ഓണ്‍ലൈന്‍ വിപണിയിലെ പുതിയ നിയമങ്ങള്‍ ; കേന്ദ്രസര്‍ക്കാരിനെതിരെ ഇ-കൊമേഴ്‌സ് കമ്പനികള്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിപണിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങള്‍ക്കെതിരെ ഇ-കൊമേഴ്‌സ് കമ്പനികള്‍. ആമസോണും ടാറ്റ ഗ്രൂപ്പും സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ശുപാര്‍ശ ചെയ്തിരിക്കുന്ന കരട് നിയമങ്ങളില്‍ ജൂലൈ ആറ് വരെയാണ് നിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള സമയം. ഈ തീയതി നീട്ടിയേക്കുമെന്നാണ് വിവരം.
ജൂണ്‍ 21നാണ് രാജ്യത്തെ പുതിയ ഇകൊമേഴ്സ് നിയമങ്ങളുടെ കരട് പുറത്തിറക്കിയത. പുതിയ നിയമങ്ങള്‍ പ്രകാരം ഫ്‌ലാഷ് സെയില്‍ ഉണ്ടാവില്ല, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കും, പരാതി പരിഹാര സംവിധാനം നിര്‍ബന്ധമാക്കും എന്നിവയാണ്. ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനാണ് പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിരവധി പേരാണ് ചട്ടങ്ങള്‍ ബലപ്പെടുത്തുന്നതില്‍ ആശങ്ക അറിയിച്ചിരിക്കുന്നത്. ഇത് നിലവില്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടുമൊക്കെ അവലംബിക്കുന്ന പ്രവര്‍ത്തന രീതികള്‍ പൊളിച്ചെഴുതാന്‍ കാരണമാകും.
കൂടാതെ ഇ മേഖലയില്‍ വളര്‍ന്നുവരുന്ന തദ്ദേശിയ സൈറ്റുകള്‍ക്കും, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും കൂടുതല്‍ പണം ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ചിലവഴിക്കേണ്ടി വന്നേക്കും. കോവിഡ്-19 ചെറുകിട വ്യാപാരികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആമസോണ്‍ പറയുന്നു. പുതിയ നിയമങ്ങള്‍ ആമസോണ്‍ വഴി വില്‍പന നടത്തുന്ന പല കച്ചവടക്കാരെയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്ളിപ്കാര്‍ട്ടും ആമസോണും പോലെയുള്ള ഓണ്‍ലൈന്‍ വിപണി നടത്തുന്നവര്‍ സ്വന്തമായി വ്യാപാരം നടത്തരുതെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. ഇത് ആമസോണിന് കടുത്ത തിരിച്ചടി നല്‍കുമെന്നും വാര്‍ത്തകളുണ്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാരില്‍ വലിയ നിക്ഷേപം ആമസോണ്‍ പോലുള്ള കമ്പനികള്‍ നടത്തുന്നുണ്ട്.