കിതച്ചയിടത്ത് നിന്നെല്ലാം കുതിച്ച് Kaananavasa Tours and Travels ഉം ജയദാസും
ജീവിതം പല നിര്‍ണായക ഘട്ടങ്ങളിലും തോല്പ്പിച്ചിട്ടുള്ള ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കും? പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ പലതും കൈയെത്തും ദൂരത്ത് വച്ച് നഷ്ടപ്പെട്ട ഒരാള്‍ക്ക്, എത്രകാലം തുടര്‍ന്നങ്ങോട്ട് എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് മുന്നോട്ടുപോവാന്‍ കഴിയും ? എന്നാല്‍ തൊടുന്നതും തേടിയെത്തുന്നതുമെല്ലാം പുലിവാലുകളായി മാറിയപ്പോഴും കരളുറപ്പോടെ മുന്നേറി അയാള്‍ ഒടുക്കം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണെങ്കില്‍ ആ വിജയത്തിന് വല്ലാത്ത മധുരം കാണും. അത്തരത്തില്‍ ജീവിതത്തില്‍ പലപ്പോഴായി ഉണ്ടായ തകര്‍ച്ചകളിലും വീഴ്ചകളിലും മടുക്കാതെ ഓടി വലിയ വിജയം കൈവരിച്ചവരാണ് Kaananavasa Tours and Travels ഉം അതിന്റെ ഉടമ ജയദാസ് കൃഷ്ണനും.
ഒരു ബിസിനസുകാരന്റെ ജനനം
തന്റെ പത്താം വയസില്‍ കുടുംബത്തിന് ഏറ്റവും സഹായവും പിന്തുണയുമായിരുന്ന അമ്മാവനെ നഷ്ടപ്പെടുന്നു. വൈകാതെ തന്നെ വസ്ത്രശാല നടത്തിയിരുന്ന അച്ഛന്റെ ബിസിനസ് തകരുന്നു. വീട്ടിലെ സ്ഥിതി നല്ലതുപോലെ മനസ്സിലായത്തോടെ ജയദാസ് 12 ആം വയസ്സില്‍ പാലക്കാട് ചന്തയില്‍ ആഴ്ചയില്‍ തുച്ഛമായ നൂറ് രൂപയ്ക്കായി Soda വിതരണത്തിനായി ഇറങ്ങുന്നു.
പിന്നാലെ സുഹൃത്തിന്റെ അച്ഛന്റെ ക്ഷണപ്രകാരം അലങ്കാര മത്സ്യങ്ങള്‍ക്കുള്ള അക്വാറിയത്തിന്റെ ജോലികള്‍, ഒപ്പം വിഷുവിനുള്ള പടക്ക കച്ചവടം തുടങ്ങി വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന പല ജോലികളിലേക്കും നീങ്ങുന്നു. ഈ സമയം വീട്ടില്‍ തന്നെ അലങ്കാര മത്സ്യങ്ങളുടെ വില്പനയും ചെറിയ രീതിയില്‍ ആരംഭിക്കുന്നു. തുടര്‍ന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി കോയമ്പത്തൂരില്‍ എഞ്ചിനീയറിങ് പഠനത്തിന് ചേര്‍ന്നപ്പോഴും ഒഴിവുസമയത്ത് മൊബൈല്‍ ഷോപ്പുകളില്‍ ജോലി ചെയ്ത് ജയദാസ് പണം കണ്ടെത്തി. ഇതിനിടെ ബാങ്ക് ലോണ്‍ സംഘടിപ്പിച്ച് വീട് പുതുക്കി പണിത്, ഒരു ഭാഗവും കടമുറികളും വാടകയ്ക്ക് നല്കി ജയദാസ് വീട്ടുകാര്‍ക്ക് ഒരു സ്ഥിര വരുമാനമാര്‍ഗവും കണ്ടെത്തി. ഇതോടെ മുമ്പ് ആരംഭിച്ച അലങ്കാര മത്സ്യങ്ങളുടെ വില്പന, അമ്മയുടേതായുള്ള ചെറിയൊരു സ്റ്റേഷനറി കടയിലേക്ക് രൂപമാറ്റം സംഭവിച്ചു.
വേട്ടയാടി നിര്‍ഭാഗ്യം
2014 ല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ജയദാസിന് പൊലീസില്‍ കയറിക്കൂടാന്‍ മോഹമുദിച്ചു. ഇതിന്റെ ഭാഗമായി പിഎസ് സി ക്ലാസില്‍ ചേര്‍ന്നു. കഠിനാധ്വാനത്തിന്റെ ഫലമായി നാല് മാസത്തിനുള്ളില്‍ തന്നെ 2015 ലെ പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ഇടം പിടിച്ചു.
പരിശീലനത്തെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്തതിനാല്‍ ശാരീരിക പരീക്ഷയ്ക്ക് ഒന്നര മാസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം പരിശീലനം ആരംഭിക്കുന്നത്. അതിനിടെ അബദ്ധത്തില്‍ വീടിന് മുകളില്‍ കൂണ് കൃഷിക്കായി തയ്യാറാക്കിയ ഡ്രം വീണ് കാല്‍വിരലിന് പരിക്കേറ്റു. ഇതോടെ വളരെ വൈകി പരിശീലനം തുടങ്ങി കഠിനമായ വ്യായാമമുറകള്‍ പരിശീലിച്ചതോടെ കാലില്‍ നീര്കെട്ടുണ്ടായി ജയദാസ് ഫിസിക്കല്‍ ടെസ്റ്റില്‍ നിന്നും പുറത്തായി.
2016 ലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഐആര്‍ബി എഴുത്തുപരീക്ഷ വിജയിച്ചുവെങ്കിലും കായിക പരീക്ഷയില്‍ സമയത്തിന്റെ വ്യത്യാസത്തില്‍ പുറത്തായി. എന്നാല്‍ വിട്ടുകൊടുക്കാന്‍ ജയദാസ് തയ്യാറാല്ലായിരുന്നു. 2017 ലെ കോണ്‍സ്റ്റബിള്‍ പരീക്ഷ നല്ല മാര്‍ക്കോടെ വിജയിക്കുകയും മുന്‍ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ നേരത്തെ തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യം അത്തവണയും ജയദാസിനെ കാത്തിരുന്നു. നാട്ടില്‍ കൂട്ടുകാര്‍ക്കിടയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കാല്‍വഴുതി വീണ് കാല്പാദം തന്നെ തിരിഞ്ഞുപോയതോടെ അപ്രാവശ്യവും കായിക പരീക്ഷയില്‍ പരാജയപ്പെട്ട് പുറത്തായി. ഇതോടെ അപമാനഭാരം കൊണ്ട് അദ്ദേഹം നാടുവിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി.
പ്രതീക്ഷകള്‍ തെളിയുന്നു
തലസ്ഥാനത്ത് ബജാജ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും പിഎസ് സി പഠനവും അധ്യാപനവും നടത്തുന്നതിനായി ഇത് ഉപേക്ഷിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസായ ഊബറില്‍ ജോലിക്ക് കയറി. KTF Entertainment എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങി പിഎസ് സി റെക്കോര്‍ഡഡ് ക്ലാസുകള്‍ അപ്ലോഡ് ചെയ്തുവെങ്കിലും അത് ശ്രദ്ധിക്കപ്പെടാതെ പോയി. ഇതോടെ ചെറിയ യാത്രകള്‍ നടത്തി ജയദാസ് അതിന്റെ വീഡിയോകള്‍ ഈ ചാനല്‍ വഴി ജനങ്ങളിലേക്ക് എത്തിച്ചുതുടങ്ങി. എന്നാല്‍ പ്രതീക്ഷിച്ച പോലെ ആളുകള്‍ എത്താതായത്തോടെ ചാനലിന് തല്ക്കാലം ഷട്ടറിട്ടു.
ഈ സമയത്താണ് ജയദാസ് 2021 ലെ പൊലീസ് ലിസ്റ്റില്‍ വീണ്ടും ഇടംപിടിക്കുന്നത്. ഇത്തവണ പൊലീസ് കുപ്പായം അണിയുമെന്ന് ഉറച്ച് ചെറിയ രീതിയില്‍ പരിശീലനവും ആരംഭിച്ചു. എന്നാല്‍ ഇതിനിടയ്ക്ക് അത്യാവശ്യമായി നാട്ടില്‍പോയ സമയം അസുഖ ബാധിതരായ ഒരാളെ സഹായിക്കുന്നതിനിടയില്‍, സഹായാര്‍ത്ഥം പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ട് വിദ്വേഷത്തിലേക്കും അനാവശ്യ തര്‍ക്കങ്ങളിലേക്കും വഴിമാറിയതോടെ ജയദാസിന് പൊലീസ് സ്റ്റേഷന് കയറിയിറങ്ങേണ്ടതായും ഇത് ജോലിക്ക് തടസ്സമായി മാറുകയും ചെയ്യുന്നു.
വിജയത്തിലേക്കടുത്ത്
മാനസികമായി കൂടുതല്‍ തളര്‍ന്ന ഈ സമയത്താണ് ജയദാസ് യാത്രകളിലേക്ക് തിരിയുന്നത്. എന്തുകൊണ്ട് അത് ജോലിയായി തിരഞ്ഞെടുത്തുകൂടാ എന്ന ചിന്തയില്‍ നിന്നാണ് 2022 ല്‍ Kaananavasa Tours and Travels തുടങ്ങുന്നത്. മുദ്ര ലോണിന് അപേക്ഷിക്കുന്നതും സ്ഥാപനം തുടങ്ങുന്നതുമെല്ലാം വളരെ പെട്ടന്നുമായിരുന്നു.
ടൂര്‍ ഓപ്പറേറ്റിങ് കമ്പനിയായി ആരംഭിച്ചയുടനെ ആദ്യമായി എത്തുന്നത് നാല് പേരടങ്ങുന്ന ശബരിമല തീര്‍ത്ഥാടന യാത്രയാണ്. കുറഞ്ഞ ആളായതുകൊണ്ടുതന്നെ കയ്യില്‍ നിന്നും കൂടുതല്‍ പണമിറക്കി തന്നെയായിരുന്നു ഈ യാത്ര. പക്ഷേ, ആ യാത്രയിലൂടെ തുടരെത്തുടരെ ആറിലധികം ശബരിമല യാത്രകള്‍ Kaananavasa Tours and Travels നെ തേടിയെത്തി.
പിന്നാലെ തിരുപ്പതി, രാമേശ്വരം, മൂകാംബിക, വയനാട് ട്രിപ്പുകള്‍ കൂടി സാധ്യമാക്കിയതോടെ 10 മാസം കൊണ്ടുതന്നെ കമ്പനി മൂന്നുവര്‍ഷത്തെ നേട്ടത്തിലുമെത്തി. കൂടുതല്‍ ജീവനക്കാരും ഈ സമയം Kaananavasa യുടെ ഭാഗമായി. ഇതോടെ കാശി, മണാലി, കശ്മീര്‍,ഗുജറാത്ത്, രാജസ്ഥാന് തുടങ്ങി വടക്കേ ഇന്ത്യ പൂര്‍ണമായും കറങ്ങിവരുന്ന പാക്കേജുകളും ഇവര്‍ പ്രഖ്യാപിച്ചു. ഇതിനിടെ 15 ലധികം തിരുപ്പതി ട്രിപ്പുകള്‍ ഉള്‍പ്പടെ 40 ഓളം വിജയകരമായ യാത്രകള്‍ക്കും Kaananavasa കാരണക്കാരനായി. 1300 ലധികം യാത്രക്കാരുടെ സംതൃപ്തിയും കമ്പനി നേടി. ഇതിനിടയ്ക്ക് യാത്രാ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന യൂട്യൂബ് ചാനലും വലിയ സ്വീകാര്യതയിലേക്ക് നീങ്ങി.
ജോലി ഭാരം കൂടിയതോടെ ഉയര്‍ന്ന ശമ്പളത്തില്‍ ഒരു എം.കോംകാരിയെ ജയദാസ് Kaananavasa Tours and Travelsല്‍ എത്തിച്ചു. എന്നാല്‍ ട്രിപ്പുകളുടെ വരവ് ചെലവുകള്‍ വ്യക്തമായി അറിയുന്ന ഈ മാനേജര്‍ ജോലിക്കാരെ പരസ്പരം തമ്മിലടിപ്പിച്ച് ഒരേ സമയം പുകച്ചുപുറത്ത് ചാടിച്ചു. ഒപ്പം യാത്രക്കാരുടെയും ഇടപാടുകാരുടെയും ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങളുമായി ഇവരും Kaananavasa വിട്ടിറങ്ങി.
ഇത് ജയദാസ് ചോദ്യം ചെയ്യുകയും വിലപിടിപ്പുള്ള രേഖകള്‍ കളവുപോയി എന്ന് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ ചെറുക്കുന്നതിനായി എതിര്‍കക്ഷികള്‍ അപവാദങ്ങളുമായി പൊലീസ് സ്റ്റേഷന് കയറിയിറങ്ങി. എന്നാല്‍ സിസിടിവി ഉള്‍പ്പടെയുള്ള തെളിവുകള്‍ ജയദാസിനൊപ്പമുള്ളതോടെ നിയമം യഥാര്‍ത്ഥ കുറ്റക്കാരെ തിരിച്ചറിഞ്ഞു. മാത്രമല്ല, കാര്യത്തിന്റെ യാഥാര്‍ഥ്യം വ്യക്തമായതോടെ Kaananavasa Tours and Travels ന് കൂടുതല്‍ മൈലേജുമായി.
ഈ സമയം പുതിയ ഒരു കൂട്ടം സ്റ്റാഫുകളെ ഒപ്പം ചേര്‍ത്ത് ജയദാസ് അന്നേവരെ ഉറപ്പുനല്‍കിയ ട്രിപ്പുകള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല, 12 -ാം വയസ്സിലെ ബിസിനസുകാരന് മുതല്‍ അന്നുവരെ താണ്ടിയ കനല്‍വഴികളും അനുഭവങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ചത് വഴി ഒരു മോട്ടിവേഷന്‍ സ്പീക്കറായും ജയദാസ് ശ്രദ്ധിക്കപ്പെട്ടു.
നിലവില്‍ വര്‍ഷാവസാനം വരെയുള്ള ട്രിപ്പുകള്‍ ഇവര്‍ അന്നൗണ്‍സ് ചെയ്യുകയും ഇതില്‍ പലതും ആരംഭിക്കുകയും ചെയ്തു. കൂടാതെ മുമ്പുള്ളതിനെക്കാള്‍ വേഗത്തില്‍ കുതിക്കുന്ന Kaananavasa Tours and Travels അടുത്തതായി എറണാകുളത്തും കോഴിക്കോടും ഉള്‍പ്പടെ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിന്റെ തിരക്കിലുമാണ്.