പാരമ്പര്യത്തനിമയില്‍ പുത്തന്‍ നിറച്ചാര്‍ത്തുകളുടെ സാന്നിധ്യത്തില്‍ വസ്ത്രങ്ങളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് പുതിയൊരു ലോകം നെയ്‌തെടുക്കുകയാണ് നീതു വിശാഖ്. കസവില്‍ കോര്‍ത്തെടുത്ത വസ്ത്രങ്ങളില്‍ കലയോടുള്ള തന്റെ അഭിനിവേശം വരകളിലെ വര്‍ണ്ണങ്ങളില്‍ തെളിഞ്ഞപ്പോള്‍ നീതുവിന് സ്വന്തമായത് പുതിയൊരു ചുവടുവയ്പ്പായിരുന്നു. നവമി എന്ന വസ്ത്രാലങ്കാര മേഖലയിലേയ്ക്കുള്ള ആദ്യ കാല്‍വയ്പ്പ്. മനസ്സില്‍ നിറഞ്ഞ ആശയങ്ങള്‍ വരകളുടെ ലോകത്ത് പ്രതീക്ഷിക്കാനാവാത്ത മാറ്റങ്ങളാണ് നീതുവിന് സമ്മാനിച്ചത്.
നവമി – മൈ പാഷന്‍ യുവര്‍ ഫാഷന്‍ ബോട്ടിക്കില്‍ ഇന്ന് പുതിയ സാധ്യതകളെ തേടുകയാണ് ഈ യുവസംരംഭക. നവമിയിലേയ്ക്കുള്ള തന്റെ യാത്രയെ ഏറെ സന്തോഷപൂര്‍വമായാണ് ഫാഷന്‍ ഡിസൈനറും, മ്യൂറല്‍ ആര്‍ട്ടിസ്റ്റുമായ നീതുവിന് പങ്കു വയ്ക്കാനുള്ളത്. ഫേബ്രിക് പെയിന്റിങിലൂടെ ഫാഷന്‍ ഡിസൈനിങില്‍ പുതിയ ഒരു വഴിതിരിവിനാണ് നീതു തുടക്കം കുറിച്ചത്.
ഏറ്റവും പുതിയ ഫാഷന്‍ ശൈലികള്‍ക്കും ട്രെന്‍ഡുകള്‍ക്കും പിന്നാലെ കുതിക്കുന്നവര്‍ക്ക് തികച്ചും വ്യത്യസ്തമായ ചിന്താഗതിയില്‍ നിന്നും മലയാള തനിമയും പാരമ്പര്യവും പകര്‍ന്നു നല്‍കുന്നതാണ് നവമിയുടെ മുഖ്യ ആകര്‍ഷണം.
നീതു വിശാഖ് ഇന്ന് സിനി-സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറാണ്. ഹാന്‍ഡ് പെയിന്റിങ് ബൊട്ടിക്കുകളുടെ സാധ്യതകളില്‍ പഠനം നടത്തി, കോട്ടണ്‍, ജൂട്ട്, കൈത്തറി വസ്ത്രങ്ങളില്‍ തുടക്കം കുറിച്ച് ഇപ്പോള്‍ സില്‍ക്കിലും കോട്ടണ്‍ സില്‍ക്കിലും ഓഡര്‍ അനുസരിച്ച് ഡിസൈന്‍ ചെയ്തു കൊടുക്കുന്നു.
ഡിസൈനേഴ്‌സ് ധാരാളമായുള്ള, എന്നും പുത്തന്‍ ട്രെന്‍ഡുകള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ നവമി വേറിട്ടു നില്‍ക്കാന്‍ കാരണം നീതുവിന്റെ വര്‍ക്കുകളിലെ വ്യത്യസ്തത തന്നെയാണ്. പാരമ്പര്യ കലാരൂപങ്ങളും ഇന്ത്യന്‍ വംശീയതയും കേരള പൈതൃകവുമെല്ലാം നീതുവിന്റെ നിറക്കൂട്ടില്‍ പുതുമകള്‍ സമ്മാനിച്ചു. വരകളിലും വര്‍ണ്ണങ്ങളിലും ചിത്രപ്പണികളിലുമെല്ലാം തന്റെ തായ ശൈലി നിലനിര്‍ത്തി നവമി ഒരു ബ്രാന്‍ഡായി ഇന്ന് അറിയപ്പെടുന്നു.
ചെറുപ്പം മുതല്‍ തന്നെ ചിത്രകലയില്‍ താല്‍പര്യമുണ്ടായിരുന്ന നീതുവിന് വസ്ത്രങ്ങളോടും അതില്‍ മാറി വരുന്ന ഫാഷനുകളോടും പ്രത്യേകമായ ഒരു ഇഷ്ടമുണ്ടായിരുന്നു. തന്റെ ഇഷ്ടങ്ങളെ ഒന്നിച്ചൊരു നൂലിണയില്‍ ചേര്‍ത്തപ്പോള്‍ അതില്‍ വിടര്‍ന്നത് വസ്ത്രാലങ്കാരത്തില്‍ പുതിയൊരു തരംഗമായിരുന്നു.
ക്യാന്‍വാസില്‍ നിറച്ചിരുന്ന ചിത്രങ്ങളെ മ്യൂറല്‍ പെയിന്റിങിലൂടെ ജീവിത പങ്കാളിയുടെ ഷര്‍ട്ടില്‍ വരച്ചു ചേര്‍ത്തതായിരുന്നു തുടക്കം. കൂട്ടുകാരും ബന്ധുക്കളുമായിരുന്നു നീതുവിന്റെ ആദ്യകാല കസ്റ്റമേഴ്‌സ്. അവര്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനവുമാണ് നീതുവിന്റെ പ്രചോദനവും.
ഇന്നിപ്പോള്‍ ഇതൊരു ട്രെന്‍ഡാണ്. ആകര്‍ഷകമായ വസ്ത്രങ്ങള്‍, കുര്‍ത്തികള്‍, പരമ്പരാഗത കാലഘട്ടങ്ങള്‍ വിവരിക്കുന്ന കസ്റ്റം സാരികള്‍, വിവാഹ സാരികള്‍, ചുരിദാറുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, ഷര്‍ട്ടുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും പ്രിയപ്പെട്ടതാണ്.
ഏതു തരം മോഡേണ്‍ വസ്ത്രത്തിനും അനുയോജ്യമായ രീതിയില്‍ ഇഷ്ടാനുസൃതം ഡിസൈന്‍ ചെയ്തു നല്‍കാന്‍ നവമി തയ്യാറാണ്. വിവാഹം മുതല്‍ നിരവധി ചടങ്ങുകളിലും, പ്രിയപ്പെട്ടവര്‍ക്കു മനസ്സിനിണങ്ങും വിധം സമ്മാനമായ് നല്‍കാനും, നീതുവിന്റെ ഡിസൈനിങിനെ കേട്ടറിഞ്ഞും കണ്ട് ഇഷ്ടം തോന്നിയും നവമിയില്‍ എത്തുന്നവര്‍ ഏറെയാണ്. വസ്ത്രത്തിന് ഒരു പുതിയ കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ കഴിയുന്ന വസ്ത്രങ്ങളിലെ ഇഷ്ടാനുസൃത ജോലികളും നവമി പ്രോത്സാഹിപ്പിക്കുന്നു.
താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും അംഗീകാരം ലഭിക്കുകയും കൂടുതലായി തന്നെതേടി ആവശ്യക്കാര്‍ എത്തുകയും ചെയ്തതോടെ ഫേയ്‌സ്ബുക്ക് പേജ് തുടങ്ങാനുള്ള ആശയം മുന്നോട്ട് വയ്ച്ചതും നീതുവിന് കൂടുതലായി പിന്‍തുണയായതും ഭര്‍ത്താവ് വിശാഖായിരുന്നു. അവിടെ നിന്നും തന്റെ ഉള്ളിലെ ആഗ്രഹങ്ങള്‍ക്കു ചിറക് മുളച്ചു.
മുന്നോട്ട് പോകാന്‍ ധൈര്യം തന്നത് തന്റൈ ഭര്‍ത്താവും കുടുംബവുമാണെന്ന് നീതു അഭിമാനത്തോടു കൂടി പറയുന്നു. ഇന്ന് നീതു തിരക്കേറിയ ഒരു ഡിസൈനര്‍ മാത്രമല്ല, മയൂഖിന്റെയും മൃണാളിന്റെയും അമ്മ കൂടിയാണ്. കുട്ടികളും വീട്ടുകാര്യവും അതിനൊപ്പം തന്റെ അഭിരുചികളും കോര്‍ത്തിണക്കി നീതു പുതിയൊരു കാല്‍വയ്പ്പിനുള്ള തുടക്കമാണ്.
കഴിഞ്ഞ ആറു വര്‍ഷത്തെ പരിശ്രമഫലമായി ഡിസൈനിങ് മേഖലയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാന്‍ ഈ സംരംഭകയ്ക്കു സാധ്യമായി. ഓണ്‍ലൈനായാണ് ഇപ്പോള്‍ സംരംഭം മുന്നോട്ട് പോകുന്നത്. വീഡിയോ കോള്‍ വഴിയും നേരിട്ടെത്തിയും അല്ലാതെയും ആവശ്യക്കാര്‍ക്ക് ബജറ്റ് അനുസരിച്ചും ഡിസൈനുകള്‍ തയ്യാറാക്കി നല്‍കാന്‍ നീതു റെഡിയാണ്.
കേരളത്തില്‍ മാത്രമല്ല, വിദേശത്തു നിന്നും ധാരാളമായി ഇന്ന് നവമിയുടെ ഡിസൈനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്ന പുത്തന്‍ ട്രെന്‍ഡുകളും ഏതൊരു വിശേഷ അവസരങ്ങളിലും മികവുറ്റതാക്കുന്ന നവമിയുടെ പാര്‍ട്ടിവെയര്‍, ഫെസ്റ്റിവല്‍ വെയറുകളും കപ്പിള്‍ സെറ്റുകളും ഒറ്റനോട്ടത്തില്‍ ആരുടേയും ആകര്‍ഷണം പിടിച്ചു പറ്റും. ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ ഒരു വിധത്തിലുള്ള അപ്രീതിയ്ക്കും കാരണമാകാതിരിക്കാന്‍ നീതു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
നീതുവിനു മുന്നോട്ടുള്ള ഊര്‍ജ്ജം നവമിയാണ്. തന്റെ ആഗ്രഹങ്ങളുടേയും മാറുന്ന ചിന്താഗതിയുടേയും പുതിയൊരു കാഴ്ചപ്പാടാണ് നവമി. തന്റെ ഈ ചെറിയ സംരംഭം കുറച്ചു കൂടി മികവുറ്റതാക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് നീതു ഇപ്പോള്‍.
ഓണ്‍ലൈന്‍ ബോട്ടിക്ക് വിപണിയില്‍ കൂടുതല്‍ സജ്ജീവമാകാനും, സ്വന്തമായി ഒരു പ്രൊഡക്ഷന്‍ യൂണീറ്റ് ആരംഭിക്കാനും, അവിടെ ഡിസൈനിങ് കൂടാതെ ക്യാന്‍വാസ് പെയിന്റിങുകളും, പരമ്പരാഗത വീട്ടുപകരണങ്ങളും തന്റെ സംരംഭത്തിന്റെ ഭാഗാമാക്കാനാണ് നീതുവിന്റെ തീരുമാനം.
തന്നെപ്പോലെ ജീവിതത്തില്‍ ഉയര്‍ന്നു വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ മുന്നില്‍ കണ്ട് ഒരു സ്ത്രീ സംരംഭക കൂട്ടായ്മയാണ് നീതു ലക്ഷ്യമാക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണ്, തോല്‍ക്കാന്‍ സ്വയം തയ്യാറല്ലാത്തിടത്തോളം ഏതു പ്രതിസന്ധിയോടും പൊരുതി ജയിക്കാനാണ് നീതുവിന് ഇഷ്ടവും.