Success Story

അതിജീവനത്തിന്റെ കരുത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച് നൗഫി എന്ന സംരംഭക

സബിത ഗംഗാധരന്‍

പക്ഷിയെപോലെ പറന്ന് നടക്കുന്ന കാലത്ത് ചിറകുകള്‍ക്ക് പറക്കുവാനുള്ള ശക്തി നഷ്ടപ്പെടുമ്പോള്‍ പകച്ചു പോകുന്ന സാധാരണ മനുഷ്യര്‍. ആശ്രയത്വം നഷ്ടപ്പെടുന്ന ഒരാള്‍ക്ക് വിധിയുടെ തിരിച്ചടികളില്‍ പതറാതെ മുന്നോട്ട് പോയേ പറ്റൂ. അത്തരത്തിലുള്ള ആളുകള്‍ അതിജീവനം ചിറകുകളാക്കി ഉയരങ്ങളിലേക്ക് പറക്കുന്നു. അത്തരത്തിലൊരു വ്യക്തിയാണ് കോഴിക്കോട് സ്വദേശിയായ നൗഫി.

തളര്‍ന്നിരിക്കുന്നവര്‍ക്ക് താങ്ങാന്‍ ചുമലുണ്ടെങ്കില്‍ തളര്‍ച്ച കൂടും. എന്നാല്‍ ജീവിതം അവസാനിച്ചു എന്ന് തോന്നുന്നിടത്ത്, തളര്‍ന്നിരുന്നാല്‍ ഒന്നിനും പരിഹാരമാകില്ലായെന്ന് ആശ്വസിപ്പിച്ചു, മുന്നോട്ടുള്ള പ്രയാണത്തിനു ഊര്‍ജ്ജം നല്കി ജീവിതത്തെ മനോഹരമാക്കണമെന്ന് സാന്ത്വനമേകി, പ്രോത്സാഹനം നല്കിയവരാണ് നൗഫിയെ ഒരു സംരംഭകയാക്കി മാറ്റിയത്.

സ്വന്തം സ്ഥലമായ കോഴിക്കോട് അരീക്കാട് കേന്ദ്രീകരിച്ച് ഹെലന്‍ ബോട്ടിക്ക് എന്ന സംരംഭത്തിനു തുടക്കം കുറിക്കുമ്പോള്‍, ശൂന്യതയില്‍ നിന്ന് സംരംഭകമേഖലയിലേക്ക് ഉയര്‍ത്തപ്പെട്ട അനുഭവമാണ് നൗഫിയ്ക്ക് ഉണ്ടായത്. ചെറുപ്പകാലം മുതല്‍ ഡിസൈനിങ് ഇഷ്ടപ്പെട്ടിരുന്ന നൗഫിക്ക് ബിസിനസ് എന്ന ആശയമുണ്ടായപ്പോള്‍ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്യുക എന്നതിനപ്പുറം മറ്റൊന്നും തന്നെ മനസില്‍ വന്നിരുന്നില്ല. അങ്ങനെ, ഒരു സ്വപ്‌നസാക്ഷാത്കാരം കൂടിയാണ് നൗഫിക്ക് ഈ സംരംഭം.

പ്രതീക്ഷ അറ്റുപോകുന്നവര്‍ക്ക്, ജീവിതത്തില്‍ പൊരുതി ജയിക്കാന്‍ പ്രേരണയേകുന്ന ജീവിതമാണ് നൗഫിയുടേത്. സ്വയം പര്യാപ്തത നേടാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഒരു ഉത്തമ മാതൃകയായ നൗഫിയുമായി ‘സക്‌സസ് കേരള’ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.

എന്തായിരുന്നു സ്വന്തമായി ഒരു ബിസിനസിലേക്ക് എത്തിച്ച സാഹചര്യം?
മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലന്‍ ബോട്ടിക്ക് ആരംഭിച്ചത്. സാമ്പത്തികമായി വളരെ മോശം അവസ്ഥയില്‍ നിന്നും ഇന്ന് കാണുന്ന അവസ്ഥയിലെത്തിയതിന് പിന്നില്‍ ജീവിതത്തില്‍ സ്വന്തം കാലില്‍ നില്ക്കണം, കുടുംബത്തിന് എന്നാല്‍ കഴിയുന്ന വിധം സഹായം നല്കണം, മക്കള്‍ക്ക് നല്ല രീതിയിലുള്ള ജീവിതസാഹചര്യങ്ങള്‍ നല്കാന്‍ കഴിയണം എന്ന ആഗ്രഹവും കഠിനാധ്വാനവും ആയിരുന്നു.

വിദ്യാഭ്യാസം? സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രോത്സാഹനം?
ജീവിതത്തിലെ പ്രതികൂല സാഹചര്യത്തില്‍ നിന്നുകൊണ്ട് വിദ്യാഭ്യസം നേടി. ഡിഗ്രിയ്ക്കുശേഷം ഓണ്‍ലൈന്‍ അക്കൗണ്ടിങ് പഠിച്ച് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് കയറി. അവിടെ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചു തയ്യല്‍ മെഷീന്‍ വാങ്ങി. വീട്ടിലിരുന്നു തന്നെ ചെറിയ വര്‍ക്കുകള്‍ ആരംഭിച്ചു. ചെറിയ രീതിയില്‍ ഡിസൈന്‍ ചെയ്ത ഡ്രസുകള്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ബന്ധുക്കളില്‍ ചിലര്‍ ഇതൊരു ബിസിനസായി മുന്നോട്ട് കൊണ്ടുപോകാം എന്ന് ഉപദേശിച്ചതിനെത്തുടര്‍ന്ന്, പ്രൊഫഷണലായി ഡിസൈനിങ് പഠിച്ചശേഷം, ഹെലന്‍ ബോട്ടിക്ക് എന്ന പേരില്‍ വീടിനോട് ചേര്‍ന്ന് ചെറിയൊരു യൂണിറ്റ് ആരംഭിച്ചു.

മറ്റ് ജോലികള്‍ക്ക് ശ്രമിക്കാതെ, സ്വന്തമായി ഒരു സംരംഭം എന്ന് ചിന്തിച്ചത് എന്തുകൊണ്ടാണ്?
പുറത്തേക്ക് ജോലി ഓഫറുകള്‍ വന്നുവെങ്കിലും കുട്ടികളുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തത് കൊണ്ട് തന്നെ അതൊക്കെ വേണ്ട എന്ന് തീരുമാനിച്ചു സ്വന്തം വര്‍ക്കുകളില്‍ ശ്രദ്ധിച്ചു. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ ബിസിനസ് വളരാന്‍ തുടങ്ങി. കൊറോണയ്ക്ക് മുന്‍പ് ഇരുപത്തഞ്ചോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.

ഹെലന്‍ ബോട്ടിക്കിന്റെ വിപണന തന്ത്രം എന്തായിരുന്നു?
ആദ്യ കാലത്ത് ചെറിയ വര്‍ക്കുകളായിരുന്നു. വസ്ത്രങ്ങളിലെ ഹാന്‍ഡ് വര്‍ക്ക് ഡിസൈനിങ് ആളുകളെ വളരെ വേഗം ആകര്‍ഷിച്ചു. അതോടെ, ബിസിനസ് പതിയെ വളരാന്‍ തുടങ്ങി. അതിനെത്തുടര്‍ന്ന്, ഹോള്‍സെയില്‍ യൂണിറ്റുകളുമായി കൈകോര്‍ത്ത് വര്‍ക്കുകള്‍ സ്വീകരിക്കുകയും പര്‍ദ്ദ നിര്‍മാണവും ആരംഭിച്ചു. പട്ടാമ്പി, പാലക്കാട്, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പര്‍ദ്ദയ്ക്ക് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചു.

വസ്ത്ര നിര്‍മാണത്തിനുള്ള മെറ്റീരിയല്‍സ് എവിടെ നിന്നാണ് വാങ്ങുന്നത്? വര്‍ക്കില്‍ ശ്രദ്ധിക്കുന്ന മറ്റ് കാര്യങ്ങള്‍?
വസ്ത്ര നിര്‍മാണത്തിനുള്ള മെറ്റീരിയല്‍സ് കോഴിക്കോട്, കല്‍ക്കത്ത, രാജസ്ഥാന്‍, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നും എടുക്കാറുണ്ട്. മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍, വിലക്കുറവോ കൂടുതല്‍ ലാഭമോ നോക്കാറില്ല. ഗുണമേന്മ തന്നെയാണ് പ്രധാനമായും നോക്കുന്നത്.

ഒരു ഓര്‍ഡര്‍ ലഭിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കൊടുക്കാറുണ്ട്. ഹാന്‍ഡ് വര്‍ക്കുകള്‍ ചെയ്യുന്ന തൊഴിലാളികളില്‍ നിന്നും അവരുടെ തൊഴില്‍ വൈദഗ്ദ്യം നിരീക്ഷിച്ച്, അത് പഠിച്ചെടുത്തിട്ടുണ്ട്. അതിനാല്‍, അവര്‍ അവധിയെടുക്കുന്ന ദിവസങ്ങളിലും വര്‍ക്കുകളില്‍ കാലതാമസം ഉണ്ടാകാറില്ല.

ഇപ്പോള്‍ വെഡ്ഡിങ് വര്‍ക്കുകള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം സ്വന്തം ആശയത്തില്‍ രൂപകല്പന ചെയ്ത് വിപണിയില്‍ എത്തിക്കുന്നു. വസ്ത്ര നിര്‍മാണത്തിനുള്ള റോ മെറ്റീരിയല്‍സ് തിരഞ്ഞെടുക്കുമ്പോള്‍ പോലും അതിന്റെ വിപണനം, കാലയളവ് എന്നിവയെക്കുറിച്ചെല്ലാം ചിന്തിച്ച് മാത്രമാണ് തെരഞ്ഞെടുക്കുക.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്?
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിലേക്ക് എല്ലാവരും മാറിത്തുടങ്ങുമ്പോഴും ഹെലന്‍ ബോട്ടിക്ക് അതിലേക്ക് അധികം ശ്രദ്ധ കൊടുത്തിട്ടില്ല. മൗത്ത് പബ്ലിസിറ്റിയിലൂടെ നിരവധി സ്ഥിരം കസ്റ്റമേഴ്സുണ്ട് ഹെലന്‍ ബോട്ടിക്കിന്. ഉത്പന്നങ്ങളുടെ ഗുണമേന്മയില്‍ വിശ്വാസമുള്ളവര്‍…. മാത്രമല്ല വസ്ത്രവിപണനത്തില്‍ വസ്ത്രങ്ങളുടെ ഭംഗി നേരിട്ട്, കണ്ടറിഞ്ഞ് വാങ്ങുന്ന അത്രയും വരില്ല എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വിപണനരീതി ആവശ്യക്കാര്‍ക്ക് യോജിച്ചതല്ല എന്ന ഞാന്‍ വിശ്വസിക്കുന്നു.

സ്വന്തം ജീവിതത്തിന്റെയും ഹെലന്‍ ബോട്ടിക്കിന്റെയും വിജയയാത്രയെ കുറിച്ച് എന്താണ് പറയാനുള്ളത്?
വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും വിപണിയില്‍ അറിയപ്പെടുന്ന സംരംഭമായി ഹെലന്‍ ബോട്ടിക്കിന് മാറാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഈ നിലയിലേക്ക് എത്താന്‍ സഹായകരമായി.

ഒരാളുടെ മുന്‍പിലും കൈനീട്ടാതെ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന അവസ്ഥയിലെത്തി ചേര്‍ന്നതില്‍ വളരെയധികം സന്തോഷവതിയാണ് ഞാന്‍. ദൈവാനുഗ്രഹം ഉള്ളതിനാല്‍ ഹിന്ദി ഭാഷയും, ഡ്രൈവിങ്ങുമെല്ലാം വളരെവേഗം പഠിച്ചു. സ്വപ്‌ന സാക്ഷാത്കാരം പോലെ സ്വന്തമായി വാഹനവും വാങ്ങി. ഇതെല്ലാം ഹെലന്‍ ബോട്ടിക്കിലൂടെ സാധിച്ചവയാണ്.

ജീവിതാനുഭങ്ങളില്‍ നിന്ന് മാത്രം ലഭിച്ച കഴിവുകള്‍… അതില്‍ നിന്നാണ് നൗഫിയും ഹെലന്‍ ബോട്ടിക്കും വളര്‍ന്നത്. ആരെയും ഒരു മാതൃകയാക്കി മുന്നോട്ട് പോയിട്ടില്ല. ആരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള വ്യത്യസ്തമായ ഡിസൈനുകളാണ് തന്റെ പ്രൊഡ്ക്ടുകള്‍ക്ക് ‘മാര്‍ക്കറ്റ്’ നേടിത്തന്നതെന്ന് നൗഫി പറയുന്നു.

‘മൗത്ത് റ്റു മൗത്ത് പരസ്യ’ത്തിലൂടെയാണ് ഹെലന്‍ ബോട്ടിക്ക് ജനപ്രിയമായി മാറിയത്. കൂടുതല്‍, റീട്ടെയ്ല്‍ – ഹോള്‍സെയ്ല്‍ ബിസിനസുകള്‍ നൗഫിയെ തേടിയെത്തി. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതോടെ, പല യൂണിറ്റുകളുമായി കൈകോര്‍ത്ത് തന്റെ പ്രവര്‍ത്തനത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോയി.
ഒരു ഓര്‍ഡര്‍ പോലും നഷ്ടപ്പെടുത്താതെ, ഒരു കസ്റ്റമറെ പോലും പിണക്കാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞുവെന്നത് നൗഫിയുടെ ആത്മസമര്‍പ്പണത്തിന്റെ അടയാളമാണ്. കോവിഡ് കാലത്ത് ലാഭത്തിന് പ്രാധാന്യം നല്കാതെ, സേവനങ്ങള്‍ക്ക് ‘ബ്രേക്ക്’ വരുത്താതെ, വിലയില്‍ ഇളവുകള്‍ വരുത്തി, മുന്നോട്ടു പോയി. അത് ഹെലന്‍ ബോട്ടിക്കിന് കൂടുതല്‍ ഗുണം ചെയ്തുവെന്ന് നൗഫി പറയുന്നു.

കസ്റ്റമറിന്റെ ഇഷ്ടാനുസരണം അവരുടെ ശരീരത്തിന് യോജിച്ച രീതിയില്‍ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്ത്, കസ്റ്റമറിന് പൂര്‍ണ സംതൃപ്തി നല്കുന്നതാണ് റീട്ടെയ്ല്‍ കസ്റ്റമേഴ്‌സിനെ ഹെലന്‍ ബോട്ടിക്കിനൊപ്പം നിര്‍ത്തുന്ന ഘടകം.

കുട്ടികളുടെ മുതല്‍ എല്ലാ പ്രായക്കാരുടെയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു, വീടിന്റെ അകത്തളത്തില്‍ നിന്നും ഹെലന്‍ ബോട്ടിക്ക് എന്ന സംരംഭത്തിലൂടെ നഗരത്തില്‍ അറിയപ്പെടുന്ന സംരംഭകയായി മാറിയിരിക്കുകയാണ് നൗഫി. അതിലൂടെ തന്റ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുകയാണ് ഈ സംരംഭക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button