സ്വപ്നത്തോടൊപ്പം വളര്‍ന്ന്…
നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളെ ജീവിതത്തില്‍ ഉടനീളം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ അതേപടി ഒപ്പിയെടുക്കുന്നവരാണ് ഫോട്ടോഗ്രാഫര്‍മാര്‍. ഒരു തൊഴില്‍ എന്നതിലുപരി ഫോട്ടോഗ്രാഫിയെ സൗന്ദര്യാത്മകമായ കലയായി കാണുന്ന വ്യക്തിയാണ് തിരുവനന്തപുരത്തുകാരനായ രാജേഷ് ആര്.ആര്.
ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി ഇവന്റുകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത രാജേഷ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്ത ബിരുദവും നേടിയ വ്യക്തിയാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്കൂളില്‍ ഏഴാം ക്ലാസ് വരെയും തുടര്‍ന്ന് 10-ാം ക്ലാസ് വരെ ഉള്ളൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. പ്ലസ് ടു മുട്ടട IHRD യില്‍, കേരള യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ബിഎസ്സി, എംഎസ്സി ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ നേടിയത്.
പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് തന്റെ മേഖല ഇതാണെന്ന തിരിച്ചറിവോടെ, രാജേഷ് ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നുവരുന്നത്. പഠനത്തോടൊപ്പം വീടിന് സമീപത്തെ ഷിബു എന്ന വ്യക്തിയുടെ കീഴില്‍ അസിസ്റ്റന്റായി ഒരു വര്‍ഷത്തോളം ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയും ചെയ്തു. അതിന് ശേഷം, ഒരു ക്യാമറ സ്വന്തമാക്കി, സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വെഡിങ് ഫോട്ടോഗ്രാഫിയിലാണ് ഇദ്ദേഹം ഇപ്പോള്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരത്ത് RCUBE FASHION PHOTOGRAPHY STUDIO എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. സ്ഥാപനത്തിന്റെ വിജയത്തെ തുടര്‍ന്ന് എറണാകുളം കാലടിയില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കുകയും ചെയ്തു. എന്നാല്‍, വിദേശത്തു നിന്നുള്ള ഒരു ഓഫറിനെ തുടര്‍ന്ന് 2015 ആയപ്പോഴേക്കും ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെല്ലാം അവസാനിപ്പിച്ച് അബുദാബിയിലെ Arab Centre for Engg. Studies എന്ന സ്ഥാപനത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം.
ആ ജോലി രാജേഷിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുകയായിരുന്നു. അവിടെ നിന്നും രാജേഷിന് ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഫോട്ടോഗ്രാഫിയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇത് രാജേഷിനെ വളരെ അധികം സഹായിച്ചു.
2017-ല്‍ അബുദാബിയിലെ പ്രശസ്തമായ ജോയ് സ്റ്റുഡിയോയില്‍ ജോലിയില്‍ പ്രവേശിക്കുകയും 2018-ല്‍ അബുദാബിയില്‍ നിന്നും ദുബായ് ബ്രാഞ്ചിലേക്ക് ചേക്കേറുകയും ചെയ്തു. 2019-ല്‍ അവിടെ നിന്നു രാജി വച്ചു, ദുബായില്‍ തന്നെ RCUBE STUDIO LLC എന്ന പേരില്‍ സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചു. ശേഷം, നാട്ടിലും ഇതേ പേരില്‍ ഒരു സ്ഥാപനം വീണ്ടും ആരംഭിക്കാന്‍ രാജേഷിന് കഴിഞ്ഞു.
നാഷണല്‍ ജോഗ്രഫിയുടെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ഇവന്റിലും ദുബായ് സൂ സഫാരി പെര്‍ക്കിന്റെ കൊണ്ടക്സ്റ്റിലും രാജേഷ് പങ്കെടുക്കുകയും അതില്‍ പതിനൊന്നാം പൊസിഷന്‍ നേടുകയും ചെയ്തു. കോപ്പറേറ്റിവ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫിയാണ് അദ്യം ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പിന്നീടാണ് വെഡിങ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.
12 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് ഈ മേഖലയില്‍ രാജേഷിനുള്ളത്. ഇന്ത്യയെ കൂടാതെ ജര്‍മ്മന്‍, ഖത്തര്‍, മലേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവും രാജേഷിനുണ്ട് .
ഒരു പ്ലസ് ടുകാരന്റെ മനസ്സില്‍ മൊട്ടിട്ട ഫോട്ടോഗ്രാഫര്‍ എന്ന സ്വപ്നം വളര്‍ന്ന് ഇന്ന് RCUBE GROUP INTERNATIONAL PVT LTD എന്ന വലിയൊരു സ്ഥാപനമായി മാറിയിരിക്കുന്നു. സ്വന്തം കഠിനാധ്വാനത്തിലൂടെയും ഇച്ഛാശക്തിയിലൂടെയുമാണ് തന്റെ 32-ാം വയസ്സില്‍ തന്നെ രാജേഷ് ഇത്രയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. നമുക്ക് കളങ്കമില്ലാത്ത ഒരു ലക്ഷ്യമുണ്ടെങ്കില്‍, അതിനു വേണ്ടി പരിശ്രമിക്കാന്‍ നാം തയ്യാറാണെങ്കില്‍ ആ ലക്ഷ്യത്ത് നാം എത്തുക തന്നെ ചെയ്യും എന്നതിന് ഒരു ഉദാഹരണമാണ് രാജേഷ് എന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം.
കുടുംബം : അച്ഛന് – രാജേന്ദ്രന് നായര്‍, അമ്മ – രാജേശ്വരി അമ്മ, ഭാര്യ – സൂര്യലക്ഷ്മി.