പ്രതിസന്ധികളില്‍ തളരാതെ രജിത്തിന്റെ ജീവിത പോരാട്ടം
ജീവിതം പലപ്പോഴും നാം ആഗ്രഹിക്കുന്ന വഴിക്ക് സഞ്ചരിക്കണമെന്നില്ല. സന്തോഷ നിമിഷങ്ങള്‍ക്കിടയില്‍ പ്രതീക്ഷിക്കാത്ത സമയത്ത് ഏല്ക്കുന്ന ചില ആഘാതങ്ങള്‍ നമ്മെ വളരെയധികം തളര്‍ത്തിയെന്നും വരാം. എന്നാല്‍ ഇച്ഛാശക്തികൊണ്ട് ഇത്തരം പ്രതിബന്ധങ്ങളില്‍ നിന്നും ചിറകടിച്ചുയരുന്നവര്‍ മാത്രമാണ് ജീവിതത്തില്‍ വിജയം നേടിയിട്ടുള്ളത്. അത്തരത്തില്‍ തന്റെ ഭാവി അവസാനിച്ചു എന്ന് തോന്നിയിടത്ത് നിന്നും പുതിയ ഉണര്‍വോടെ ജീവിതം കെട്ടിപ്പടുത്ത വ്യക്തിയാണ് കൊല്ലം സ്വദേശിയായ രജിത്ത് ഉഷര്‍ബുധന്‍.
ഉഷര്‍ബുധന്‍ – ലീല ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത മകനാണ് രജിത്ത്. സാമ്പത്തികമായി നല്ല നിലയില്‍ ജീവിച്ചിരുന്ന കുടുംബമായിരുന്നു ഇവരുടേത്. അങ്ങനെയിരിക്കെ രജിത്ത് പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ യാദൃശ്ചികമായി അച്ഛന്റെ ജോലി നഷ്ടപ്പെടുന്നതോടെയാണ് കുടുംബത്തിന്റെ താളം തെറ്റുന്നത്. ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ താഴെയുള്ള സഹോദരങ്ങള്‍ക്ക് വേണ്ടി തന്റെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ പഠനത്തില്‍ മുന്‍തൂക്കം കൊടുത്തിരുന്ന രജിത്തിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ കുടുംബത്തിന്റെ നല്ല ഭാവി മാത്രം മനസില്‍ കണ്ടിരുന്ന ആ വിദ്യാര്‍ത്ഥി തുടര്‍പഠനത്തിനും ജീവിതാവശ്യത്തിനുമുള്ള മാര്‍ഗം അന്വേഷിക്കുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞുകൊടുത്തുകൊണ്ടുള്ള ഉപജീവനമാര്‍ഗം തെരഞ്ഞെടുത്തപ്പോള്‍ പിതാവിനും ഒരു എതിര്‍പ്പും ഉണ്ടായില്ല. സ്വന്തം ഇഷ്ടം പോലെ ചെയ്യാനുള്ള പിതാവിന്റെ ഉപദേശത്തിന് വഴങ്ങി, കുട്ടിക്കള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്തുതുടങ്ങി. അങ്ങനെ തന്റെ പതിനഞ്ചാമത്തെ വയസില്‍ രജിത്ത് കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ ആരംഭിച്ചു. വീടുകളില്‍ ചെന്ന് ട്യൂഷനെടുക്കുന്നതിനും അപ്പോഴേക്കും പലരും വിളിച്ചുതുടങ്ങിയിരുന്നു.
ഒരാള്‍ മാത്രം പഠിപ്പിച്ചു തുടങ്ങിയ വീട്ടിലേക്കു രജിത്തിനുമാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്നതില്‍ കൂടുതല്‍ കുട്ടികള്‍ എത്തിത്തുടങ്ങി. മൂന്ന് കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍ 90 കുട്ടികളായി. അതോടെ പത്താം ക്ലാസില്‍ അപ്പോള്‍ പഠിച്ചിരുന്ന സഹോദരിയും ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സഹോദരനും കുട്ടികള്‍ക്ക് അക്ഷരം എഴുതി പഠിപ്പിക്കാന്‍ കൂടെക്കൂടി. അവിടെ ഒരു അധ്യായം ആരംഭിക്കുകയായി…
കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം സ്വന്തം പഠനത്തിലും ഉപേക്ഷ വിചാരിക്കാത്ത ഇദ്ദേഹം കോമേഴ്സില്‍ പോസ്റ്റ് ഗ്രാജുയേഷന് എടുത്ത് തന്റെ വിദ്യാഭ്യാസം തുടര്‍ന്നു.
പിന്നീട് തനിക്ക് ഒറ്റക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സഹോദരങ്ങളെയും കൂടെക്കൂട്ടി തന്റെ സ്ഥാപനം വളര്‍ത്തിയെടുക്കുകയായിരുന്നു. അങ്ങനെ വിദ്യാര്‍ത്ഥിയായിരിക്കെ രജിത്ത് നാഷണല്‍ ട്യൂഷന് സെന്റര്‍ എന്ന സ്ഥാപനം കെട്ടിപ്പടുത്തു. കൂടാതെ, കുട്ടികള്‍ കൂടിയതോടുകൂടി മറ്റു അധ്യാപകരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലാസുകള്‍ തുടര്‍ന്നു. അപ്പോഴേക്കും ഏറ്റവും ഇളയ സഹോദരിയെ കൂടി ഉള്‍പ്പെടുത്തി സ്ഥാപനം കുറച്ചുകൂടി വിപുലീകരിച്ചു. അവിടെ ചരിത്രം വഴിമാറി.
അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങിയ സ്ഥാപനത്തില്‍ പിന്നെ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളും സ്പെഷ്യല്‍ ക്ലാസ്സുകളും പ്ലസ്ടു ഡിഗ്രി തലത്തിലുള്ള ക്ലാസ്സുകളും കൊണ്ട് പതിനഞ്ചു വര്‍ഷത്തിനിടയില്‍ വളര്‍ന്നു വലുതായി. തുടര്‍ന്ന് വിവിധയിനം കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കായി ഡാറ്റാ ലൈന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ എന്ന ഒരു സ്ഥാപനം ചവറ പരിമണത്തു ആരംഭിച്ചു. വിവിധ കമ്പ്യൂട്ടര്‍ ക്ലാസ്സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായിരുന്നു അവിടെ പ്രധാനമായും നല്‍കിയിരുന്നത്.
അതിരാവിലെ മുതല്‍തന്നെ വിവിധ കോഴ്സുകള്‍ നടത്തിവന്നു. രാവിലെയും വൈകുന്നേരവും ഞായറാഴ്ചകളിലുമായി എല്ലാ സ്റ്റാന്ഡേര്ഡിലേക്കുമുള്ള കുട്ടികളുടെ ക്ലാസുകള്‍ വിജയകരമായി നടന്നു. ഉന്നതവിജയം നേടിയ പല കുട്ടികളും ഇന്ന് നല്ല വിവിധ മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. അങ്ങനെ ജീവിതം അവസാനിച്ചു എന്ന് തോന്നിയ ഇടത്തുനിന്നും നാല് വിദ്യാര്‍ത്ഥികളുടെ പഠനവും അത്യാവശ്യ കുടുംബ കാര്യങ്ങളും നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ട്യൂഷന് സെന്ററില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് രജിത്തിനും സഹോദരങ്ങള്‍ക്കും സാധിച്ചു.
തന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഇദ്ദേഹത്തിന്. എന്നാല്‍ അവയെല്ലാം തന്റെ ഇച്ഛാശക്തികൊണ്ട് ചെറുത്തു തോല്‍പ്പിച്ച വ്യക്തിയാണ് രജിത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തേവലക്കര, ശാസ്താംകോട്ട എന്നീ ശാഖകളിലെ ഫിനാക്കിള്‍ കണ്‍വേര്‍ഷന്‍ ചെയ്യാനും രജിത്തിന് കഴിഞ്ഞിട്ടുണ്ട്. തലസ്ഥാനത്തുള്ള സ്വരാജ് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി സേവനം ആരംഭിച്ച ഇദ്ദേഹം അവിടെ തന്നെ മാനേജരായി അവിടെ നിന്നു പിന്നീടുള്ള പല സ്ഥാപനങ്ങളിലും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു.
അക്കൗണ്ടിങ്, ടാക്സേഷന്‍, ഫിനാന്‍സ്, ഓഡിറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ്, അഡ്മിനിസ്ട്രേഷന് എന്നിങ്ങനെ വിവിധ മേഖലകളില്‍ 26 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട് ഇദ്ദേഹത്തിന്. പല കമ്പനികള്‍ക്കും ഓപ്പറേഷന്‍സ് മാനുവല്‍ തയാറാക്കി കൊടുക്കുക, ടാക്സ് സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കുക. NBFC കമ്പനികളുടെ രൂപീകരണം, ആര്‍ബിഐയുടെ പരാതികള്‍ തീര്‍പ്പാക്കി കൊടുക്കുക. എഫ്ഐയു, സികെവൈസി എന്നിവയുടെ രജിസ്ട്രേഷന്‍സ് എന്നീ ഒട്ടുമിക്ക മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫ്യേഴ്സിന്റെയും ചിട്ടയായ കാര്യങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും ഇദ്ദേഹം ഇന്ന് ചെയ്തു വരുന്നു.
കേരളത്തില്‍ ഇന്ന് നിലവിലുള്ള പല പ്രമുഖ സ്ഥാപനങ്ങളിലെയും പ്രധാന സ്ഥാനം അലങ്കരിച്ചിട്ടുള്ള ഇദ്ദേഹം നിലവില്‍ എസ്.എം.എല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ് അസോസിയേറ്റ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് രജിത്ത്. കൂടുതല്‍ അറിവ് നേടാന്‍ ആഗ്രഹിക്കുന്ന ഇദ്ദേഹം ജോലിയോടൊപ്പം സി.എ കോഴ്സും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇതിനൊക്കെ പുറമെ നല്ലൊരു കാലാകാരന് കൂടിയാണ് രജിത്ത്. പഠനകാലം മുതല്‍ മോഡലിങ്ങിലും കവിതാ രചനയിലും തല്പരനായിരുന്ന രജിത്ത് പങ്കെടുക്കുന്ന മത്സരങ്ങളില്‍ ഒന്നാമത് എത്തുകയും ചെയ്തിരുന്നു. തന്റെ പാഷനെ പ്രൊഫഷനോടൊപ്പം കൊണ്ടുപോകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രദ ഉറപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ തന്റെ കഴിവുകളെ കണ്ടില്ലെന്ന് നടിക്കുകയല്ലാതെ രജിത്തിന് മറ്റ് മാര്‍ഗമില്ലായിരുന്നു.
ഇപ്പോഴും അതേ കലാഹൃദയം സൂക്ഷിക്കുന്ന ഇദ്ദേഹം തന്റെ നിരവധി മ്യൂറല്‍ പെയിന്റിങുകളും കവിതകളും പുറംലോകമറിയാതെ തന്റെ സ്വകാര്യതയില്‍ സൂക്ഷിക്കുന്നുണ്ട്. അഭിനയത്തിലും സംവിധാനത്തിലും അഭിരുചിയുള്ള രജിത്ത് ഇതിനോടകം ‘അഴകേ നിനക്കായി’ എന്ന ഒരു ആല്‍ബം സംവിധാനം ചെയ്തിട്ടുമുണ്ട്.
തന്റെയും സഹോദരങ്ങളുടെയും കഠിനാധ്വാനത്താല്‍ തകര്‍ച്ചയുടെ വക്കിലെത്തിയ കുടുംബത്തെ കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം. ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് രജിത്തിന്റെ കുടുംബം.
പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ അതിശയവും അതിലേറെ സന്തോഷവുമാണ് രജിത്തിന്. ഒരു പതിനാല് വയസുകാരന് ഇത്രയും സാധിക്കുമെങ്കില്‍, മനസു വച്ചാല്‍ എല്ലാവര്ക്കും ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് രജിത്ത്.