EntreprenuershipSpecial Story

കരളുരുകുമ്പോഴും കാരുണ്യത്തിന്റെ പാതയില്‍ കാലിടറാതെ മുംതാസ്

പാഷനെ പിന്തുടര്‍ന്ന് വിജയത്തിലേക്ക് എത്തിയ കഥകളാണ് സംരംഭകര്‍ക്ക് സാധാരണ പറയാനുണ്ടാവുക. എന്നാല്‍ തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശി മുംതാസ് അബൂബക്കറിന്റെ സംരംഭക ജീവിതം തുടങ്ങുന്നത് ഒരു തിരിച്ചടിയില്‍ നിന്നാണ്. അഞ്ചാം വയസ്സില്‍ ഉപ്പയോടൊപ്പം ഗള്‍ഫിലേക്ക് വിമാനം കയറിയ മുംതാസ് പഠിച്ചതും വിവാഹം കഴിഞ്ഞശേഷം താമസിച്ചതുമെല്ലാം അവിടെയായിരുന്നു.

മണലാരണ്യത്തില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ച അനേകം മലയാളികളെ തളര്‍ത്തിക്കളഞ്ഞ 2013ലെ സാമ്പത്തിക മാന്ദ്യത്തോടെ മുംതാസിനും കുടുംബത്തിനും നാട്ടിലേക്ക് തിരിച്ചു വരേണ്ടിവന്നു. തുടര്‍ന്ന് നാട്ടില്‍ത്തന്നെ ഒരു കാറ്ററിംഗ് സര്‍വീസ് ആരംഭിച്ചിച്ചെങ്കിലും പ്രളയക്കെടുതിയില്‍ ഏഴുവര്‍ഷത്തെ ആ അധ്വാനവും മുങ്ങിപ്പോയി. എങ്കിലും തോറ്റു പിന്മാറാന്‍ മുംതാസ് ഒരുക്കമല്ലായിരുന്നു. എങ്കിലും തന്റെ വഴി വ്യത്യസ്തമായിരിക്കണമെന്ന് നിര്‍ബന്ധവും ഉണ്ടായിരുന്നു. ഇങ്ങനെയാണ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ജെറിയാട്രിക് കെയര്‍ ഗീവര്‍ കോഴ്‌സിനു ചേരുന്നത്.

സംരംഭകത്വത്തില്‍ നിന്ന് ‘ഹോംനേഴ്‌സി’ലേക്കുള്ള മാറ്റം വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ആദ്യം ഉള്‍ക്കൊള്ളാനായില്ല. എങ്കിലും മുംതാസിന്റെ നിശ്ചയദാര്‍ഢ്യം തന്നെ വിജയിച്ചു. ഗവണ്‍മെന്റിന്റെ പദ്ധതിയിലൂടെ ആദ്യം ജോലിക്കു കയറിയത് മുംതാസ് ആയിരുന്നു. അന്ന് ഒരു പ്രമുഖ മാധ്യമത്തില്‍ ഇത് സംബന്ധിച്ച് ഒരു ഫീച്ചറും വന്നിരുന്നു.

പുതുതായി ഒരു കരിയര്‍ പടുത്തുയര്‍ത്തുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെല്ലാം മുംതാസിനും നേടേണ്ടിവന്നു. എങ്കിലും സ്വായത്തമാക്കിയ തൊഴില്‍ കൊണ്ട് ഉപ്പയെ അദ്ദേഹത്തിന്റെ അവസാന ദിനങ്ങളില്‍ പരിചരിക്കാനായി. തന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞതും ഉപ്പയുടെ അവസാന നാളുകളിലായിരുന്നു.

തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ തന്റെ ജീവിതം കൂടെ നിന്ന കുറച്ചുപേരുടെ കാരുണ്യം കൊണ്ടാണ് തിരിച്ചുപിടിക്കാനായതെന്ന് മുംതാസ് പറയുന്നു. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ലഭിക്കുന്ന ഒരാത്മവിശ്വാസമുണ്ട്. അതു മനസ്സിലാക്കി മുംതാസിന്റെ ആശയത്തെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഹൃദയാലുവായ ഒരു നിക്ഷേപകന്‍ തയ്യാറായി. അതിലൂടെ സോളക്‌സ് എന്ന രണ്ടാം കുടുംബം പടുത്തുയര്‍ത്താനും മുംതാസിന് കഴിഞ്ഞു.

വിവാഹമോചിതയും അഞ്ചു കുട്ടികളുടെ അമ്മയുമായ മുംതാസിന് ലോകത്തിനെ പഠിപ്പിക്കുവാന്‍ ഒരു പാഠമേയുള്ളൂ; കാരുണ്യം. വിധി തന്നോട് കാണിക്കാത്ത കാരുണ്യം ആവശ്യമായ അനേകം പേരിലേക്കെത്തിക്കുകയാണ് മുംതാസ് സോളക്‌സിലൂടെ.

ഉത്തരകേരളത്തില്‍ വൃദ്ധജന പരിപാലന സേവനത്തിന് പേരുകേട്ട സ്ഥാപനമായി വളരുവാന്‍ ഒരു വര്‍ഷം കൊണ്ട് തന്നെ സോളക്‌സിനു കഴിഞ്ഞു. ഹോം കെയര്‍, ഹോം വിസിറ്റ് സേവനങ്ങള്‍ക്ക് പുറമേ ജെറിയാട്രിക് കെയര്‍ ഗിവര്‍ കോഴ്‌സുകളും സോളക്‌സ് നല്‍കുന്നുണ്ട്. സോളക്‌സിന്റെ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള 20 ദിവസത്തെ കെയര്‍ ഗിവര്‍ കോഴ്‌സും അമേരിക്കന്‍ വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച ആറുമാസത്തെ നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നുണ്ട്. 100% പ്ലേസ്‌മെന്റും സോളക്‌സ് ഉറപ്പാക്കുന്നു.

സാമ്പത്തിക സുരക്ഷിതത്വമില്ലാതെ കുടുംബിനികളായി മാറുന്ന നമ്മുടെ നാട്ടിലെ സ്ത്രീകളെ കരിനിഴല്‍ വീഴാത്ത ഭാവിയിലേയ്ക്ക് നയിക്കാന്‍ മുംതാസും സോളക്‌സും പ്രയത്‌നിക്കുന്നു. നിങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്തായാലും അത് കേള്‍ക്കുവാനും തന്റെ അനുഭവത്തിന്റെ വെളിച്ചം പങ്കുവയ്ക്കാനും മുംതാസ് സദാസമയവും തയ്യാറാണ്.

Show More

Related Articles

Back to top button