വര്‍ഗീസ് വെറുമൊരു വ്യക്തിയല്ല
ബിസിനസ് മോഹങ്ങളും പോക്കറ്റിലെ പണവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ അങ്ങനെയല്ലാതെ ബിസിനസില്‍ വിജയക്കൊടി പാറിപ്പിച്ചവരുടെ ഏറ്റവും വലിയ മൂലധനം സ്ഥിരോത്സാഹവും അര്‍പ്പണഭാവവും പരിശ്രമിക്കാനുള്ള മനസ്സുമാണെന്നു തെളിയിക്കുന്ന ഒരാളെക്കുറിച്ചാണിവിടെ പറഞ്ഞു വയ്ക്കുന്നത്. നേതൃമികവിന്റെ ആത്മബലം കൊണ്ടാണ് ഇ.പി.വര്‍ഗീസ് എന്ന വ്യക്തി വളര്‍ന്നതും വിജയിച്ചതും. സുരക്ഷിതമായ കുടുംബ പശ്ചാത്തലമില്ലാതെ, അധ്വാനിച്ചു നേടിയ നേട്ടങ്ങളാണു വര്‍ഗീസിന്റെ വിജയമന്ത്രം.
സാമ്പത്തിക അടിത്തറയില്ല എന്ന ഒറ്റ കാരണത്താല്‍ വ്യവസായ സ്വപ്നങ്ങളെ മനസ്സിന്റെ അടിത്തട്ടിലേക്ക് പൂഴ്ത്തി വയ്ക്കുന്നവര്‍ ഇ.പി.വര്‍ഗീസിന്റെ ജീവിതം വായിക്കുക. കൂലിപ്പണിക്കാരായി ജീവിച്ച മാതാപിതാക്കളുടെ കുടുംബത്തില്‍ നിന്നുള്ള വര്‍ഗീസ് എറണാകുളം പിറവം സ്വദേശിയാണ്. വ്യവസായ മേഖലയില്‍ പ്രഗത്ഭനും വയനാട്ടില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഹോട്ടല്‍ ഇന്ദ്രിയയിലെ ഫിനാന്‍സ് അഡ്മിനിസ്ട്രേഷന് മാനേജറുമാണ് ഇന്ന് വര്‍ഗീസ്.
വര്‍ഗീസ് തന്റെ 21-ാം വയസ്സിലാണ് ബിസിനസ്സ് രംഗത്ത് ഭാഗ്യം പരീക്ഷിക്കുന്നത്. വിദേശമദ്യ വില്പനയിലൂടെയാണ് വര്‍ഗീസ് വ്യവസായം എന്ന തന്റെ സ്വപ്നലോകത്തിലേക്ക് പ്രവേശിക്കുന്നത്. ഏരിയ സെയില്‍സ് മാനേജരായി കേരളത്തിലെങ്ങും 23 വര്‍ഷത്തോളം ജോലി ചെയ്ത വര്‍ഗീസിനു സെയില്‍സും ബിസിനസിന്റെ ഉയര്‍ച്ച താഴ്ചകളും പുതിയ പാഠങ്ങളായി. ഓരോ ഉദ്യമവും ലഹരിയായി. സെയില്‍സ് രംഗത്തെ സുദീര്‍ഘ അനുഭവത്തില്‍ നിന്നുയിര്‍കൊണ്ടതാണ് വര്‍ഗീസിന്റെ ഇപ്പോഴുള്ള ബിസിനസ് വളര്‍ച്ചയ്ക്ക് ആധാരം എന്നു പറയാതെ വയ്യ.
സെയില്‍സ് – മാര്‍ക്കറ്റിങ് രംഗം രുചിക്കുന്തോറും കൂടുതല്‍ രുചിയേറുന്ന അഭിനിവേശമാണെന്നാണ് വര്‍ഗീസിന്റെ പക്ഷം. പലരും മുഖം തിരിക്കുന്ന മേഖലയാണെങ്കിലും വര്‍ഗീസിനു സെയില്‍സ് രംഗത്തോടുള്ള ഭ്രമം ചില്ലറയല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള വ്യത്യസ്ത ഇടങ്ങളിലെ വ്യത്യസ്തരായ വ്യക്തികളോടുള്ള സാമൂഹിക ബന്ധത്തില്‍ നിന്നു ബിസിനസ് കെട്ടിപ്പൊക്കുന്നതില്‍ ഒരു ത്രില്‍ ഉണ്ടെന്നു വര്‍ഗ്ഗീസ് എപ്പോഴും പറയും.
പ്രസ്തുത മേഖലയിലുള്ള പ്രാവീണ്യം തെളിയിക്കാന്‍ സാധിച്ചതോടെ വര്‍ഗീസിന് ഉയര്‍ച്ചകള്‍ കൈവരിക്കാനും പ്രതീക്ഷിച്ചതിനെക്കാള്‍ ഏറെ വ്യവസായ മേഖലയില്‍ വളരാനും സാധിച്ചു. വഴികള്‍ നമുക്കു മുന്പിലൂണ്ട്, അതു നമ്മുടേതാണെന്നു തിരിച്ചറിയുന്നിടത്താണു നമ്മുടെ വിജയം നിശ്ചയിക്കപ്പെടുന്നത്. തന്റെ വഴി ഇതാണെന്നു കണ്ടെത്തി തീര്ച്ചപ്പെടുത്താനായതാണ് വര്‍ഗീസിലെ മിടുക്കനായ സെയില്‍സ്മാനെ മാനേജരോളം വളര്‍ത്തിയത്.
പ്രോഡക്ടുകള്‍ പലവട്ടം മാറിയപ്പോഴും സെയില്‍സ് രംഗത്തു വര്‍ഗീസ് മാത്രം മാറിയില്ല. ബിസിനസ് വിട്ടൊരു കളിക്കും അദ്ദേഹം നിന്നതുമില്ല. ഹോട്ടലും ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനും തുണിക്കടയുമടക്കം ബിസിനസിന്റെ പല തലങ്ങളിലൂടെ വര്‍ഗീസ് നടന്നു. ചിലതെല്ലാം പിഴച്ചു. പക്ഷേ, പലയിടത്തും വളര്‍ന്നു. വില്പനയുടെ രസതന്ത്രം നന്നായറിഞ്ഞതിന്റെ ഭാഗമായാണു ഹോട്ടല്‍ മേഖലയിലേക്കിറങ്ങിയത്.
ഹോട്ടല്‍ ബിസിനസിന്റെ രുചിയും രുചിയില്ലായ്മയും പഠിച്ചെടുത്ത ശേഷമാണു വലിയൊരു ഹോട്ടല്‍ ശൃംഖലയുടെ സാരഥ്യം ഏറ്റെടുക്കാനായി വയനാടന്‍ ചുരം കയറിയത്. രണ്ട് വര്‍ഷം മുമ്പാണ് വയനാട്ടില്‍ ഹോട്ടല്‍ ഇന്ദ്രിയ വയനാടിന്റെ ഫിനാന്‍സ് അഡ്മിനിസ്ട്രേഷന് മാനേജറായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവിടെയും നൂതനാനുഭവങ്ങളെ ജീവിതാവസ്ഥകളുമായി ഇഴചേര്‍ത്തു വര്‍ഗീസ് വിജയത്തിലേക്കുള്ള വഴികളില്‍ ആലോചന തുടര്‍ന്നു.
കോവിഡ് പ്രതിസന്ധിയില്‍ ഹോട്ടല്‍ വ്യവസായം വിറങ്ങലിച്ചപ്പോള്‍ ജിവനക്കാരെയെല്ലാം ചേര്‍ത്തു പിടിച്ചുള്ള വര്‍ഗീസിന്റെ യാത്ര ഹോട്ടല്‍ ഇന്ദ്രിയയുടെ വിജയഗാഥയില്‍ എഴുതിച്ചേര്‍ക്കേണ്ടതു തന്നെയാണ്. ദുരിതം കണ്മുന്നില് കണ്ടു വളര്‍ന്നയാളാണു വര്‍ഗീസ്. മാതാപിതാക്കളുടെ കഷ്ടപ്പാടിനൊപ്പം വളര്‍ന്നതു കൊണ്ടും ദുരിതങ്ങളോടു പടവെട്ടി നടന്നതു കൊണ്ടുമാകാം, പ്രതിസന്ധികളെ തരണം ചെയ്യാനൊരു പ്രത്യേക കഴിവ് വര്‍ഗീസില്‍ ജന്മസിദ്ധമാണ്.
കുട്ടിക്കാലം മുതല്‍ അഖിലകേരള ബാലജനസഖ്യത്തിന്റെ പ്രവര്‍ത്തകനായും നേതാവായും നേതൃഗുണത്തിന്റെ ബാലപാഠങ്ങള്‍ ശീലിച്ച ഇ.പി.വര്‍ഗീസിനു കേരളത്തിലെമ്പാടും വലിയ സൗഹൃദവലയമുണ്ട്. സൗഹൃദങ്ങളാണു സെയില്‍സ് കഴിഞ്ഞാല്‍ ഏറ്റവും പ്രിയതരമെന്നും വര്‍ഗീസ് ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. ആത്മാര്‍ഥതയും കഠിനാധ്വാനവും പഠിച്ചെടുത്തത് അച്ഛനമ്മമാരില്‍ നിന്നാണെങ്കിലും നേതൃമികവിന്റെ പാഠശാല അഖിലകേരള ബാലജനസഖ്യമായിരുന്നുവെന്നും ഇ.പി.വര്‍ഗീസ് പറഞ്ഞുവയ്ക്കുന്നു.
കുടുംബം, അതിന്റെ അടിത്തറയില്‍ പണിതെടുത്ത വിജയങ്ങളേ നിലനില്‍ക്കൂ എന്ന ചിന്തയാണു വര്‍ഗീസിന്റെ കരുത്ത്. ഭാര്യ റീന വര്‍ഗീസും മക്കളായ മിലി വര്‍ഗീസും മിലു വര്‍ഗീസും അവരുടെ കുടുംബങ്ങളും നല്‍കിവരുന്ന നിതാന്ത പിന്തുണയാണ് വിജയത്തിന് ആധാരമെന്നും വര്‍ഗീസ് സാക്ഷ്യപ്പെടുത്തുന്നു.
പ്രതിസന്ധികളെ അവസരങ്ങളായി കണക്കാക്കണമെന്നുള്ളതാണു വര്‍ഗീസിന്റെ തത്വശാസ്ത്രം. നല്ലൊരു മനസ്സുണ്ടെങ്കില്‍, ഈശ്വരന് തുണയുണ്ടെങ്കില്‍ നമ്മുടെ ഉള്ളില്‍ കരുത്തു താനേ നിറയും. സര്വേശ്വരന് നമ്മളില്‍ ഊര്‍ജം നിറയ്ക്കും. ആ കരുത്തു മാത്രം മതി തുടര്‍ന്നുള്ള വിജയങ്ങളുടെ വഴിവെട്ടിത്തെളിക്കാന്‍. സ്വന്തമായൊരു വലിയ സംരംഭം കെട്ടിപ്പൊക്കി അവിടെ സത്യം കൊണ്ടൊരു വിജയം സൃഷ്ടിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം. ഏതുവലിയ കുത്തൊഴുക്കിലും പതറാതെ നിലയുറപ്പിക്കാനുള്ള മൂലധനം നമ്മുടെ അനുഭവം നമുക്കു സമ്മാനിച്ചിട്ടുണ്ട്. അതുമാത്രം മതി മുന്നോട്ടുള്ള യാത്രയ്ക്കു കരുത്താകാന്‍, ഇ.പി.വര്‍ഗീസ് ഉറപ്പിച്ചു പറയുന്നു.