കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന കെ.എച്ച്.എന്‍.എ. 2023 കണ്‍വന്‍ഷന്‍
സുരേന്ദ്രന്‍ നായര്‍
സംഗീതാത്മകമായ സാമവേദത്തിന്റെ സ്വരമാധുര്യത്തിലും ആത്മീയമായ ഉള്‍ക്കരുത്തിലും പ്രതിപാദന മേന്മയിലും അംഗീകാരം നേടിയിട്ടുള്ള കെ.എച്ച്.എന്‍.എ.യുടെ നവംബര്‍ 23 മുതല്‍ 25 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഹൈന്ദവ കണ്‍വന്‍ഷന്‍ ഭാരത സര്‍ക്കാരിന്റെ നൈപുണ്യ വികസന വിവരസാങ്കേതിക വകുപ്പ് സംസ്ഥാന ചുമതലയുള്ള മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം കൊണ്ട് വ്യത്യസ്തമാകുന്നു.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്‌നോളജിയില്‍ നിന്നും ഉന്നതമായ നിലയില്‍ ബിരുദവും അമേരിക്കയിലെ ഹാര്‍വേര്‍ഡ് സര്‍വ്വകലാശാല, ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുള്ള രാജീവ് ഇന്ത്യയില്‍ തന്നെ ചെറുപ്രായത്തിലേ വിജയം കൈവരിച്ച ഒരു സംരംഭകനും മികച്ച റ്റെക്‌നോക്രറ്റുമാണ്.
അമേരിക്കയില്‍ സ്ഥാനമുറപ്പിച്ച ഇന്ത്യന്‍ വ്യവസായ പ്രമുഖരെയും വളര്‍ന്നുവരുന്ന യുവ സംരംഭകരേയും സന്നദ്ധതയുള്ള നവാഗതരെയും ആധുനിക തൊഴില്‍ മേഖലകളിലെ പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ച് ബോധവാന്മാരാക്കുന്ന ചര്‍ച്ചകളും സംവാദങ്ങളുമാണ് കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിലൂടെ സംഘാടകര്‍ ഉറപ്പാക്കുന്നത്.
നൂതനമായ സാങ്കേതികവിദ്യാ കൈമാറ്റത്തിലും പ്രതിരോധ വിഷയങ്ങളിലും ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിലും അമേരിക്കയും ഇന്ത്യയും തമ്മില്‍ പരസ്പരം കൈകോര്‍ക്കുന്ന വര്‍ത്തമാന കാലത്തു ഇരു രാജ്യങ്ങളിലെയും മികവുകളുടെ മിശ്രണവും പരസ്പര കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളുമാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്കായി കെ.എച്ച്.എന്‍.എ.യുടെ എച്ച് കോര്‍ എന്ന പ്രൊഫഷണല്‍ കൂട്ടായ്മ വിഷയമാക്കുന്നത്.
വലിയ സാമ്പത്തിക ബാധ്യതയുള്ള കണ്‍വന്‍ഷനുകള്‍ കലാ മാമാങ്കങ്ങള്‍ മാത്രമാക്കാതെ മാറിവരുന്ന സാങ്കേതിക സങ്കേതങ്ങളെയും, അവിടങ്ങളിലെ സംഭാവന സാധ്യതകളെയും നിര്‍മ്മിതബുദ്ധിയുടെ അനിവാര്യതയേയും അതോടൊപ്പം പതിയിരിക്കുന്ന അപകടങ്ങളെയും അപഗ്രഥിക്കുന്ന ചര്‍ച്ചാ വേദികളില്‍ രാജീവ് ചന്ദ്രശേഖറിന്റെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെയും കൂടെ വേദി പങ്കിടാന്‍ ഇന്ത്യന്‍ വംശജരായ ഒരു സംഘം അമേരിക്കന്‍ ടെക്‌നോക്രറ്റുകളും ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അദ്ധ്യാത്മികതയും ഭൗതികതയും കൈകോര്‍ക്കുന്ന ഒരു സര്‍ഗ്ഗ സംഗമ വേദിയായി ഈ കണ്‍വന്‍ഷന്‍ മാറാന്‍ അമേരിക്കയിലെ മുപ്പതോളം പട്ടണങ്ങളിലും കേരളത്തിലും അര്‍പ്പണ ബുദ്ധിയോടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് ജി.കെ.പിള്ള സെക്രട്ടറി സുരേഷ് നായര്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് പിള്ള എന്നിവര്‍ അറിയിച്ചു.