രഞ്ജുവിന്റെ സ്വന്തം ഡോറ
വീടുകയറി നടന്ന് പുസ്തകം വിറ്റു നടന്ന രഞ്ജു രഞ്ജിമാരില്‍ നിന്നും ഇന്നത്തെ വളര്‍ച്ചയിലേക്കുള്ള യാത്രയെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ മനസ്സ് തുറക്കുന്നു
വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വ്യക്തി പ്രഭാവത്തിന് ഉടമയാണ് രഞ്ജു രഞ്ജിമാര്‍. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിതവിജയം നേടിയ വ്യക്തി. ജീവിത വഴിത്താരയില്‍ അവര്‍ താണ്ടിയ കനല്‍ വഴികളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും രഞ്ജു രഞ്ജിമാര്‍ എന്ന സംരംഭകയെക്കുറിച്ച് അധികം ആര്‍ക്കും ഒരുപക്ഷേ അറിവുണ്ടാകില്ല. വീടുകയറി നടന്ന് പുസ്തകം വിറ്റു നടന്ന രഞ്ജു രഞ്ജിമാരില്‍ നിന്നും ഇന്ത്യയിലും വിദേശത്തുമായി ഡോറ ബ്യൂട്ടി വേല്‍ഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ വ്യാപിച്ചുകിടക്കുന്ന നാലോളം ബ്യൂട്ടി സലൂണുകളുടെ ഉടമയിലേക്കുള്ള യാത്രയെക്കുറിച്ച് രഞ്ജു മനസ്സുതുറക്കുന്നു.
രഞ്ജുവിന്റെ വാക്കുകളിലൂടെ…
ഇഷ്ടികക്കളത്തില്‍ നിന്നും സ്‌കൂള്‍ ഹോസ്റ്റല്‍ ജോലിയില്‍ നിന്നും, കൊച്ചിയിലേക്കും, അവിടുന്ന് നീണ്ട കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ഒരു ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിലേക്ക് അതിനോടൊപ്പം ഒരു ബിസിനസുകാരി എന്ന നിലയിലുമുള്ള യാത്ര ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പേടിയും ഒപ്പം അത്ഭുതവും തോന്നുന്നു. എന്നും നന്ദിയോടെ മനസ്സിലുള്ളത് ജെ എസ് ആര്‍ ആണ്. ഒരു ബിസിനസ് വുമണ്‍ ആകുക എന്നതിന് യാതൊരു വിധത്തിലുള്ള മാസ്റ്റര്‍ പ്ലാനും തയ്യാറാക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍.
എന്റെ ഉള്ളില്‍ ഒരു ബിസിനസുകാരി ഉണ്ട് എന്ന് ഞാന്‍ ആദ്യം തിരിച്ചറിയുന്നത് എറണാകുളത്ത് എന്റെ തുടക്കകാലത്താണ്. അന്ന് പ്രഭാത് ബുക്‌സില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് വീട് വീടാന്തരം കയറിയിറങ്ങി വില്‍ക്കുമായിരുന്നു. പക്ഷേ അന്നൊന്നും ബ്യൂട്ടി മേഖലയിലേക്ക് ഞാന്‍ കടന്നു വരുമെന്നും ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷേ, എന്റെ മനസ്സിലെപ്പോഴും അക്കാദമി എന്നൊരു സ്വപ്‌നം ഉണ്ടായിരുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഡോറ എന്നിലേക്ക് വരുന്നത്. അതിന് കാരണം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ എസ് ആര്‍ കമ്പനി എന്ന സ്ഥാപനമാണ്. അവര്‍ ബ്യൂട്ടിപാര്‍ലറുകളുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങാനായി തീരുമാനിച്ചപ്പോള്‍ ആദ്യം സമീപിച്ചത് എന്നെയാണ്. ചൈനയില്‍ നിന്നും ബ്യൂട്ടി പാര്‍ലറുകളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍ക്കുന്ന ഒരു സ്ഥാപനമായിരുന്നു അന്ന് ചര്‍ച്ചകളില്‍. എന്നാല്‍ അത് പിന്നീട് എങ്ങനെയൊക്കെയോ വഴിമാറി ഇന്ന് കാണുന്ന ഡോറയില്‍ എത്തിച്ചേരുകയായിരുന്നു.
ഒരു ബ്യൂട്ടിപാര്‍ലര്‍ എന്ന കണ്‍സെപ്റ്റിലേക്ക് അത് വന്നപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ഇന്ന് എറണാകുളത്തും അങ്കമാലിയിലും കൊല്ലത്തുമായി മൂന്ന് സ്ഥാപനങ്ങളാണ് ഡോറയുടെ പേരിലുള്ളത്. ഇത് കൂടാതെ ദുബായില്‍ ബ്യൂട്ടി ലയര്‍ എന്നപേരില്‍ മറ്റൊരു സലൂണ്‍ കൂടിയുണ്ട്. ഈ നാല് സ്ഥാപനങ്ങളിലും ആയി 60ലധികം സഹപ്രവര്‍ത്തകരാണ് എനിക്കുള്ളത്. അവരുടെ പിന്തുണയിലാണ് ഞാന്‍ മുന്നോട്ട് പോകുന്നത്.
ഇതു കൂടാതെ ഡോറയുടെ കീഴില്‍ നമുക്ക് രണ്ട് അക്കാദമികള്‍ കൂടിയുണ്ട്.
എന്റെ കുട്ടികള്‍ ‘ബെസ്റ്റ്’ ആയിരിക്കണമെന്ന വാശിയോടെയാണ് ഞാന്‍ അവര്‍ക്ക് പരിശീലനം നല്‍കുന്നത്. കൂടാതെ ഡോറയില്‍ എത്തുന്ന ഓരോ കസ്റ്റമേഴ്‌സും 100% സംതൃപ്തിയോടെ ആയിരിക്കണം മടങ്ങി പോകുന്നത് എന്ന നിര്‍ബന്ധവും എനിക്കുണ്ട്. ഈ രണ്ടു കാര്യങ്ങള്‍ക്കാണ് സാമ്പത്തികമായ മറ്റെല്ലാം നേട്ടങ്ങള്‍ക്കും ഉപരിയായി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ബിസിനസിന്റെ അടുത്ത പടിയെന്നോണം കേരളത്തിലെ എല്ലാ ജില്ലകളിലും ദുബായിലും കാനഡയിലും ഡോറയുടെ പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
അര്‍പ്പണ മനോഭാവത്തോടെയുള്ള ഒരു പ്രവര്‍ത്തനമാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെങ്കില്‍ വിജയം ഉറപ്പാണ് എന്ന കാര്യമാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുതന്നെയാണ് എനിക്ക് എല്ലാ സ്ത്രീകളോട് പറയാനുള്ളത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ മേഖല ഏതായാലും അവിടെ പൂര്‍ണമായ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക, വിജയം സുനിശ്ചിതമാണ്. മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ പ്രായം, ജീവിത പശ്ചാത്തലം, ജെന്‍ഡര്‍ ഇതൊന്നും ഒരു തടസ്സമല്ല. നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കു.
എല്ലാ കാര്യങ്ങളിലും എല്ലാവരോടും ‘യെസ്’ എന്ന മറുപടി മാത്രം പറഞ്ഞു ശീലിക്കാതെ ചിലപ്പോഴെങ്കിലും ഒരു ‘നോ’ പറയുക. അതു വരുത്തുന്ന മാറ്റം വലുതായിരിക്കും. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി മാത്രം ആയുസ്സും ആരോഗ്യവും തീര്‍ക്കേണ്ടവരല്ല സ്ത്രീകള്‍. ഒരു പുസ്തകത്താളിലും അങ്ങനെ പറഞ്ഞിട്ടില്ല… ഈ സമൂഹം സൃഷ്ടിച്ചതാണ് ഇത്തരം കീഴ്‌വഴക്കങ്ങള്‍. ഇത്തരം ചങ്ങലക്കെട്ടുകളില്‍ നിന്നും പുറത്ത് കടക്കാനുള്ള വഴി സ്ത്രീകള്‍ക്ക് തുറന്നു കൊടുക്കാതെ എത്ര വനിതാ ദിനങ്ങള്‍ നമ്മള്‍ ആഘോഷിച്ചിട്ടും ഒരു പ്രയോജനവുമില്ല.
ജീവിതത്തില്‍ എനിക്ക് രണ്ടു വലിയ സ്വപ്‌നങ്ങള്‍ ആണുള്ളത്. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ദീപിക പദുക്കോണിനെ മേക്കപ്പ് ചെയ്യണമെന്നതാണ് ആദ്യത്തെ ആഗ്രഹം. രണ്ടാമത്തെ ആഗ്രഹം കോസ്മറ്റോളജിയില്‍ ഒരു ക്യാമ്പസ് അക്കാദമി കേരളത്തില്‍ ആരംഭിക്കുക എന്നതാണ്.