Entreprenuership

‘ഗ്രീന്‍ ലീഫ് ഫാം’; കര്‍ണാടകയുടെ മണ്ണില്‍ അഭിമാനമായി ഒരു മലയാളി സംരംഭം!

കര്‍ണാടകയിലെ ചാമരാജ നഗര്‍ ഡിസ്ട്രിക്ടില്‍ 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍ ലീഫ് ഫാമില്‍ കൂടി ഒന്ന് നടന്നാല്‍ കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ ലഭിക്കും. 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന മള്‍ബറി ചെടികള്‍… എങ്ങും ഹരിതാഭയും പച്ചപ്പും. ഭാരതത്തിലെ പട്ടുനൂല്‍ വ്യവസായത്തില്‍ തനതായ സ്ഥാനമുറപ്പിച്ച ഒരു മലയാളി സംരംഭമാണ് ഗ്രീന്‍ ലീഫ് ഫാം.

ഭാരതത്തിലെ പട്ടുനൂല്‍ വ്യവസായത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കര്‍ണാടകയിലെ ഗ്രീന്‍ ലീഫ് ഫാമില്‍ എത്തിയ ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ച അതിന്റെ പ്രയോജകരായ ജിജോയും രാജീവും വര്‍ഷങ്ങളായി പരസ്പര ബന്ധമുള്ള സുഹൃത്തുക്കളാണ്. കൃഷിയെ അദമ്യമായി സ്‌നേഹിക്കുന്ന ഇവര്‍ വിദേശത്തുനിന്ന് തിരിച്ചെത്തി, ഇനിയെന്ത് എന്ന് ആലോചിച്ചു തുടങ്ങിയപ്പോഴാണ് പട്ട് നൂല്‍ വ്യവസായം എന്ന ആശയത്തിലേക്ക് അന്നത്തെ പാലക്കാട് കേന്ദ്ര വിത്തുപാദന കേന്ദ്രത്തിന്റെ അധികാരിയും ശാസ്ത്രജ്ഞനുമായ ഡോ. മദനമോഹനന്‍ അവരെ നയിച്ചത്.

വിശദമായ പഠനത്തിനുശേഷം തുടക്കത്തില്‍ കേരളത്തിലെ അട്ടപ്പാടി മേഖലയില്‍ നാലര ഏക്കര്‍ സ്ഥലത്തു വ്യവസായം ആരംഭിക്കുകയും ഇത് വളരെ ലാഭകരമായി ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ മുതല്‍മുടക്കില്‍, വ്യാവസായിക അടിസ്ഥാനത്തില്‍ വിത്ത് കൊക്കൂണ്‍ ഉത്പാദനം തുടങ്ങാന്‍ ആവശ്യമായ നിരപ്പായ 25 ഏക്കര്‍ സ്ഥലത്തിന്റെ അന്വേഷണം ചെന്നെത്തിയത് കര്‍ണാടകയിലാണ്. അങ്ങനെ, കര്‍ണാടകയുടെ മണ്ണില്‍ ഒരു മലയാളി സംരംഭമായി ‘ഗ്രീന്‍ ലീഫ് ഫാം’ ഉയര്‍ന്നുവന്നു.

കേന്ദ്ര സംസ്ഥാന പട്ടുനൂല്‍ വിഭാഗങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ലീഫ് ഫാം കര്‍ണാടകയിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക വിത്ത് കൊക്കൂണ്‍ ഉല്‍പാദന കേന്ദ്രമാണ്. വളരെ ഉന്നത ഗുണനിലവാരമുള്ള ബൈ വോള്‍ട്ടായിന്‍ വിത്ത് കൊക്കൂണ്‍ സ്ഥിരമായി ഉല്‍പാദിപ്പിക്കുന്ന ഈ കേന്ദ്രം കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ വിവിധ മുട്ട ഉല്‍പാദന കേന്ദ്രങ്ങളുടെ (Grainages) വിശ്വസ്ത കൊക്കൂണ്‍ ദാദാവാണ് (ASR).

ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ അവലംബിച്ച് ഉന്നത നിലവാരമുള്ള കൊക്കൂണ്‍ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുക എന്ന വെല്ലുവിളി വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസവും വൈദഗ്ധ്യവും ഇവരെ ഈ മേഖലയിലെ ഏറ്റവും നല്ല പ്രയോജകരും മാതൃകയുമാക്കുന്നു.

ഗ്രീന്‍ ലീഫ് ഫാമിന്റെ വിജയത്തിനു പിന്നില്‍ കാര്‍ഷികമേഖലയില്‍ ഇതിന്റെ പ്രായോജകര്‍ക്കുള്ള അഗാധമായ ശാസ്ത്രീയമായ അറിവും കൃത്യനിഷ്ഠയും പ്ലാനിങ്ങും കാണുവാന്‍ സാധിക്കും. മത്‌സ്യങ്ങള്‍ നീന്തിത്തുടിക്കുന്ന നീല ജലാശയം ജലസേചനത്തിനും മല്‍സ്യ ഉത്പാദനത്തിനും ഉപയോഗിക്കുന്നു. പൂത്തു നില്‍ക്കുന്ന മാവിന്‍ തോട്ടത്തില്‍ മേഞ്ഞു നടക്കുന്ന പശുവും ആടും കോഴികളും…. ഫാമിലെ ആവശ്യത്തിന് വേണ്ട പച്ചക്കറിയും പാലും മുട്ടയും മീനും മാംസവും ഫാമില്‍ തന്നെ ഉല്പാദിപ്പിക്കുന്നു. അതോടൊപ്പം അധിക വരുമാനവും ലഭിക്കുന്നു.

ഓരോ ബാച്ചിലും അധികം വരുന്ന മള്‍ബറി ഇലകള്‍ പശുവിനും ആടിനും കോഴിക്കും മീനിനും ഒക്കെ തീറ്റയായി നല്‍കുന്നു. ഇവ നല്‍കുന്ന വിസര്‍ജ്യം തിരികെ മള്‍ബറി തോട്ടത്തിലും പച്ചക്കറി തോട്ടത്തിലും വളമായി ഉപയോഗിക്കുന്നു. ഏതാണ്ട് നൂറുശതമാനവും ഓര്‍ഗാനിക് ആയ കൃഷി രീതികള്‍ അനുവര്‍ത്തിച്ചു വരുന്ന ഗ്രീന്‍ ലീഫ് ഫാമില്‍, ബാച്ചിന്റെ അവസാനം വരുന്ന വേസ്റ്റ് കമ്പോസ്റ്റ് ആക്കിയും തിരികെ മണ്ണില്‍ നല്‍കുന്നതിലൂടെ കൃഷിയിടത്തിലെ ഓര്‍ഗാനിക് കാര്‍ബണ്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു.

സീറോ വേസ്റ്റ് മാനേജ്‌മെന്റും വളരെ കൃത്യമായും ശാസ്ത്രീയമായും ക്രമീകരിച്ചിരിക്കുന്നു. അതിനൊപ്പം, ‘തുള്ളി നന’യിലൂടെ ജല സ്രോതസ്സുകളുടെ ഉപയോഗവും ഇവിടെ ശാസ്ത്രീയമായി നടപ്പാക്കിയിരിക്കുന്നു.
വ്യാവസായിക അടിസ്ഥാനത്തിലുള്ള ഈ കൃഷിരീതിയില്‍ ആവശ്യം ശാസ്ത്രീയമായുള്ള കൃത്യതയും ശുചിത്വവുമാണ്. ഒത്തൊരുമയും സാങ്കേതിക മികവും അതിലുപരി ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളുടെ ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിച്ചതിലൂടെയുമാണ് ഗ്രീന്‍ ലീഫ് ഫാമിന് തന്റെതായ മുദ്ര പട്ട് നൂല്‍ വ്യവസായത്തില്‍ പതിപ്പിക്കുവാന്‍ സാധിച്ചത്.

അവശ്യസാഹചര്യങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തന സന്നദ്ധരായ തൊഴിലാളികളുടെ ആവേശവും തൊഴില്‍ദാതാവിനോടുള്ള കൂറും ആത്മാര്‍ത്ഥതയും നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും മാനേജ്‌മെന്റിനുള്ള വൈദഗ്ധ്യം മാതൃകാപരമാണ്.
ഭാരതത്തിലെ പട്ടുനൂലിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. അനുയോജ്യമായ കാലാവസ്ഥയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അകമഴിഞ്ഞ സഹായവും പ്രോത്സാഹനവും ഈ മേഖലയില്‍ തുടരാനും വളരുവാനും ഇവരെ പ്രാപ്തരാക്കുന്നു.

വര്‍ഷങ്ങളായി ഫാമിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതും ഇന്ത്യയിലെ തന്നെ ‘സെറികള്‍ച്ചര്‍ കള്‍ട്ടിവേഷനി’ല്‍ വലുപ്പം കൊണ്ടും വരുമാനം കൊണ്ടും മുന്നില്‍ നില്‍ക്കുന്നതുമായ ഈ സ്ഥാപനം ഭാരതത്തിലെത്തന്നെ ഏറ്റവും ഗുണമേന്മയേറിയ പട്ടുനൂല്‍ വിത്ത് കൊക്കൂണ്‍ ഉത്പാദന കേന്ദ്രമാണ്.
ഹെല്‍ത്ത് കെയര്‍ മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും നിരവധി പ്രോജക്ടുകള്‍ക്ക് നേതൃത്വം വഹിച്ച പരിചയസമ്പന്നത കൂടിയാണ് ഗ്രീന്‍ ലീഫ് ഫാമിനെ ഈ മേഖലയില്‍ താരതമ്യേന ഏറ്റവും മുന്‍പന്തിയില്‍ എന്നെന്നും നിലനിര്‍ത്തുന്നത്.

വളരെ ലാഭകരവും ശാസ്ത്രീയവുമായ ഈ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ സദാ സന്നദ്ധരായ ഇവര്‍ ഹെര്‍ബല്‍ ഫാമിംഗ്, ഫാം ഡെവലപ്‌മെന്റ് & മാനേജ്‌മെന്റ്, ഫാം ടൂറിസം, ഫലവൃക്ഷ മിയാവാക്കി വനങ്ങളുടെ നിര്‍മാണവും മാനേജ്‌മെന്റും തുടങ്ങിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരളത്തിലെ സിദ്ധി ആയുര്‍വേദ ഗ്രൂപ്പിന്റെ ഭാഗമായ ഇവര്‍ കര്‍ണാടകയിലേക്ക് കടന്നുവരുന്ന നവ സംരംഭകര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നു.

വിദഗ്ധരുടെ സഹായത്തോടെ യാതൊരു ടെന്‍ഷനുമില്ലാതെ കാര്‍ഷിക മേഖലയില്‍ ബിസിനസ് നടത്തണമെന്ന് ആഗ്രഹിക്കുന്ന നവ സംരംഭകര്‍ക്ക് ഗ്രീന്‍ ലീഫ് ഫാമിനോട് ബന്ധപ്പെടാം. സന്തോഷത്തോടെയും ധൈര്യത്തോടെയും നിങ്ങള്‍ക്ക് നിങ്ങളുടെ ഉള്ളിലെ ബിസിനസ് സംരംഭം ഉണര്‍ത്താനും വളര്‍ത്താനും ഇവര്‍ സഹായിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button