അവഗണനയില്‍ നിന്ന് ആദരവിലേക്ക്… മനശാസ്ത്രത്തില്‍ ഒരുപിടി നേട്ടങ്ങളുമായി ഡോക്ടര്‍ അഞ്ചു ലക്ഷ്മി
മനശാസ്ത്രം എന്ന വിഷയത്തെയും അതിന്റെ സങ്കീര്‍ണതകളും എത്രത്തോളം ഉണ്ടെന്ന് മലയാളികള്‍ മനസ്സിലാക്കിയത് ഒരുപക്ഷേ 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലൂടെയാകും. പിന്നീട് നമ്മള് പലപ്പോഴും തമാശയായി പറഞ്ഞിട്ടുള്ള സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും ഇഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചവരുടെ എണ്ണവും കുറവായിരിക്കും.
ചിത്രത്തിലെ ഡോക്ടര്‍ സണ്ണിയെപ്പോലെ മറ്റുള്ളവരുടെ മനസ്സിന്റെ ഉള്ളറകളിലെ പ്രശ്നത്തെ അറിഞ്ഞും അതിന്റെ സങ്കീര്‍ണതകളെ ലഘൂകരിച്ചും കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച വനിതയാണ് ഡോക്ടര്‍ അഞ്ചുലക്ഷ്മി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തളര്‍ത്തിയപ്പോഴും സ്വപ്നങ്ങളെ അവയ്ക്കുമുന്നില്‍ വിട്ടുകൊടുക്കാതെ മുറുകെ പിടിച്ച പെണ്‍കരുത്ത്…. അതാണ് അഞ്ചുലക്ഷ്മി…!
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിനിയായ അഞ്ചു ലക്ഷ്മി സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് അവിചാരിതമായാണ് മനശാസ്ത്രത്തിലേക്ക് ചുവട് മാറ്റിയത്. കൗമാരക്കാര്‍ക്കിടയില്‍ കൗണ്‍സിലര്‍ ആയാല്‍ പ്രണയ വിശേഷങ്ങള്‍ ഒക്കെ കേട്ടിരിക്കാം എന്ന താല്പര്യമാണ് അഞ്ചുവിനെ തുടക്കകാലത്ത് കൗണ്‍സിലിംഗ് മേഖലയിലേക്ക് ആകര്‍ഷിച്ച ഏക ഘടകം. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല. പിന്നീടുള്ള ഓരോ യാത്രയും അഞ്ചുവിന് മനസ്സിനും ശരീരത്തിനും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.
ജോലിക്ക് കയറിയ സ്കൂളില്‍ സ്വന്തമായി ഒരു കൗണ്‍സിലിംഗ് മുറി പോലും ലഭിക്കാതെ വന്നപ്പോള്‍ പടിക്കെട്ടുകളും വിറകുപുരയും ഒക്കെ അവള്‍ക്ക് തണലേകി. എന്നിട്ടും സ്കൂളിലെ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന പേരില്‍ സഹപ്രവര്‍ത്തകരും കുട്ടികളും ഒരുപോലെ കയ്യൊഴിഞ്ഞപ്പോഴും അഞ്ചുവിന്റെ മനോധൈര്യം ഒരു തരി പോലും ചോര്‍ന്നു പോയില്ല.
2010 മുതല്‍ സോഷ്യല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന അഞ്ചു തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ്. പിന്നീട് വിവിധ വഴികളിലൂടെ സഞ്ചരിച്ച അഞ്ചു ഇന്ന് എല്ലാവരാലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കൗണ്‍സിലിംഗ് സെന്റര്‍ ഉടമയാണ്. ഇന്ന് സംസൃത എന്ന ക്ലിനിക്കുമായി തന്റെ പ്രവര്‍ത്തനങ്ങളെ ആളുകളിലേക്ക് എത്തിക്കുവാന്‍ അഞ്ചുവിന് പൂര്‍ണ പിന്തുണ നല്‍കുന്നത് മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും തന്നെയാണ്.
കോവിഡ് കാലത്ത് പോലും പ്രതിസന്ധികള്‍ തരണം ചെയ്ത് തന്റെ ജോലി അതിന്റെ എല്ലാ പൂര്‍ണതയോടെയും നിര്‍വഹിക്കാന്‍ അഞ്ചുവിന് സാധിച്ചു. വളരെ കാലത്തെ എക്സ്പീരിയന്‍സും ബന്ധങ്ങളുമുള്ള ആളുകളുടെ ബിസിനസ് പോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട സമയത്ത് തനിക്ക് തന്റെ കൗണ്‍സിലിംഗ് പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞത് ഏറെ അഭിമാനം ഉളവാക്കുന്ന കാര്യമാണെന്ന് അഞ്ചു പറയുന്നു.