Business ArticlesEntreprenuershipSpecial Story

ഡോക്ടര്‍ പ്രൊഫഷനില്‍ നിന്ന് ബ്യൂട്ടി സലൂണിലേക്ക്‌

- നിസാം മുഹമ്മദ് സലീം

ഡോ. പ്രീതേഷ് എന്ന ഓര്‍ത്തോഡോണ്ടിസ്റ്റ് (Orthodontist) കൊല്ലം കൊട്ടിയത്ത് ആരംഭിച്ച Ashtamudi Wellness and Beauty Saloon ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയതിന് പിന്നില്‍ ഒരു കഥയുണ്ട്; ആരെയും പ്രചോദിപ്പിക്കുന്ന കഥ !

പരിഹാസങ്ങളില്‍ ചെവി കൊടുക്കാതെ തന്റെ ഇഷ്ടത്തെ പിന്‍പറ്റി കൃത്യമായ അറിവോടെ ഈ ഡോക്ടര്‍ എത്തിയത്, വളരെ വേഗം പരക്കെ അംഗീകാരം ലഭിക്കുന്ന ഒരു സംരംഭവുമായാണ്. ‘സക്‌സസ് കേരള’യില്‍ നമുക്കൊപ്പം ഡോ. പ്രീതേഷ് ആ വിജയ കഥ പങ്കുവയ്ക്കുന്നു…

അഷ്ടമുടി വെല്‍നെസ് ആന്‍ഡ് ബ്യുട്ടി സലൂണ്‍ ഇന്ന് കേരളത്തില്‍ മുഴുവന്‍ സുപരിചിതമായ ഒരു ബ്രാന്‍ഡാണ്. ഒരു ഓര്‍ത്തോഡോണ്ടിസ്റ്റായ താങ്കള്‍ എങ്ങനെയാണ് ഈ സലൂണ്‍ സംരംഭത്തിലേക്ക് എത്തുന്നത് ?

നിങ്ങള്‍ പറഞ്ഞത് പോലെ ഞാനൊരു Orthodontist ആണ്. എന്റെ അടുത്തേക്ക് ഓരോ ആളുകള്‍ വരുന്നതും അവരുടെ മുഖം കുറച്ചു കൂടി ഭംഗിയില്‍ എത്തിക്കാന്‍ വേണ്ടിയാണ്.  പല്ലില്‍ കമ്പിയൊക്കെ ഇട്ട് അവരുടെ ‘ചിരി നന്നാക്കുക’ എന്നതാണ് അവരുടെ ലക്ഷ്യം. പക്ഷേ, മുഖം ഭംഗിയാക്കാന്‍ അത് മാത്രം പോരല്ലോ. ഹെയര്‍ കെയറും സ്‌കിന്‍ കെയറും അങ്ങനെ ടോട്ടല്‍ കെയര്‍ കൊടുത്താല്‍ മാത്രമേ കുറച്ചു കൂടി ഭംഗിയിലേക്ക് എത്താന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. അങ്ങനെയാണ് ഞാന്‍ ഈ ബ്യൂട്ടി സലൂണ്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്.

2010-ല്‍ ഇത് ആരംഭിക്കുമ്പോള്‍ അഷ്ടമുടി ദന്തല്‍ ആന്‍ഡ് കോസ്‌മെറ്റിക്ക് ക്ലിനിക് എന്നായിരുന്നു പേര്. ഈ മേഖലയില്‍ കൂടുതല്‍ താല്പര്യം തോന്നിയപ്പോഴാണ് സലൂണ്‍ എന്ന രീതിയിലേക്ക് ഈ സംരംഭത്തെ മാറ്റിയത്. അന്ന് ഇത് ആരംഭിക്കുമ്പോള്‍ ഒരുപാട് പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെ നേരിട്ടിരുന്നു

പരിഹാസങ്ങളെ കുറിച്ച് താങ്കള്‍ പറഞ്ഞല്ലോ… എങ്ങനെയായിരുന്നു സര്‍ ഇതിന്റെ തുടക്ക സമയത്ത് കൂടുതല്‍ നേരിട്ടത് പരാജയമായിരുന്നോ ?

തീര്‍ച്ചയായും. ഇതിന്റെ തുടക്കത്തില്‍ പരാജയമാണ് നേരിട്ടത്. അതിന് ശേഷം ഈ മേഖലയെ കുറിച്ച് കൃത്യമായി ഞാന്‍ പഠിക്കാന്‍ തുടങ്ങി. പല രാജ്യങ്ങളിലും ഈ മേഖലയെ കുറിച്ചുള്ള കൃത്യമായ അറിവിന് വേണ്ടി ഞാന്‍ യാത്ര ചെയ്തു. ബോംബെയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഹെയര്‍ റിലേറ്റഡായുള്ള അഡ്വാന്‍സ്ഡ് കോഴ്‌സ്‌കള്‍ പഠിച്ചു. നെയില്‍ ആര്‍ട്ട്, മേക്കപ്പ് തുടങ്ങി സലൂണിനെ മികച്ചതാക്കാന്‍ സാധിക്കുന്ന പല കോഴ്‌സുകള്‍ ഞാന്‍ പഠിച്ചു. കൃത്യമായ അറിവോടുകൂടിയാണ് പിന്നീട് ഇത് ആരംഭിച്ചത്.
ഞാനും എന്റെ വൈഫും ഒരുമിച്ചാണ് ഈ സംരംഭം തുടങ്ങിയത്. ഭാര്യ കോളേജ് ലക്ച്ചറര്‍ ആണ്. സംഗീത എന്നാണ് പേര്. എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് അവളായിരുന്നു

ഈ സലൂണ്‍ താങ്കള്‍ ആരംഭിക്കുമ്പോള്‍ അന്ന് അത്രത്തോളം മികച്ച ഒരു മേഖലയായിരുന്നില്ല ഇത്. ഒരു ജോലിയുമില്ലാതെ താങ്കള്‍ ആരംഭിച്ചതല്ല ഈ സംരംഭം. രണ്ട് – മൂന്ന് ക്ലിനിക്കുകളുള്ള തിരക്കുള്ള ഡോക്ടര്‍ ആയിരുന്ന താങ്കള്‍ ഈ സംരംഭത്തിലേക്ക് വരുമ്പോള്‍ ഫാമിലി താങ്കളെ സപ്പോര്‍ട്ട് ചെയ്തിരുന്നോ ?

എന്റെ ഫാമിലിയില്‍ നിന്നും ഭാര്യയുടെ ഫാമിലിയില്‍ നിന്നും നല്ല പിന്തുണ അന്ന് എനിക്ക് ലഭിച്ചിരുന്നു. അവര്‍ ഒരിക്കലും ഞങ്ങളെ തളര്‍ത്താന്‍ നോക്കിയിട്ടില്ല. പക്ഷേ, സുഹൃത്തുക്കള്‍, ഡോക്ടര്‍മാര്‍ ഇവരൊക്കെ കളിയാക്കിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പ് തുടങ്ങുന്നു എന്ന രീതിയില്‍ പലരും അന്ന് പരിഹസിച്ചിരുന്നു. പലര്‍ക്കും ഇത് അംഗീകരിക്കാന്‍ മടിയായിരുന്നു. ഇതിനും ‘വാല്യു’ ഉണ്ടെന്ന് അവര്‍ മനസ്സിലാക്കിയിരുന്നില്ല.

വളരെ വേറിട്ടൊരു ബ്രാന്‍ഡ് നെയിമാണ് താങ്കളുടേത്. അഷ്ടമുടി വെല്‍നെസ് ആന്‍ഡ് ബ്യുട്ടി സലൂണ്‍. എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത്?

അതിന് കാരണം എന്റെ സ്വപ്‌നങ്ങള്‍ വലുതായിരുന്നു എന്നത് തന്നെയാണ്. അഷ്ടമുടി സലൂണിനെ ഒരു ബ്രാന്‍ഡ് ആക്കണമെന്ന ആഗ്രഹത്തോട് കൂടിയാണ് ഞാനിത് തുടങ്ങുന്നത്. അന്ന് കേരളത്തില്‍ ഈ മേഖലയില്‍ ബ്രാന്‍ഡുകള്‍ ഉണ്ടായിരിന്നില്ല. പക്ഷേ നോര്‍ത്ത് ഇന്ത്യയിലും മറ്റും സലൂണ്‍ മേഖലയില്‍ ബ്രാന്‍ഡുകള്‍ ഉണ്ടായിരുന്നു.

കേരളത്തിലെ ആളുകള്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്. ഓരോരുത്തര്‍ക്കും ഓരോ കാഴ്ച്ചപ്പാടുകളും ഓരോ രുചികളുമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ യാത്ര ചെയ്യുമ്പോള്‍ കൃത്യമായി നമുക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും. മലയാളികളെ കൃത്യമായി അറിയാവുന്നവര്‍ക്ക് മാത്രമേ അവര്‍ക്ക് വേണ്ടത് കൃത്യമായി കൊടുക്കാന്‍ കഴിയൂ.
അഷ്ടമുടി എന്നത് മലയാളികള്‍ക്ക് സുപരിചിതമായ പേരാണ്. കേരളത്തിന് പുറത്തേക്ക് പോകുമ്പോള്‍ അഷ്ടമുടി എന്നത് കേരളത്തിന്റെ പേരാണ്. ഒരു ‘മലയാളി ബ്രാന്‍ഡ്’ ക്രിയേറ്റ് ചെയ്യുക എന്ന ലക്ഷ്യം തന്നെയാണ് ഈ പേരിലേക്ക് എന്നെ എത്തിക്കുന്നത്.

ഒരു സാധാരണ സലൂണില്‍ നിന്നും അഷ്ടമുടിയെ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആക്കുക എന്നത് ചെറിയ കാര്യമല്ല. ആ യാത്രയെ കുറിച്ചൊന്ന് വ്യക്തമാക്കാമോ ?

ഒരുപാട് തിരിച്ചറിവുകളിലൂടെയാണ് ഞാന്‍ ഇവിടെ എത്തിയത്. നിങ്ങള്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഒരുപാട് തിരക്കുണ്ടായിരുന്ന ഡോക്ടര്‍ ആയിരുന്നു ഞാന്‍. പക്ഷേ, ഞാന്‍ ഈ സംരംഭം ആരംഭിച്ചത് ഒരു ഇഷ്ടം കൊണ്ടാണ്. പല പരിഹാസങ്ങളെയും വെല്ലുവിളികളേയും ഞാന്‍ നേരിട്ടത് പോസിറ്റീവ് ആയിട്ടായിരുന്നു. പലരും ഇന്നും ഇതിനെ ബിസിനസ് മാത്രമായി കാണുമ്പോള്‍ ഞാന്‍ കൃത്യമായ അറിവോടുകൂടിയാണ് ഇത് തുടങ്ങിയത്.

എന്റെ സ്റ്റാഫുകളെ നിയന്ത്രിക്കാനോ അവര്‍ക്ക് പരിശീലനം നല്‍കാനോ മറ്റൊരാളെയും നിയമിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. കാരണം കൃത്യമായി ഞങ്ങള്‍ ഇതിനെ കുറിച്ച് പഠിച്ചവരാണ്. ഓരോ കസ്റ്റമേഴ്‌സിന്റെയും ആവശ്യം കൃത്യമായി ഞങ്ങള്‍ക്ക് അറിയാം. ഇത് തുടങ്ങുമ്പോള്‍ എന്റെ ലക്ഷ്യം ഈ സലൂണിനെ ബ്രാന്‍ഡ് ആക്കുക എന്നത് മാത്രമായിരുന്നു. ആദ്യം ഞങ്ങള്‍ ഇത് തുടങ്ങുന്നത് കൊല്ലത്തുള്ള കൊട്ടിയത്ത് ആയിരുന്നു. പിന്നീട് തിരുവനന്തപുരത്തും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഞങ്ങള്‍ക്ക് ഈ ബ്യൂട്ടി സലൂണ്‍ എത്തിക്കുവാന്‍ സാധിച്ചു.

ഈ സെപ്റ്റംബറില്‍ ഞങ്ങളുടെ പുതിയ ഷോറും ദുബായില്‍ ആരംഭിക്കുകയാണ്. ആ ഒരൊറ്റ ലക്ഷ്യം തന്നെയാണ് അഷ്ടമുടി വെല്‍നസ് ബ്യുട്ടി സലൂണിനെ ഇന്ന് മികച്ച ബ്രാന്‍ഡാക്കുന്നത്.

കൃത്യമായ ലക്ഷ്യബോധമുള്ള വ്യക്തിയാണ് താങ്കള്‍. പരാജയങ്ങളെ അതിജീവിക്കാന്‍ കരുത്തുള്ള വ്യക്തി. അത് കൊണ്ട് തന്നെ ചോദിക്കട്ടെ, ഇനിയുള്ള പദ്ധതികള്‍ എന്തൊക്കെയാണ് ?

ഇനിയും ഒരുപാട് ലക്ഷ്യങ്ങള്‍ എനിക്കുണ്ട്. അഷ്ടമുടി ഇന്റര്‍നാഷണല്‍ അക്കാദമി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ഞാന്‍. Wellness, Beauty എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നല്‍കുന്ന എഡ്യൂക്കേഷന്‍ സ്ഥാപനം ഇവിടെ വളരെ ആവശ്യമാണ്. കാരണം ഇന്ന് വലിയ കോര്‍പ്പറേറ്റുകള്‍ വരെ ഈ മേഖല ലക്ഷ്യം വയ്ക്കുന്നുണ്ട്. മലയാളികള്‍ പക്ഷേ വലുതായി ഈ മേഖലയിലേക്ക് തിരിയുന്നില്ല. അതിന് കാരണം കൃത്യമായ അറിവില്ലായ്മയാണ്.

പ്രൊഫഷണല്‍ സലൂണ്‍ കോഴ്‌സ്‌കള്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ഇവിടെ ഇല്ല എന്നത് തന്നെയാണ് വലിയ പോരായ്മ. മാത്രമല്ല, ഇതൊരു ‘വുമണ്‍ എംപവര്‍’ മേഖല കൂടിയാണ്. അത് കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ഇതിനെ കുറച്ചു കൂടി മെച്ചപ്പെടുത്തണം. കൃത്യമായ അറിവ് അവര്‍ക്ക് ലഭിച്ചാല്‍ ഒരുപാട് നേട്ടങ്ങളിലേക്ക് അവര്‍ പോകും. അവര്‍ക്ക് കൃത്യമായ അറിവ് എത്തിച്ചു നല്‍കുന്നതിന് വേണ്ടി ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങണം. അതിന്റെ ഒരുക്കത്തിലാണ് ഇപ്പോള്‍.

അഷ്ടമുടി Wellness and Beauty Saloon  മാത്രമല്ല, നിരവധി ഫാഷന്‍ ഷോകള്‍ താങ്കള്‍ സംഘടിപ്പിക്കാറുണ്ട്. എന്താണ് ഈ ഫാഷന്‍ ഷോകളുടെ സാധ്യത എങ്ങനെയാണ്?

ഞങ്ങള്‍ കൂടുതല്‍ ബ്രൈഡല്‍ മേക്കപ്പിലാണ് സ്പെഷ്യലൈസ് ചെയ്യുന്നത്. കാരണം ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട, ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ദിവസമാണ് അത്. അവര്‍ എല്ലാക്കാലവും ഈ ദിവസം ഓര്‍മിച്ചു വെയ്ക്കും. ആ ദിവസം അവര്‍ക്ക് ആത്മവിശ്വാസം തോന്നണമെങ്കില്‍ അവരുടെ ‘ലുക്ക്’ അന്ന് നന്നായിരിക്കണം. ഇതിന് വേണ്ടി പലരും ഞങ്ങളെ സമീപിക്കാറുണ്ട്.

പക്ഷേ, ഫാഷന്‍ ഷോയിലേക്ക് വരുമ്പോള്‍ അത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഈ ഷോയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ‘ഹൈലി കോണ്‍ഫിഡന്റ്’ ആയിരിക്കും. പബ്ലിക്കിനെ ‘അഡ്രസ്സ്’ ചെയ്യാന്‍ വരുന്ന അവരെ കുറച്ചു കൂടി കോണ്‍ഫിഡന്റ് ആക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ ലേറ്റസ്റ്റ് ട്രെന്‍ഡുമായി വരുന്ന അവരെ ഇതിന് വേണ്ടി തയാറാക്കിയെടുക്കുമ്പോള്‍ ഞങ്ങളും പുതിയ ട്രെന്‍ഡുകള്‍ അറിയുകയാണ്. ഞങ്ങളും പഠിക്കുകയാണ്. ഞങ്ങള്‍ക്ക് കുറച്ചു കൂടി ഈ മേഖലയെ മനസ്സിലാക്കാന്‍ അപ്പോള്‍ സാധിക്കുക കൂടി ചെയ്യുന്നു.

പണ്ട് കാലങ്ങളില്‍ സലൂണിനെ പോലെ തന്നെ ഫാഷന്‍ ഷോകളെയും സമൂഹം അംഗീകരിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. എന്താണ് താങ്കള്‍ക്ക് തോന്നുന്നത് ?

ശരിയാണ്. ആദ്യമൊക്കെ Fashion Show സംഘടിപ്പിക്കുമ്പോള്‍ സ്ഥിരം മുഖങ്ങളായിരുന്നു ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നത്. പിന്നീട് അത് മാറി. ഇപ്പോള്‍ പലരും ഈ മേഖലയിലേക്ക് വരുന്നുണ്ട്. പുതിയ തലമുറ കുറച്ചു കൂടി ‘ബോള്‍ഡാ’ണ്. ഡോക്‌ടേഴ്‌സ്, എഞ്ചിനിയേഴ് സ് തുടങ്ങി പലരും ഇന്ന് അണിനിരക്കാറുണ്ട്. അവരുടെ ഫാമിലി അവരെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പണ്ട് ആരും അവരെ സപ്പോര്‍ട്ട് ചെയ്യുമായിരുന്നില്ല. ഇന്ന് അങ്ങനെയല്ല .

ഈ സംരഭക യാത്രയില്‍ താങ്കളുടെ ഭാര്യയുടെ സപ്പോര്‍ട്ട് മികച്ചതായിരുന്നു എന്ന് പറഞ്ഞല്ലോ , വ്യക്തമാക്കാമോ ?

‘ഒറ്റയാള്‍’ ആയി മുന്നോട്ട് പോയാല്‍ നേടിയെടുക്കുന്നതിന് പരിധിയുണ്ട്. ചിലപ്പോള്‍ നമ്മള്‍ തോറ്റുപോകും. പക്ഷേ, കൂടെ ഒരാള്‍ ഉണ്ടങ്കില്‍ നമുക്ക് ജയിക്കാന്‍ സാധിക്കും. എന്റെ ഭാര്യ എന്നെ ഈ കാര്യം പറഞ്ഞു കൊണ്ട് ഒരിക്കലും കളിയാക്കിയിട്ടില്ല. അവളും ഒപ്പം നിന്നും. ‘നിങ്ങള്‍ ഒരു ഡോക്ടര്‍ അല്ലേ നാണമില്ലേ?’ എന്ന് അവള്‍ എന്നോട് ചോദിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇന്ന് ഈ ഒരു ബ്രാന്‍ഡിനെ കുറിച്ച് പറയാന്‍ ഞാന്‍ വരുമായിരുന്നില്ല. ഒരു ഡോകടര്‍ ആയി തന്നെ ഞാന്‍ ഇപ്പോഴും ജീവിച്ചേനെ.

ഇന്ന് പല സംരംഭങ്ങളും പരാജയപ്പെട്ട് പോകുന്നുണ്ട്. എന്താണ് ഇതിന് കാരണം?

ആവശ്യമായ സപ്പോര്‍ട്ട് ലഭിക്കുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണം. ഒരുപാട് സ്വപ്‌നം കാണുന്നവര്‍ ഉണ്ട് നമുക്ക് ചുറ്റും. പക്ഷേ, അവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സപ്പോര്‍ട്ട് ലഭിക്കുന്നതേയില്ല. പഠിക്കുക, അറിവ് നേടുക എന്നതും പ്രധാനമാണ്. എന്നാല്‍ പലരും അതിന് ശ്രമിക്കുന്നില്ല. ഉള്ളതുകൊണ്ട് ജയിക്കാന്‍ വേണ്ടിയാണ് അവര്‍ ഒരുങ്ങുന്നത്. പറയുമ്പോള്‍ വലിയ പാഷനുകള്‍ അവര്‍ക്കുണ്ട്. എന്നാല്‍, വീടിന് പുറത്ത് വന്ന് അവര്‍ ഒന്നും ചെയ്യുന്നില്ല. ഇന്ന് പലര്‍ക്കും അറിവ് വേണ്ട. സര്‍ട്ടിഫിക്കറ്റ് മാത്രം മതി, അറിവാണ് പ്രധാനം. Lack of Education, Lack of Support എന്നിവയാണ് ഇന്നത്തെ സംരഭങ്ങള്‍ പലതും പരാജയപ്പെടാനുള്ള കാരണങ്ങള്‍

Wellness  സര്‍വീസ് എന്ന് പറഞ്ഞായിരുന്നല്ലോ. എങ്ങനെയാണ് ഈ സ്ഥാപനത്തിലെ Wellness സര്‍വീസ്. ഒന്ന് വ്യക്തമാക്കാമോ?

Wellness എന്നാല്‍ നമ്മള്‍ നന്നാവുക എന്നതാണ്.  ഇത് ആയുര്‍വേദം എന്ന് പലരും കരുതുന്നു. പക്ഷേ, അങ്ങനയല്ല. മാനസികാരോഗ്യം, ശാരീരികാരോഗ്യം, സൗന്ദര്യം, ലുക്ക് എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ഞങ്ങള്‍ ഒരുപാട് പേര്‍ക്ക് ഞാന്‍ ‘കോണ്‍ഫിഡന്‍സ്’ കൊടുക്കുന്നു. Wellness എന്നാല്‍ മസാജ് എന്നല്ല. പലര്‍ക്കും ക്ലാസ് എടുക്കുമ്പോള്‍ അവരോട് ഞാന്‍ എന്റെ അനുഭവങ്ങളെ കുറിച്ച് പറയുന്നു. അത് അവര്‍ക്ക് നല്കുന്നത് ആത്മവിശ്വാസം നല്കുന്നുണ്ട്. ഇതൊക്കെ Wellnessല്‍ ഉള്‍പ്പെടുന്നതാണ്. ഞാന്‍ ഇനി ആരംഭിക്കാന്‍ പോകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്, അവിടെ നല്‍കുന്ന വിദ്യാഭ്യാസം. ഇതും Wellness  ന്റെ ഭാഗമാണ്

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button