സൗന്ദര്യ സംരക്ഷണ മേഖലയില്‍ 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി മായ ജയകുമാര്‍
‘എല്ലാവരും സ്വപ്നങ്ങള്‍ കാണും. ചുരുക്കം ചിലര്‍ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ട് അത് ജീവിച്ചു ലോകത്തിന് കാട്ടിക്കൊടുക്കും..!’ അത്തരത്തില്‍ ഒരാളാണ് മായ ജയകുമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന് ശക്തി പകരാന്‍ മായയെ സഹായിച്ചത് അര്‍പ്പണബോധമുള്ള ഒരു മനസ്സും ഉറച്ച തീരുമാനങ്ങളും മാത്രമാണ്.
ബ്രൈഡല്‍ മേക്കപ്പില്‍ തുടങ്ങി ഇന്ന് ഫാഷന്‍ രംഗത്തെ മേക്കപ്പ് വര്‍ക്കുകളില്‍ പോലും തിളങ്ങി നില്ക്കുവാന് മായക്ക് സാധിക്കുന്നുണ്ട്. 16 വര്‍ഷമായി ഈ രംഗത്ത് തിളങ്ങി നില്ക്കുമ്പോള് മായ ജയകുമാര്‍ എന്ന വ്യക്തി കടന്നുപോയ വഴികള്‍ വിജയങ്ങളുടെ മാത്രമായിരുന്നില്ല.
അറിയാം കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വിജയം കൈവരിച്ച മായയുടെ കൂടുതല്‍ കാര്യങ്ങള്‍…
എങ്ങനെയാണ് ഈ ഒരു മേഖലയിലേക്ക് കടന്നുവന്നത്?
റേഡിയോഗ്രാഫറായാണ് തുടക്കം. എന്നാല്‍ കുടുംബമായതോടെ അതിന് ഒരു താത്ക്കാലിക അവധി നല്‍കേണ്ടിവന്നു. ആ സന്ദര്‍ഭത്തിലാണ് സ്വന്തമായ ഒരു സ്ഥാപനം എന്ന ചെറുപ്പം മുതലുള്ള ആഗ്രഹത്തിന് വീണ്ടും ജീവന് വെച്ചത്. നേരത്തെ മുതല്‍ ബ്യൂട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒക്കെ ചെയ്യുമായിരുന്നെങ്കിലും സുഹൃത്തുക്കളുടെ നിര്ബന്ധത്തിലൂടെയാണ് ബ്യൂട്ടീഷന് കോഴ്സ് പഠിച്ചത്. ശേഷം 11 വര്‍ഷത്തോളം ഫ്രീലാന്‍സായി വീട്ടില്‍ തന്നെ ഇരുന്ന് വര്‍ക്ക് ചെയ്തു. അതിനുശേഷമാണ് പാര്‍ലര്‍ എന്ന ആശയത്തിലേക്ക് വന്നത്.
16 വര്‍ഷത്തെ പ്രവര്‍ത്തന മേഖലയില്‍ എപ്പോഴെങ്കിലും കാലിടറിയിട്ടുണ്ടോ?
ഒരുപാട് സ്ട്രഗിള്‍സ് വന്ന വഴിയിലൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴും തൊഴിലിനെ ചേര്‍ത്തുപിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സാമ്പത്തികമായി ഒരുപാട് തകര്‍ന്ന് നിന്ന സമയത്താണ് പാര്‍ലര്‍ ആരംഭിക്കുന്നത്. അപ്പോഴും മുന്നോട്ടുള്ള യാത്രയ്ക്ക് ഉണ്ടായിരുന്ന പ്രതീക്ഷ കയ്യിലുള്ള തൊഴില്‍ മാത്രമായിരുന്നു.
ഒരു വലിയ വട്ടപൂജ്യത്തില് നിന്നാണ് ഞാന്‍ ഒരു പാര്‍ലര്‍ എന്ന സംരംഭത്തിലേക്ക് കടന്നുവന്നത്. കഠിനാധ്വാനവും വിജയിക്കണമെന്ന ഉറച്ച വിശ്വാസവും കൈമുതലാക്കിയത് കൊണ്ടാണ് അഞ്ചുവര്‍ഷംകൊണ്ട് മായാസ് ബ്യൂട്ടി പാര്‍ലര്‍ നാലുപേര്‍ അറിയുന്ന നിലയിലേക്ക് വളര്‍ന്നത്.
സിനിമ മേക്കപ്പ് വര്‍ക്കുകളിലേക്ക് എത്തപ്പെട്ടത് എങ്ങനെ?
ആദ്യമായി ഷോപ്പ് സ്റ്റാര്‍ട്ട് ചെയ്തശേഷം ഫാഷന്‍ ഇന്‍ഡസ്ട്രിയിലേക്കാണ് ഞാന്‍ കടന്നുവന്നത്. ഒരു ഷോയില്‍ നിന്നാണ് സിനിമാ മേഖലയിലേക്കുള്ള വഴി തെളിയുന്നത്. ഇപ്പോള്‍ കൂടുതലും ഫാഷന്‍ മേഖലയിലാണ് നിറഞ്ഞുനില്ക്കുന്നത്. ഫോട്ടോഷൂട്ട്, സെലിബ്രിറ്റി മേക്കപ്പ് തുടങ്ങിയവയിലും ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ ഷൂട്ട് ചെയ്ത ‘സ്പെക്സ്’ എന്ന ചിത്രത്തിലാണ് എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്.
കൈവരിച്ച ഏറ്റവും വലിയ നേട്ടം?
2022ല്‍ ഒരുപാട് നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. HMT നടത്തിയ ബ്രൈഡല്‍ മേക്കപ്പ് കോണ്ടസ്റ്റിലെ ടോപ്പ് 10ല്‍ ഒരാള്‍ ആകാന്‍ കഴിഞ്ഞു. 2022ല്‍ AKBA (All Kerala Beautician Association) നടത്തിയ മത്സരത്തില്‍ ഫോര്‍ത്ത് റണ്ണറപ്പാകാന്‍ കഴിഞ്ഞത് വലിയൊരു നേട്ടം തന്നെയാണ്. കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പാടശേഖരങ്ങളില്‍ കര്‍ഷക തൊഴിലാളികളെ ഉള്‍പ്പെടുത്തി ജിമേഷ് കൃഷ്ണയുടെ കണ്‍സെപ്റ്റില്‍ മോഡലും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ആയ ഷംസാദ് സെയ്ദ് താജ് നടത്തിയ ഫോട്ടോഷൂട്ട് ഒരുക്കിയതിന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നനിലയ്ക്കാണ് പുരസ്കാരത്തിന് അര്‍ഹയായത്.
ഇതേ ഫോട്ടോഷൂട്ടിന് 2022ലെ ബിസിനസ് സൂം ഏര്‍പ്പെടുത്തിയ ബെസ്റ്റ് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫാഷന്‍ ഷോയിലെ ജഡ്ജിങ് പാനലിലും അംഗമാകാന്‍ കഴിഞ്ഞു. ഫാഷന്‍ രംഗത്തെ പുത്തന്‍ ആശയങ്ങള്‍ക്കും, ആവിഷ്കാരങ്ങള്‍ക്കും കോട്ടണ്‍ കാന്റി പ്രൊഡക്ഷന്‍ ഹൗസ് നല്കുന്ന ഓവര്‍ അച്ചീവര്‍ ഓഫ് ദ ഇയര്‍ 2023 പുരസ്ക്കാരവും ലഭിച്ചു.
കരിയറില്‍ പ്രചോദനമായി തീര്‍ന്നത് ആരാണ്?
എന്റെ ആത്മവിശ്വാസമാണ് എന്റെ കൈമുതല്‍. ആരൊക്കെ സപ്പോര്‍ട്ട് ചെയ്താലും നമ്മുടെ ‘കോണ്‍ഫിഡന്‍സ്’ തന്നെയാണ് പ്രധാനം. അതോടൊപ്പം തന്നെ കുറെ നല്ല മനുഷ്യരുടെ സഹകരണവും സപ്പോര്‍ട്ടും ഇവിടം വരെയുള്ള യാത്രയില്‍ പ്രചോദനമായി തീര്‍ന്നിട്ടുണ്ട്…!