businessEntreprenuershipSuccess Story

”ബിസിനസ് അത്ര എളുപ്പമല്ല; അങ്ങനെ എല്ലാവര്‍ക്കും ബിസിനസ് ചെയ്യാനും സാധിക്കില്ല”

മനസ്സ് തുറന്ന് ഷീല കൊച്ചൗസേപ്പ്

10 തൊഴിലാളികളുമായി ആരംഭിച്ച വി സ്റ്റാര്‍, ഷീല കൊച്ചൗസേപ്പ് എന്ന സംരംഭകയെ എത്തിച്ചത് ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളില്‍ ഒരാള്‍ എന്ന നിലയിലേയ്ക്കാണ്. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് എന്നും പ്രചോദനമാണ് വി സ്റ്റാറിന്റെ വിജയകഥ. ബിസിനസിന്റെ വിജയകഥ പറഞ്ഞ്, സക്‌സസ് കേരളയില്‍ നമുക്കൊപ്പം ചേരുകയാണ് ഷീല കൊച്ചൗസേപ്പ്…

ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് എന്നും ഒരു പ്രചോദനമാണ് വി സ്റ്റാര്‍ എന്ന സംരംഭവും അതിന്റെ സംരഭകയായ ഷീല കൊച്ചൗസേപ്പ് എന്ന സംരംഭകയും. ഇന്ന്, ഈയൊരു വിജയത്തെ എങ്ങനെയാണ് മേഡം നോക്കി കാണുന്നത് ?

ഞാനും ഒരു ചെറിയ സംരംഭമായി തന്നെ തുടങ്ങിയ ആളാണ്. വലിയ ഇന്‍വെസ്റ്റ്‌മെന്റിനെക്കാള്‍ ചെറിയ ഇന്‍വെസ്റ്റ്‌മെന്റ് ഉപയോഗിച്ചു ബിസിനസ് തുടങ്ങുന്നതാണ് എപ്പോഴും നല്ലത്. വലിയ ഇന്‍വെസ്റ്റ്‌മെന്റിന് എപ്പോഴും അതിന്റെതായ റിസ്‌ക് ഉണ്ട്. അത് തന്നെയാണ് എടുത്തുപറയേണ്ടത്. പെട്ടെന്നുള്ള വളര്‍ച്ചയായിരുന്നില്ല വി സ്റ്റാറിന്റേത്. വളരെ സമയമെടുത്ത് പടിപടിയാണ് വി സ്റ്റാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഞാന്‍ ഇത് തുടങ്ങുമ്പോള്‍ എന്റെ ഒരു ഹോബിയെ ബിസിനസ്സാക്കി എന്നല്ലാതെ ഒരുപാട് വളരണം എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നില്ല. ഇത് തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴാണ്, ‘നല്ല ഇന്നര്‍വെയര്‍ ഇവിടെ കിട്ടാനില്ല’ എന്ന് ഡീലര്‍മാര്‍ പറയുന്നത്. അങ്ങനെയാണ്, സ്വന്തമായി ഇന്നര്‍വെയര്‍ നിര്‍മിക്കാന്‍ വേണ്ടി ഢടമേൃ തുടങ്ങിയത്.

അതിലേക്ക് കടന്നപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, ‘ക്വാളിറ്റി’യ്ക്ക് വലിയ പ്രാധാന്യമുണ്ട്. വിമന്‍സ് ഔട്ടര്‍വെയര്‍ ഒരു പ്രാവശ്യം കഴുകി കളര്‍ പോയാലും കുഴപ്പമില്ല, വി സ്റ്റാറിന്റേത് നന്നായിരിക്കണമെന്ന് ഒരു എക്‌സപ്‌റ്റേഷന്‍ പലര്‍ക്കുമുണ്ടായിരുന്നു. അത് എനിക്കൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. കാരണം അങ്ങനെയൊക്കെ ഒരു ഏൗല ൈഉണ്ടാകുമ്പോള്‍, ആ വിലയ്ക്ക് കൊടുക്കണമെങ്കില്‍ ‘ക്വാളിറ്റി’യുള്ള തുണി തന്നെ വേണമല്ലോ.

ഒരു സ്ത്രീയായത് കൊണ്ടുതന്നെ ഇത് ഉപയോഗിക്കുന്നവരുടെ കംഫര്‍ട്ടിനെ കുറിച്ചും അവര്‍ക്ക് ആവശ്യമുള്ള പ്രോഡക്റ്റ് എങ്ങനെ ആയിരിക്കണമെന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കാരണം, ഈ ഇന്‍ഡസ്ട്രിയിലുള്ള കൂടുതല്‍ ഇന്നര്‍വെയേഴ്‌സും നിര്‍മിക്കുന്നത് പുരുഷന്മാരായിരുന്നു. അത് വി സ്റ്റാറിന്റെ വിജയത്തിന്റെ ഒരു വലിയ ഘടകമാണ്.

ഒരുപക്ഷേ, ഇന്നര്‍വെയര്‍ ഇന്‍ഡസ്ട്രിയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സംരംഭകയായിരിക്കും മേഡം. കൂടുതല്‍ ഇന്നര്‍വെയര്‍ ബ്രാന്‍ഡുകളും പുറത്ത് നിന്നുള്ളതായിരുന്നല്ലോ ?

അതേ തീര്‍ച്ചയായും. ഇന്നര്‍വെയര്‍ ഇന്‍ഡസ്ട്രിയില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ബ്രാന്‍ഡ് വി സ്റ്റാര്‍ തന്നെയാണ്. എന്റെ ഭര്‍ത്താവ് ബിസിനസ് മേഖലയിലുള്ള ആളായത് കൊണ്ട് തന്നെ ഒരുപാട് ഉപദേശങ്ങളും ബിസിനസിനെ കുറിച്ചുള്ള അറിവും ഒക്കെ ലഭിച്ചിട്ടുണ്ട്. ഈ പ്രോഡക്ടിനെ കുറിച്ച് വലിയ അറിവില്ലായിരുന്നെങ്കിലും എന്നെ അദ്ദേഹം നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു പരിധി കഴിയുമ്പോള്‍ പതിയെ പതിയെ നമ്മള്‍ ഈ വിഷയത്തില്‍ അറിവും കാര്യങ്ങളും നേടും. കാരണം ഏറ്റവും മികച്ച അറിവുള്ള ജീവനക്കാര്‍. അവരൊക്കെയാണ് വി സ്റ്റാറിനെ ഇത് വരെ എത്തിച്ചത്.

നമ്മുടെ കേരളത്തിലെ ബിസിനസ് അന്തരീക്ഷം അത്ര മികച്ചതല്ല എന്ന കാര്യം നമുക്ക് അറിയാം. സംരംഭങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കേരളത്തില്‍ വളരെ കുറവാണ്. ഇതൊക്കെ ഒരു വെല്ലുവിളിയായിരുന്നോ തുടക്കത്തില്‍ ?

എനിക്ക് തുടക്കത്തില്‍ വലിയ വെല്ലുവിളി തോന്നിയില്ല. പക്ഷേ, പലര്‍ക്കും അതൊരു വെല്ലുവിളിയാണ്. എന്റെ ഭര്‍ത്താവിന്റെ ബിസിനസും അദ്ദേഹത്തിന്റെ മാനേജര്‍മാരും അദ്ദേഹത്തിന് പരിചയമുള്ള ഒരുപാട് പേരും ഉണ്ടായിരുന്നത് കൊണ്ട് അങ്ങനെ വലിയ വെല്ലുവിളി എനിക്ക് ആദ്യം ഉണ്ടായിരുന്നില്ല .

ഇന്ന് നിരവധി തൊഴിലാളികള്‍ വി സ്റ്റാറിലുണ്ട്. പക്ഷേ, തുടക്കത്തില്‍ അങ്ങനെ ആയിരുന്നെന്ന് തോന്നുന്നില്ല. അതിനെ കുറിച്ചൊന്ന് വ്യക്തമാക്കാമോ ?

ശരിയാണ്. തുടക്കത്തില്‍ പത്ത് പേരുമായാണ് ഞാന്‍ ഈ സംരംഭം തുടങ്ങുന്നത്. ഒരു ടെയിലര്‍, ഒരു എംബ്രോയിഡറി, ഒരു അക്കൗണ്ടന്റ്, ഒരു പര്‍ച്ചേസിംഗ് മാന്‍ അങ്ങനെ… പക്ഷേ, ഇന്ന് ആയിരത്തിലധികം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അത്രയും പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്

നിരവധി ഇന്റര്‍വ്യൂകളില്‍ മേഡം പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. ഒരു ബാങ്ക് ലോണ്‍ ഉപയോഗിച്ചാണ് ഈ സംരംഭം തുടങ്ങിയതെന്ന്. അതിനെ കുറിച്ച് വിശദമാക്കാമോ ?

അതേ. തീര്‍ത്തും സ്വതന്ത്ര്യയായി എന്റെ സംരംഭം തുടങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വളരെ ചെറിയ തുക ഉപയോഗിച്ചാണ് ഞാന്‍ ഈ സംരംഭം തുടങ്ങുന്നത്. ഒരുപക്ഷേ, കൂടുതല്‍ തുക മുതല്‍മുടക്കിയിരുന്നെങ്കില്‍ ചിലപ്പോള്‍ നഷ്ടമുണ്ടാകുമായിരുന്നു.

ഒരു ബിസിനസ് ഫാമിലിയില്‍ ജനിച്ച ആളാണ് മേഡം. വിവാഹം കഴിച്ചതും ഒരു സംരംഭകനെ തന്നെ. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രചോദനം ലഭിച്ചത് കുടുംബത്തില്‍ നിന്നാണോ, അതോ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നാണോ ?

ഞാന്‍ വസ്ത്രത്തെ കുറിച്ചും മറ്റും പഠിച്ചത് എന്റെ പിതാവില്‍ നിന്നുമാണ്. ചെറുപ്പം മുതല്‍ തുണികളെ കുറിച്ചും മറ്റും ഞാന്‍ പഠിച്ചിരുന്നു. എന്റെ അമ്മ തുണി തയ്ക്കുമായിരുന്നു. ഞങ്ങള്‍ 12 മക്കള്‍ ആയിരുന്നു, ഞാന്‍ 11 -ാമത്തെയാളും. കുട്ടിക്കാലത്ത് ഞാന്‍ പാവകളെ ഉണ്ടാക്കുകയും തുണി തയ്ക്കുകയും ഒക്കെ ചെയ്യുമായിരുന്നു. വീട്ടില്‍ നിന്ന് തന്നെയാണ് തുണികളെ കുറിച്ച് പഠിക്കുന്നതെങ്കിലും ബിസിനസിനെ കുറിച്ച് പഠിക്കാന്‍ ഭര്‍ത്താവും ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഇന്ന് ആയിരത്തിലധികം തൊഴിലാളികള്‍ വി സ്റ്റാറിനുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് യൂണിറ്റുകളും ഉണ്ട്. ഇവിടെ ഏറ്റവും കൂടുതല്‍ തൊഴില്‍ കൊടുക്കുന്നത് സ്ത്രീകള്‍ക്കാണോ ?

അതേ. കൂടുതലും സ്ത്രീകള്‍ തന്നെയാണ്

ഇന്ന് നിരവധി സ്ത്രീകള്‍ ബിസിനസ് ചെയ്യാന്‍ മുന്‍നിരയിലേക്ക് വരുന്നുണ്ട്. ഇന്ത്യയിലെ സമ്പന്നരായ വനിതകളുടെ ലിസ്റ്റ് എടുത്താല്‍ മേഡം അതില്‍ ഒരാളാണ്. അങ്ങനെ ബിസിനസിലേക്ക് വരുന്ന വനിതകളോട് ഇതുവരെയുള്ള എക്‌സ്പീരിയന്‍സിന്റെ വെളിച്ചത്തില്‍ എന്താണ് പറയാനുള്ളത് ?

ബിസിനസ് എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് കൊടുക്കുക എന്നതാണ്. ഞാന്‍ ഇതേ നിര്‍മ്മിക്കൂ, ഞാന്‍ ഇതേ നല്കുകയുള്ളൂ എന്ന് പറഞ്ഞിരിക്കുകയല്ല വേണ്ടത്. എന്താണോ അവര്‍ക്ക് വേണ്ടത്, എന്തിനാണോ ഡിമാന്റുള്ളത്, അത് കൊടുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ‘ക്വാളിറ്റി’ നിലനിര്‍ത്തുക. എങ്കില്‍ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂ. ബിസിനസ് അത്ര എളുപ്പമുള്ള ഒരു കാര്യമേയല്ല. അത് എല്ലാവര്‍ക്കും സാധിക്കുന്നതും അല്ല.

ബിസിനസില്‍ വിജയിക്കുന്നവര്‍ വളരെ ചുരുക്കമാണ്. പരാജ്യപ്പെടുന്നവര്‍ തന്നെയാണ് കൂടുതലും. പരാജയപ്പെടുന്നതിന് പല പല കാരണങ്ങളാണ്. നന്നായി പഠിച്ചു വേണം നമ്മള്‍ ബിസിനസ് ചെയ്യാന്‍. നമ്മള്‍ ചെയ്യുന്ന ബിസിനസില്‍ കൃത്യമായ അറിവ് നമുക്ക് ഉണ്ടായിരിക്കണം. അത് പ്രധാനമാണ്.

സംരംഭത്തിലേക്ക് കടന്നുവരുന്ന പുതുസംരഭകരോട് എന്താണ് പറയാനുള്ളത് ?
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏറ്റവും പാഷനുള്ള കാര്യത്തില്‍ ബിസിനസ് ചെയ്യുക. മറ്റുള്ളവരെ നോക്കി ബിസിനസ് ചെയ്യരുത്. ഒരുപാട് മേഖലകള്‍ ഉണ്ട് നമുക്ക് ചുറ്റും. ഒരാള്‍ ബിസിനസ് ചെയ്തു അതില്‍ അയാള്‍ വിജയിച്ചു, അത് കൊണ്ട് ഞാനും അത് ചെയ്യാമെന്നുള്ള ചിന്ത പാടില്ല.

ബിസിനസ് ഒരിക്കലും നേരം പോക്കിന് തുടങ്ങാനുള്ളതല്ല അത്രയും ഗൗരവമായി തന്നെ ഇത് കാണണം. വരവും ചിലവും ലാഭവും ഒക്കെ നമ്മള്‍ അറിഞ്ഞരിക്കണം. സമയത്തിന് മൂല്യം കൊടുക്കണം. എല്ലാ കാര്യങ്ങളും പഠിക്കണം. നല്ലൊരു ലീഡര്‍ ആയിരിക്കണം നമ്മള്‍. നമ്മുടെ ഓഫീസ് ടൈം എന്നിവയൊക്കെ കൃത്യമായിരിക്കണം.

ഓരോ ദിവസവും ഓരോ പ്രശ്‌നങ്ങളായിരിക്കും. അതൊക്കെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം. തൊഴിലാളികളോട് നന്നായി പെരുമാറാന്‍ നമുക്ക് കഴിയണം. കാരണം, അവരാണ് നമ്മുടെ വിജയത്തിന്റെ കാരണക്കാര്‍.

നമ്മുടെ പ്രോഡക്റ്റ് വ്യത്യസ്തമായിരിക്കണം. എന്നും ഒരേ പോലെ പോകരുത്. സമൂഹത്തില്‍ ഇല്ലാത്ത, വ്യത്യസ്തമായ പ്രോഡക്റ്റ് നമ്മള്‍ നിര്‍മിക്കണം.

മാറ്റങ്ങള്‍ കൊണ്ടുവരണം. പുതിയ മാറ്റങ്ങള്‍ ആവശ്യമാണ്. കാലത്തിനൊപ്പം നമ്മള്‍ മാറി കൊണ്ടേയിരിക്കണം. ഇതൊരു ഗ്ലാമറസ് ജോലി അല്ല. ഇതൊരു സംരഭമാണ്. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യണം. എങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ.

ഏറ്റവും ഇഷ്ടമുള്ള മേഖലയില്‍ പ്രവര്‍ത്തിച്ചു ആ സംരംഭത്തെ വിജയിപ്പിച്ച സംരംഭകയാണ് മേഡം. ഈ സംരംഭ ജീവിതത്തില്‍ മേഡം നേരിട്ട വെല്ലുവിളിയെ കുറിച്ചൊന്ന് വ്യക്തമാക്കാമോ?
ഞാനും എന്റെ സംരംഭവും നേരിട്ട ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ് കൊറോണ. എനിക്ക് മാത്രമല്ല, നിരവധി സംരംഭകര്‍, നിരവധി മനുഷ്യര്‍ അവര്‍ക്കൊക്കെ കോവിഡ് കാലം ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു.

മറ്റൊന്ന് ബിസിനസ്സുകാര്‍ക്ക് എന്നും ഓരോ പ്രശ്‌നങ്ങള്‍ വന്ന് കൊണ്ടേയിരിക്കും. ഓരോ ദിവസവും ഓരോ വെല്ലുവിളികളാണ്. അതിനെ നേരിട്ടുകൊണ്ട് വേണം മുന്നോട്ട് പോകാന്‍. എല്ലാവരെയും അങ്ങനെ വിശ്വസിക്കാന്‍ സാധിക്കില്ല നമുക്ക്.
സംരംഭത്തിന് നല്ല പേര് വരാന്‍ വലിയ പ്രയാസമാണ്. പക്ഷേ, പേര് പോകാന്‍ ഒരു പ്രയാസവുമില്ല. അതുകൊണ്ട് എപ്പോഴും നമ്മള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം.

ഇതല്ലാതെ മറ്റേതെങ്കിലും മേഖലയോട് താല്‍പര്യം ഉണ്ടായിരുന്നോ ?
എനിക്ക് ഒരുപാട് ഹോബികള്‍ ഉണ്ടായിരുന്നു. പാചകം, പെയിന്റിങ്ങ് എന്നിവയൊക്കെ എന്റെ ഹോബികളായിരുന്നു. ഇതല്ലെങ്കില്‍ മറ്റൊന്ന് ഞാന്‍ തീര്‍ച്ചയായും ചെയ്യുമായിരുന്നു. ഒന്നും ചെയ്യാതെ ഇരിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.

Show More

Related Articles

Back to top button