Success Story

നഴ്‌സിങില്‍ നിന്നു ബേക്കിങിലേക്ക്‌

മകന്റെ ആഗ്രഹപ്രകാരം ഒരു ദിവസം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്നാണ് നിഖിലയുടെ ‘നിക്കിസ് ക്രീം വേള്‍ഡി’ലേക്കുള്ള യാത്ര തുടങ്ങിയത്. ഇഷ്ടമേഖല ആയിരുന്നിട്ടും വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം കാരണം നഴ്‌സിങ് ഉപേക്ഷിച്ച നിഖില പിന്നീട് പല സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും വിജയത്തില്‍ എത്തിയത് ബേക്കിങ് ആയിരുന്നു.

പിറന്നാളിനും വിവാഹത്തിനും തുടങ്ങി ചെറിയ ആഘോഷങ്ങള്‍ക്ക് പോലും മലയാളികള്‍ക്ക് ഇന്ന് കേക്ക് ഒഴിവാക്കാനാവില്ല. മുന്‍പ് ബേക്കറികളില്‍ മാത്രം ലഭ്യമായിരുന്ന കേക്ക് ഇന്ന് നമ്മുടെ ചുറ്റുവട്ടത്തെ വീടുകളിലും ലഭ്യമാകുന്നു. ബേക്കറികളില്‍ നിര്‍മിക്കുന്ന കേക്കുകളെക്കാള്‍ ഇപ്പോള്‍ ജനത്തിനു പ്രിയം ഹോംമെയ്ഡ് കേക്കുകളാണ്.

ഹോം മെയ്ഡ് കേക്കുകള്‍ സുലഭമായ ഈ സമയത്ത് സ്വന്തമായി ഒരു സംരംഭം ആരംഭിക്കുകയും അത് സുഗമമായി മുന്നോട്ട് കൊണ്ട് പോകുകയും ചെയ്തത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒരു കേക്ക് തയ്യാറാക്കാനുള്ള സാധനങ്ങള്‍ പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും തന്നെ ഇവിടം വരെ എത്തിച്ചത് തന്റെ ഉറച്ച വിശ്വാസവും പ്രയത്‌നവും പ്രിയപ്പെട്ടവരുടെ പ്രോത്സാഹനവുമാണെന്ന് നിഖില പറയുന്നു.
കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം വിവിധ ഫ്‌ളേവേഴ്‌സുകളില്‍ നിക്കിസ് ക്രീം വേള്‍ഡില്‍ കേക്കുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്.

കേക്കുകളില്‍ ‘മില്‍ക്കി നട്ട് കേക്കാ’ണ് നിക്കിസ് ക്രീം വേള്‍ഡിന്റെ ഹൈലൈറ്റ്. ഇതിന് പുറമെ ബ്രൗണിസ്, കപ് കേക്ക് എന്നിവയും നിക്കിയുടെ ക്രീം വേള്‍ഡിന്റേ ഭാഗമാണ്. ഹോം ഡെലിവറിയും നിക്കിസിന്റെ പ്രത്യേകതയാണ്.
തീം കേക്കുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ചെറുപ്പത്തില്‍ ഡ്രോയിങ്, പെയിന്റിങ്, ക്രാഫ്റ്റിങ് ഒക്കെ ചെയ്യുമായിരുന്ന നിഖിലയ്ക്കും തീം കേക്കുകള്‍ തയ്യാറാക്കുന്നതിലാണ് താത്പര്യം കൂടുതല്‍. കസ്റ്റമര്‍ ആവശ്യപ്പെടുന്ന വിവിധ മോഡലുകളില്‍ കേക്ക് തയ്യാറാക്കി നല്കുന്നുണ്ട്.

മകനു വേണ്ടി കേക്ക് തയ്യാറാക്കി തുടങ്ങിയ യാത്ര ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു. കൗതുകമായി തുടങ്ങിയത് വരുമാന മാര്‍ഗം എന്ന നിലയില്‍ എത്തി. ഇതിന് പ്രോത്സാഹിപ്പിച്ചവരെ നിഖില ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു. മകന് വേണ്ടി തയ്യാറാക്കിയ കേക്ക് വിജയിച്ചതോടെ, അടുത്തുള്ള വീടുകളിലും ബന്ധുക്കള്‍ക്കും കേക്ക് ടേസ്റ്റ് ചെയ്യാന്‍ കൊടുത്തതായിരുന്നു തുടക്കം. അത് തുടരവെ ‘ഇതൊരു ബിസിനസ്സാക്കി മാറ്റിക്കൂടേ’എന്ന സുഹൃത്തിന്റെ ചോദ്യം ആയിരുന്നു പ്രചോദനം. ആദ്യത്തെ ഓര്‍ഡറും സുഹൃത്ത് തന്നെ നല്‍കി.

തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍, ‘ആവശ്യക്കാരുടെ വിശ്വാസം നേടിയേക്കുക’ എന്നതാണ് ബിസിനസ്സിലെ ആദ്യപടിയെന്ന് നിഖില പറയുന്നു. കേക്കിന്റെ ‘ക്വാളിറ്റി’യിലും ‘ക്വാണ്ടിറ്റി’യിലും വിട്ടുവീഴ്ച വരുതാത്തതാണ് കസ്റ്റമേഴ്‌സിനെ തന്നോടുള്ള വിശ്യാസ്വത നിലനില്ക്കാനുള്ള കാരണമെന്ന് നിഖില പറയുന്നു.

ഒരുപാട് പേരുടെ പ്രോത്സാഹനവും പിന്തുണയും ഉണ്ടായതുകൊണ്ട് താന്‍ നേരിട്ട എതിരഭിപ്രായങ്ങളെ ഒരു പുഞ്ചിരിയോടെ നേരിടാന്‍ കഴിഞ്ഞതെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. ചെറുപ്പത്തിലെ തന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ച അച്ഛനും അമ്മയ്ക്കും നിഖില നന്ദി പറയുന്നു. ചെറുപ്പത്തിലെ ഡ്രോയിങ് തുടങ്ങിയ അഭിരുചികള്‍ ബിസിനസ്സില്‍ ഉപയോഗപ്പെടുത്താനും കഴിഞ്ഞു. കടുത്ത മത്സരത്തിനിടയിലും തന്റെ ബിസിനസ്സിനു പിന്തുണ നല്കി പ്രോത്സാഹിച്ചതു നാട്ടുകാരാണെന്നും വിജയത്തിനു പിന്നിലെ സൂത്രവാക്യം അവരാണെന്നും നിഖില വെളിപ്പെടുത്തുന്നു.

കൊവിഡ് മൂലം പ്രതിസന്ധിയിലായ ക്ഷേത്രവാദ്യകലാകാരനായ ഭര്‍ത്താവ് ശബരിയും ഇപ്പോള്‍ ഈ സംരംഭത്തിന് കൂട്ടായി നിഖിലയോടൊപ്പം ഉണ്ട്. ആലപ്പുഴ കലവൂരിലെ ഈ ക്രീം വേള്‍ഡിന് എല്ലാ പിന്തുണയുമായി മകന്‍ കേശവും ശബരിയുടെ മാതാപിതാക്കളും നിഖിലയുടെ സഹോദരനും മാതാപിതാക്കളും കൂടെയുണ്ട്.

കസ്റ്റമര്‍ തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം കാരണം ഒരു സംരംഭക എന്ന നിലയില്‍ താന്‍ പൂര്‍ണ തൃപ്തയാണെന്ന് നിഖില പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിഖിലക്ക് അവിടെ നിന്നുള്ള പിന്തുണയും ഏറെയാണ്. താന്‍ ജനിച്ചു വളര്‍ന്ന കൊച്ചിയില്‍ ‘നിക്കിസ് ക്രീം വേള്‍ഡി’ന്റെ ഒരു കേക്ക് ഷോപ്പ് തുടങ്ങുക എന്ന സ്വപ്‌നത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് നിഖില എന്ന ‘നിക്കി’…!

നിക്കിസ് ക്രീം വേള്‍ഡിനെ കുറിച്ച്
കൂടുതല്‍ അറിയാന്‍: 95678 28949, 95678 28960, 97474 38050

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button