അതിജീവനത്തിന്റെ ഓര്‍ക്കിഡ് പുഷ്പങ്ങള്‍
മനോഹരമായ ഓര്‍ക്കിഡ് പുഷ്പങ്ങള്‍ വീടിന്റെ മട്ടുപ്പാവില്‍ വിരിയുമ്പോള്‍ അതൊരു കൗതുകമായും മാനസികോല്ലാസമായും മാത്രമേ തുടക്കത്തില്‍ അശ്വതി ചിന്തിച്ചിരുന്നുള്ളൂ. പിന്നീട് ഈ മേഖലയുടെ വിപണന സാധ്യതകള്‍ മനസ്സിലാക്കി അതൊരു വരുമാന മാര്‍ഗമാക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ യൂട്യൂബ് വീഡിയോകള്‍ വീക്ഷിച്ചു ഓര്‍ക്കിഡ് കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. പിന്നെ, പലഭാഗത്തുനിന്നും തൈകള്‍ ശേഖരിച്ചു, തന്റെ വിനോദത്തെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാരംഭിച്ചു. അതിന്റെ പൂര്‍ണ വിജയമാണ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിഹാരം ഓര്‍ക്കിഡ് എന്ന് ഓര്‍ക്കിഡ് ഫാം.
തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്, വിളവൂര്‍ക്കല്‍ സ്വദേശിനിയാണ് അശ്വതി. തന്റെ ഒഴിവുസമയം ചെടികള്‍ നട്ടുപിടിപ്പിക്കാനും അവയെ പരിപാലിക്കുവാനുമായി അശ്വതി ഉപയോഗിച്ചിരുന്നു. ഒരു കൗതുകത്തിന്റെ ഭാഗമായാണ് അശ്വതി തന്റെ തോട്ടത്തില്‍ ഓര്‍ക്കിഡ് ചെടികള്‍ നട്ടുവളര്‍ത്തിയത്. ആദ്യം പത്തോളം ചെടികളായിരുന്നു ആ തോട്ടത്തിലുണ്ടായിരുന്നത്. അവയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നല്‍കി കാലാവസ്ഥയ്ക്കനുസരിച്ചുള്ള രീതിയില്‍ അശ്വതി അവ പരിപാലിച്ചു. അങ്ങനെ സന്തോഷകരമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് അശ്വതിയെ ക്യാന്‍സര്‍ രോഗം വേട്ടയാടുന്നത്.
രോഗപീഡകളും ചികിത്സയുടെ കാഠിന്യവും അശ്വതിയുടെ ശരീരത്തിനെ തളര്‍ത്തി. ക്രമേണ അശ്വതിക്ക് ചലനശേഷി നഷ്ടമാവുകയും ശരീരത്തിലെ ഒരു ഭാഗം പൂര്‍ണമായും തളര്‍ന്നു പോവുകയും ചെയ്തു. ആ സാഹചര്യത്തെ അതിജീവിക്കുക വളരെ ബുദ്ധിമുട്ട് തന്നെയായിരുന്നു. എങ്കിലും അശ്വതിയുടെ മനസ്സ് തളര്‍ന്നില്ല. അതോടൊപ്പം, ഭര്‍ത്താവ് അശോക് കുമാറിന്റെ പിന്തുണ കൂടി ചേര്‍ന്നപ്പോള്‍, രോഗത്തോട് സധൈര്യം പൊരുതാന്‍ അശ്വതി തീരുമാനിച്ചു.
കൈവിട്ടുപോയ ആത്മവിശ്വാസം ആദ്യം വീണ്ടെടുത്തു. മികച്ച ചികിത്സ തേടുകയും രോഗത്തെ ഒരു പരിധിവരെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുകയും ചെയ്തതോടെ അശ്വതിയുടെ ആത്മവിശ്വാസവും മനോബലവും ഒന്നുകൂടി ശക്തിപ്പെട്ടു. ആശുപത്രിയുടെ മനം മടുപ്പിക്കുന്ന ചുറ്റുപാടില്‍ നിന്ന് വീട്ടില്‍ എത്തിയശേഷവും അശ്വതിയുടെ കാലുകള്‍ക്ക് പൂര്‍ണമായ സുഖം ലഭിച്ചിരുന്നില്ല. എല്ലാ വിഷമതകളില്‍ നിന്നും തന്റെ ശ്രദ്ധയെ അകറ്റുവാന്‍ അശ്വതി ചെടികളുമായുള്ള ചങ്ങാത്തം വീണ്ടും ആരംഭിച്ചു.
അസുഖം ബാധിച്ച കാലുകളുമായി, അസ്വസ്ഥതകള്‍ മറന്ന് ചെടികളുമായി ചെലവിടുന്ന ഓരോ നിമിഷവും അശ്വതിയ്ക്ക് നല്കിയത് സാന്ത്വനത്തിന്റെ അമൃതസ്പര്‍ശമായിരുന്നു. എന്തിനും ഏതിനും പിന്തുണയുമായി ഭര്‍ത്താവ് അശോക് കുമാറും.
തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളില്‍ നിന്നായി വിവിധതരം ഓര്‍ക്കിഡുകള്‍ ശേഖരിച്ചു. അവയെ നട്ടുവളര്‍ത്താന്‍ ആവശ്യമായ രീതിയില്‍ തന്റെ വീടിന്റെ മട്ടുപ്പാവിനെ സജ്ജീകരിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ ഒരു ഓര്‍ക്കിഡ് തോട്ടമായി അശ്വതി തന്റെ മട്ടുപ്പാവിനെ മാറ്റി.
നിഹാരം ഓര്‍ക്കിഡ് ഫാം
ഓര്‍ക്കിഡുകളുടെ അത്ഭുത ലോകമാണ് നിഹാരം ഓര്‍ക്കിഡ് ഫാം. വ്യത്യസ്തവും മനോഹരവുമായ ചെടികളും പുഷ്പങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു പൂങ്കാവനം… വിവിധ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ ഈ ഫാമിലുണ്ട്. ഓര്‍ക്കിഡ് ചെടികള്‍ക്കും അവയുടെ ‘പോളിഹൗസിനു’മായി അശ്വതി നല്ലൊരു തുക ചെലവഴിച്ചിട്ടുണ്ട്. തന്റെ അസ്വസ്ഥതകളും രോഗാവസ്ഥയും മറികടന്നു മുന്നോട്ട് പോകാന്‍ അശ്വതി കാണിച്ച ധൈര്യമാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഒരു സമ്പൂര്‍ണ ഫാമായി നിഹാരം ഓര്‍ക്കിഡ് ഫാമിനെ മാറ്റിയത്.
ഡെന്‍ഡ്രോബിയം,mokkara, vanda, cattleya, oncidium, tolumina, phalaenopsis, ground orchids,ആന്തൂറിയം തുടങ്ങിയവയ്‌ക്കൊപ്പം പത്തുമണി ചെടിയുടെ ശേഖരവും നിഹാരം ഓര്‍ക്കിഡ് ഫാമിനെ വ്യത്യസ്തമാക്കുന്നു. കാലാവസ്ഥയ്ക്കു അനുസൃതമായാണ് ഓരോ ചെടികയെയും ഇവിടെ പരിപാലിക്കുന്നത്. ദിവസവും ഓരോ ചെടിയെയും നനയ്ക്കുന്നതിനൊപ്പം ആവശ്യാനുസരണം ജൈവവളവും രാസവളവും നല്‍കാറുമുണ്ട്.
ഓരോ ഇനത്തില്‍പ്പെട്ട ചെടികള്‍ക്കും ഓരോ രീതിയിലാണ് പരിപാലനം ആവശ്യമായി വരുന്നത്. ഒന്ന് ശ്രദ്ധ പിഴച്ചാല്‍ വന്‍ നഷ്ടമാകും സംഭവിക്കുക. അതിനാല്‍ത്തന്നെ വളമിടല്‍, വെള്ളമൊഴിക്കല്‍, കീടങ്ങളെ അകറ്റല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും അശ്വതി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന, പ്രത്യേക പരിപാലനം ആവശ്യമില്ലാത്ത ഡെന്‍ഡ്രോബിയം മുതല്‍ നന്നായി പരിചരണം ആവശ്യമായ Phalenopsis വരെയുള്ള ഓര്‍ക്കിഡ് ഇനങ്ങള്‍ നിഹാരത്തില്‍ ഉണ്ട്. കീടശല്യം, അഴുകല്‍ രോഗം എന്നിവ ബാധിക്കാതിരിക്കാന്‍ പെസ്റ്റിസൈഡുകളും ഫംഗിസൈഡുകളും ഉപയോഗിച്ചു വരുന്നു. കൂടാതെ, നല്ല വളര്‍ച്ചയ്ക്കായി കടല പിണ്ണാക്ക്, ചാണകം തുടങ്ങിയ ജൈവവളങ്ങളും ഉപയോഗിക്കുന്നു. ധാരാളം പൂക്കള്‍ ലഭിക്കുന്നതിനും മറ്റുമായി എന്‍ പി കെ 19:19: 19, ഗ്രീന്‍ കെയര്‍ തുടങ്ങിയ രാസവളങ്ങളും ഈ ഫാമില്‍ ഉപയോഗിക്കുന്നുണ്ട്.
ചകിരിതൊണ്ടും കരിക്കട്ടയും ഓട്ടിന്‍ കഷ്ണങ്ങളും വായുസഞ്ചാരമുള്ള കുടങ്ങളിലോ, നെറ്റുകളിലോ നിറച്ചാണ് ചെടികള്‍ നടുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസൃതമായാണ് ഓരോ ഓര്‍ക്കിഡുകളെയും പരിപാലിക്കുന്നത്. ഓര്‍ക്കിഡുകള്‍ക്ക് നേരിട്ട് സൂര്യപ്രകാശം ആവശ്യമായി വരുന്നില്ല. അതുകൊണ്ടുതന്നെ, വീടിന്റെ മട്ടുപ്പാവിലാണ് അശ്വതി പോളിഹൗസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വേരിലെ മുകുളങ്ങളെടുത്തും കൂടുതല്‍ വിത്തുകള്‍ ശേഖരിച്ചും പുതിയ സസ്യങ്ങള്‍ ഉല്പാദിപ്പിച്ചു, അശ്വതി തന്റെ ഫാമിനെ വിപുലപ്പെടുത്തി കൊണ്ടേയിരിക്കുന്നു. മുന്‍പ് തിരുവനന്തപുരത്ത് നിന്ന് മാത്രമായിരുന്നു വിത്തുകള്‍ ശേഖരിച്ചിരുന്നതെങ്കില്‍, ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ വിവിധ ജില്ലകളില്‍ നിന്നു ഓര്‍ക്കിഡു വിത്തുകള്‍ ശേഖരിക്കുന്നു.
മികച്ച വാണിജ്യ സാധ്യതയുള്ള മേഖലയാണ് ഓര്‍ക്കിഡ് കൃഷി. പൂക്കള്‍ക്കും ചെടികള്‍ക്കും നല്ല വില ലഭിക്കും. നല്ല കരുതലും പരിപാലനവും ആവശ്യമാണ് എന്നുമാത്രം. വീട്ടമ്മമാര്‍ക്ക് ഒഴിവുസമയം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നല്ലൊരു വരുമാന മാര്‍ഗമാണ് ഇതെന്ന് അശ്വതി ചൂണ്ടിക്കാണിയ്ക്കുന്നു. അതിനൊരു മികച്ച ഉദാഹരണം തന്നെയാണ് അശ്വതിയുടെ നിഹാരം ഓര്‍ക്കിഡ് ഫാം. ഒന്നര വര്‍ഷം പിന്നിട്ടിരിക്കുകയാണ് നിഹാരം. ധാരാളമാളുകള്‍ ഇവിടെ സന്ദര്‍ശിക്കുകയും ഓര്‍ക്കിഡുകള്‍ വാങ്ങുകയും ചെയ്യുന്നു. ഇവിടെ നിന്നു പ്രേരണ ഉള്‍ക്കൊണ്ട് ഓര്‍ക്കിഡ് കൃഷി ആരംഭിച്ചവരും ഏറെയുണ്ട്.
അസുഖം ശരീരത്തെ തളര്‍ത്തിയെങ്കിലും മനോധൈര്യം കൈവിടാതെ മുന്നോട്ടുപോകാന്‍ അശ്വതി കാണിച്ച തന്റേടം തന്നെയാണ് നിഹാരം ഓര്‍ക്കിഡ് ഫാമിന്റെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടായത്. ഓരോ ചുവടിലും അശ്വതിക്ക് താങ്ങായത് ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെയായിരുന്നു. മുന്‍ മിലിട്ടറി ഉദ്യോഗസ്ഥനായ അദ്ദേഹം നാട്ടില്‍ത്തന്നെ ഒരു ഫാം നടത്തുകയാണ് ഇപ്പോള്‍. പശു, ആട,് നാടന്‍ കോഴി, ഇറച്ചിക്കോഴി, കന്നുകാലികള്‍ തുടങ്ങിയവയാണ് ഇവിടെ പരിപാലിക്കപ്പെടുന്നത്. തന്റെ ജോലിക്കൊപ്പം ഭാര്യയുടെ ഫാമിലേക്ക് ആവശ്യമായ സഹായവും യാതൊരു മുടക്കവുമില്ലാതെ അദ്ദേഹം ചെയ്തുപോരുന്നു.
തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടുപോയി വിജയം കൈവരിച്ച വ്യക്തിയാണ് അശ്വതി. നിരവധി ഓര്‍ക്കിഡുകളുടെ ശേഖരവുമായി ഏവരെയും വിസ്മയിപ്പിക്കുകയാണ് നിഹാരം ഓര്‍ക്കിഡ് ഫാമും തന്റെ അതിജീവനത്തിലൂടെ അശ്വതി അശോക് എന്ന വനിതയും…
കുടുംബം:
ഭര്‍ത്താവ് : അശോക് കുമാര്‍
മകള്‍ : ആര്‍ദ്ര എ കുമാര്‍ (7-ാം ക്ലാസ് വിദ്യാര്‍ത്ഥിനി).
വിലാസം;
അശ്വതി അശോക്
രാജഗിരി, വിളവൂര്‍ക്കല്‍
മലയിന്‍കീഴ്
തിരുവനന്തപുരം – 695571
ഫോണ്‍: 95398 56080