Career

കായിക രംഗത്തെ തൊഴിലവസരങ്ങള്‍

കായികതാരങ്ങള്‍ക്കു മാത്രമല്ല സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഭേദപ്പെട്ട കരിയര്‍ കണ്ടെത്താനും സ്‌പോര്‍ട്‌സ്, ഗെയിംസ് മേഖലയെ പ്രയോജനപ്പെടുത്താം. അഖിലേന്ത്യാ തലത്തില്‍ കായിക മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന സ്‌പോര്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കു (സായി) വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും കായികാധ്യാപകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റന്‍ മുതലായ കളികളേയും അത്‌ലറ്റിക്‌സിനെയും സംബന്ധിച്ച് നല്ല അറിവുണ്ടായിരിക്കണം. തീവ്രമായ കോച്ചിങ്ങിനു പ്രഫഷണല്‍ കോച്ചുകളെ ആശ്രയിക്കാമെങ്കിലും കുട്ടികള്‍ക്കുവേണ്ട പ്രാഥമിക പാഠങ്ങള്‍ കായികാധ്യപകര്‍ അറിഞ്ഞേ തീരൂ. പ്രൈമറി തലത്തില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ദ്വിവല്‍സര സര്‍ട്ടിഫിക്കറ്റും സെക്കന്ററി തലത്തില്‍ ബി.പി.എഡും. (ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍) യോഗ്യത തുണയാകുമെങ്കിലും കോളേജ് അധ്യാപകര്‍ എം.പി.എഡ് യോഗ്യത നേടണം.

പ്രഫഷണല്‍ കോച്ചുകളാകാന്‍ വിശേഷ പരിശീലനം ആവശ്യമാണ്. ഏതെങ്കിലുമൊരു അംഗീകൃത കളിയിലോ അത്‌ലറ്റിക്‌സിലോ പരിശീലനം നേടാം. കളിയിലെ പ്രാഥമികശേഷികള്‍, നിയമങ്ങള്‍, ചലനസാമര്‍ഥ്യങ്ങള്‍ എന്നിവ മാത്രമല്ല, അടവുകളും ആഴത്തിലുള്ള തന്ത്രങ്ങളും കളിക്കാര്‍ക്കു പകര്‍ന്നു കൊടുക്കേണ്ട ചുമതലയാണ് കോച്ചിനുള്ളത്. വിദഗ്ധശൈലികള്‍ സ്വയം ചെയ്തു കാണിക്കാനും കുട്ടികളുടെ തെറ്റുകള്‍ തിരുത്തി മല്‍സരശേഷി വളര്‍ത്താനും കഴിയണം.
മല്‍സരം നിയന്ത്രിക്കാന്‍ അധികാരമുള്ള അംബയറോ റഫറിയോ ആകണമെങ്കില്‍ ബന്ധപ്പെട്ട നിയമങ്ങള്‍ സമഗ്രമായി പഠിച്ച് എഴുത്തുപരീക്ഷയും പ്രായോഗിക ടെസ്റ്റും ജയിക്കേണ്ടതുണ്ട്. സ്‌കൂളുകളും കോളേജുകളും മാത്രമല്ല വ്യവസായ സ്ഥാപനങ്ങള്‍, ഫിറ്റ്‌നസ്സ് ക്ലബ്ബുകള്‍ മുതലായവയിലും കായികരംഗത്തു പരീശീലനം നേടിയവര്‍ക്ക് അവസരമുണ്ട്. മാധ്യമങ്ങളില്‍ കായികരംഗത്തിനു പ്രധാന്യമുള്ള യുഗമാണിത്.

സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, ഫീച്ചര്‍ റൈറ്റര്‍, ടി. വി ബ്രോഡ്കാസ്റ്റിങ് കമേന്റര്‍, പ്രൊഡ്യൂസര്‍ എന്നീ നിലകളിലൊക്കെ സമര്‍ത്ഥമായി പ്രവര്‍ത്തിക്കണമെങ്കില്‍ സ്‌പോര്‍ട്‌സ് പ്രാവീണ്യത്തോടൊപ്പം പത്രപ്രവര്‍ത്തന ശേഷികളും സ്വായത്തമാക്കണം. മികച്ച ആശയവിനിമയ ശേഷിയും ഭാഷാ പ്രാവീണ്യവും ഇക്കാര്യത്തില്‍ പ്രധാനമാണ്. കായികാധ്യപകരെ പരിശീലിപ്പിച്ചെടുക്കുന്ന പല സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ എല്‍.എന്‍.സി.പി യിലെ കോഴ്‌സ് വിവരങ്ങള്‍ കാണുക (ലക്ഷ്മീ ഭായി നാഷനല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍, കാര്യവട്ടം, തിരുവനന്തപുരം-697781. ഫോണ്‍: 0471 2414771)

കോഴ്‌സുകള്‍

1. ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍:
പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള മൂന്ന് വര്‍ഷത്തെ കോഴ്‌സ്. എസ്എസ്എല്‍സി കഴിഞ്ഞുള്ള ദ്വിവല്‍സര ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നാലും മതി.
പ്ലസ്ടു പരീക്ഷയിലെ മാര്‍ക്കും ഫിസിക്കല്‍ ഫിറ്റ്‌നസ് ആന്‍ഡ് എഫിഷ്യന്‍സി ടെസ്റ്റിലെ പ്രകടനം, ഏതെങ്കിലുമൊരു ഗെയിം, സ്‌പോര്‍ട്‌സ് ഇനത്തിലെ മികവ് എന്നിവയാണ് തെരഞ്ഞെടുപ്പിനായി പരിഗണിക്കുക. പ്രായം 17-21. അര്‍ഹതയുള്ളവര്‍ക്ക് 25 വയസ്സുവരെയെന്ന സൗജന്യവുമുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന ശേഷിയുണ്ടെന്നു തെളിയിക്കാനുള്ള ടെസ്റ്റില്‍ കുറഞ്ഞ യോഗ്യതയെങ്കിലും നേടണം.

2. മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍:
കോഴ്‌സ് ദൈര്‍ഘ്യം രണ്ടു വര്‍ഷം. 50% മാര്‍ക്കോടെ ബി.പി.എഡ് അഥവാ സര്‍വ്വകലാശാല ബിരുദം 50% മാര്‍ക്കോടെ ഫിസിക്കല്‍ എജ്യൂക്കേഷനിലെ ഒരു വര്‍ഷ ഡിപ്ലോമയുമാണ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ മികവു കാട്ടിയ കായികതാരങ്ങള്‍ക്ക് അഞ്ചു ശതമാനം വരെ മാര്‍ക്കിളവു നല്‍കും. തെരെഞ്ഞെപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷയും (100 മാര്‍ക്ക്), ഏതെങ്കിലുമൊരു ഗെയിം/സ്‌പോര്‍ട്‌സ് ഇനത്തിലെ പ്രായോഗിക ടെസ്റ്റും (50 മാര്‍ക്ക്) ഉണ്ടായിരിക്കും. പൊതു വിജ്ഞാനം, മാനസികശേഷി, ബി.പി.എഡ് തലത്തിലെ സ്‌പോര്‍ട്‌സ് വിജ്ഞാനവുമാണ് എഴുത്തു പരീക്ഷയില്‍ വിലയിരുത്തുക.

കോച്ചുകളെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠസ്ഥാപനമാണ് എന്‍.ഐ. എസ് എന്നു പൊതുവേ അറിയപ്പെടുന്ന SAI Nethaji Subhash National Institute of Sports, Motibagh, Patiala 147001.
സര്‍വ്വകലാശാല ബിരുദത്തോടൊപ്പം ദേശീയ അന്തര്‍ദ്ദേശീയ കായികരംഗത്തു തെളിയിച്ച മത്സരമികവുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ സ്‌പോര്‍ട്‌സ് കോച്ചിങ് ഡിപ്ലോമ പ്രോഗ്രാമില്‍ ചേരാന്‍ അര്‍ഹതയുണ്ട്. ബി.പി.എഡ്., എം.പി.എഡ് യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. അത്‌ലറ്റിക്, ബാഡ്മിന്റന്‍, ബാസ്‌ക്കറ്റ ബോക്‌സിങ്, സൈക്ലിങ്, ക്രിക്കറ്റ്, ഫുഡ്‌ബേള്‍, ജിംനാസ്റ്റിക്‌സ്, ഹേക്കി, ജൂഡേ, സ്‌കാഷ്, സ്വിമ്മിങ്, ടേബിള്‍ ടെന്നീസ്, വോളീ, വെയിറ്റ് ലിഫ്റ്റിങ്, ഗുസ്തി എന്നിങ്ങനെയുള്ള ഇനങ്ങളില്‍ ഒരെണ്ണം തെരഞ്ഞെടുത്ത് ആഴത്തില്‍ കോച്ചിങ് പരിശീലനം നേടാം. ഉപരിപഠനം വഴി സ്‌പോര്‍ട്‌സ് കോച്ചിങിലെ ദ്വിവല്‍സര എം.എയും സമ്പാദിക്കാം.

എന്‍.ഐ.എസിന്റെ ഉപകേന്ദ്രങ്ങളില്‍ തെരഞ്ഞെടുത്ത ചില ഇനങ്ങളില്‍ കോച്ചിങ്ങ് പരിശീലിച്ച് ഡിപ്ലോമ നേടാന്‍ സൗകര്യമുണ്ട്. ഈ കേന്ദ്രങ്ങളില്‍ ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്.

വിലാസങ്ങള്‍:
1. SAI National Sports South Centre,University Campus, Bangalore -560056.

2. SAI National Sports West Centre, Gandhinagar, Gujarat.

3. SAI National Sports East Centre, Salt Lake Stadium, Kolkata-700091

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button