ്വസിക്കുന്നു. തന്റെ ഓരോ തീരുമാനങ്ങളെ കുറിച്ചും പല തവണ ചിന്തിച്ചശേഷം മാത്രമേ ഒരു കൃത്യമായ പ്രവര്‍ത്തനത്തിലേക്ക് ഈ യുവ സംരംഭകന് കടക്കാറുള്ളൂ. സ്വപ്നം കണ്ട് ഇരിക്കുമ്പോഴല്ല, കൃത്യമായ പദ്ധതിയിലൂടെ അത് നടപ്പിലാക്കുന്നതിന്റെ ആദ്യ ചുവട് വയ്ക്കുമ്പോള്‍ തന്നെ വിജയത്തിലേക്ക് നമ്മള് കടക്കുകയാണ് എന്ന വലിയ പാഠമാണ് സംരംഭ സ്വപ്നം കാണുന്ന ഓരോ സംരംഭകര്‍ക്കും ഈ യുവാവ് നല്കുന്ന സന്ദേശം.
രത്തന്‍ ടാറ്റയുടെ ജീവിത വഴികളും യൂസഫലിയുടെ വിജയ പാഠങ്ങളും വലിയ പ്രചോദനമാണ് ഈ യുവാവിന് നല്‍കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അവരെ അനുകരിക്കാന്‍ പ്രദീഷ് എന്ന ഈ സംരംഭകന് ശ്രമിച്ചിട്ടില്ല. ഓരോ മനുഷ്യനും വ്യത്യസ്തനാണെന്നും അവര്‍ക്കുള്ള വിജയവും പ്രവര്‍ത്തന മേഖലയും വ്യത്യസ്തമാണെന്നും ഈ യുവാവ് വിശ്വസിക്കുന്നു. ഈയൊരു ആത്മവിശ്വാസവും കാഴ്ച്ചപ്പാടും തന്നെയാണ് ഒന്നുമില്ലായ്മയില്‍ നിന്നും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു യുവ സംരംഭകന് എന്ന നിലയിലേക്ക് പ്രദീഷിനെ എത്തിച്ചത്.
ഇനിയും ഒരുപാട് ആശങ്ങള്‍ക്ക് രൂപം നല്‍കണമെന്നും മികച്ച സംരംകനായി മാറണം എന്നതുമാണ് ഈ യുവാവിന്റെ സ്വപ്നം. അതോടൊപ്പം തന്നെ തന്റെ സംരംഭങ്ങളെ ഇനിയും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് കൊണ്ടുവരാനും പ്രദീഷ് ശ്രമിക്കുകയാണ്. ആത്മവിശ്വാസം മാത്രമല്ല, തോല്‍വിയില്‍ പതറാതെ നില്‍ക്കാനുള്ള കരുത്ത് കൂടിയുണ്ടെങ്കില്‍ ഈ ലോകത്ത് ആശയങ്ങളുടെ വിസ്മയം തീര്‍ക്കാമെന്ന സന്ദേശമാണ് പ്രദീഷ് നായര്‍ എന്ന ഈ യുവാവ് പകര്‍ന്ന് നല്‍കുന്നത്.