ചിന്ത ജെറോം സ്പീക്കിങ്
യുവജനോത്സവ വേദികളില്‍ നിന്ന് ആര്‍ജിച്ചെടുത്ത ആത്മവിശ്വാസവും ശബ്ദ ദൃഡതയുമാണ് ചിന്ത ജെറോം എന്ന പെണ്‍കുട്ടിയെ ‘മൈക്കിനു മുന്നിലെ തീപ്പൊരി’യാക്കി വളര്‍ത്തിയത്. 2010-ല്‍ ആലപ്പുഴയില്‍ നടന്ന യുവജനോത്സവത്തില്‍, പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മാധ്യമ ശ്രദ്ധ നേടിയ ചിന്ത, വിപ്ലവത്തിന്റെ വഴിയിലൂടെ മുന്നേറി.
പരന്ന വായനയാണ് അദ്ധ്യാപക ദമ്പതികളുടെ മകള്‍ക്ക്, എന്നും പ്രചോദനമായി കൂട്ടായി നിന്നത്. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ തളരാതെ, ചങ്കൂറ്റത്തോടെ അവയെ നേരിടാന്‍ ചിന്തയെ പഠിപ്പിച്ചതും വായനാശീലം തന്നെയാകാം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ, സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമുമായി സക്‌സസ് കേരള നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളിലേക്ക്…
യുവജനകമ്മീഷന്റെ പ്രാഥമിക ദൗത്യം സ്ത്രീ സുരക്ഷയാണ് എന്നു പറയുകയുണ്ടായി. മറ്റ് ഏതെല്ലാം മേഖലകളിലാണ് കമ്മീഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ?
യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ പ്രാധാന്യം നല്‍കുന്നത്. സ്ത്രീകളുടെ വിഷയങ്ങളില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നു. സ്ത്രീസുരക്ഷയ്ക്ക് ഒപ്പം, ട്രാന്‍സ്‌ജെന്റേഴ്‌സിനും മുഖ്യധാരയിലേക്ക് വരാനുള്ള അവസരങ്ങള്‍ ഒരുക്കുന്നു. കമ്മീഷന്‍ മുന്‍പാകെ വരുന്ന എല്ലാ പരാതികളിലും നിലപാടുകള്‍ വ്യക്തമാക്കി, പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച് വളരെ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കമ്മീഷന്‍ ശ്രദ്ധിക്കുന്നു.
കലാലയ രാഷ്ട്രീയത്തില്‍ അക്രമങ്ങള്‍ കൂടിവരികയാണ്. എങ്ങനെ വിലയിരുത്തുന്നു?
കലാലയ രാഷ്ട്രീയത്തില്‍ അക്രമങ്ങള്‍ കൂടി വരുന്നു എന്ന് അഭിപ്രായമില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അക്രമങ്ങള്‍ കൂടിവരുന്നു എന്ന അഭിപ്രായം ശരിയല്ല. കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അവസരം ഉണ്ടാകണം എന്നുതന്നെയാണ് എന്റെ നിലപാട്. കമ്മീഷന്‍ സര്‍ക്കാരില്‍ ഇതേപറ്റി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
ട്രോളുകള്‍ പലതരത്തില്‍ വേട്ടയാടുന്നുണ്ട്, അതിനെ എങ്ങനെ കാണുന്നു?
ട്രോളുകളെ വളരെ സെന്‍സിറ്റീവായി കാണുന്നു. അഭിപ്രായത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകും. രണ്ടും വളരെ നല്ല രീതിയിലാണ് കാണുന്നത്. എപ്പോഴും രണ്ടു രീതിയും നമുക്ക് ആവശ്യമാണ്.
രാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ സാഹചര്യം? ഗുരുസ്ഥാനീയര്‍ ഉണ്ടോ?
എന്റെ അച്ഛന്‍ കെ.എസ്.ടി.എയുടെ പ്രവര്‍ത്തകനായിരുന്നു. വീട്ടിലിരുന്ന് നന്നായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. ചെറുപ്പം മുതല്‍ കേട്ടിരുന്ന വാക്കുകളും കണ്ടിരുന്ന കാഴ്ചകളും ഇടതുപക്ഷം പാവപ്പെട്ടവനു വേണ്ടി നിലനില്‍ക്കുന്ന പ്രസ്ഥാനം എന്നാണ്. വളര്‍ന്നപ്പോള്‍ അത് സത്യമാണെന്ന് ബോധ്യമാവുകയും ചെയ്തു.
ഞാന്‍ ഒരു രാഷ്ട്രീയ പൊതുയോഗം കാണുന്നത് ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് നടന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനമായിരുന്നു. ഫാത്തിമ മാതാ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സര്‍വ്വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. സെനറ്റ് സിന്‍ഡിക്കേറ്റ് എന്ന നിലയിലും പ്രവര്‍ത്തിക്കാനായി.
യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഗവേഷണ വിദ്യാര്‍ത്ഥിനി കൂടിയാണ്. പല നേതാക്കളോടും ബഹുമാനമാണ്. അവരുടെ ജീവിത ശൈലി മാതൃകയാക്കാന്‍ തോന്നിയിട്ടുണ്ട്. ആരാധനാപൂര്‍വ്വം നോക്കിക്കാണുന്നത് മുഖ്യമന്തി പിണറായി വിജയന്‍ സഖാവിനെയാണ്. കൈക്കൊള്ളുന്ന നിലപാടില്‍ തന്നെ അദ്ദേഹം ഉറച്ചു നില്‍ക്കും. കള്ളപ്രചരണങ്ങളെ ഭയമില്ലാതെ നേരിടുകയും ചെയ്യുന്നു എന്നുള്ളതാണ് സഖാവിനെ വ്യത്യസ്ഥനാക്കുന്നത്.