ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാണ് വിജയം. ആ തലത്തിലേക്ക് എത്താന്‍ കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമാണ് ഏകവഴി. കഠിനാധ്വാനം ചെയ്യുന്നവരെല്ലാം വിജയിക്കുന്നുണ്ടോ എന്ന ചോദ്യം അപ്പോള്‍ തലപൊക്കിയേക്കും. ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ.
അസാധ്യമായി യാതൊന്നുമില്ല എന്ന സന്ദേശം അടിവരയിട്ടുറപ്പിക്കുന്നതാണ് വില്‍മാ റുഡോള്‍ഫിന്റെ ജീവിതം. അമേരിക്കയിലെ ടെന്നീസില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിലാണ്, വളര്‍ച്ചയെത്താതെ വില്‍മാ റുഡോള്‍ഫ് ജനിച്ചത്. കുഞ്ഞ് അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതിന് സാക്ഷ്യപത്രമെന്നോണം നാലാമത്തെ വയസില്‍ അവളുടെ രണ്ടുകാലുകളും പോളിയോ രോഗം വന്ന് തളര്‍ന്നുപോയി. എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത അവസ്ഥ.
പക്ഷേ, തോല്ക്കാന് അവള് തയ്യാറായിരുന്നില്ല. ബന്ധുബലമോ സാമ്പത്തിക ഭദ്രതയോ തീരെയില്ലാതിരുന്നിട്ടും അവള് തളര്‍ന്നില്ല. കൂട്ടായി ഉണ്ടായിരുന്നത് അമ്മ മാത്രം. കൂലിപ്പണിയെടുത്ത് കുടുംബം നോക്കിയിരുന്ന അമ്മയ്ക്ക്, ഒരു നിമിഷം പോലും മകള്‍ ഭാരമായി തോന്നിയില്ല. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത അമ്മയായിരുന്നു അവളുടെ ഗുരുവും മോട്ടിവേറ്ററും മാതൃകയുമെല്ലാം. ആത്മവിശ്വാസത്തിന്റെ പാഠങ്ങള്‍ അമ്മയില്‍ നിന്നുമാണ് അവള് ഗ്രഹിച്ചത്.
ഒന്‍പതാം വയസ്സില്‍ വില്‍മാ റുഡോള്‍ഫ് അമ്മയോടു പറഞ്ഞു: ”അമ്മേ, എനിക്ക് ലോകത്തിലെ ഏറ്റവും വലിയ ഓട്ടക്കാരിയാകണം”. അമ്മ അതുകേട്ട് ഞെട്ടിയില്ല. കാലിന് സ്വാധീനമില്ലാത്ത മകളുടെ വെറുമൊരു ജല്പനമായി കരുതിയില്ല. അമ്മയെന്ന റോളില്‍ താന്‍ വിജയിച്ചിരിക്കുന്നു എന്നറിഞ്ഞ് അത്യധികം ആഹ്ലാദിച്ചു. മകളെ പുണര്‍ന്ന് അമ്മ പറഞ്ഞത് ഇങ്ങനെയാണ്:
”കുഞ്ഞേ, നിന്റെ ആഗ്രഹം അതാണെങ്കില്‍ അതു തന്നെ സംഭവിക്കും. നീ ലോകത്തിലെ ഏറ്റവും വലിയ ഓട്ടക്കാരിയായി മാറും. നിന്നെ തോല്പിക്കാന് മറ്റാര്‍ക്കുമാവില്ല”. കാതുകളല്ല, വില്മയുടെ ഹൃദയമാണ് ആ വാക്കുകളേറ്റു വാങ്ങിയത്. ഈ വാക്കുകള്‍ ഹൃദയം അവളെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഈ വാക്കുകള്‍ വില്‍മയില്‍ ആത്മവിശ്വാസത്തിന്റെ തീനാളം ജ്വലിപ്പിച്ചുകൊണ്ടേയിരുന്നു.
നാല് വര്‍ഷങ്ങളോളം നീണ്ട കഠിനമായ പ്രയത്നത്തിനൊടുവില്‍, ഒരു ദിനം, അവള് തന്റെ ഊന്നുവടി ദൂരേക്ക് വലിച്ചെറിഞ്ഞു.
സ്വന്തം ഇച്ഛാശക്തിയുടെ പിന്തുണയോടെ അവള് നടക്കാന്‍ ആരംഭിച്ചു. പടിപടിയായി ഓടാനുള്ള കഴിവും അവള് നേടിയെടുത്തു. കോച്ച് എഡ്ടെമ്പിളിന്റെ ശിക്ഷണത്തില്‍ ചിട്ടയായ പരിശിലനം ആരംഭിച്ചു. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം പക്ഷേ അവസാനമായി ഓടിയെത്തുന്നത് വില്മയായിരുന്നു. അതും അവളെ തളര്‍ത്തിയില്ല. കഠിനമായ പരിശീലനം തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒടുവില്‍, ചരിത്രം മാറ്റിയെഴുതിയ ആ ദിനം വന്നെത്തി. 1960-ലെ റോം ഒളിംബിക്സ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മുന്‍ ചാമ്പ്യന്‍ ജൂട്ടാ ഹെയിലിനെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പിന്നിലാക്കി വില്‍മാ റുഡോള്‍ഫ് സുവര്‍ണ വിജയത്തിലേക്ക്….
തളര്‍ന്നുകിടന്ന തന്നെ, പിടിച്ചെഴുന്നേല്പിച്ച് പടക്കുതിരയാക്കിയ അമ്മയ്ക്ക് വില്‍മ തന്റെ സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു.
വില്‍മാ റുഡോല്‍ഫിന്റെ ജീവിതം പകര്ന്നുനല്കുന്നത് ആത്മവിശ്വാസത്തിന്റെ പുത്തന്‍ ഏടുകളാണ്. ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്ന് വിജയം വരിക്കാന്‍ ആദ്യം കൈമുതലായി വേണ്ടത് ആള്‍ബലമോ സമ്പാദ്യമോ അല്ല, ‘വിജയിക്കു’മെന്ന വിശ്വാസമാണ്. സംശയത്തിന് ഇടം നല്‍കാത്ത, ആത്മവിശ്വാസത്തിന് മാത്രമേ ഒരാളെ വിജയപദത്തലെത്തിക്കാന് കഴിയൂ.
”ഉറക്കത്തില്‍ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം”, എന്ന് മഹാനായ ഡോ.എ.പി.ജെ അബ്ദുല്‍കലാം പറഞ്ഞതുപോലെ ലക്ഷ്യം ഹൃദയത്തില്‍ ആവാഹിക്കണം. ലക്ഷ്യം വലുതോ ചെറുതോ ആയിക്കോട്ടെ, ആ ലക്ഷ്യം ഹൃദയത്തിലുണ്ടാകണം. അബോധ മനസ്സിന്റെ അടിത്തട്ടില്‍ അതിന്റെ അലകള്‍ ചെന്നെത്തണം. എന്നാല്‍ മാത്രമേ, ഒരഗ്നിപര്‍വതം പോലെ അത് നമ്മുടെയുള്ളില്‍ ജ്വലിക്കുകയുള്ളൂ. ആ ജ്വലനം നാഡീഞരമ്പുകളില്‍ ഊര്‍ജം നിറയ്ക്കും. ചിന്തകളിലും പ്രവര്‍ത്തികളിലും പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കും. ആ ഒരു ഉണര്‍വ് നമ്മുടെ ചിന്തകളെയും പ്രവര്‍ത്തികളെയും എപ്പോഴും ചടുലതയോടെ നിലനിര്‍ത്തും. ആ ലക്ഷ്യത്തോടുള്ള അഥവാ ആ ആഗ്രഹത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്, ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള കുറുക്കുവഴി.
പരമപ്രധാനമായ നമ്മുടെ ലക്ഷ്യത്തിനോട് നമ്മള് എപ്പോഴും കൂറും വിശ്വസ്തതയും പുലര്‍ത്തണം. ശരീരവും മനസും അര്‍പ്പിച്ച്, കഠിനപ്രയത്നം തന്നെ വേണ്ടി വരും വിജയിക്കാന്‍. ഒരു നിമിഷ നേരത്തെ അശ്രദ്ധ പോലും നമ്മെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാം. വളരെ നിസാരമെന്ന് തോന്നുന്ന ചില കാര്യങ്ങളാകാം നമ്മെ വന്‍പരാജയത്തില്‍ കൊണ്ടെത്തിക്കുക. ചെറിയൊരു അശ്രദ്ധ നിമിത്തം നമ്മുടെ വിലയേറിയ യോഗ്യതകളും മൂല്യബോധവുമെല്ലാം നിഷ്പ്രഭമായി പോയേക്കാം. ഒരു തുള്ളി വിഷദ്രാവകം മതിയല്ലോ അമൃത് പോലും വിഷമയമാക്കാന്‍.
വിജയിക്കുമെന്ന ഉത്തമബോധ്യത്തോടെ, സ്വപ്നം കാണുന്ന ലക്ഷ്യത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കാന്‍ തയ്യാറാണെങ്കില്‍, വിജയം സുനിശ്ചിതം. ഇന്നല്ലെങ്കില്‍ നാളെ വിജയം നിങ്ങളെ തേടിയെത്തും.