സ്വപ്ന പ്രയാണത്തിലൂടെ…
ബാല്യത്തിലും കൗമാരത്തിലും ആരുടേയും പിന്തുണ ഇല്ലാത്തതിനാല്‍ ചുരുട്ടിവെച്ച മോഹങ്ങള്‍…. പിന്നീട് പഴമയുടെ പൊടി തട്ടിമാറ്റി, അതേ ആവേശത്തോടു കൂടി ജീവിതത്തോട് പൊരുതി സ്വന്തമാക്കിയ ഒരു സ്ത്രീ രത്‌നം … ജയശ്രീ ഗോപാലകൃഷ്ണന്‍.
എഴുത്തുകാരി, സാമൂഹിക പ്രവര്‍ത്തക, നാടകാഭിനേത്രി, ജീവകാരുണ്യ പ്രവര്‍ത്തക തുടങ്ങി നിരവധി വിശേഷണങ്ങള്‍ വാരിക്കൂട്ടിയെങ്കിലും പ്രശസ്തി ആഗ്രഹിക്കാത്ത മനസ്സും തന്റെ നഷ്ടപ്പെട്ട ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വെമ്പുന്ന ഹൃദയവുമായി ജയശ്രീ നമുക്ക് മുന്നിലുണ്ട്. ജനിച്ചയുടന്‍തന്നെ മരിച്ചു പോകുമെന്ന വയറ്റാട്ടി തള്ളയുടെ മുന്‍ വിധിയെ പരിഹസിച്ച് നീണ്ട 60 വര്‍ഷങ്ങള്‍ താണ്ടിയ ജീവിതം…
കാവും അമ്പലവും കണ്ടുവളര്‍ന്ന ഒരു ബാല്യം. ഐക്കര മൂല തറവാട്ടിലെ തായ് വഴി കിഴക്കതില്‍ വീട്ടില്‍ നാരായണന്‍ നായരുടെയും തങ്കമ്മ അമ്മയുടെയും നാലുമക്കളില്‍ ഒരേ ഒരു പെണ്‍കുട്ടിയായി ജനനം. ബിസിനസില്‍ ഉണ്ടായ തകര്‍ച്ച അസഹനീയമായതോടെ പിതാവിന്റെ തിരോധാനം. സ്‌നേഹത്തിനായി കൊതിച്ച ആ കുഞ്ഞു മനസ്സിന് ഏക ആശ്വാസം വല്യച്ഛനായ ഗംഗാധരന്‍ നായരുടെ സ്‌നേഹവാത്സല്യങ്ങള്‍ മാത്രമായിരുന്നു.
കുടുംബ ക്ഷേത്രമായ ഐക്കര മൂല ദേവി ക്ഷേത്രത്തിന്റെയും തന്റെ അമ്മുമ്മ ഗൗരിയമ്മുമ്മയുടെയും ഓര്‍മ്മകളാണ് ജയശ്രീയുടെ ബാല്യത്തെ വര്‍ണ്ണശബളമാക്കുന്നത്. തന്റെ അമ്മൂമ്മയെ കൊണ്ട് ഭസ്മം ഇടീക്കുവാനും പൂജകള്‍ ചെയ്യുവാനും വരുന്ന ആള്‍ക്കാരെ കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു കുട്ടി ജയശ്രീ. പഠനത്തിലും കളികളിലും എല്ലാം മിടുക്കിയായിരുന്നു ജയശ്രീ.
കലയില്‍ കഴിവ് ഉണ്ടായിരുന്നിട്ടുപോലും തന്റെ കഴിവിനെ വികസിപ്പിച്ചെടുക്കാന്‍ വേണ്ട പ്രോത്സാഹനം കുടുംബത്തില്‍ നിന്നും കിട്ടിയില്ല. ജയശ്രീയിലെ എഴുത്തുകാരിയുടെ ജനനം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ ‘സൊസൈറ്റി ലേഡി’ എന്ന നാടകത്തിലൂടെയായിരുന്നു. പക്ഷേ അത് തന്റെ അധ്യാപികയായ രമ ടീച്ചറില്‍ മാത്രം ഒതുങ്ങിക്കൂടി. ബാക്കി ആരും പ്രോത്സാഹനം കൊടുത്തില്ല. തുടര്‍ന്ന് ഒന്‍പതില്‍ പഠിക്കുമ്പോള്‍ ശാകുന്തളം നാടകത്തില്‍ ദുഷ്യന്തന്റെ വേഷം അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വീട്ടില്‍ നിന്നുണ്ടായ താക്കീതിനെത്തുടര്‍ന്ന് അതിനും പരിസമാപ്തി കുറിക്കേണ്ടിവന്നു.
ആഗ്രഹങ്ങള്‍ അനവധി… പക്ഷേ ഒന്നിനും വീട്ടില്‍ നിന്നു പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. വിഷമങ്ങളെ അവഗണിച്ചു പഠനത്തില്‍ ശ്രദ്ധ ചെലുത്തിയ ജയശ്രീയെ പിന്നെ രോഗങ്ങളും വേട്ടയാടി തുടങ്ങി. മഞ്ഞപ്പിത്തം പിടിപെട്ടതിന്റെ കഷ്ടതകള്‍ നീങ്ങി തുടങ്ങിയപ്പോഴാണ് എസ്‌കിമോ എന്ന ത്വക്കുരോഗം പിടിപെട്ടത്. ശരീരത്തോടൊപ്പം മനസ്സിനെയും ആ രോഗം ഏറെ വേദനിപ്പിച്ചു. കൈകാലുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത് കണ്ട് കുടുംബത്തിലെ മുതിര്‍ന്ന ചേച്ചിയുടെ കളിയാക്കല്‍ മനസ്സിനെ വല്ലാതെ ഉലച്ചു. 34 വയസ്സുവരെയും രോഗപീഡകള്‍ കാരണം ജയശ്രീ നന്നേ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് രോഗം പൂര്‍ണ്ണമായി കുറഞ്ഞു.
രോഗാവസ്ഥയില്‍ തനിക്കൊരു നല്ല ഭര്‍ത്താവിനെ കിട്ടില്ല എന്ന് പറഞ്ഞ് കളിയാക്കിയ ചേച്ചിയുടെ വാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാക്കി തന്റെ കളികൂട്ടുകാരിയുടെ സഹോദരന്‍ ഗോപാലകൃഷ്ണനെ ജയശ്രീയെ വിവാഹം ചെയ്തു. ബാല്യം മുതല്‍ അടുത്തറിയാവുന്ന വ്യക്തി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍ ജയശ്രീയുടെ മനസ്സില്‍ വസന്തം വിടരുകയായിരുന്നു.
വിവാഹശേഷവും ജയശ്രീ പഠനം തുടര്‍ന്നു. ഭര്‍ത്താവിനു വിദേശത്തായിരുന്നു ജോലി. ഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ ആ ദമ്പതിമാരുടെ ജീവിതത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മകള്‍ വീണയുടെ ജനനത്തിനു ശേഷം വീണ്ടും പഠിക്കണമെന്ന ആഗ്രഹമുണ്ടായി. എല്‍.എല്‍. ബി അല്ലെങ്കില്‍ ജേണലിസം തിരഞ്ഞെടുക്കാനായിരുന്നു താല്പര്യം. എന്നാല്‍ ഈ രണ്ട് മേഖലകളും സ്ത്രീകള്‍ക്ക് പറ്റിയതല്ല എന്ന് വിധിയെഴുതി കുടുംബം. പിന്നീട് എം.എ എക്കണോമിക്‌സിന് ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചു. ആദ്യവര്‍ഷം വിജയിച്ചെങ്കിലും രണ്ടാംവര്‍ഷം ആ കടമ്പ കടക്കാന്‍ സാധിച്ചില്ല. അതിനുശേഷമായിരുന്നു ജയശ്രീ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞത്.
പിന്നീട് വിദേശത്തേക്ക് ഒരു ചേക്കേറല്‍ അനിവാര്യമായി വന്നു ജീവിതത്തില്‍. എഴുത്തില്‍ നിന്നും വായനയില്‍ നിന്നും അകന്ന ഒരു ജീവിതം. തന്റെ ആഗ്രഹങ്ങളെ മക്കളിലൂടെ നിറവേറ്റാനുള്ള പരിശ്രമത്തിലായിരുന്നു പിന്നീട്. മകള്‍ വീണയെ സംഗീതവും നൃത്തവുമെല്ലാം പഠിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ക്ക് വീണ മീട്ടുവാന്‍ ആയിരുന്നു താല്പര്യം. മോണോആക്ടിനും പാട്ടിനുമൊക്കെ മത്സരിച്ച് സമ്മാനം കരസ്ഥമാക്കിയ അവള്‍ക്ക് യേശുദാസിന്റെ കൈയ്യില്‍ നിന്നും വിദേശത്ത് വച്ച് പുരസ്‌കാരം നേടാന്‍ ഭാഗ്യമുണ്ടായി. മകളിലൂടെ തന്റെ നഷ്ടപ്പെട്ട സ്വപ്‌നങ്ങളെ പുനര്‍ജീവിപ്പിക്കാം എന്ന ആഗ്രഹത്തിന് പൂര്‍ണത നേടാന്‍ ജയശ്രീക്കായില്ല.
അതിനിടയില്‍ ആ ദാമ്പത്യത്തിലേക്ക് വിഷ്ണു ഗോപാല്‍ എന്നൊരു മകന്‍ കൂടി കടന്നു വന്നു. പിന്നീട് കുവൈറ്റ് വാറിനെ തുടര്‍ന്ന് കുട്ടികളുമായി നാട്ടിലേക്ക് മടക്കയാത്ര വേണ്ടിവന്നു. നാട്ടിലെത്തിയ ജയശ്രീക്കു മക്കളുടെ പഠനകാര്യത്തോടൊപ്പം മകളിലൂടെ സാധിക്കാത്ത തന്റെ സ്വപ്നങ്ങള്‍ മകനിലൂടെ നേടിയെടുക്കണമെന്ന് വാശിയായിരുന്നു. കുട്ടികളുടെ പ്രധാനമന്ത്രിയായി ശിശു ദിനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടായിരുന്നു അതിനു നാന്ദി കുറിച്ചത്.
തൊട്ടതെല്ലാം പൊന്നാക്കുന്ന ആ കുഞ്ഞു ജയശ്രീയുടെ സ്വപ്‌നങ്ങളെ വീണ്ടും ഉണര്‍ത്തി. 16 വര്‍ഷത്തോളം പത്ര വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആ കലാപ്രതിഭയെ കുറിച്ച് പറയുമ്പോള്‍ ആ അമ്മയുടെ കണ്ണുകളില്‍ സൂര്യപ്രഭ പോലെ തിളക്കം. മകന്റെ നേട്ടങ്ങള്‍ തന്റെ സ്വപ്‌ന സാക്ഷാത്കാരമായി തന്നെയാണ് ജയശ്രീ കണ്ടത്.
1994-ല്‍ മകനു ലഭിച്ച ബെസ്റ്റ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് പുരസ്‌കാരം ജയശ്രീയെ മറ്റു പല അവസരങ്ങളിലേക്കും നയിക്കുകയായിരുന്നു. അഞ്ഞൂറിലധികം സ്റ്റേജ് ഷോകള്‍, ഷോര്‍ട്ട് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം, കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം. മകനു ലഭിച്ച ഓരോ അംഗീകാരങ്ങളും അമ്മയ്ക്ക് ലഭിച്ച അവസരങ്ങള്‍ ആയിരുന്നു.
പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും നല്ലൊരു സൗഹൃദ വലയം സൃഷ്ടിച്ചെടുക്കാനും ഇതുകൊണ്ടായി. രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങി പല മേഖലകളിലേയും പ്രമുഖരുമായി പരിചയപ്പെടാനും സാധിച്ചു. മകനെ കലാപ്രതിഭയാക്കി മാറ്റിയ അമ്മയ്ക്ക് 1996-ല്‍ ലഭിച്ച പുരസ്‌കാരത്തെ ഇന്നും ഒരു നിധിപോലെ അവര്‍ സൂക്ഷിക്കുന്നു. പിന്നീട് എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുകയും മകന്‍ പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. ഉയര്‍ന്ന മാര്‍ക്കു നേടി എം.ഡിക്കു ചേര്‍ന്നു. അതിനു ശേഷം നടന്ന മെഡിക്കല്‍ ഓംങ്കോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി (ഡി.എം)ഓള്‍ ഇന്ത്യ എന്‍ട്രന്‍സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിപ്‌മെര്‍ ഹോസ്പിറ്റല്‍, പോണ്ടിച്ചേരിയില്‍ അഡ്മിഷന്‍ നേടി.
ഈ കാലയളവില്‍ ജയശ്രീക്ക് സമൂഹത്തില്‍ തന്റേതായൊരു സ്ഥാനം ഉണ്ടാക്കിയെടുത്തു കഴിഞ്ഞിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നാന്ദികുറിച്ചു. കലാസാംസ്‌കാരിക സംരക്ഷണസമിതി ജനറല്‍ സെക്രട്ടറിയായിട്ടായിരുന്നു ആദ്യ പദവി ഏറ്റെടുത്തത്. പിന്നീട് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ വൈസ് പ്രസിഡന്റ്, വേലുത്തമ്പി ദളവ ഫൗണ്ടേഷനില്‍ വൈസ് പ്രസിഡന്റ്, വഞ്ചിയൂര്‍ വനിതാ സമാജം സെക്രട്ടറി, പ്രസിഡന്റ്, കേരളകൗമുദി റീഡേഴ്‌സ് ക്ലബ് ഭരണസമിതി അംഗം, കുന്നുകുഴി കരയോഗം വൈസ് പ്രസിഡന്റ് അങ്ങനെപോകുന്നു ഔദ്യോഗിക സ്ഥാനങ്ങള്‍.
മെഡിക്കല്‍ കോളേജിലെ അശരണര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2004-ല്‍ സ്ത്രീ ജ്യോതി പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ആള്‍ കേരള അച്ചീവേഴ്‌സ് ഫോറം സാമൂഹ്യ സേവന ജ്യോതി പുരസ്‌ക്കാരം, കലാനിധി സേവന പുരസ്‌ക്കാരം, സായന്തനം പ്രവാസി സേവന പുരസ്‌ക്കാരം, വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദി പുരസ്‌കാരം, പുരോഗമന സാംസ്‌കാരിക വേദി പുരസ്‌കാരം, ജയന്‍ സാംസ്‌കാരിക വേദി പുരസ്‌കാരം, പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ജയശ്രീയെ തേടിയെത്തി.
പല സംഘടനകളുമായി ചേര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അര്‍ഹതയില്ലാത്ത കൈകളില്‍ പണം കുമിഞ്ഞു കൂടുന്നതു കണ്ട് മനം മടുത്താണ് പിന്നീട് അമ്മുമ്മയുടെ സ്മരണാര്‍ത്ഥം ഗൗരി ഫൗണ്ടേഷന്‍ എന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് 2012-ല്‍ രൂപീകരിച്ചത്. പിന്നീട് എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഗൗരി ഫൗണ്ടേഷനിലൂടെയാണ് നടത്തിയിരുന്നത്. ഒരു കൈ സഹായം പദ്ധതി ആവിഷ്‌കരിച്ചു. മാസംതോറും അരി, പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഓരോ കിറ്റ് സാധനങ്ങള്‍ വീതം 12 കുടുംബങ്ങള്‍ക്കു ഒരു പബ്ലിസിറ്റിയും നല്‍കാതെ ഇന്നും വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമേ റെഡ് ക്രോസ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.സുഹൃത്തായ കുസുമവുമായി ചേര്‍ന്ന് വേള്‍ഡ് ഫോറത്തിന് കീഴില്‍ മുത്തശ്ശിക്കൂട്ടം എന്ന പരിപാടിക്ക് തുടക്കമിട്ടു. അശരണര്‍ക്ക് ഒരു സാന്ത്വനമായിരുന്നു ലക്ഷ്യം.
2013-ല്‍ തന്റെ ഗൗരി അമ്മുമ്മയുടെ ആഗ്രഹം നിറവേറ്റി ഐക്കരദേവീക്ഷേത്രം കുടുംബത്തിന്റെ ഒത്തൊരുമയോടെ പുനര്‍നിര്‍മ്മിച്ചു. അതിന്റെ ട്രഷറര്‍ സ്ഥാനം വഹിക്കുകയും ചെയ്തു. കൂടാതെ കുട്ടിക്കാലത്തെ തന്റെ നടക്കാതെ പോയ ഓരോ മോഹങ്ങളെയും നേടിയെടുക്കുകയും ചെയ്തു. സംഗീതം പഠിക്കണമെന്ന ആഗ്രഹത്തിന് പകരമായി ഭജന പഠിച്ചു. നൃത്തം അഭ്യസിക്കുന്നതിന് പകരമായി തിരുവാതിര പഠിച്ചു നിരവധി വേദികളില്‍ അവതരിപ്പിച്ചു. നാടകങ്ങളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു അഭിനേത്രി എന്ന നിലയില്‍ കഴിവ് തെളിയിക്കുകയും പ്രശംസ നേടുകയും ചെയ്തു.
‘ചെമ്പട്ട്’ എന്ന പേരില്‍ ഭക്തിഗാനങ്ങളുടെ ഓഡിയോ ആല്‍ബം പുറത്തിറക്കി ശ്രദ്ധ നേടുകയും ചെയ്തു. തുടര്‍ന്ന്, ‘ഗിരിനന്ദിനി’ എന്ന പേരില്‍ ആറ്റുകാല്‍ അമ്മയുടെ ഭക്തി ഗാനങ്ങള്‍ അടങ്ങിയ സീഡിയും പുറത്തിറക്കി. അതിനു ശേഷം ശ്രീപത്മനാഭം, എന്റെ കരിക്കകത്തമ്മ എന്നിങ്ങനെയുള്ള ഭക്തിഗാന സീഡികളില്‍ ഓരോ പാട്ടുകള്‍ എഴുതുകയും ചെയ്തു. ബാല്യത്തില്‍ തന്റെ കഴിവുകളെ തിരിച്ചറിയാതെ തന്നെ നിരുത്സാഹപ്പെടുത്തിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു പിന്നീടുള്ള അവരുടെ നേട്ടങ്ങള്‍.
വിവിധങ്ങളായ മേഖലകളില്‍ കൂടി കടന്നുപോകുമ്പോഴും തന്റെ എഴുത്തിനെ കൈ വിടാന്‍ തയ്യാറായില്ല ജയശ്രീ. യാത്രകളിലൂടെയും ജീവിതത്തിലൂടെയും കിട്ടിയ അനുഭവങ്ങള്‍ കഥകളായി മാറി. ആദ്യപുസ്തകം ‘കമലാക്ഷി അമ്മയുടെ കണക്കുപുസ്തകം’ 2018-ല്‍ പുറത്തിറങ്ങി. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്തത്. പിന്നീട് ‘ചെറുകുന്നിലെ മാണിക്യം’ എന്ന ചെറുകഥാ സമാഹാരം. ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചറാണ് അതിന്റെ പ്രകാശനം നിര്‍വഹിച്ചത്. രണ്ട് ചെറുകഥാസമാഹാരങ്ങളും സഹൃദയലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ ജയശ്രീ എന്ന എഴുത്തുകാരിയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചു. ഒരു നോവലിന്റെ പണിപ്പുരയിലാണ് ജയശ്രീ ഇപ്പോള്‍.
ഗൗരി ഫൗണ്ടേഷനെ കുറച്ചുകൂടി വളര്‍ത്തുക എന്നതാണ് ജയശ്രീയുടെ അടുത്ത ലക്ഷ്യം. കുടുംബ കാര്യങ്ങള്‍ക്കൊപ്പം സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങളിലും തെല്ലും പിന്നോട്ട് നില്‍ക്കാത്ത ജയശ്രീ നല്ലൊരു ബിസിനസുകാരി കൂടിയാണ്. ജയശ്രീ മെഡിക്കല്‍സ് എന്ന മെഡിക്കല്‍ ഷോപ്പിന് പുറമേ ഷേക്സ്പിയേഴ്സ് ടീയെഴ്‌സ് എന്ന ഒരു ജ്യൂസ് ഷോപ്പ് കൂടി പുതുതായി ആരംഭിച്ചിട്ടുണ്ട്. കലയോടുള്ള അതേ ആത്മാര്‍ത്ഥതയും ബുദ്ധിവൈഭവവും തന്നെയാണ് ബിസിനസിലും.
ഏതു കാര്യവും തനിക്ക് വഴങ്ങുമെന്ന് ഈ സംരംഭങ്ങളിലൂടെ നമുക്കുമുന്നില്‍ തെളിയിക്കുകയാണ് അവര്‍.
ഒരിക്കല്‍ നഷ്ടമായ തന്‍െ മോഹങ്ങളെ ഓര്‍ത്തു വിലപിക്കാതെ, പ്രായത്തെ കുറിച്ച് വേവലാതിയില്ലാതെ, തന്റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച ജീവിതം. അതിനു കടപ്പെട്ടിരിക്കുന്നത് മകനോടാണ്.
വിഷ്ണു ഗോപാലിന്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങളും തന്നിലെ ദുര്‍ബലത മാറ്റി മുന്നോട്ടു കുതിക്കാനുള്ള ശക്തിയായി തന്നെ ജയശ്രി കണ്ടു. എന്തിനും ഏതിനും ശക്തിയായി ഭര്‍ത്താവിന്റെ സാന്ത്വനവും കരുതലും.
വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളുമെല്ലാം ചിരിച്ചു തള്ളി പൂര്‍വാധികം ശക്തിയോടെ ചുവടു വെച്ചു മുന്നേറിയ ഈ സ്ത്രീരത്‌നം തന്റെ ആഗ്രഹങ്ങള്‍ക്കൊത്തു ജീവിച്ച ഒരു വനിത എന്ന രീതിയില്‍ ജീവിതത്തില്‍ പൂര്‍ണ വിജയി തന്നെയാണ്.
കുടുംബം:
ഭര്‍ത്താവ്: ഗോപാലകൃഷ്ണന്‍.
മകള്‍: വീണ, മരുമകന്‍: മുരളി
മകന്‍: വിഷ്ണു ഗോപാല്‍, മരുമകള്‍: ശില്പബാല (ടെലിവിഷന്‍ അവതാരക)
ചെറുമക്കള്‍: കല്യാണി (ജയശ്രിയുടെ കലാപാരമ്പര്യം അതു പോലെ ലഭിച്ച ചെറുമകള്‍, ഇംഗ്ലീഷ് ഭാഷയില്‍ കവിത എഴുതി സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്), മാധവ് മുരളി, യാമിക (രണ്ടു വയസ്സിനുള്ളില്‍ നിരവധി ബേബിഷോപ്പുകള്‍ക്കു വേണ്ടി മോഡലിംഗ് ചെയ്യുന്നുണ്ട്).