അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്; ‘ഡെസേര്‍ട്ട്’ കേക്കുമായി സുമയ സാദിഖ്
കുടുംബവും കുട്ടികളും ഒക്കെയായി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നവരും സ്വന്തമായി ഒരു സംരംഭം എന്ന വെളിച്ചത്തിലേക്ക് കണ്ണു തുറന്നു കഴിഞ്ഞു. കണ്‍തുറന്നു കണ്ട വെളിച്ചത്തെ തന്റെ രുചികളിലൂടെ മധുരമുള്ളതാക്കി തീര്‍ക്കുകയാണ് സുമയ സാദിഖ് എന്ന പാലക്കാട്ടുകാരി.
തൊഴില്‍ എന്ന ആഗ്രഹം മുന്നില്‍ ഉദിച്ചപ്പോള്‍ തന്നെ കുടുംബം, കുട്ടികള്‍ എന്നിവരെ കുറിച്ചും സുമയയ്ക്ക് ചിന്തിക്കേണ്ടി വന്നു. ജോലി എന്നത് വീട്ടിലിരുന്നും ചെയ്തുകൂടേ എന്ന ചിന്തയില്‍ നിന്നാണ് Desert Cakes ന്റെ പിറവി. പാചകം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ സംരംഭകയ്ക്ക് ഇതാണ് നിന്റെ വഴി എന്ന് പറഞ്ഞു കൊടുത്തത് ഭര്‍ത്താവ് സാദിഖ് ആണ്.
മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനോട് കുടുംബം എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട് എന്ന് പറയുമ്പോള്‍ പോലും ഇന്ന് സ്വയംതൊഴില്‍ മേഖലയിലേക്ക് അധികവും കടന്നു വരുന്നത് ഇതേ വിഭാഗക്കാര്‍ തന്നെയാണ്. സുമയയ്ക്കും ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് ഭര്‍ത്താവും കുടുംബവും ആയിരുന്നു. ‘നിനക്ക് കഴിയു’മെന്ന അവരുടെ വാക്കിലുള്ള വിശ്വാസമാണ് സുമയയെ Desert Cakes ലൂടെ നാലാള്‍ അറിയുന്ന നിലയിലേക്ക് വളര്‍ത്തിയത്.
കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഡെസേര്‍ട്ട് കേക്കിനെ സംബന്ധിച്ച് അതൊരു വളര്‍ച്ചയുടെ കാലഘട്ടം തന്നെയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡെസേര്‍ട്ട് കേക്ക് എന്ന സംരംഭത്തെ ആളുകള്‍ അടുത്തറിഞ്ഞു തുടങ്ങിയത് കോവിഡ് മഹാമാരിയോടു കൂടെയാണ്. ‘ബ്ലാക്ക് ബേര്‍ഡ്’ എന്ന ആപ്പിലൂടെ കോവിഡ് കാലത്ത് കേക്കിനോടൊപ്പം മറ്റ് ഉല്‍പ്പന്നങ്ങളും ആളുകളിലേക്ക് എത്തിക്കാന്‍ സുമയയ്ക്ക് സാധിച്ചിരുന്നു.
തുടക്കം മുതല്‍ തന്നെ കേക്ക് വാങ്ങിയവരൊക്കെ നല്ല അഭിപ്രായം പറഞ്ഞത് ഈ യുവ സംരംഭകയെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇന്ന് യൂട്യൂബ് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡെസേര്‍ട്ട് കേക്കില്‍ നിന്ന് കേക്കുകള്‍ വാങ്ങുന്നത്. അവരത് അവരുടെ ചാനലുകള്‍ വഴി മറ്റുള്ളവരിലേക്കും എത്തിക്കാറുണ്ടെന്ന് സുമയ പറയുന്നു. ചെറിയ തോതില്‍ തുടങ്ങിയ ഡെസേര്‍ട്ട് കേക്ക് ഹോള്‍സെയില്‍ വിപണന രംഗത്തേക്ക് എത്തിക്കാനും സ്വന്തമായി ഒരു യൂണിറ്റ് ആരംഭിക്കുവാനുമാണ് ഈ സംരംഭക ശ്രമിക്കുന്നത്.
കൂടുതലും പാലക്കാട് കേന്ദ്രീകരിച്ചാണ് ഡെസേര്‍ട്ട് കേക്ക് വില്പന നടത്തുന്നതെങ്കിലും ദൂരെ നിന്നും തന്റെ രുചി തേടി വരുന്നവരെ തൃപ്തിപ്പെടുത്താന്‍ സുമയയ്ക്ക് സാധിക്കുന്നുണ്ട്. ഇതിനു പുറമേ പാലക്കാടിലെ പല പ്രമുഖ കടകളിലേക്കും തന്റെ കേക്ക് സപ്ലൈ ചെയ്യുന്നുണ്ടെന്ന് വ ളരെയധികം ആത്മാഭിമാനത്തോടെ തന്നെയാണ് സുമയ്യ പറയുന്നത്.
എല്ലാത്തിനും പിന്നില്‍ തനിക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും മക്കളും ഉണ്ടെന്നത് ഈ സംരംഭകയുടെ ആത്മവിശ്വാസത്തിന് മാറ്റുകൂട്ടുന്നു.