ജനങ്ങള്‍ക്ക് താങ്ങായി…തണലായി CBT സൊസൈറ്റി
ഒരു നാടിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയും ജീവിതയാത്രയില്‍ വീണുപോകുന്ന സാധാരണക്കാര്‍ക്ക് കൈത്താങ്ങായും ജനങ്ങളുടെ മനം കവരുകയാണ് CBT സൊസൈറ്റി. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് തോംസണ്‍ ലോറന്‍സ് എന്ന വ്യക്തിയാണ് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് CBT സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ CBT സൊസൈറ്റി വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ നാടിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ്.
വളരെ കുറഞ്ഞ വരുമാനത്തില്‍ തൊഴില്‍ ചെയ്യുന്ന ഗ്രാമീണ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഗ്രാമീണര്‍ക്ക് വായ്പകള്‍, വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ പരിശീലനം, കര്‍ഷകരില്‍ നിന്നും ന്യായമായ വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിച്ച് വിപണനം ചെയ്യുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്തുവരുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഈ പ്രശ്നത്തിനു ഒരു ശാശ്വത പരിഹാരം കണ്ടെത്താനുള്ള വിവിധ പദ്ധതികള്‍ CBT സൊസൈറ്റി ആസൂത്രണം ചെയ്തു വരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ റീസൈക്ലിങ് നടത്തി, ഗുണമേന്മയുള്ള മറ്റു ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന വിധത്തില്‍ മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതി. കൂടാതെ അടുക്കള മാലിന്യങ്ങള്‍ പൂര്‍ണമായി സംസ്കരിക്കാന്‍ ആവശ്യമായ മെഷീനുകള്‍ ഒരുക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
CBT സൊസൈറ്റിയുടെ കീഴില്‍ വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ബിലീഷ്യസ് ഹണി, പേപ്പര്‍ ക്യാരി ബാഗുകള്‍, ക്ലാസിക് കാന്‍ഡില്‍ ലൈറ്റ് തുടങ്ങിയവയാണ് പ്രധാന സംരംഭങ്ങള്‍. സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്ന പ്രദേശങ്ങളിലെ തേനീച്ച കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന തേന്‍ ഉപയോഗിച്ചുകൊണ്ടാണ് ബിലീഷ്യസ് ഹണി എന്ന ഉത്പന്നം CBT സൊസൈറ്റി വിപണിയിലെത്തിക്കുന്നത്. അതിലൂടെ ഗ്രാമീണ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച മൂല്യവും, അതിനൊപ്പം വിപണിയില്‍ ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ലഭ്യതയും ഈ സഹകരണ സംഘം ഉറപ്പ് വരുത്തുന്നു. ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ഈ ഉത്പന്നം എത്തിക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.
ക്ലാസിക് കാന്‍ഡില്‍ ലൈറ്റ് എന്ന പേരില്‍ നടത്തുന്ന മെഴുകുതിരി ഉത്പാദനവും ക്യാരിബാഗ് നിര്‍മാണവും സാധാരണക്കാരായ ഗ്രാമീണ വനിതകള്‍ക്ക് മികച്ച തൊഴില്‍ അവസരം ലഭ്യമാക്കുന്നു. നിലവില്‍ കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് CBT സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് തോംസണ്‍ ലോറന്‍സ് എന്ന തേരാളി.
ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയ വിധവകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് കരുത്തേകുവാനും ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്താനും ഇആഠ നടത്തിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തോംസണ്‍ ലോറന്‍സ് ഓര്‍ത്തെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ക്കായി തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം മാറ്റി വയ്ക്കുന്നു. ഈ കാലയളവിലെ സന്നദ്ധ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി നിരവധി പുരസ്കാരങ്ങള്‍ തോംസണ്‍ ലോറന്‍സിനെ തേടിയെത്തിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകള്‍, സാമൂഹിക സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് പതിനെട്ടോളം പുരസ്കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.
പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ കീഴില്‍ നടന്നുവരികയാണ്. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഒരു സഹകരണ സ്ഥാപനമാണ് തോംസണ്‍ ലോറന്‍സിന്റെ അടുത്ത ലക്ഷ്യം. ഇതിലൂടെ പ്രവാസ ജീവിതം അവസാനിച്ചു എത്തുന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും സുഖകരമായ ജീവിതം നയിക്കാനും അവസരമൊരുക്കുക്കാനുമാണ് പദ്ധതി.
സൊസൈറ്റിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ : 9567677857, 9497511131