Business ArticlesEntreprenuershipSuccess Story

പാഷന്‍ പ്രൊഫഷനാക്കി വിജയംവരിച്ച സംരംഭകന്‍; ക്ലാസിലെ ഏറ്റവും ഉഴപ്പന്‍ ഏറ്റവും മികച്ച കണ്ടന്റ് റൈറ്റര്‍ ആയ കഥ

‘ഈ MBA ഒന്നും നിന്നെപ്പോലുള്ള മണ്ടന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അതൊക്കെ നല്ല ബുദ്ധിയും കഴിവും ഉള്ള കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.’

ഒരു ചെറുപ്പക്കാരന്‍ എം.ബി.എക്ക് ചേരണമെന്ന ആഗ്രഹം വീട്ടില്‍ അറിയിച്ചപ്പോള്‍ കുടുംബത്തിലെ ഒരു മുതിര്‍ന്ന കാരണവര്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ അന്ന് ആ കാരണവരോ അവിടെ കൂടിയിരുന്നവരോ എന്തിന് ആ ചെറുപ്പക്കാരന്‍ പോലും ചിന്തിച്ചിരുന്നില്ല അവന്‍ എം.ബി.എ ഉയര്‍ന്ന റാങ്കോടുകൂടി പാസാകുക മാത്രമല്ല, പില്‍ക്കാലത്ത് അവന്‍ എം.ബി.എ അധ്യാപകര്‍ക്ക് പോലും ക്ലാസ് എടുക്കുന്ന പ്രൊഫസറും, വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്ന ബിസിനസ് കണ്‍സള്‍ട്ടന്റും, ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും അറിയപ്പെടുന്ന കണ്ടന്റ് റൈറ്ററുമെല്ലാമായിത്തീരുമെന്ന്…..
ആ കഥയാണ് ഇനി പറയാന്‍ പോകുന്നത്.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ആലിങ്ങല്‍ എന്ന ഗ്രാമത്തില്‍ ആയിരുന്നു നജീമുദ്ദീന്റെ ജനനം. ഉപ്പ കിഴക്കേ പീടികക്കല്‍ മൊയ്തീന്‍കുട്ടി, ഉമ്മ ആമിന. കുട്ടിക്കാലത്ത് പഠനത്തില്‍ അത്ര സമര്‍ഥനൊന്നുമായിരുന്നില്ല നജീം. മാത്രമല്ല, പഠിക്കാനുള്ള മടിയും പരീക്ഷാ പേടിയും കാരണം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒളിച്ചോട്ടം നടത്തിയ ആള്‍ കൂടിയാണ്. ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ നജീം സ്‌നേഹനിധികളായ ചില അധ്യാപകരുടെ പിന്തുണയില്‍ ഭേദപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സായി. ഒരു ആവേശത്തിന് പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്തെങ്കിലും അത് തനിക്ക് വഴങ്ങില്ല എന്ന് മനസ്സിലാക്കി അധികം വൈകാതെ ആര്‍ട്‌സ് വിഷയത്തിലേക്ക് പഠനം വഴിമാറ്റി.

സെക്കന്‍ഡ് ക്ലാസോടെ കഷ്ടിച്ച് പ്രീഡിഗ്രി പാസായ നജീം, ഒരുവിധം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടിയെടുത്തു. കുട്ടിക്കാലം തൊട്ട് ബിസിനസ്സില്‍ താല്പര്യമുണ്ടായിരുന്ന നജീം ബിസിനസ് മാനേജ്‌മെന്റ് പഠിക്കാന്‍ വേണ്ടി എം.ബി.എക്ക് ചേരണമെന്ന ആഗ്രഹം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് നേരത്തെ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നത്.

എന്നാല്‍ ഇത്തരം പരിഹാസങ്ങള്‍ക്കും കുത്തുവാക്കുകള്‍ക്കുമൊന്നും അയാളെ മാനസികമായി തകര്‍ക്കാന്‍ കഴിഞ്ഞില്ല. ചിദംബരം അണ്ണാമലൈ സര്‍വ്വകലാശാലയില്‍ എം.ബി.എ കോഴ്‌സിന് ചേര്‍ന്ന നജീം ഡോ.പഞ്ചനാദം ഉള്‍പ്പെടെയുള്ള ഒരുപറ്റം പ്രതിഭാധനരായ അധ്യാപകരുടെ ശിക്ഷണത്തില്‍ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റില്‍ ഒന്നാം റാങ്കോടെ എം.ബി.എ പാസായി. അതോടൊപ്പം ദുബായ് ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് ഡോക്ടറേറ്റ് എടുക്കണം എന്ന ആഗ്രഹം കലശലായപ്പോള്‍ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തി കോയമ്പത്തൂര്‍ കര്‍പ്പകം സര്‍വ്വകലാശാലയില്‍ പാര്‍ട്ട് ടൈം പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തു.

അതോടൊപ്പം മാധ്യമം ദിനപത്രം, ഇന്ത്യ യമഹ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ കാലയളവില്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നടപ്പിലാക്കിയ ചില മാര്‍ക്കറ്റിംഗ് ആശയങ്ങള്‍ നല്ല രീതിയില്‍ വിജയിക്കുകയും അദ്ദേഹത്തിനും ആ സ്ഥാപനങ്ങള്‍ക്കും വലിയ നേട്ടം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നജീം പതിയെ ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തേക്ക് ചുവടുവെച്ചു.

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ സെര്‍ട്ടിഫൈഡ് ട്രെയിനര്‍ ആയി പരിശീലന രംഗത്തേക്ക് കടന്നുവന്ന നജീമുദ്ദീന്‍ അധ്യാപനത്തിലുള്ള അഭിരുചി മൂലം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറായും പ്രിന്‍സിപ്പാളായുമൊക്കെ ജോലി ചെയ്‌തെങ്കിലും അക്കാദമിക് രംഗത്തെ നിലവാരത്തകര്‍ച്ചയും മൂല്യച്യുതിയും കണ്ട് മനസ്സുമടുത്ത് ആ ജോലി ഉപേക്ഷിച്ച് വീണ്ടും ബിസിനസ് കണ്‍സള്‍ട്ടിംഗിലേക്ക് തന്നെ തിരിച്ചുവന്നു.

2015 മുതല്‍ ഒരു ഫ്രീലാന്‍സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചുവന്ന നജീം 2017ല്‍ ക്രിയ ഇന്‍സൈറ്റ്‌സ് ബിസിനസ് റിസര്‍ച്ച് ആന്‍ഡ് ക്രിയേറ്റീവ് സൊല്യൂഷന്‍സ് എന്ന കണ്‍സല്‍ട്ടിംഗ് കമ്പനിക്ക് തുടക്കമിട്ടു. ബിസിനസ്സ് കണ്‍സല്‍ട്ടിംഗ്, ബിസിനസ്സ് റിസര്‍ച്ച്, കണ്ടന്റ് റൈറ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് എന്നിവയാണ് ഈ കമ്പനിയുടെ പ്രധാന പ്രവര്‍ത്തനമേഖല.

പുതിയ ഡിജിറ്റല്‍ യുഗത്തില്‍ ബിസിനസുകളുടെ വിജയത്തില്‍ കണ്‍ടെന്റുകളുടെ പ്രാധാന്യം മുന്‍കൂട്ടി കണ്ടറിഞ്ഞ നജീം കണ്ടന്റ് ക്രിയേഷനില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ചെറുപ്പം തൊട്ടേ വായനയും എഴുത്തും പാഷനായി കൂടെ കൊണ്ട് നടന്നിരുന്ന നജീം വായനയിലൂടെ നേടിയ അറിവും രചനാവൈഭവവും സര്‍ഗ്ഗാത്മകതയും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കണ്ടെന്റുകള്‍ തയ്യാറാക്കാന്‍ തുടങ്ങി.

വെബ്‌സൈറ്റ് കണ്ടന്റ്, സോഷ്യല്‍ മീഡിയ കണ്ടന്റ്, ബ്ലോഗ് കണ്ടന്റ്, വീഡിയോ കണ്ടന്റ്, പോഡ്കാസ്റ്റ് കണ്ടന്റ് എന്നിവയ്ക്ക് പുറമേ വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി ഇ-ബുക്ക്, ന്യൂസ് ലെറ്റര്‍ മുതലായവയും തയ്യാറാക്കിത്തുടങ്ങി. ഇത് മാത്രമല്ല, ഇന്ന് നല്ല രീതിയില്‍ അറിയപ്പെടുന്ന പല കമ്പനികളുടെയും ആരംഭശയില്‍ അവര്‍ക്കുവേണ്ട ബിസിനസ് പ്ലാന്‍, ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട്, മാര്‍ക്കറ്റ് സ്റ്റഡി റിപ്പോര്‍ട്ട്, ഫീസിബിലിറ്റി സ്റ്റഡി റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കിയതും നജീമുദ്ദീനാണ്.

കോര്‍പ്പറേറ്റ് കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പത്രമാധ്യമങ്ങള്‍, പുസ്തക പ്രസാധന കമ്പനികള്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ ക്ലയന്റ് ലിസ്റ്റിലുണ്ട്. ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ നോളജ് പ്രോസസ് ഔട്ട് സോഴ്‌സിങ് കമ്പനി കൂടിയാണ് ക്രിയ ഇന്‍സൈറ്റ്‌സ്. ഇന്ത്യയ്ക്ക് പുറമെ, സൗദി അറേബ്യ, യു.എഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം ക്രിയ ഇന്‍സൈറ്റ്‌സിന് നിരവധി ക്ലയന്റുകളുണ്ട്.

ചെറുകഥാ സമാഹാരങ്ങളും മാനേജ്‌മെന്റ് പുസ്തകങ്ങളും അടക്കം നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള നജീമിന്റെ അഞ്ചാമത്തെ പുസ്തകമായ ‘സംരംഭകരെ ഇതിലെ’ പ്രസിദ്ധീകരിക്കുന്നത് ഡിസി ബുക്‌സ് ആണ്. വിവിധ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും, അന്താരാഷ്ട്ര ജേര്‍ണലുകളില്‍ റിസര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള നജ്മുദീന്‍ ചില അന്താരാഷ്ട്ര മാനേജ്‌മെന്റ് ജേര്‍ണലുകളില്‍ ഗസ്റ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 200ലധികം വേദികളില്‍ മോട്ടിവേഷണല്‍ ക്ലാസുകളും മറ്റു പരിശീലന പരിപാടികളും നടത്തിയിട്ടുള്ള നജീമുദ്ദീന്റെ ‘ടേക്ക് ഡൈവേര്‍ഷന്‍’ എന്ന പേരിലുള്ള ലക്ചര്‍ സീരീസ് ഏറെ പ്രശസ്തമാണ്. ബ്ലോഗര്‍, യൂട്യൂബര്‍, പോഡ്കാസ്റ്റര്‍, കോളമിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനായ ഡോ. കെ. പി നജീമുദ്ദീന്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.

പട്ടാമ്പി സ്വദേശിനി ഫസീലയാണ് ഭാര്യ. മക്കള്‍ നേഹ, സിയ, എയ്‌സ.

ഫോണ്‍ നമ്പര്‍ : 9169166621, 9446568615

ഇമെയില്‍ : ceo@creainsights.com

വെബ്‌സൈറ്റ് :http://www.creainsights.com

http://www.najeemudeen.com

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button