സൗന്ദര്യസങ്കല്പങ്ങള്ക്ക് പൂര്‍ണത നല്കി എസ് എന്‍സ് ബ്രൈഡല്‍ മേക്കോവര്‍; കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷ്യന്റെ വിജയവഴിയിലൂടെ….

ആഗ്രഹിച്ചത് അധ്യാപനം, കാലം കൊണ്ടെത്തിച്ചത് കേരളത്തിലെ ആദ്യത്തെ ബ്യൂട്ടീഷന് എന്ന പദവിയിലേക്ക്…! എറണാകുളത്തുകാരി ഉഷ കുരുവിള എന്ന സംരംഭകയ്ക്കായി കാലം കാത്തുവച്ചത് സ്വപ്നതുല്യമായ നേട്ടങ്ങള്‍ മാത്രം! അറിയാം 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ജീവിതയാത്രയും ഉഷയെന്ന സംരംഭകയുടെ കരുത്തായി മാറിയ കഥ….
സൗന്ദര്യ സങ്കല്പങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഒന്നുമില്ലാത്ത ഒരു കൗമാരക്കാലം. എറണാകുളം മഹാരാജാസില്‍ ബി എ എക്കണോമിക്സിന് ചേര്‍ന്നപ്പോള്‍ ഉഷ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം അധ്യാപനത്തില്‍ തനിക്കൊരു ഇടം കണ്ടെത്തുക എന്നതായിരുന്നു. ‘കാലം ഓരോരുത്തര്‍ക്കും കരുതിവയ്ക്കുക പലതെന്ന’ല്ലേ പറയാറ്. അതുതന്നെ ഉഷയുടെ ജീവിതത്തിലും സംഭവിച്ചു. കോളേജിലുള്ള തന്റെ ഒരു സുഹൃത്തിനൊപ്പം അടുത്തുള്ള സലൂണിലേക്ക് പോയതാണ് ആ കൗമാരക്കാരിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.

ആദ്യമായി കാലെടുത്തുവച്ച സലൂണില്‍ നിന്ന് മേക്കപ്പിന്റെ വിശാലമായ ലോകത്തെക്കുറിച്ച് അറിഞ്ഞതോടെ തന്റെ വഴിയും ഇതുതന്നെയെന്ന് ഉഷ ഉറപ്പിച്ചു. പതിയെ ക്ലാസുകള്‍ കട്ട് ചെയ്തു മറ്റും സലൂണിലെ ഒരു നിത്യസന്ദര്‍ശകയായി അവിടെയെത്തി ഓരോ വര്‍ക്കും വീക്ഷിച്ച അവര്‍ ശോഭ കുഞ്ചനൊപ്പം ശശി അലക്സാണ്ടറിന്റെ ‘മൈ ഫെയര്‍ ലേഡി’ എന്ന സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഹെയര്‍ സ്റ്റൈലില്‍ ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്ന ഉഷ സുഹൃത്തായ ശോഭയ്ക്കൊപ്പം ചേര്‍ന്ന് കേരളത്തിലെ ആദ്യത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കുള്ള തങ്ങളുടെ ചുവടുവയ്പ് അവിടെ നടത്തുകയായിരുന്നു.

വിവാഹശേഷം പനമ്പള്ളി നഗറിലെ ആദ്യത്തെ ബ്യൂട്ടീ സലൂണ്‍ ഷോപ്പായ എസ് എന്‍സ് ബ്രൈഡല്‍ മേക്കോവറുമായി ഈ സംരംഭക ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും എട്ടു വര്‍ഷങ്ങള്‍ക്കുശേഷം വിദേശത്തേക്ക് ചേക്കേറുകയും ചെയ്തു. ഇരുപത്തിയഞ്ച് വര്‍ഷക്കാലത്തോളം യുഎഇ, മസ്കറ്റ് എന്നിവിടങ്ങളില്‍ ബ്യൂട്ടീഷന് എന്ന നിലയില്‍ തന്റെ പ്രതിഭ പ്രകടിപ്പിക്കാന്‍ കഴിഞ്ഞ ഉഷ ഇന്ന് ബ്യൂട്ടി തെറാപ്പിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അരോമ തെറാപ്പിസ്റ്റ്, ട്രെയിനര്‍ എന്നീ നിലകളില്‍ എല്ലാം തിളങ്ങിനില്ക്കുന്നു.

കോവിഡ് കാലഘട്ടത്തില്‍ ചില പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ലോക്ക്ഡൗണിന് ശേഷം വ്യത്യസ്ത വഴികളിലൂടെ സൗന്ദര്യ സങ്കല്പങ്ങള്ക്ക് മാറ്റ് കൂട്ടുവാന്‍ ശ്രമിച്ച ഉഷയ്ക്ക് തന്റെ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ ശോഭിക്കുവാന്‍ കഴിഞ്ഞു. ആയുര്‍വേദത്തിന്റെയും അരോമാ തെറാപ്പിയുടെയും പിന്‍ബലത്തോടെ നിര്‍മിക്കുന്ന ഹെയര്‍ ഓയില്‍, സ്കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം. താന്‍ അറിഞ്ഞതും പഠിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും ഉഷ ഒരു പ്രത്യേക സന്തോഷം കണ്ടെത്തുന്നു. ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റോട് കൂടിയ ബ്യൂട്ടീഷന് കോഴ്സ് തന്റെ കീഴില്‍ പഠിപ്പിക്കുവാന്‍ ഈ സംരംഭക ആരംഭിച്ചതിന്റെ പ്രധാന കാരണവും അതുതന്നെ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656260971