OWAISE BOUTIQUE; പാരമ്പര്യം ഇഴചേര്‍ത്ത വര്‍ണപ്പൊലിമ
എല്ലാ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥികളെയും പോലെ പഠനത്തിനുശേഷം കാഞ്ഞിരപ്പള്ളി സ്വദേശിയായ മീനു മേരി മാത്യുവിനെയും കുഴക്കിയ ചോദ്യമായിരുന്നു ഇനിയെന്ത് എന്നുള്ളത്. വസ്ത്രാലങ്കാരത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന് ലഭിക്കുക. എക്സ്പീരിയന്‍സ് നേടേണ്ടത് ഫാഷന്‍ ഡിസൈനറുടെ മാത്രം ചുമതലയാണ്. എന്നാല്‍ അതോടൊപ്പം തന്നെ തന്റെ കരിയറും വളര്‍ത്തിയെടുക്കുവാനാകണം, ഒപ്പം സ്വന്തം കുടുംബത്തിന് കൈത്താങ്ങുമാകണം. ഇതിനു വേണ്ടിയുള്ള അന്വേഷണങ്ങളാണ് മീനുവിനെ ഫാഷന്‍ എക്സിബിഷനുകളിലേക്ക് കൊണ്ടെത്തിച്ചത്.
2012ലെ ഓണക്കാലത്ത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ വച്ച് നടന്ന എക്സിബിഷനില്‍ പങ്കെടുക്കുവാന്‍ മീനുവിന് സാധിച്ചു. പങ്കെടുത്ത ആദ്യ എക്സിബിഷനില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ മീനുവിന് സാധിച്ചു. ഈ ആത്മവിശ്വാസത്തിലാണ് പിന്നീട് ഇന്ത്യ മുഴുവന്‍ വേരുകളുള്ള ഒരു കമ്പനി തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച എക്സിബിഷനില്‍ മീനു പങ്കെടുക്കുന്നത്. ഇതിലും ശ്രദ്ധിക്കപ്പെടുവാനും കൂടുതല്‍ അംഗീകാരങ്ങള്‍ നേടുവാനുമായതോടെ ഈ ഫാഷന്‍ ഡിസൈനറുടെ കരിയറില്‍ ഒരു പുതുവഴി തുറക്കപ്പെട്ടു.
ഈ കമ്പനിയുടെ ഭാഗമായി പല സംസ്ഥാനങ്ങളില്‍ നിന്നും ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ശേഖരിക്കുവാനും അവ നല്ല രീതിയില്‍ വിപണനം ചെയ്തു അവരോടൊപ്പം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുവാനും മീനുവിന് സാധിച്ചു. പല പ്രദേശങ്ങളിലെയും തനതു വസ്ത്രനിര്മാണവിദ്യകളെ അടുത്തറിയുവാന്‍ അങ്ങനെ മീനുവിന് കഴിഞ്ഞു.
ആറുവര്‍ഷം നീണ്ട ഈ കരിയറിലൂടെ ഇന്ത്യന്‍ വസ്ത്രനിര്‍മാണത്തിന്റെ വൈവിധ്യം അടുത്തറിയുവാന്‍ മീനുവിനായി. തുടര്‍ന്ന് തന്റെ കരിയര്‍ യാത്രയ്ക്ക് തുടക്കമിട്ട പാളയം അയ്യന്‍കാളി ഹാളിന് സമീപം OWAISE BOUTIQUE എന്ന പേരില്‍ സ്വതന്ത്രമായി തന്റെ സ്ഥാപനം ആരംഭിക്കുവാനും മീനുവിന് കഴിഞ്ഞു.
നൂറുകണക്കിന് തുണിക്കടകളുള്ള തിരുവനന്തപുരത്ത് മറ്റെവിടെയും ലഭിക്കാത്ത കളക്ഷനുകള്‍ തന്റെ ബോട്ടിക്കില്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം മീനുവിന് തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പോയി ഹോള്‍സെയിലായി വസ്ത്രങ്ങള്‍ വാങ്ങി വില്പനയ്ക്ക് വയ്ക്കുന്ന തുണിക്കടകളില്‍ നിന്ന് വിഭിന്നമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള നെയ്ത്തു ഗ്രാമങ്ങളില്‍ പരമ്പരാഗതമായി നെയ്ത്തുവേലകള്‍ ചെയ്യുന്നവര്‍ നിര്‍മിച്ചെടുക്കുന്ന പകരം വയ്ക്കാനാകാത്ത വസ്ത്രങ്ങളാണ് Owaise ന്റെ കളക്ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പാരമ്പര്യം തന്നെയാണ് Owaise ബോട്ടീക്കിന്റെ മുഖമുദ്ര.
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്തിട്ടുള്ള മീനു ഒറ്റയ്ക്കാണ് തന്റെ സംരംഭം പടുത്തുയര്‍ത്തിയത്. പിന്നീട് തന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെ ലഭിച്ചതോടെ തന്റെ സംരംഭത്തിനും പുത്തനുണര്‍വ് നല്കുവാന് മീനുവിന് കഴിഞ്ഞു. ‘കളക്ഷന്‍’ വര്‍ദ്ധിപ്പിക്കാനുള്ള മീനുവിന്റെ യാത്രകളില്‍ ഭര്‍ത്താവും ഒപ്പമുണ്ടാകും.
ഒരു പെണ്‍കുട്ടി സ്വന്തം കാലില്‍ നില്ക്കാന് ശ്രമിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് ഈ മേഖലയിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു താങ്ങായി മറുവാന്‍ മീനു ആഗ്രഹിക്കുന്നു. കൈത്തറിയിലും കരകൗശല വിദ്യയിലും താല്പര്യമുള്ള പെണ്‍കുട്ടികളെ പരിശീലിപ്പിക്കുവാനും അവരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുവാനുമുള്ള Owaise ബൊട്ടീക്കിന്റെ ശ്രമങ്ങള്‍ 2025ഓടെ പൂര്‍ത്തിയാക്കും.
വസന്തോത്സവങ്ങള്ക്ക് മാറ്റു കൂട്ടുവാനായി മീനുവിന്റെ കളക്ഷന്‍ നഗരങ്ങള്‍ തോറും യാത്ര ചെയ്യാറുണ്ട്. ബാംഗ്ലൂരും പൂനെയുമൊക്കെ സന്ദര്‍ശിച്ചു ഓണകാലത്ത് ഈ വര്‍ണവൈവിധ്യം കേരളത്തിലേക്ക് തിരിച്ചുവരും. പലപ്പോഴും കേരളത്തെ പ്രതിനിധീകരിച്ച് വര്‍ഷങ്ങളായി മീനു ഈ ദേശീയ വസ്ത്രമേളകളില് പങ്കെടുക്കാറുണ്ട്.
ജമ്മു കശ്മീര്‍ മുതല്‍ ബാലരാമപുരം വരെ നീളുന്ന നെയ്ത്തുഗ്രാമങ്ങളില്‍ മീനുവിന് സുഹൃത്തുക്കളുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വസ്ത്ര പാരമ്പര്യത്തിന്റെ ഔട്ട്ലെറ്റായി തന്റെ സംരംഭത്തെ മാറ്റുകയെന്ന സ്വപ്നം ഉടന്‍തന്നെ പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവസംരംഭക.